മഴക്കാലം എത്തിയതോടെ രോഗങ്ങള്‍ പടരാന്‍ സാധ്യതകള്‍ ഏറെയാണ്. വെള്ളം ശുദ്ധമല്ലെങ്കില്‍ പലവിധ രോഗങ്ങള്‍ വരാനിടയുണ്ട്. തിളപ്പിച്ചാറിയ വെള്ളം മാത്രമെ കുടിക്കാവൂ എന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശം നല്‍കുന്നത്. തിളപ്പിച്ച വെള്ളത്തില്‍ തണുത്ത വെള്ളം ചേര്‍ക്കുന്നതു അപകടകരമാണെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെള്ളം തിളച്ച് 2 മിനിറ്റ് എങ്കിലും കഴിഞ്ഞാലേ തീ അണയ്ക്കാവുവെന്നും നിര്‍ദേശമുണ്ട്. പിഎച്ച് മൂല്യം 7ല്‍ കൂടിയ വെള്ളം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാം. പിഎച്ച് മൂല്യം ശരിയായ രീതിയിലാക്കാന്‍ സോഡിയം കാര്‍ബണേറ്റ് പോലെ ന്യൂട്രലൈസര്‍ ലായനികള്‍ ഉപയോഗിക്കാം. ശുദ്ധമായ വെളളമാണ് നമ്മള് കുടിക്കുന്നതെന്ന് ഉറപ്പാക്കാന്‍ മാസത്തിലൊരിക്കലെങ്കിലും കിണര്‍ ക്ലോറിനേറ്റ് ചെയ്യണം. 1,000 ലീറ്ററിന് 2.5 ഗ്രാം (ഒരു തീപ്പെട്ടി കൂടിനുള്ളില്‍ കൊള്ളുന്ന അത്രയും) ബ്ലീച്ചിങ് പൊടിയാണ് ആവശ്യം. ഇതു ബക്കറ്റിലെ വെള്ളത്തില്‍ കലക്കുക. പൊടി അടിഞ്ഞ് വെള്ളം തെളിയും. ഈ തെളിവെള്ളം മാത്രം മറ്റൊരു ബക്കറ്റിലേക്കു മാറ്റുക. ഇതു കയറില്‍ കിണറ്റിലിറക്കി നന്നായി ഉലയ്ക്കുക. വെള്ളത്തില്‍ കലരാനാണിത്. ഇതിനുശേഷം ഒരു മണിക്കൂറിനുശേഷം കിണറിലെ വെള്ളം ഉപയോഗിക്കാം.