6 10

ശരീരം നല്‍കുന്ന സൂചന കണ്ടില്ലെന്ന് നടിക്കരുത്. ചര്‍മ്മത്തിന്റെ ഘടന മാറുന്നതു മുതല്‍ മറുകുകളുടെ രൂപമാറ്റം വരെ സ്‌കിന്‍ കാന്‍സറിന്റെ ലക്ഷണങ്ങളാകാം. ആദ്യ ഘട്ടത്തില്‍ തന്നെ രോഗം തിരിച്ചറിയുന്നത് അര്‍ബുദത്തെ പൂര്‍ണമായും സുഖപ്പെടുത്താനും വീണ്ടും വരാതെ തടയാനും സഹായിക്കും. ശരീരത്തില്‍ നിലവിലുള്ള മറുകുകളുടെ വലിപ്പത്തിലോ നിറത്തിലോ വ്യത്യാസമുണ്ടാകുന്നത് മെലനോമ എന്ന മാരകമായ സ്‌കിന്‍ കാന്‍സറിന്റെ ലക്ഷണമാകാം. മുപ്പതു വയസ്സിന് ശേഷം ശരീരത്തില്‍ പുതിയ മറുകുകള്‍ ഉണ്ടാകുന്നതും മറുകുകള്‍ വളരുന്നും സ്‌കിന്‍ കാന്‍സറിന്റെ ലക്ഷണമാണെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് ഡെര്‍മറ്റോളജിയുടെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ഏതു പുതിയ പാടുകളും ശ്രദ്ധിക്കണം. ആഴ്ചകള്‍ കഴിഞ്ഞാലും മുറിവുകള്‍ ഉണങ്ങാത്ത അവസ്ഥയുണ്ടായാല്‍ ശ്രദ്ധിക്കണം. മുറിവുകള്‍ ഉണങ്ങാതെ അവയില്‍ നിന്ന് രക്തം വരുകയോ മുറിവുകള്‍ പൊട്ടിയൊലിക്കുകയോ ചെയ്യുന്നത് ബേസല്‍ സെല്‍ കാര്‍സിനോമയുടേയോ സ്‌ക്വാമസ് സെല്‍ കാര്‍സിനോമയുടെയോ ലക്ഷണമാവാം. ഇത്തരത്തിലെ ചര്‍മ്മാര്‍ബുദം സാധാരണ തുറന്ന മുറിവുകളായി കാണപ്പെടും. ശരീരത്തിലെ മുറിവുകളിലെ ചൊറിച്ചിന് കാരണം ചിലപ്പോള്‍ അര്‍ബുദമാകാം. മുറിവുകളില്‍ ചൊറിച്ചിലും വേദനയും ഉണ്ടാകാം. തൊടുമ്പോള്‍ ചര്‍മം മൃദുവായി തോന്നും. ജാമാ ഡെര്‍മറ്റോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ചൊറിച്ചില്‍ എന്നത് ആദ്യ ഘട്ടത്തില്‍ മെലനോമയുടെ സാധാരണമായ ഒരു ലക്ഷണമാണ്. ചര്‍മത്തിന്റെ ഘടനയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കണം. ചര്‍മം പരുക്കനാവുക, മൊരിയോ കുഴികളോ ഉണ്ടാവുക ഇതെല്ലാം സ്‌കിന്‍ കാന്‍സറിന്റെ ലക്ഷണമാവാം. സ്‌കിന്‍ കാന്‍സര്‍ ഫൗണ്ടേഷന്‍ പറയുന്നത് ഈ മാറ്റങ്ങള്‍ രണ്ടിനം സ്‌കിന്‍ കാന്‍സറുകളായ ബേസല്‍ സെല്‍ കാര്‍സിനോമ, സ്‌ക്വാമസ് സെല്‍ കാര്‍സിനോമ ഇവയുടെ ലക്ഷണമാവാം എന്നാണ്. മറുകുകളുടെ അരികിലും ചര്‍മത്തിലും ചുവപ്പു നിറമോ വീക്കമോ കാണുന്നത് മെലനോമയുടെ ലക്ഷണമാവാം. മെലനോമയാണെങ്കില്‍ ചര്‍മ്മത്തില്‍ നിന്ന് രക്തം വരുകയോ വേദനയും ചൊറിച്ചിലും ഉണ്ടാവുകയോ ചര്‍മ്മത്തില്‍ ചുവപ്പും വീക്കവും ഉണ്ടാവുകയോ ചെയ്യും എന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി അഭിപ്രായപ്പെടുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *