തൃശൂര്‍ ആസ്ഥാനമായ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷത്തെ നാലാംപാദമായ ജനുവരി-മാര്‍ച്ചില്‍ രേഖപ്പെടുത്തിയത് 3.31 കോടി രൂപയുടെ ലാഭം മാത്രം. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 38.17 കോടി രൂപയെ അപേക്ഷിച്ച് 91.33 ശതമാനം കുറവാണിത്. ഡിസംബര്‍ പാദത്തില്‍ 3.05 കോടി രൂപയായിരുന്നു ലാഭം. സെപ്റ്റംബര്‍ പാദത്തിലിത് 23.16 കോടി രൂപയുമായിരുന്നു. കഴിഞ്ഞപാദത്തില്‍ പക്ഷേ, ധനലക്ഷ്മി ബാങ്കിന്റെ മൊത്ത വരുമാനം 273 കോടി രൂപയില്‍ നിന്ന് 347 കോടി രൂപയായി ഉയര്‍ന്നു. ഡിസംബര്‍ പാദത്തിലിത് 343 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബാങ്കിന്റെ ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തെ 49.36 കോടി രൂപയില്‍ നിന്ന് 57.82 കോടി രൂപയായി ഉയര്‍ന്നു. 17.14 ശതമാനമാണ് വര്‍ധന. മൊത്ത വരുമാനം 1,145.75 കോടി രൂപയില്‍ നിന്ന് 18.66 ശതമാനം വര്‍ധിച്ച് 1,359 കോടിരൂപയായി. അറ്റ പലിശ വരുമാനം മുന്‍ വര്‍ഷത്തേക്കാള്‍ 12.67 ശതമാനം വര്‍ധിച്ച് 1,206.9 കോടി രൂപയായി. പലിശയേതര വരുമാനം 104.75 ശതമാനം ഉയര്‍ന്ന് 152.56 കോടി രൂപയുമായി. മൊത്തം ബിസിനസ് 23,801 കോടി രൂപയില്‍ നിന്ന് 24,392 കോടി രൂപയായി. മൊത്തം നിക്ഷേപം കഴിഞ്ഞ വര്‍ഷത്തെ 13,351 കോടി രൂപയില്‍ 7 ശതമാനം വര്‍ധിച്ച് 14,290 കോടി രൂപയിലെത്തി. മൊത്തം വായ്പകള്‍ ഇക്കാലയളവില്‍ 9,854 കോടി രൂപയില്‍ നിന്ന് 10,397 കോടി രൂപയായും ഉയര്‍ന്നു. സ്വര്‍ണപ്പണയ വായ്പകള്‍ ഇക്കാലയളവില്‍ 25 ശതമാനത്തോളം വളര്‍ച്ചയോടെ 2.838.86 കോടി രൂപയായി. മുന്‍ വര്‍ഷമിത് 2,273.52 കോടി രൂപയായിരുന്നു. ചെറുകിട വായ്പകള്‍ 4,295 കോടി രൂപയില്‍ നിന്ന് 21 ശതമാനം വര്‍ധിച്ച് 5,196.78 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 5.19 ശതമാനത്തില്‍ നിന്ന് 4.05 ശതമാനമായി കുറഞ്ഞു. അതേ സമയം അറ്റ നിഷ്‌ക്രിയ ആസ്തി 1.16 ശതമാനത്തില്‍ നിന്ന് 1.25 ശതമാനമായി ഉയരുകയാണുണ്ടായത്. കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പു തുക 90.61 കോടി രൂപയില്‍ നിന്ന് 88.32 കോടി രൂപയിലേക്ക് കുറയ്ക്കാന്‍ ബാങ്കിന് സാധിച്ചു.