Screenshot 2024 02 27 20 21 14 990 com.android.chrome edit

കോൺഗ്രസിൻ്റെ ലോക്സഭാ കക്ഷി  നേതാവ് രാഹുൽ ഗാന്ധി.  വയനാട് സീറ്റ്   രാഹുൽ ഗാന്ധി  ഒഴിഞ്ഞേക്കുമെന്നും റായ്ബറേലിയിൽ എംപിയായി തുടരുമെന്നും വിവരമുണ്ട്. പ്രതിപക്ഷ നേതാവാകാൻ പ്രവർത്തക സമിതി രാഹുൽ ഗാന്ധിയോടാവശ്യപ്പെട്ടെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.  വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഒഴിവിൽ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. കേരളത്തിലെ കോൺഗ്രസ് നേതാക്കളെ തന്നെ പരിഗണിക്കാനാണ് തീരുമാനം.

രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് സിപിഐ നേതാവും വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥിയുമായിരുന്ന ആനി രാജ. ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന വിവരം വയനാട്ടിലെ ജനങ്ങളോട് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ രാഹുൽ ഗാന്ധി പറയാതിരുന്നത് തെറ്റാണ്, ഭരണഘടന അനുശാസിക്കുന്നതിനാൽ രാഹുൽ ഗാന്ധി രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചതിൽ തെറ്റില്ല. മുൻകൂട്ടി വയനാട്ടിലെ ജനങ്ങളോട് പറയാത്തത് മാത്രമാണ് തെറ്റെന്നും അവര്‍ വിശദീകരിച്ചു. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് പിൻമാറിയത് രാഷ്ട്രീയ ധാർമികതക്ക് ചേരാത്ത നടപടിയാണെന്നും അവര്‍ വിമര്‍ശിച്ചു.

പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഈ മാസം 10 ന് ആരംഭിക്കുമെന്ന് സ്പീക്കര്‍ എഎൻ ഷംസീര്‍ അറിയിച്ചു. ആകെ 28 ദിവസമാണ് സഭ സമ്മേളിക്കുക. ആദ്യ ദിവസം ചോദ്യോത്തര വേളയ്ക്ക് ശേഷം ഫോട്ടോസെഷൻ ഉണ്ടാകും. ജൂലായ്‌ 25 നാണ് സഭ സമ്മേളനം അവസാനിക്കുക. ലോക കേരള സഭ ജൂൺ 13,14,15 തീയതികളിൽ നടക്കും. ഈ ദിവസങ്ങളിൽ സഭ സമ്മേളിക്കില്ല. സഭയിലെ എല്ലാ ചോദ്യങ്ങൾക്കും മന്ത്രിമാർ ഉത്തരം നൽകണമെന്ന് റൂളിംഗ് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

ഇടുക്കി വാഗമണ്ണിൽ ഒറ്റമുറി വീട്ടിൽ കഴിയുന്ന വയോധികയ്ക്ക് അൻപതിനായിരം രൂപയുടെ വൈദ്യുതി ബിൽ ലഭിച്ച സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വാഗമൺ വട്ടപ്പതാൽ സ്വദേശി അന്നമ്മയ്ക്കാണ് കെ എസ് ഇ ബി യുടെ ബില്ല് ലഭിച്ചത്. ഭീമമായ ബിൽ ഒഴിവാക്കാൻ പീരുമേട് സെക്ഷൻ ഓഫീസിൽ വിശദീകരണം നൽകിയെങ്കിലും ഒറ്റമുറി വീട്ടിലെ വൈദ്യുതി ബന്ധം വിശ്ചേദിക്കുയാണ് കെ എസ് ഇ ബി ചെയ്തത്.

നീറ്റ് പരീക്ഷാ പരാതിയില്‍ ഗ്രേസ് മാര്‍ക്ക് പുനഃപരിശോധിക്കാന്‍ സമിതി രൂപീകരിച്ചെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി കെ.സഞ്ജയ് മൂര്‍ത്തി അറിയിച്ചു. വിദ്യാര്‍ഥികളുടെ പരാതികളും പരിശോധിച്ച ശേഷം ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കും. ഒന്നാം റാങ്കുകാരുടെ എണ്ണം കൂടിയത് 44 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതിനാലെന്ന് എന്‍ടിഎ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. അതോടൊപ്പം നീറ്റ് പരീക്ഷ ക്രമക്കേട് ആരോപണങ്ങളില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ഐ.എം.എ ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘടന. വീണ്ടും പരീക്ഷ നടത്തി സുതാര്യമായ മൂല്യനിര്‍ണയം ഉറപ്പാക്കണമെന്നും ഇല്ലെങ്കില്‍ രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.

തൃശൂർ ഡി.സി.സിയിലെ കൂട്ടുത്തല്ലിന് എതിരെ കർശന നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ വ്യക്തമാക്കി. തൃശൂർ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന് എതിരെ പൊലീസ് കേസെടുത്തു. ഡിസിസി ഓഫിസിൽ കയ്യേറ്റത്തിന് ഇരയായ ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറ എ.ഐ.സി.സിയ്ക്ക് പരാതി നൽകി. സജീവൻ കുരിയച്ചിറയെ മർദ്ദിച്ചിട്ടില്ലെന്ന് ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ പാർട്ടി നേതാക്കളെ അറിയിച്ചു. ഇതു തെളിയിക്കാനുള്ള സിസിടിവി കാമറ ദൃശ്യങ്ങളും ജോസ് കൈമാറി. ഗ്രൂപ്പ് തിരിഞ്ഞുള്ള പോര് മുറികിയതിനാൽ ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല മുതിർന്ന നേതാക്കൾക്ക് കൈമാറും.

19 സീറ്റുകളിൽ പരാജയപ്പെട്ടല്ലോ, ഭരണവിരുദ്ധ വികാരമാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പരിഹാസ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോഴാണോ അത്അറിയുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഡൽഹിയിൽ സിപിഎം പോളിറ്റ് ബ്യൂറോയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രി പിണറായി വിജയന്റെ     ഗീവർഗീസ് കൂറിലോസിനെതിരായ  പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ജനങ്ങൾക്ക് എല്ലാം അറിയാo, ഇടതുപക്ഷം വിമർശനം ഉൾക്കൊള്ളുന്ന പ്രസ്ഥാനമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മാധ്യമങ്ങൾ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിക്കുന്നു. ഇടതു പക്ഷ രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുക എന്നതാണ് ഇതിന്റെ പിന്നിലുള്ള അജണ്ട. വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ഉപയോഗിച്ചത് നിഘണ്ടുവിൽ പോലും വെക്കാൻ പറ്റാത്ത പദമാണെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

വാഹനപരിശോധനക്കിടെ കണ്ണൂരിൽ  എക്സൈസ് ഉദ്യോ​ഗസ്ഥനെ തട്ടിക്കൊണ്ടുപോയി. കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ വെച്ച്കാറിനുള്ളിൽ കയറി പരിശോധിക്കുമ്പോഴാണ് ഉദ്യോ​ഗസ്ഥനുമായി കാർ കടന്നു കളഞ്ഞത്. മൂന്ന് കിലോമീറ്റർ അപ്പുറത്ത് ഉദ്യോ​ഗസ്ഥനെ ഇറക്കിവിട്ടു. മറ്റൊരു ഉദ്യോഗസ്ഥനെ തളളിയിട്ട ശേഷമാണ് ഇവർ ഉദ്യോ​ഗസ്ഥനെയും കൊണ്ട് പോയത്.മയക്കുമരുന്ന് സംഘത്തിലെ കണ്ണിയായ കാർ ഓടിച്ചിരുന്ന ബേപ്പൂർ സ്വദേശി യാസർ അറഫാത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

ബിജെപി ദേശീയ നേതൃത്വം  ശോഭ സുരേന്ദ്രന്   നാളെ ഡൽഹിയിൽ  എത്താൻ നിർദേശം നൽകി. നാളെ ദേശീയ നേതാക്കളുമായി ശോഭ സുരേന്ദ്രൻ ചർച്ച നടത്തും. ശോഭയ്ക്ക് പദവികൾ നൽകുന്നത് നേതൃത്വത്തിന്റെ പരി​ഗണനയിലുണ്ട്. ആലപ്പുഴയിൽ മത്സരിച്ച് മൂന്ന് ലക്ഷത്തിനടുത്ത് വോട്ട് ഇത്തവണ ശോഭ നേടിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയേറ്റതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ സംഘടനാ തലത്തിൽ  അഴിച്ചു പണിക്ക് ഒരുങ്ങുകയാണ്.

അവയവക്കടത്ത് കേസിൽ കാണാതായ പാലക്കാട് സ്വദേശി ഷമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ഇറാനിൽ പോയി വൃക്ക നൽകിയ ശേഷം ഇയാളെ കാണാതായിരുന്നു. ടെഹ്റാനിൽ പോയി അവയവ വിൽപന നടത്തിയശേഷം ഇയാളുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നു.  ഷമീറിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇയാളെ പ്രതിയാക്കണോ സാക്ഷിയാക്കണോ എന്നുള്ളത് അന്വേഷണ സംഘം പിന്നീട് തീരുമാനിക്കും.

ലാഭവിഹിതത്തിൻ്റെ പകുതി, ലോട്ടറി വില്പനക്ക് അനുമതി കൊടുത്താൽ നൽകാമെന്ന സിക്കിം സർക്കാറിൻ്റെ വാഗ്ദാനം തള്ളി കേരളം. ലോട്ടറി തട്ടിപ്പിനെതിരെ സിബിഐ അന്വേഷണം നടക്കുന്നതിനാൽ അനുമതി നൽകാനാകില്ലെന്ന് കേരളം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.

ഇടത് സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തി എന്ന വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് നവോത്ഥാന സമിതി വൈസ് ചെയർമാൻ പദവി ഹുസൈൻ മടവൂർ രാജിവെച്ചു. നവോത്ഥാന സമിതി ചെയർമാനാണ് വെള്ളാപ്പള്ളി നടേശന്‍. രാജിക്കത്ത് ഉടന്‍ ചെയർമാന് കൈമാറുമെന്ന് ഹുസൈൻ മടവൂർ അറിയിച്ചു.മുസ്ലിം സമുദായം സർക്കാറിൽ നിന്ന് അവിഹിതമായി പലതും നേടിയെടുക്കുന്നുവെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന.

സംസ്ഥാനത്ത് പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് . ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പാലക്കാട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെയും കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സര്‍ക്കാരിനെ വിമര്‍ശിച്ചത്തിന് മുഖ്യമന്ത്രി അപഹസിച്ച യാക്കോബായ സഭാ നിരണം ഭദ്രാസനത്തിന്‍റെ മുന്‍ അധിപൻ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് പിന്തുണയുമായി രാഹുല്‍ മാങ്കൂട്ടത്തിൽ. അദ്ദേഹത്തെ അധിക്ഷേപിച്ച പിണറായി വിജയൻ മാപ്പ് പറയണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു.

കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് മമത ബാനർജി. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്.  സിഎഎ റദ്ദാക്കണമെന്ന ആവശ്യം ഇനിയും ഉയർത്തും. ഇക്കാര്യം പാര്‍ലമെന്‍റില്‍ ആവശ്യപ്പെടുമെന്നും മമത വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്‍ററി പാര്‍ട്ടി ചെയർപേഴ്സണായി മമത ബാനർജിയും ലോക്സഭ കക്ഷി നേതാവായി സുദീപ് ബന്ധോപാദ്യായയും തുടരും.

സോണിയാ ഗാന്ധി കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ചെയര്‍പഴ്സൺb. മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് സോണിയയുടെ പേര് നിര്‍ദേശിച്ചത്. പ്രതിപക്ഷനേതാവ് ആരെന്ന് കാത്തിരുന്ന് കാണൂ എന്ന് ഖര്‍ഗെ പറഞ്ഞു. പ്രതിപക്ഷനേതാവിനെ സഭ സമ്മേളിക്കുന്നതിന് മുമ്പ് തീരുമാനിക്കുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടിയോഗം അവസാനിച്ചു.

ഹമാസ് ബന്ദികളാക്കിയ നാലുപേരെ ഇസ്രയേലി സൈന്യം രക്ഷപ്പെടുത്തി . ഒക്ടോബര്‍ ഏഴിനാണ് ഹമാസ് ഇസ്രയേലിന് നേര്‍ക്ക് ആക്രമണം നടത്തുകയും നിരവധിപ്പേരെ ബന്ദികളാക്കുകയും ചെയ്തത്. മൂന്ന് പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് രക്ഷപ്പെടുത്തിയതെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ഇനിയും 130-ഓളം പേര്‍ മോചിക്കപ്പെടാനുണ്ടെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. ഇതില്‍ കാല്‍ഭാഗത്തോളം പേര്‍ ജീവനോടെയില്ലെന്നും ഇസ്രയേല്‍ കരുതുന്നു.

മൂന്നാം എന്‍.ഡി.എ. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മമത ബാനര്‍ജി. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും പോകില്ലെന്നുമായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മമതയുടെ മറുപടി. കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

വയനാട് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കുമ്പോള്‍ അവിടെ പ്രിയങ്കാഗാന്ധിയെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവുമായി ഡി.എം.കെ. രാഹുല്‍ പ്രതിപക്ഷനേതാവ് ആവുമ്പോള്‍, പ്രിയങ്കാ ഗാന്ധി സീറ്റ് ഏറ്റെടുക്കണമെന്നാണ് ആവശ്യം. ഡി.എം.കെ. വക്താവും മാധ്യമവിഭാഗം ജോയിന്റ് സെക്രട്ടറിയുമായ ശരവണന്‍ അണ്ണാദുരൈയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

മൂന്നാംമോദി മന്ത്രിസഭയില്‍ കാബിനറ്റ് പദവിയുള്ളതും ഇല്ലാത്തതുമായി സഖ്യകക്ഷി അംഗങ്ങള്‍ ഏറെയുണ്ടാകും എന്ന് സൂചന. ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കാത്തതോടെ 14 സഖ്യകക്ഷികളെയും ബിജെപിക്ക് തൃപ്തിപ്പെടുത്തേണ്ടതായിവരും. കാബിനറ്റ് സ്ഥാനം നല്‍കാന്‍ 4:1 എന്ന ഫോര്‍മുലയാകും ബി.ജെ.പി. അടിസ്ഥാനമാക്കുക. അതായത് നാല് അംഗങ്ങള്‍ക്ക് ഒരു മന്ത്രി.എല്ലാ സഖ്യകക്ഷികളുടേയും കാര്യത്തില്‍ ഇത് കര്‍ശനമായി പാലിക്കാനുമാവില്ല എന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യാ മുന്നണി നിതീഷ് കുമാറിന് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തെന്ന ജെഡിയുവിൻ്റെ അവകാശവാദത്തിനെതിരെ കോൺഗ്രസ്. പ്രധാനമന്ത്രിയാകാൻ ഇന്ത്യാ മുന്നണി നിതീഷ് കുമാറിനെ സമീപിച്ചതായി പാർട്ടിക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ കെ സി വേണുഗോപാൽ പറഞ്ഞു. നിതീഷ് കുമാറിന് ഇന്ത്യാ മുന്നണി പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തെന്ന് ജനതാദൾ നേതാവ് കെസി ത്യാഗി പറഞ്ഞിരുന്നു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *