https://dailynewslive.in/ ആറാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പിലേക്കുളള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആറ് സംസ്ഥാനങ്ങളിലായി 58 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തിയത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍, മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് , സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി,കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കര്‍, ഹര്‍ദീപ് സിംഗ് പുരി, എഎപി മന്ത്രി അതിഷി മെര്‍ലേന , ഗൗതം ഗംഭീര്‍, ഹരിയാന മുന്‍ മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ മനോഹര്‍ലാല്‍ഖട്ടര്‍, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അടക്കമുള്ള പ്രമുഖര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സംഘര്‍ഷമുണ്ടായ ബംഗാളിലെ നന്ദിഗ്രാമില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

https://dailynewslive.in/ അദാനി ഗ്രൂപ്പ് കല്‍ക്കരി കുംഭകോണം നടത്തി വന്‍ ലാഭം നേടിയെന്ന ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടിന് പിന്നാലെ കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനെതിരായ കേസില്‍ അടിയന്തരമായി വാദംകേട്ട് ഉത്തരവിറക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് 21 രാജ്യാന്തര സംഘടനകളുടെ കത്ത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റിലിജന്‍സ് ഫയല്‍ ചെയ്ത കേസില്‍ ഉടന്‍ വാദം കേട്ട് ഉത്തരവിറക്കണം എന്നാണ് കത്തിലെ ആവശ്യം. അദാനി ഗ്രൂപ്പിന്റെ ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി ഇടപാട് പരിസ്ഥിതി സംരക്ഷണം എന്ന ലക്ഷ്യത്തിന് എതിരാണെന്നും കത്തില്‍ ആരോപിച്ചിട്ടുണ്ട്.

https://dailynewslive.in/ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തനിച്ച് കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രവചിച്ച് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനും പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റുമായ യോഗേന്ദ്ര യാദവ്. ബി.ജെ.പി. പരമാവധി 260 സീറ്റുകള്‍ വരെ നേടാമെന്നാണ് പ്രവചനം. ബി.ജെ.പി. അവകാശപ്പെടുന്ന 400 സീറ്റുകളോ നിലവിലെ 303 എന്ന നിലയിലോ ബി.ജെ.പി. എത്തില്ല. 272 സീറ്റുപോലും ഒറ്റയ്ക്ക് നേടില്ല. കാറ്റ് ശക്തമായി വീശുകയാണെങ്കില്‍ എന്‍.ഡി.എക്ക് തന്നെ കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

https://dailynewslive.in/ എല്‍.ഇ.ഡി. ബള്‍ബിന്റെ കാലത്ത് ചിലര്‍ റാന്തലുമായി നടക്കുന്നുവെന്ന പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ പാടലിപുത്രയില്‍ വെച്ചാണ് റാന്തല്‍ ചിഹ്നമുള്ള ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിനെതിരായ മോദിയുടെ പരിഹാസം. ബിഹാര്‍ മുഴുവന്‍ ഇരുട്ടിലിരിക്കുമ്പോള്‍ സ്വന്തം വീട്ടില്‍ മാത്രമാണ് അവര്‍ വെളിച്ചമെത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ അമാനുഷികനായ വ്യക്തിക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുമോ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പൗരത്വം ലഭിക്കില്ലെങ്കില്‍ അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിനോ മത്സരിക്കുന്നതിനോ സാധിക്കുമോയെന്നും ദിവ്യനാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാള്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നതിനെക്കുറിച്ച് കമ്മീഷന്‍ പരിശോധിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. താന്‍ അമാനുഷികനാണെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയതിനെതിരെയാണ് തരൂര്‍ രംഗത്തെത്തിയത്.

https://dailynewslive.in/ പെരിയാറിലെ മത്സ്യക്കുരുതിയില്‍ കുഫോസിന്റെ പഠന സമിതി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പരിശോധനയില്‍ വെള്ളത്തില്‍ അപകടകരമായ അളവില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ വെള്ളത്തില്‍ അപകടകരമായ അളവില്‍ അമോണിയയും സല്‍ഫൈഡും ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. പെരിയാറിലെ വെള്ളത്തില്‍ ഇത്രയധികം അളവില്‍ രാസവസ്തുക്കള്‍ എങ്ങനെ എത്തിയെന്നും എവിടെ നിന്ന് എത്തിയെന്നും അറിയാന്‍ വിശദമായ രാസ പരിശോധന ഫലം വരേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

https://dailynewslive.in/ പെരിയാറില്‍ രാസമാലിന്യം ഒഴുക്കിയതിനെ തുടര്‍ന്ന് 7. 5 ലക്ഷം രൂപയുടെ മത്സ്യങ്ങള്‍ ചത്ത് പോയെന്ന കര്‍ഷകന്‍ സ്റ്റാന്‍ലി ഡിസില്‍വ നല്‍കിയ പരാതിയില്‍ എലൂര്‍ പോലീസ് കേസെടുത്തു. എലൂര്‍ നഗരസഭയും പരാതി നല്‍കിയിരുന്നു. പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് രാസമാലിന്യമല്ല വെള്ളത്തിലെ ഓക്സിജന്‍ കുറഞ്ഞത് മൂലമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിലയിരുത്തല്‍. രാസപരിശോധനയുടെ റിസള്‍ട്ട് വരാന്‍ വൈകിയേക്കും.

https://dailynewslive.in/ പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതിനെ തുടര്‍ന്ന് ഏലൂരിലെ പരിസ്ഥിതി നിയന്ത്രണ ബോര്‍ഡ് പാരിസ്ഥിതിക എഞ്ചിനീയര്‍ സജീഷ് ജോയിയെ സ്ഥലം മാറ്റി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് റീജിയണല്‍ ഓഫീസിലെ സീനിയര്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ എം.എ ഷിജുവിനാണ് പകരം നിയമനം. മത്സ്യക്കുരുതിക്ക് പിന്നാലെ വ്യവസായ മന്ത്രി വിളിച്ച യോഗത്തില്‍ ഏലൂരില്‍ മുതിര്‍ന്ന ഓഫീസറെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു.

https://dailynewslive.in/ ബാറുടമകള്‍ കോഴ നല്‍കണമെന്ന് ശബ്ദസന്ദേശം പുറത്ത് വന്നത് വിവാദമായ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. എസ് പി മധുസൂദനനാണ് അന്വേഷണ ചുമതല. ശബ്ദരേഖക്ക് പിന്നില്‍ ഗൂഡാലോചയുണ്ടെന്നാരോപിച്ച് എക്സൈസ് മന്ത്രി എം ബി രാജേഷ് ഇന്നലെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിലാണ് അന്വേഷണം നടക്കുന്നത്.

https://dailynewslive.in/ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റുന്ന കാര്യവും ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടുന്ന കാര്യവും പരിഗണിക്കേണ്ടെന്നു സര്‍ക്കാര്‍ തലത്തില്‍ ധാരണ. മദ്യനയത്തില്‍ ഇതു രണ്ടും പരിഗണിക്കുമെന്നായിരുന്നു സൂചന.

https://dailynewslive.in/ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പത്തിലേറെ സീറ്റുകളില്‍ ജയമുറപ്പെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അതേസമയം കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളത്തില്‍ ഇരുപതില്‍ ഇരുപതും കോണ്‍ഗ്രസ് നേടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ വ്യക്തമാക്കി. ഇടതുപക്ഷത്തിനും ബി.ജെ.പിക്കും ഒരു സീറ്റും കിട്ടില്ലെന്നും തിരഞ്ഞെടുപ്പില്‍ പ്രധാനമായും പ്രതിഫലിച്ചത് സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

https://dailynewslive.in/

വിരമിക്കല്‍ അനൂകൂല്യം നല്‍കണമെന്ന വിധി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞു. 2010 ല്‍ ഹോമിയോ വകുപ്പിലെ അധ്യാപികയായി വിരമിച്ച തിരുവനന്തപുരം സ്വദേശി വത്സലകുമാരിക്ക് വിരമിക്കല്‍ അനൂകൂല്യം പൂര്‍ണ്ണമായി നല്‍കാന്‍ കഴിഞ്ഞ വര്‍ഷം ജൂലായില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് നടപ്പാക്കിയില്ലെന്ന് ചൂണ്ടി കാട്ടിയാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.

https://dailynewslive.in/ പ്ലസ് വണ്ണിന്റെ ആദ്യ അലോട്ട്മെന്റ് തുടങ്ങുന്നതിന് മുന്‍പ് നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കുററപ്പെടുത്തി. അതേസമയം മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. മൂന്നാം അലോട്ട്മെന്റ് കഴിയുമ്പോള്‍ രാഷ്ട്രീയക്കളി അവസാനിക്കുമെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ ശുചീകരണ ദിനം സംസ്ഥാനതലത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

https://dailynewslive.in/ പത്തനംതിട്ട മണിയാര്‍ ബാരേജിന്റെ കാലപ്പഴക്കം ചെന്ന ഷട്ടറുകള്‍ കരാറുകാരനെ കൊണ്ട് മാറ്റി സ്ഥാപിക്കുന്നതില്‍ വീഴ്ചവരുത്തിയ സംഭവത്തില്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്നും, സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് വേണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. മഴ കനത്ത് ബാരേജ് നിറഞ്ഞാല്‍ ജലനിരപ്പ് ക്രമീകരിച്ച് പ്രളയക്കെടുതി ഒഴിവാക്കാന്‍ അഞ്ച് ഷട്ടറുകളും കൃത്യമായി തുറക്കണം. എന്നാല്‍ അഞ്ചെണ്ണത്തിന്റെയും അവസ്ഥ പരിതാപകരമാണെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.

https://dailynewslive.in/ ആവേശം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്സ് സിനിമകള്‍ക്കെതിരെ ബിഷപ് ജോസഫ് കരിയില്‍. കൊച്ചിയില്‍ കുട്ടികള്‍ക്കായി സഭ സംഘടിപ്പിച്ച പരിപാടിയിലാണ് വിമര്‍ശനം.സിനിമകള്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും, ഇല്ലുമിനാറ്റി പാട്ട് സഭാ വിശ്വാസങ്ങള്‍ക്ക് എതിരാണെന്നും ഇത്തരം സിനിമകളെ നല്ല സിനിമ എന്ന് പറഞ്ഞു പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോഴത്തെ കുട്ടികളോട് പാട്ടുപാടാന്‍ പറഞ്ഞാല്‍ എല്ലാവരും ഇല്ലുമിനാറ്റി എന്ന പാട്ട് പാടും. എന്നാല്‍ ഇല്ലുമിനാറ്റി എന്നത് സഭാ വിശ്വാസങ്ങള്‍ക്ക് എതിരായി നില്‍ക്കുന്ന സംഘടനയാണെന്ന് പലര്‍ക്കും അറിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ മുല്ലപ്പെരിയാറിലെ പുതിയ ഡാം നിര്‍മ്മാണത്തിന് അനുമതി നല്‍കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സ്റ്റാലിന്‍ കത്തെഴുതി. സുപ്രീംകോടതി ഉത്തരവ് മറികടന്നുള്ളതാണ് കേരളത്തിന്റെ നീക്കമെന്നും കേരളം മുന്നോട്ട് പോയാല്‍ കോടതിയലക്ഷ്യം അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

https://dailynewslive.in/ ഇടുക്കി വട്ടവടയിലെ ചെക്ക് ഡാം നിര്‍മ്മാണം ജല്‍ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിക്ക് വേണ്ടിയുള്ളതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. അധികമായെത്തുന്ന വെള്ളം ഡാമിലൂടെ പുറത്തേക്ക് ഒഴുകും. വെള്ളം കിട്ടില്ലെന്ന് തമിഴ്നാട് ആശങ്കപ്പെടേണ്ടതില്ല. വെള്ളം കിട്ടുമെന്ന കാര്യം തമിഴ്നാടിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അവര്‍ കണ്ട് ബോധ്യപ്പെട്ട ശേഷമാണ് പദ്ധതിയുമായി മുന്നോട്ട് പോയതെന്നും മന്ത്രി പറഞ്ഞു. വട്ടവടയില്‍ ചെക്ക് ഡാം നിര്‍മ്മിക്കുന്നതിന് എതിരെ തമിഴ് നാട് പ്രതിഷേധം അറിയിച്ച സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

https://dailynewslive.in/ കോട്ടയം കുറുപ്പന്തറയില്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടില്‍ വീണത്. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് മൂന്നാറില്‍ നിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന സംഘം അപകടത്തില്‍പ്പെട്ടത്. റോഡില്‍ മഴവെള്ളം കെട്ടികിടക്കുന്നതാണെന്നു കരുതി വാഹനം മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണമെന്നു കരുതുന്നു. യാത്രക്കാരെ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

https://dailynewslive.in/ തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ശക്തമായ കാറ്റോടെ ഇടത്തരം മഴക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടസ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

https://dailynewslive.in/ വേനല്‍ മഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമായെങ്കിലും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഓരോ ദിവസവും കുറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം കുത്തനെ കൂട്ടിയതാണ് ജലനിരപ്പ് താഴാന്‍ കാരണം. മഴക്കാലത്തിന് മുമ്പ് വൈദ്യുതി ഉത്പാദനം കൂട്ടി ജലനിരപ്പ് കുറച്ച് നിര്‍ത്താനാണ് കെഎസ്ഇബിയുടെ തീരുമാനം.

https://dailynewslive.in/ സംസ്ഥാനത്ത് മഴക്കെടുതിയില്‍ രണ്ടുമരണം. കാസര്‍കോട്ട് മിന്നലേറ്റ് ബെള്ളൂര്‍ സ്വദേശി ഗംഗാധരന്‍ മരിച്ചു. അതോടെ എറണാകുളം പുതുവൈപ്പ് ബീച്ചില്‍ വെള്ളക്കെട്ടില്‍ വീണ് മല്‍സ്യത്തൊഴിലാളി മരിച്ചു. കൊടിക്കല്‍ സ്വദേശി ദിലീപിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.

https://dailynewslive.in/ കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് മാങ്കാവ് തറക്കല്‍ ക്ഷേത്രത്തിന് സമീപം ദ്വാരക വീട്ടില്‍ ജയപ്രകാശ്-സ്വപ്ന ദമ്പതികളുടെ മകന്‍ സഞ്ജയ് കൃഷ്ണയാണ് മരിച്ചത്. കുളത്തില്‍ ചാടുന്നതിനിടെ തലയ്ക്ക് പരിക്കേറ്റ് മുങ്ങിപ്പോവുകയായിരുന്നു.

https://dailynewslive.in/ കൊടുവള്ളിക്കടുത്ത് മദ്രസ്സാ ബസാറില്‍ ടൂറിസ്റ്റ് ബസ്സ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. ഒരു കുട്ടി ഉള്‍പ്പടെ 10 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ബസ് അമിത വേഗത്തില്‍ ആയിരുന്നുവെന്ന് ദൃക്സാക്ഷികള്‍ ആരോപിച്ചു.

https://dailynewslive.in/ റിയാദിലെ ഒരു റെസ്റ്റോറന്റില്‍ വിഷബാധയുണ്ടായ സംഭവത്തില്‍ ഉത്തരവാദികളായ ആര്‍ക്കും രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമാക്കി സൗദിയിലെ അഴിമതി വിരുദ്ധ അതോറിറ്റി ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ അവരുടെ സ്ഥാനവും പദവിയുമൊന്നും പരിഗണിക്കപ്പെടാതെ വിചാരണ ചെയ്യപ്പെടുമെന്നും ഭരണകൂടം നിര്‍ദേശിച്ചു.

https://dailynewslive.in/ പൂനെയില്‍ 17കാരനോടിച്ച ആഢംബര കാറിടിച്ച് രണ്ട് ഐടി ജീവനക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയുടെ മുത്തച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനം ഓടിച്ചത് താനാണെന്ന് പറയാന്‍ പ്രതിയുടെ മുത്തച്ഛന്‍ നിബന്ധിച്ചുവെന്ന കുടുംബ ഡ്രൈവറുടെ പരാതിയിലാണ് അറസ്റ്റ്. നേരത്തെ പിടിയിലായ പതിനേഴുകാരന്റെ അച്ഛന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ജാമ്യം റദ്ദാക്കപ്പെട്ട പതിനേഴുകാരന്‍ അടുത്തമാസം അഞ്ചുവരെ ജുവനൈല്‍ ഹോമില്‍ തുടരും.

https://dailynewslive.in/ ഇന്ത്യയില്‍ നിന്ന് നാല് കടുവകളെ കംബോഡിയയിലേക്ക് അയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 2022ല്‍ ലോകത്തിലെ ആദ്യത്തെ അന്തര്‍ദേശീയ കടുവ പുനരുദ്ധാന പദ്ധതിക്കായി കംബോഡിയയുമായി കരാര്‍ ഒപ്പിട്ടിരുന്നു.

https://dailynewslive.in/ ദില്ലി സെന്റ് തോമസ് സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ സിപിഎം പിബി അംഗം ബൃന്ദ കാരാട്ടിന് ആദ്യം വോട്ട് ചെയ്യാന്‍ സാധിച്ചില്ലെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വോട്ടിംഗ് മെഷീനില്‍ ബാറ്ററി കുറവാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ബൃന്ദ കാരാട്ട് ആരോപിച്ചു . തുടര്‍ന്ന് വോട്ടിങ് മെഷീനിലെ തകരാര്‍ പരിഹരിക്കപ്പെടുന്നത് വരെ കാത്തിരുന്ന് വോട്ട് ചെയ്ത ശേഷമാണ് ബൃന്ദ കാരാട്ട് മടങ്ങിയത്.

https://dailynewslive.in/ ബംഗ്ലാദേശ് എം.പി. അന്‍വാറുല്‍ അസീം അനാറിനെ കൊലപ്പെടുത്തിയത് ഹണിട്രാപ്പിലൂടെ കൊല്‍ക്കത്തയിലെ ഹോട്ടലിലേക്കെത്തിച്ചെന്ന് പൊലീസ്. സംഭവത്തില്‍ ഷിലാസ്തി റഹ്‌മാന്‍ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് വംശജനും യു.എസ്. പൗരനുമായ അഖ്തറുസ്സമാന്‍ എന്നയാളാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൃത്യം നടത്താനായി ഇയാള്‍ പ്രതികള്‍ക്ക് അഞ്ച് കോടി രൂപ പ്രതിഫലമായി നല്‍കിയെന്നാണ് പോലീസിന്റെ വിശദീകരണം.

https://dailynewslive.in/ വടക്കന്‍ പാപുവ ന്യൂ ഗിനിയയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 300ലധികം ആളുകളും 1,100 ലധികം വീടുകളും മണ്ണിനടിയിലായതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ പോര്‍ട്ട് മോറെസ്ബിയില്‍ നിന്ന് ഏകദേശം 600 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറായി എങ്ക പ്രവിശ്യയിലെ കാക്കളം ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. പ്രവിശ്യയിലെ മുലിറ്റക മേഖലയിലെ ആറിലധികം ഗ്രാമങ്ങളെ ദുരന്തം ബാധിച്ചതായി ഓസ്‌ട്രേലിയയുടെ വിദേശകാര്യ, വ്യാപാര വകുപ്പ് സ്ഥിരീകരിച്ചു.

https://dailynewslive.in/ കൊച്ചി ആസ്ഥാനമായ പ്രമുഖ പൊതുമേഖലാ കപ്പല്‍ നിര്‍മാണ, അറ്റകുറ്റപ്പണിശാലയായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് 2023-24 സാമ്പത്തിക വര്‍ഷത്തെ അവസാന പാദമായ ജനുവരി-മാര്‍ച്ചില്‍ സംയോജിത ലാഭത്തില്‍ 558 ശതമാനം വളര്‍ച്ച. മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 39.33 കോടി രൂപയില്‍ നിന്ന് ലാഭം 258 കോടി രൂപയായി കുതിച്ചുയര്‍ന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ 244.37 കോടി രൂപയില്‍ നിന്ന് ലാഭം 5.6 ശതമാനത്തിന്റെ മിതമായ വളര്‍ച്ചയെ നേടിയുള്ളു. ഇക്കാലയളവില്‍ സംയോജിത വരുമാനം മുന്‍ വര്‍ഷത്തെ 671.32 കോടി രൂപയില്‍ നിന്ന് 1,366.16 കോടി രൂപയായി. ഡിസംബര്‍ പാദത്തിലിത് 1,114.11 കോടി രൂപയായിരുന്നു. മൊത്ത വരുമാനത്തില്‍ 985.15 കോടി രൂപയും കപ്പല്‍ നിര്‍മാണത്തില്‍ നിന്നുള്ളതാണ്. 300.89 കോടി രൂപ കപ്പല്‍ അറ്റകുറ്റപ്പണികളില്‍ നിന്നുമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ 2,571 കോടി രൂപയില്‍ നിന്ന് 4,140 കോടി രൂപയായി. 61 ശതമാന വര്‍ധനയുണ്ട്. ഇക്കാലയളവില്‍ ലാഭം മുന്‍ വര്‍ഷത്തെ 304.70 കോടി രൂപയില്‍ നിന്ന് 157 ശതമാനം വര്‍ച്ചയോടെ 783.27 കോടി രൂപയായി. 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് ഓഹരിയൊന്നിന് 2.25 രൂപ നിരക്കില്‍ അന്തിമ ലാഭ വിഹിതത്തിനും കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്തിട്ടുണ്ട്. പണമായും പണത്തിന് തുല്യമായ ആസ്തിയായും 3,864 കോടി രൂപ കൈവശമുള്ള കൊച്ചിന്‍ ഷിപ് യാര്‍ഡ് കടമില്ലാത്ത കമ്പനിയായി തുടരുകയാണ്.

https://dailynewslive.in/ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തിനായി ഗൂഗില്‍ തമിഴ്‌നാട്ടില്‍ കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. തായ്വാനീസ് കരാര്‍ നിര്‍മ്മാണ പങ്കാളിയായ ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പുമായി സഹകരിച്ച് പുത്തന്‍ പ്രൊഡക്ഷന്‍ ലൈനുകള്‍ സജ്ജീകരിച്ച് തമിഴ്നാട്ടില്‍ പിക്‌സല്‍ ഫോണുകളുടെ അസംബ്ലി ആരംഭിക്കാനാണ് ഗൂഗിള്‍ ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പിക്സല്‍ 8, പിക്സല്‍ 8 പ്രോ എന്നിവ ഇന്ത്യയില്‍ നിര്‍മിച്ചുകൊണ്ട് പിക്സല്‍ സ്മാര്‍ട്ട്ഫോണുകളുടെ പ്രാദേശിക നിര്‍മ്മാണം ആരംഭിക്കാനുള്ള പദ്ധതി ഗൂഗിള്‍ ആദ്യം പ്രഖ്യാപിച്ചിരുന്നു. ഈ സംരംഭം രാജ്യത്തുടനീളമുള്ള പിക്സല്‍ സ്മാര്‍ട്ട്ഫോണുകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. ആദ്യ ഉപകരണങ്ങള്‍ 2024-ല്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഫോക്‌സ്‌കോണ്‍, പെഗാട്രോണ്‍, ടാറ്റ എന്നിവയുടെ സാന്നിധ്യത്തോടെ ഇന്ത്യയില്‍ ആപ്പിളിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന നിര്‍മ്മാണ ആവാസവ്യവസ്ഥയുടെ ഒരു പ്രധാന കേന്ദ്രമായി ഇതിനകം സ്ഥാപിതമായ ഒരു നൂതന നിര്‍മ്മാണ കേന്ദ്രമെന്ന നിലയില്‍ തമിഴ്‌നാടിന്റെ സാധ്യതയെ ഗൂഗിളിന്റെ ഏറ്റവും പുതിയ നീക്കം എടുത്തുകാണിക്കുന്നു. 9.56 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയില്‍ തമിഴ്‌നാട് നിലവില്‍ ഇലക്ട്രോണിക്സ് കയറ്റുമതിയില്‍ മുന്നിലാണ്, ഇത് ഈ മേഖലയിലെ രാജ്യത്തിന്റെ മൊത്തം കയറ്റുമതിയുടെ മൂന്നിലൊന്ന് വരും.

https://dailynewslive.in/ തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കാര്‍ത്തി. ഇന്ന് താരത്തിന്റെ 47-ാം ജന്മദിനം കൂടിയാണ്. ഇപ്പോഴിതാ കാര്‍ത്തിയുടെ ജന്മദിനത്തില്‍ താരത്തിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും സെക്കന്‍ഡ് ലുക്ക് പോസ്റ്ററും പുറത്തെത്തിയിരിക്കുകയാണ്. കാര്‍ത്തിയുടെ കരിയറിലെ 27 -മത്തെ ചിത്രമാണിത്. ‘മെയ്യഴകന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കാര്‍ത്തിക്കൊപ്പം അരവിന്ദ് സ്വാമിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയാണെന്നാണ് പുറത്തുവന്നിരിക്കുന്ന രണ്ട് ലുക്ക് പോസ്റ്ററുകളും നല്‍കുന്ന സൂചന. പ്രേംകുമാറാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. 96 എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം പ്രേംകുമാറൊരുക്കുന്ന ചിത്രം കൂടിയാണിത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. ശ്രീദിവ്യയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2007-ല്‍ പുറത്തിറങ്ങിയ പരുത്തിവീരന്‍ എന്ന ചിത്രത്തിലൂടെയാണ് കാര്‍ത്തി അഭിനയരംഗത്തേക്ക് കടക്കുന്നത്. മണിരത്നത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ശേഷമാണ് കാര്‍ത്തി അഭിനയത്തിലേക്ക് ചുവടുവയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ജപ്പാനായിരുന്നു താരത്തിന്റേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം.

https://dailynewslive.in/ നടന്‍ ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ‘മാളികപ്പുറം’ എന്ന ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്നു. ‘സുമതി വളവ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍ ആണ് നായകനായി എത്തുന്നത്. നടന്‍ സുരേഷ് ഗോപിയാണ് ചിത്രം പ്രഖ്യാപിച്ചത്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കുന്നത്. വിഷ്ണു ശശി ശങ്കര്‍ ആണ് സംവിധാനം. സുമതി വളവിന്റെ നിര്‍മ്മാണം മുരളി കുന്നുംപുറത്ത് ആണ്. ദിനേഷ് പുരുഷോത്തമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സൗണ്ട് ഡിസൈനര്‍- എം.ആര്‍ രാജകൃഷ്ണന്‍, എഡിറ്റര്‍- ഷഫീക്ക് മുഹമ്മദ് അലി, ആര്‍ട്- അജയ് മങ്ങാട്ട് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. അഭിനേതാക്കളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്ന് കരുതപ്പെടുന്നു. ‘ഭയപ്പെടുത്തുന്ന സവാരിക്ക് തയ്യാറാകൂ’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. തിരുവനന്തപുരം നെടുമങ്ങാട് എന്ന സ്ഥലത്തെ മൈലുംമൂടെന്ന മലയോര ഗ്രാമത്തിലെ ഒരു വളവിന്റെ പേരാണ് സുമതി വളവ്. ഇവിടെ അപകടങ്ങളും പതിവായിരുന്നു. കൊലചെയ്യപ്പെട്ട സുമതി എന്ന സ്ത്രീയുടെ ആത്മാവ് ഇവിടെ അലയുന്നു എന്നാണ് കഥ. ഒരു കാലത്ത് രാത്രി സമയങ്ങളില്‍ യാത്ര ചെയ്യാന്‍ ഭയപ്പെട്ടിരുന്ന ഈ വളവും അതിനെ ചുറ്റിപ്പറ്റി പ്രചരിച്ച കഥയും ആണോ അതോ വേറെ കഥയാണോ ചിത്രം പറയുന്നത് എന്നതാണ് സിനിമാസ്വാദകര്‍ ചോദിക്കുന്നത്.

https://dailynewslive.in/ അമേരിക്കന്‍ ഓട്ടോമൊബൈല്‍ ബ്രാന്‍ഡായ ജീപ്പ് അവഞ്ചര്‍ എസ്യുവിയുടെ അവഞ്ചര്‍ 4എക്സ്ഇ എന്ന പുതിയ വേരിയന്റ് അവതരിപ്പിച്ചു. ജീപ്പ് അവഞ്ചര്‍ 4എക്സ്ഇ പവര്‍ട്രെയിന്‍ ഒരു ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റത്തിനായി ഒരു പെട്രോള്‍ എഞ്ചിനെയും ഇലക്ട്രിക് മോട്ടോറുകളും സംയോജിപ്പിക്കുന്നു. മുമ്പ്, അവഞ്ചര്‍ ഒരു ഇലക്ട്രിക് വാഹനമായോ പെട്രോള്‍ എഞ്ചിനോ മാത്രമായി ലഭ്യമായിരുന്നു. 2024-ന്റെ നാലാം പാദത്തോടെ അവഞ്ചര്‍ 4എക്സ്ഇ ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ ജീപ്പ് പദ്ധതിയിടുന്നു. പുതിയ മോഡല്‍ ഓവര്‍ലാന്‍ഡ്, അപ്ലാന്‍ഡ് എന്നീ രണ്ട് വകഭേദങ്ങളില്‍ വരും. അതേസമയം, അവഞ്ചറിനെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഇപ്പോള്‍ പദ്ധതിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അവഞ്ചര്‍ 4എക്സ്ഇയില്‍ 135 ബിഎച്പി പവര്‍ ഔട്ട്പുട്ട് ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ഉണ്ട്. ആറ് സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴിയാണ് ഈ എന്‍ജിന്‍ മുന്‍ ചക്രങ്ങളെ ശക്തിപ്പെടുത്തുന്നത്. കൂടാതെ, ഓരോ പിന്‍ ചക്രത്തിനും ഒന്ന് വീതം രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. അങ്ങനെ ഓരോന്നും അധികമായി 28 ബിഎച്പി സൃഷ്ടിക്കുകയും 1,900 എന്‍എം ടോര്‍ക്ക് നല്‍കുകയും ചെയ്യുന്നു.

https://dailynewslive.in/ രോഗങ്ങളെയല്ല രോഗമുള്ള മനുഷ്യരെയാണ് ചികിത്സിക്കേണ്ടത് എന്ന തിരിച്ചറിവില്‍നിന്നാണ് ഡോ. എം.ആര്‍. രാജഗോപാല്‍ കേരളത്തില്‍ സാന്ത്വനപരിചരണത്തിനായി പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് തുടക്കം കുറിച്ചത്. 1990-കളില്‍ തുടങ്ങിയ ഈ പ്രസ്ഥാനം കേരളമൊട്ടാകെ ഇന്ന് വ്യാപിച്ചിട്ടുണ്ട്. രോഗാവസ്ഥയിലുള്ളവരോടും അവരുടെ കുടുംബാംഗങ്ങളോടുമൊപ്പമുള്ള ഡോക്ടറുടെ ജീവിതയാത്രയാണ് ഈ പുസ്തകം. രോഗം കടന്നുവരാത്ത ഒരു ജീവിതവുമുണ്ടാവില്ല. രോഗത്തോടൊപ്പമുള്ള യാത്ര ദുരിതപൂര്‍ണമാകാതിരിക്കാന്‍ ഈ പുസ്തകം ഒരു വഴികാട്ടിയാകും. ‘സ്നേഹം സാന്ത്വനം’. ഡിസി ബുക്സ്. വില 280 രൂപ.

https://dailynewslive.in/ മോശം ജീവിതശൈലി മൂലം നമ്മളില്‍ പലരേയും ബാധിച്ചിരിക്കുന്ന ഒരു ആരോഗ്യ പ്രശ്മാണ് ഉയര്‍ന്ന കൊളസ്‌ട്രോള്‍. ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ അടിയുന്നത് അമിതമായാല്‍ ഹൃദയാഘാതം ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇഷ്ടപ്പെട്ട ആഹാരം കഴിക്കുമ്പോള്‍ കൊളസ്ട്രോളിനെക്കുറിച്ച് ആശങ്കാകുലരാകുന്നവരുടെ എണ്ണം ചില്ലറയൊന്നുമല്ല. കഴിക്കുന്ന ആഹാരത്തില്‍ കരുതലുണ്ടെങ്കില്‍ ഭീതിയോടെ കാണേണ്ടതേ അല്ല ഈ കൊളസ്ട്രോളിനെ. ഇതിനായി ആദ്യം ചെയ്യേണ്ടത് ആരോഗ്യകരമായ കൊഴുപ്പുകള്‍ തിരഞ്ഞെടുക്കുക എന്നതാണ്. പൂരിത കൊഴുപ്പാണ് ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ ലെവല്‍ കൂട്ടുന്നത്. ദൈനംദിന കാലറിയുടെ ഏഴു ശതമാനത്തില്‍ താഴെ ആകണം പൂരിത കൊഴുപ്പിന്റെ അളവ്. റെഡ് മീറ്റ്, ഉയര്‍ന്ന തോതില്‍ കൊഴുപ്പടങ്ങിയ പാല്‍, പാലുല്‍പ്പന്നങ്ങള്‍, ചോക്ലേറ്റ്, ബേക്കറി ഉല്‍പന്നങ്ങള്‍, എണ്ണയില്‍ വറുത്ത ആഹാരങ്ങള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഇവയിലെല്ലാം കാണുന്നത് പൂരിത കൊഴുപ്പാണ്. കൊളസ്ട്രോള്‍ നിയന്ത്രണവിധേയമാക്കുന്നതിനായി കരള്‍, മറ്റ് അവയവ മാംസം, മുട്ടയുടെ മഞ്ഞ, ചെമ്മീന്‍, കൊഴുപ്പേറിയ പാല്‍, പൊരിച്ചതും വറുത്തതുമായ ആഹാരം എന്നിവയുടെ ഉപയോഗം കുറയ്ക്കുക. നാരുകള്‍ അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തുന്നതുവഴി ദഹനനാളത്തില്‍ കൊളസ്ട്രോള്‍ ആഗിരണം ചെയ്യുന്നതു കുറയ്ക്കുവാന്‍ സാധിക്കും. പഴവര്‍ഗങ്ങള്‍ക്കും പച്ചക്കറികള്‍ക്കും നമ്മുടെ ഭക്ഷണത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കുന്ന സംയുക്തങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിയും. നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കൂട്ടാന്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ സഹായിക്കും. ഇവ ഹൃദയത്തെ രക്തം കട്ട പിടിക്കുന്നതില്‍ നിന്നും വീക്കത്തില്‍ നിന്നും സംരക്ഷിക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.06, പൗണ്ട് – 105.83, യൂറോ – 90.14, സ്വിസ് ഫ്രാങ്ക് – 90.65, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.02, ബഹറിന്‍ ദിനാര്‍ – 220.37, കുവൈത്ത് ദിനാര്‍ -270.76, ഒമാനി റിയാല്‍ – 215.92, സൗദി റിയാല്‍ – 22.15, യു.എ.ഇ ദിര്‍ഹം – 22.61, ഖത്തര്‍ റിയാല്‍ – 22.81, കനേഡിയന്‍ ഡോളര്‍ – 60.70.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *