സ്ത്രീകളിലെ അര്‍ബുദങ്ങളെ പ്രതിരോധിക്കാന്‍ വികസിപ്പിച്ച എച്ച്പിവി വാക്സിന് പുരുഷന്മാരിലും അര്‍ബുദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനം. സെവിക്കല്‍, യോനി, വായ, തൊണ്ട, പെനൈല്‍ അര്‍ബുദങ്ങള്‍ക്ക് കാരണമാകുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസിനെതിരെ സ്ത്രീകള്‍ക്ക് നല്കുന്ന വാക്സിനാണ് എച്ച്പിവി വാക്സിന്. സ്ത്രീകളിലെ സെര്‍വിക്കല്‍ കാന്‍സര്‍ തടയുന്നതിനായി വികസിപ്പിച്ചെടുത്ത എച്ച്പിവി വാക്സിന് ആഗോളതലത്തില്‍ ഫലപ്രദമായി അം?ഗീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുരുഷന്മാരില് എച്ച്പിവി വൈറസ് മൂലം മലദ്വാരം, പുരുഷലിംഗം, വായ്, തൊണ്ട എന്നിടങ്ങളില്‍ വരുന്ന അര്‍ബുദത്തെ തടയാന്‍ വാക്സീന് സഹായകമാണെന്ന് അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടികാണിക്കുന്നു. സമാനപ്രായത്തിലുള്ള 34 ലക്ഷത്തോളം ആളുകളെ ഉള്‍പ്പെടുത്തി ഫിലാഡല്‍ഫിയയിലെ സിഡ്നി കിമ്മര്‍ കാന്‍സര്‍ സെന്ററിലെ ഗവേഷകരാണ് പഠനം നടത്തിയത്. വാക്സിന് സ്വീകരിച്ച സ്ത്രീകളില്‍ ഗര്‍ഭാശയ അര്‍ബുദം വരാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തി. സമാനമായി വാക്സിന് എടുത്ത പുരുഷന്മാരില് മലദ്വാരം, പുരുഷലിംഗം, വായ, തൊണ്ട എന്നിവയിലെ അര്‍ബുദങ്ങള്‍ ഉള്‍പ്പെടെ എച്ച്പിവിയുമായി ബന്ധപ്പെട്ട എല്ലാ അര്‍ബുദങ്ങളുടെയും സാധ്യത കുറഞ്ഞതായും കണ്ടെത്തിയെന്ന് അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില് ഇത്തരം അര്‍ബുദത്തിനുള്ള സാധ്യത ഇരട്ടിയാണെന്നും പഠനത്തില്‍ വിശദീകരിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ യുവാക്കള്‍ക്കിടയില്‍ എച്ച്പിവി വാക്സിന് എടുക്കുന്നത് നാലിരട്ടിയിലധികം വര്‍ധിച്ചിട്ടുണ്ട്. 2011 മുതല്‍ 2020 വരെയുള്ള കാലയളവ് നോക്കിയാല്‍ അമേരിക്കയില്‍ വാക്സിനേഷന് നിരക്ക് പുരുഷന്മാര്ക്കിടെയില് എട്ട് ശതമാനത്തില്‍ നിന്ന് 36 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ സ്ത്രീകളില്‍ ഇത് 38 ശതമാനത്തില്‍ നിന്ന് 49 ശതമാനമായി.