Untitled design 20240521 135515 0000

സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന അവയവ കടത്ത് കേസിന് രാജ്യാന്തര മാനങ്ങളുണ്ട് എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തേക്കും. ഇതിനിടെ വിശദമായ അന്വേഷണത്തിനായി എറണാകുളം റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. പ്രതി സാബിത്ത് നാസറിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ അന്വേഷണ സംഘം ഇന്ന് പൂർത്തിയാക്കും. തുടർന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.

 

ഇ.പി. ജയരാജൻ വധശ്രമ കേസിൽ കെ. സുധാകരൻ കുറ്റവിമുക്തൻ. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്‍റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. സുധാകരനെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കികൊണ്ട് ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിറക്കി. കേസിൽ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

 

കേസ് വിജയിച്ചതിൽ സന്തോഷമെന്നും ഗുണ്ടാ നേതാവ് എന്ന കിരീടം തലയിൽ നിന്ന് പോയെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഇപിജയരാജന്‍ വധശ്രമക്കേസില്‍ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലയ്ക്ക് മുകളിൽ എന്നും വാൾ ആയിരുന്നു , അത് മുറിച്ചു മാറ്റി.തന്നെ എന്നും വേട്ടയാടാൻ ഉപയോഗിച്ച കേസാണ് അവസാനിച്ചത്.വെടിയുണ്ട ശരീരത്തില്‍ ഉണ്ടെങ്കിൽ അത് കാട്ടാൻ വെല്ലുവിളിച്ചു.അലിഞ്ഞു പോയി എന്നാണ് ഇപി പറഞ്ഞത്, ഇത് തരിയുണ്ട അല്ലല്ലോ വെടിയുണ്ട അല്ലേയെന്നും സുധാകരന്‍ പരിഹസിച്ചു.

 

തന്നെ വധിക്കാൻ ശ്രമിച്ച കേസില്‍ കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ നിയമ നടപടികൾ തുടരുമെന്ന് ഇ പി ജയരാജന്‍. സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്യാനുള്ള നടപടി സ്വീകരിക്കും. അപ്പീൽ നൽകാൻ സർക്കാരിനോടും ആവശ്യപ്പെടും. ഹൈക്കോടതി അവസാനത്തെ കോടതിയല്ല. തെളിവുകൾ ഹാജരാക്കുന്നതിൽ വിജയിച്ചില്ല എന്ന് വേണം മനസ്സിലാക്കാൻ. കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ഇപിജയരാജന്‍ വധശ്രമക്കേസില്‍ കെ.സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെ സുധാകരനെ പ്രതിയാക്കിയത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണ്.കോൺഗ്രസ് നിലപാട് ശരിവെക്കുന്നതാണ് ഹൈക്കോടതി വിധി. കോൺഗ്രസ് നേതാക്കളെ പ്രതികളാക്കാനുള്ള സിപിഎമ്മിന്‍റെ ഗൂഢാലോചന ആയിരുന്നു കേസിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

 

പെരിയാറില്‍ കൊച്ചി എടയാര്‍ വ്യവസായ മേഖലയിൽ മീനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. മത്സ്യകൃഷി ഉള്‍പ്പെടെ നടത്തിയ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് ചത്ത മത്സ്യങ്ങളെ കൂട്ടത്തോടെ കണ്ടത്. ശക്തമായ മഴക്കിടെ വ്യവസായ ശാലകളിൽ നിന്ന് പുഴയിലേക്ക് രാസമാലിന്യങ്ങൾ ഒഴുക്കിയതിനെ തുടർന്നാണ് മത്സ്യങ്ങൾ ചത്തതെന്നാണ് പ്രാഥമിക നിഗമനം.

 

ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കഴക്കൂട്ടം സ്വദേശി പവിത്രയുടെ കുടുംബം നല്‍കിയ പരാതിയിൽ തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിക്കെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞ് അര്‍ദ്ധരാത്രി ചികിത്സ തേടിയെത്തിയ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചെന്നാണ് പരാതി.

 

അടുത്ത മാസം ട്രയൽ റൺ തുടങ്ങാനിരിക്കുന്ന അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണ കമ്പനിക്ക് പണം അനുവദിക്കാൻ ഹഡ്കോ മുന്നോട്ട് വച്ച നിബന്ധനകൾ അംഗീകരിച്ച് സർക്കാർ. വായ്പക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നൽകാൻ മന്ത്രി സഭാ യോഗം തീരുമാനിച്ചു. എന്നാൽ സര്‍ക്കാരിന്‍റെ കടമെടുപ്പ് പരിധിയിൽ, കമ്പനി എടുക്കുന്ന വായ്പ തുകയും പ്രതിഫലിക്കും. എത്ര തുക വായ്പ എടുക്കണം എന്നത് അടക്കമുള്ള കാര്യങ്ങൾ വരും ദിവസങ്ങളിൽ തീരുമാനിക്കുമെന്നാണ് സൂചന.

 

മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിദേശയാത്ര സ്വന്തം ചെലവിലെന്ന് സർക്കാർ. യാത്രയ്ക്കായി സർക്കാർ ഖജനാവിൽനിന്ന് പണം മുടക്കിയിട്ടില്ല. സ്വകാര്യ സന്ദർശനമായതിനാൽ സർക്കാർ ഉദ്യോഗസ്ഥരോ സുരക്ഷാ ഉദ്യോഗസ്ഥരോ കൂടെ ഉണ്ടായിരുന്നില്ലെന്നാണ് വിവരാവകാശം വഴി നൽകിയ മറുപടി.

 

ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം പൂർത്തിയായി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളുടെയാണ് 1.30യ്ക്ക് സംസ്കാരം പൂർത്തിയായത്. ഇന്ന് രാവിലെ 9 മണിവരെ ഈയിരുന്നു തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ പൊതുദർശനം.

 

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ കടവരാന്തയിലെ തൂണില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ മരിച്ച മുഹമ്മദ് റിജാസ് കയറിനിന്ന കടയിലെ വയറിങ്ങിലും, അതുപോലെ സര്‍വീസ് വയറിലും ചോര്‍ച്ചയുണ്ടായിരുന്നു എന്നാണ് കെഎസ്ഇബിയുടെ പ്രാഥമിക നിഗമനം.

 

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, ജില്ലകളിൽ ഓറഞ്ച് അലർട്ടും ആണ്. കൂടാതെ എല്ലാ ജിലകളിലും ശക്തമായ മഴ മുന്നറിയിപ്പുമുണ്ട്. തെക്കൻ തീരദേശ തമിഴ് നാടിനു മുകളിൽ നിന്ന് വടക്കൻ കർണാടക വരെ ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു. വടക്കൻ കേരളത്തിന് മുകളിലായി മറ്റൊരു ചക്രവാതചുഴിയുമുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിയും കാറ്റോടും കൂടി മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

 

പോത്തൻകോട്, വീടിന്‍റെ ചുമരിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. പോത്തൻകോട് ഇടത്തറ വാർഡിൽ ശ്രീകലയാണ് മരിച്ചത്. ഇവരുടെ പഴയ വീടിന്റെ മഴയിൽ കുതിർന്ന ചുമരാണ് ഇടിഞ്ഞുവീണത്. ഇന്ന് രാവിലെ ഇവിടെ സൂക്ഷിച്ചിരുന്ന വിറകെടുക്കാനെത്തിയതായിരുന്നു ശ്രീകല. ഉടനെ തന്നെ ഇവരെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

 

പാലക്കാടും പത്തനംതിട്ടയിലും വാഹനാപകടങ്ങളിലായി രണ്ടു പേര്‍ മരിച്ചു. പാലക്കാട് മലമ്പുഴയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മലമ്പുഴ അയ്യപ്പൻപൊറ്റ സ്വദേശി കുര്യാക്കോസ് കുര്യനാണ് മരിച്ചത്. പത്തനംതിട്ട എംസി റോഡില്‍ ബൈക്ക് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിലേക്ക് ബൈക്ക് ഇടിച്ചുകയറി ബൈക്ക് യാത്രക്കാരനായ ഉള്ളന്നൂര്‍ സ്വദേശി ആദര്‍ശാണ് മരിച്ചത്.

 

ബിഹാറിലെ സരണില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്നലെ ഇവിടെ ബിജെപി-ആര്‍ജെഡി പ്രവര്‍ത്തകര്‍ തമ്മിലാരംഭിച്ച വാക്കുതര്‍ക്കമാണ് ഇന്ന് വെടിവെപ്പിലേക്കെത്തിയത്. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

 

രാമേശ്വരം കഫെ സ്ഫോടനക്കേസിൽ തമിഴ്നാട് കോയമ്പത്തൂരിൽ എൻഐഎ റെയ്ഡ്. കോയമ്പത്തൂരിൽ പ്രാക്ടീസ് ചെയ്യുന്ന ജാഫർ ഇക്ബാൽ, നയിൻ സാദിഖ് എന്നീ രണ്ട് ഡോക്ടർമാരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി 11 ഇടങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്.

 

താൻ രാഷ്ട്രീയ സ്വയംസേവക് സംഘ് അംഗമായിരുന്നുവെന്ന് വെളിപ്പെടുത്തി കൽക്കട്ട ഹൈക്കോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റിസ് ചിത്ത രഞ്ജൻ ദാഷിന്റെ വെളിപ്പെടുത്തൽ. യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കവെയാണ് ജഡ്ജിയുടെ വെളിപ്പെടുത്തൽ. താൻ ഏതുസമയവും സംഘടനയിലേക്ക് തിരിച്ചുപോകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

 

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാതിരുന്നു, വോട്ട് ചെയ്‌തില്ല എന്നീ കാരണങ്ങളാല്‍ മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ജയന്ത് സിന്‍ഹയ്ക്ക് ബിജെപിയുടെ കാരണംകാണിക്കല്‍ നോട്ടീസ്. പരാതിയിന്‍മേല്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് രണ്ട് ദിവസത്തിനകം ജയന്ത് സിന്‍ഹ മറുപടി നല്‍കണം.

 

അനധികൃതമായി തോക്ക് കൈവശം വച്ചതിന് മംഗളുരുവിൽ രണ്ട് മലയാളികൾ അറസ്റ്റിൽ. ഉള്ളാലിലെ തലപ്പാടിയിൽ നിന്ന് പിസ്റ്റളുമായി കാറിൽ വരുമ്പോഴാണ് കടമ്പാർ സ്വദേശി മുഹമ്മദ് അസ്ഗർ മൂടമ്പയിൽ സ്വദേശി അബ്ദുൾ നിസാർ കെ എന്നിവർ പിടിയിലായത്. പിസ്റ്റളിനൊപ്പം രണ്ട് തിരകൾ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

 

ലൈംഗികാരോപണ കേസിലെ അന്വേഷണത്തിൽ ഇന്ത്യയിലേക്ക് മടങ്ങി വന്ന് സഹകരിക്കണമെന്ന് പ്രജ്വൽ രേവണ്ണയോട് കുമാരസ്വാമി ആവശ്യപ്പെട്ടു. കുടുംബത്തിൻ്റെ മാനം രക്ഷിക്കൂ എന്നും എസ്ഐടി അന്വേഷണവുമായി സഹകരിക്കൂ. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിന് ഭയപ്പെടണമെന്നും കുമാരസ്വാമി പറഞ്ഞു. നേരത്തെ, പ്രജ്വൽ മാത്രമല്ല കേസിൽ ഉൾപ്പെട്ടിരിക്കുന്നതെന്നും എല്ലാവർക്കുമെതിരെ നടപടിയെടുക്കണമെന്നും എച്ച്ഡി ദേവഗൗഡയും ആവശ്യപ്പെട്ടിരുന്നു.

 

റോഡ് ഷോയ്ക്ക് പിന്നാലെ നടന്ന പ്രസ്താവനയിലെ നാവു പിഴ രൂക്ഷ വിമർശനത്തിന് കാരണമായതിന് പിന്നാലെ പുരി ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സംബിത് പത്ര പരിഹാരമായി ത്രിദിന ഉപവാസത്തിൽ. ഭഗവാൻ ജഗന്നാഥൻ മോദിയുടെ ഭക്തനായിരുന്നുവെന്നായിരുന്നു റോഡ് ഷോയ്ക്ക് പിന്നാലെ സംബിത് പത്ര പ്രതികരിച്ചത്. പരാമർശം വലിയ രീതിയിലുള്ള വിമർശനമാണ് നേരിടേണ്ടി വന്നത്.

 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യത്തെ ജനങ്ങളെ അപമാനിച്ചെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്‍ഗാമിയെന്നതില്‍ അഭിമാനംകൊള്ളുന്ന അമിത് ഷാ അഹങ്കാരിയായി തീര്‍ന്നെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ താങ്കള്‍ പ്രധാനമന്ത്രിയാവില്ല. ജൂണ്‍ നാലിന് ജനങ്ങള്‍ ബി.ജെ.പി. സര്‍ക്കാരിനെയല്ല തിരഞ്ഞെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ആംആദ്മി പാര്‍ട്ടി നേതാക്കള്‍ക്കും ഡല്‍ഹി മന്ത്രിമാര്‍ക്കുമെതിരെ ആരോപണങ്ങളുമായി സ്വാതി മലിവാള്‍. കാറിന്റെ നമ്പറടക്കം വ്യക്തിപരമായ വിവരങ്ങള്‍ പരസ്യമാക്കി എ.എ.പി. നേതാക്കള്‍ തന്റെ ബന്ധുക്കളുടെ ജീവന്‍ അപകടത്തിലാക്കുന്നു എന്നാണ് സ്വാതിയുടെ ആരോപണം.

 

ഇബ്രാഹിം റെയ്സിയുടെ മരണം ആഘോഷിച്ച് ജർമനിയിലെ ഇറാനിയൻ പ്രതിപക്ഷാംഗങ്ങൾ. ബർലിനിലെ ഇറാനിയൻ എംബസിക്കു മുന്നിൽ നാഷണൽ കൗൺസിൽ ഓഫ് റെസിസ്റ്റൻസ് അംഗങ്ങളാണ് ആഘോഷവുമായി ഒത്തുകൂടിയത്. രക്തത്തിന്റെ നീതിപതി എന്നെഴുതിയ പ്ലക്കാർഡുകളുമായായിരുന്നു പ്രകടനം.

 

അമേരിക്കയിലെ ജോർജിയയിൽ അമിത വേഗതയിലെത്തിയ കാർ മരത്തിലിടിച്ച് തലകീഴായി മറിഞ്ഞ് മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.അൽഫാരെറ്റ ഹൈസ്‌കൂളിലും ജോർജിയ സർവകലാശാലയിലും പഠിച്ചിരുന്ന അഞ്ച് വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്.

 

പതിനാറ് വയസ് പിന്നിടുന്നത് വരെ കുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ വിലക്ക് ഏർപ്പെടുത്തണമെന്ന് ഓസ്ട്രേലിയയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ പ്രത്യാഘാതം ഗുരുതരമാണെന്ന നിരീക്ഷണത്തോടെയാണ് പ്രതികരണം. അധിക സമയമുള്ള സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുമെന്നും ആന്റണി ആൽബനീസ് വിശദമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *