എൽഡിഎഫിന്റെ സോളാർ സമരം ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തിൽ പിൻവലിച്ചെന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ആരാദ്യം ചർച്ച നടത്തി എന്നതിന് ഇനി പ്രസക്തിയില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ക്രമസമാധാന പ്രശ്നം ഒഴിവാക്കാൻ പല ഭരണവൈദഗ്‌ധ്യവും ഞങ്ങൾ കാണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ രാജിയായിരുന്നു സിപിഎമ്മിന്റെ ആവശ്യം. അത് അംഗീകരിക്കാനാവില്ല എന്ന് ഞങ്ങൾ ഉറച്ച നിലപാടെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ടിപി കേസുമായി സോളാർ കേസിനെ ബന്ധിപ്പിക്കുന്നത് ചില തുന്നൽ വിദഗ്ധരാണ്. ഇരു കേസുകളും തമ്മിൽ ഒരു ബന്ധവുമില്ല. താൻ നടത്തിയ എല്ലാ ചർച്ചകളും ഉമ്മൻചാണ്ടിയുടെ അറിവോടെ ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോളാര്‍ സമരം തുടങ്ങും മുൻപ് തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചകൾ തുടങ്ങിയെന്ന് ചെറിയാൻ ഫിലിപ്പ്. സമരം 12ാം തീയ്യതിയാണ് തുടങ്ങുന്നത് എന്നാൽ 11ാം തീയ്യതി തന്നെ ബ്രിട്ടാസിനൊപ്പം താൻ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കണ്ട് ചര്‍ച്ച നടത്തി. അദ്ദേഹത്തിന്റെ വീട്ടിൽ പോയാണ് സംസാരിച്ചതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. മൂന്നാം ദിവസം തീര്‍ക്കണമെന്ന ഉദ്ദേശമില്ലായിരുന്നു എന്നാൽ ഏതെങ്കിലും ഘട്ടത്തിൽ സമരം അവസാനിപ്പിക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് ചര്‍ച്ചകൾ നടന്നതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
സോളാര്‍ സമരം അവസാനിപ്പിക്കുന്നതിനായി ഒരു ഇടനില ചര്‍ച്ചയിലും താൻ ഭാഗമായിട്ടില്ലെന്ന് എൻകെ പ്രേമചന്ദ്രൻ എംപി. ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ ശരിയല്ലെന്നും തന്നെ ആരും ഇടനില നിൽക്കാൻ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സമരം നടക്കുമ്പോൾ അത് അവസാനിപ്പിക്കാൻ ചര്‍ച്ച നടക്കുന്നത് സ്വാഭാവികമാണ്. അതിനിടയിൽ എന്തെങ്കിലും കൊടുക്കൽ വാങ്ങൽ ഉണ്ടായതായി ആരോപണം ഇതുവരെ ആരും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2015 ൽ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട പാനൂര്‍ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവര്‍ക്കായി സ്മാരകം പണിത് സി പി എം. രണ്ട് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായപ്പോള്‍ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ ഇവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അന്ന് ഏറ്റുവാങ്ങിയത് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനായിരുന്നു.
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് സൂചന. പന്തീരാങ്കാവ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ആളാണ് ആരോപണ വിധേയൻ. എന്നാൽ ഇയാളുടെ പേര് വിവരം അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥന്റെ ചാരപ്പണി ശ്രദ്ധയിൽപ്പെട്ട മേലുദ്യോഗസ്ഥർ ഇയാൾക്കെതിരെ അന്വേഷണത്തിന് നിർദ്ദേശിച്ചു.
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുൽ ഇന്ത്യൻ പൗരൻ തന്നെയാണെന്ന് പൊലീസ്. ഇയാൾ ജര്‍മ്മൻ പൗരനാണെന്ന വാദം നുണയാണെന്നും പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു. രാഹുലിനെ തിരിച്ചെത്തിക്കാൻ ആവശ്യമെങ്കിൽ ഇൻ്റര്‍പോൾ വഴി റെഡ് കോർണർ നോട്ടീസ് ഇറക്കുന്ന കാര്യവും പോലീസ് പരിഗണനയിലുണ്ട്.
കോഴിക്കോട് പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുൽ പി ഗോപാലിന്റെ അമ്മ ഉഷാകുമാരിയുടെയും സഹോദരിയുടെയും പേരിൽ സ്ത്രീധന പീഡന കുറ്റം ചുമത്തും. അമ്മയ്ക്കും സഹോദരിക്കും എതിരെ പെൺകുട്ടി നൽകിയ മൊഴി ഞെട്ടിക്കുന്നതാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി. പുലര്‍ച്ചെ മൂന്നുമണിയോടെ ദുബായ് തിരുവനന്തപുരം എമിറേറ്റ്സ് വിമാനത്തിലാണ് അദ്ദേഹമെത്തിയത്. തിങ്കളാഴ്ച മടങ്ങിയെത്തുമെന്നാണ് മന്ത്രിസഭായോഗത്തില്‍ അറിയിച്ചിരുന്നത്. എന്നാൽ ഓഫീസിലും സുരക്ഷാ സംവിധാനങ്ങൾക്കും നൽകിയ ഈ അറിയിപ്പ് മാറ്റിയാണ് ഇന്ന് പുലര്‍ച്ചെ തിരിച്ചെത്തിയത്.
ബിജെപി റാന്നി മണ്ഡലം പ്രസിഡണ്ട് സന്തോഷ് കുമാറും ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധനും എതിരെ പമ്പയിലെ ക്ലോക്ക് റൂം കരാറുകാരന്റെ ആരോപണം. ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ച് ഇന്നലെയാണ് ഏതാനും ഭക്തര്‍ പ്രതിഷേധിച്ചത്. ഇവരെ ബിജെപി നേതാക്കൾ ഇളക്കിവിട്ടതാണെന്നാണ് കരാറുകാരൻ ആരോപിക്കുന്നത്. എന്നൽ ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നത് ഭക്തർക്ക് ഒപ്പം നിന്ന് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
മാണി ഗ്രൂപ്പിനെ യുഡിഎഫിലേക്ക് ക്ഷണിച്ചുള്ള വീക്ഷണം ലേഖനത്തിന് മറുപടിയുമായി മാണി ഗ്രൂപ്പ് മുഖപത്രം പ്രതിച്ഛായ. യുഡിഎഫ് മാണി ഗ്രൂപ്പിനെ ചതിച്ചു പുറത്താക്കുകയായിരുന്നു. കേരള കോൺഗ്രസ് എം അജയ്യ രാഷ്ട്രീയ ശക്തി ആയതിന്റെ വേവലാതിയാണ് മുഖപ്രസംഗത്തിന് പിന്നിലെന്നും, മുങ്ങുന്ന കപ്പലിൽ ലൈഫ് ബോട്ടും പ്രതീക്ഷിച്ചു കഴിയുന്ന കപ്പൽ ജീവനക്കാരനെ പോലെയാണ് വീക്ഷണം എന്നുമാണ് പ്രതിച്ഛായയുടെ പരിഹാസം.
വയനാട് ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ മോഷണം. കോടതിയിൽ കയറി മുറിയുടെ പൂട്ട് പൊളിച്ചാണ് മോഷണം നടന്നിരിക്കുന്നത്.കോടതി സമുച്ചയത്തിനുള്ളിലെ പ്രോപ്പര്‍ട്ടി റൂം കുത്തി തുറന്നാണ് കള്ളന്മാർ മോഷണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
സംസ്ഥാനത്ത് ഗുണ്ടകളെ അമര്‍ച്ച ചെയ്യാൻ പൊലീസിന്‍റെ ഓപ്പറേഷൻ ആഗ് ഡി ഹണ്ട് റെയ്ഡിൽ 2015 പേര് അറസ്റ്റിലായി. 10 ദിവസം തുടർച്ചയായി റെയ്ഡ് തുടരാനാണ് ഡിജിപിയുടെ നിർദ്ദേശം. ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള പ്രവർത്തങ്ങളിൽ അലംഭാവമുണ്ടെന്ന് കാട്ടി കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ ചില ജില്ലാ പൊലീസ് മേധാവിമാരെ ഡിജിപി വിമർശിച്ചിരുന്നു.
തലസ്ഥാനത്ത് പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതിക്ക് ഒളിത്താവളമൊരുക്കിയ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ധനുവച്ചപുരം കാവുവിള അച്ചു ഭവനിൽ അരവിന്ദിനെയാണ് വെള്ളറട പൊലീസ് പിടികൂടിയത്. കാരക്കോണം പുല്ലന്തേരിയിൽ വീട്ടിൽക്കയറി യുവാവിന് നേരെ ഗുണ്ടാ ആക്രമണം നടത്തിയ കേസിലെ പ്രതിയായ പുല്ലന്തേരി സ്വദേശിയായ ബിനോയ്ക്കാണ് അരവിന്ദ് ഒളിത്താവളമൊരുക്കിയത്.
കൊച്ചി എളമക്കരയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തി വന്ന ആറംഗ സംഘം പൊലീസിന്‍റെ പിടിയില്‍. യുവതിയടക്കമുള്ള സംഘത്തിന്‍റെ കൈയില്‍ നിന്നും കൊക്കെയ്ന്‍, മെത്താഫെറ്റമിന്‍, കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. ലഹരിക്കച്ചവടത്തിന്‍റെ കണക്ക് പുസ്തകവും പൊലീസ് കണ്ടെത്തി.
പരവൂർ കോടതിയിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കൾ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും പ്രതികളെ സംരക്ഷിക്കാനാണ് ശ്രമമെന്നും അനീഷ്യയുടെ അമ്മ പ്രസന്ന കുറ്റപ്പെടുത്തി. കുടുംബത്തിൻെറ ആവശ്യം പരിഗണിക്കുമെന്ന് ഗവർണർ അറിയിച്ചതായി അനീഷ്യയുടെ മാതാപിതാക്കൾ പറഞ്ഞു.
ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് താൽപര്യപത്രം ക്ഷണിച്ചെങ്കിലും തുടർനടപടികൾ സങ്കീർണമെന്ന് റിപ്പോർട്ട്. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പമ്പയ്ക്ക് പുറത്തെത്തിച്ച് വേണം ഇവ ശാസ്ത്രീയമായി സംസ്കരിക്കാൻ. ഒപ്പം വിശ്വാസത്തിന് കോട്ടം തട്ടാതെ തന്നെ സംസ്കരിക്കണമെന്നും നിബന്ധനയുണ്ട്. അരവണ വളമാക്കി മാറ്റാൻ താൽപര്യമറിയിച്ച് ചില കമ്പനികളും ദേവസ്വം ബോർഡിനെ സമീപിച്ചിട്ടുണ്ട്.
ബോബി ചെമ്മണ്ണൂരിന്‍റെ ഉടമസ്ഥതയിലുള്ള ബോച്ചെ ഭൂമിപത്ര എന്ന കമ്പനിയുടെ പേരില്‍ ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയതിന് വയനാട് ജില്ലാ അസിസ്റ്റന്‍റ് ലോട്ടറി ഓഫീസറുടെ പരാതിയിൽ മേപ്പാടി പൊലീസ് കേസെടുത്തു. ലോട്ടറി റെഗുലേഷന്‍ ആക്ടിലെ വിവിധ വകുപ്പുകള്‍, വഞ്ചന, നിയമവിരുദ്ധമായി ലോട്ടറി നടത്തല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിനായി കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ലെന്നും മുന്നറിയിപ്പ് കർശനമായി പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം സംസ്ഥാനത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഡിസംബർ മാസത്തിൽ കോരുത്തോട് പനക്കച്ചിറയിൽ 88 വയസുണ്ടായിരുന്ന തങ്കമ്മ അപകടത്തിൽ മരിച്ച സംഭവത്തിൽ അഞ്ച് മാസത്തിന് ശേഷം കുറ്റക്കാരെ കണ്ടെത്തി മുണ്ടക്കയം പൊലീസ്. കരിംനഗര്‍ വചുനൂര്‍ സ്വദേശി കെ ദിനേശ് റെഡ്ഡിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദിനേശ് റെഡ്ഡിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.
ശബരിമല തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. കര്‍ണാടക സ്വദേശിയായ സന്ദീപ് എന്നയാളാണ് മരിച്ചത്. നീലിമലയില്‍ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ താഴെ പമ്പയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മലപ്പുറം പെരിന്തല്‍മണ്ണയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ മരിച്ച അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ബിന്‍ഷാദിന്‍റെ സുഹൃത്തുക്കളായ രണ്ട് പേര്‍ അറസ്റ്റിലായി. ഇവരുടെ മര്‍ദനത്തെ തുടര്‍ന്നുണ്ടായ പരിക്ക് മൂലമാണ് യുവാവ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപ്പിഴവിന് ഇരയായ കുട്ടിയുടെ ആരോഗ്യാവസ്ഥയിൽ ആശങ്കയോടെ കുടുംബം. നാലു വയസ്സുകാരിയുടെ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ നിലവിൽ അന്വേഷണം തുടരുകയാണ്. എന്നാൽ ഇല്ലാത്ത തകരാറിന് ശസ്ത്രക്രിയ നേരിട്ട നാലുവയസുകാരിയുടെ ആരോഗ്യത്തെക്കുറിച്ചാണ് കുടുംബത്തിന്റെ ആശങ്ക.
നരേന്ദ്ര മോദിയുടെ പല പരാമര്‍ശങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. മുസ്ലീങ്ങള്‍ക്ക് എതിരല്ല മോദി, ഇന്ത്യയില്‍ മുസ്ലീങ്ങള്‍ പോലും ആഗ്രഹിക്കാത്ത തരത്തിലുള്ള പ്രീണനമാണ് കോൺഗ്രസ് നടത്തുന്നത്. അതിനെയാണ് മോദി വിമര്‍ശിക്കുന്നതെന്നും എപി അബ്ദുള്ളക്കുട്ടി പറഞ്ഞു.
ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ എച്ച്‌ഡി കുമാരസ്വാമിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പേരുകൾ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാർ തനിക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് അറസ്റ്റിലായ ബിജെപി നേതാവ് ജി ദേവരാജ ഗൗഡ. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിന് ശേഷം പൊലീസ് വാഹനത്തിൽ നിന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ദേവരാജഗൗഡ.
ഹരിയാനയിൽ തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് എട്ട് പേർ വെന്തുമരിച്ചു. ഹരിയാനയിലെ കുണ്ഡലി-മനേസർ-പൽവാൽ എക്‌സ്‌പ്രസ് വേയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. പഞ്ചാബ് സ്വദേശികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60 ഓളം പേരാണ് ബസിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഊട്ടിയിലെ കനത്തമഴയില്‍ മേട്ടുപ്പാളയം മൗണ്ടന്‍ ട്രാക്കില്‍ പാറ വീണു. ഇതോടെ മേട്ടുപ്പാളയത്ത് നിന്നും ഊട്ടിയിലേക്ക് സര്‍വീസ് നടത്തിയിരുന്ന പൈതൃക ട്രെയിന്‍റെ യാത്ര റദ്ദാക്കി. പാറ നീക്കി അറ്റകുറ്റപ്പണികള്‍ക്ക് ശേഷമേ സര്‍വീസ് പുനരാരംഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ വിധിയെഴുതുന്നത്. പ്രിയങ്കാ ഗാന്ധി ഇന്ന് റായ് ബേറേലിയിൽ വീടുകൾ കയറി പ്രചാരണം നടത്തും. ബാരാബങ്കിയിലാണ് രാഹുലിൻ്റെ പ്രചാരണ പരിപാടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അമേഠിയിൽ പ്രചാരണ റാലി നടത്തും.
മമത ബാനര്‍ജി ബി.ജെ.പിയിലേക്ക് പോയേക്കുമെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ബംഗാള്‍ അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയ്ക്ക് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ താക്കീത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ അധിര്‍ രഞ്ജന് അധികാരമില്ല. ഹൈക്കമാന്‍ഡ് തീരുമാനം അനുസരിക്കാത്തവര്‍ പാര്‍ട്ടിക്ക് പുറത്താകുമെന്നും ഖര്‍ഗെ മുന്നറിയിപ്പ് നല്‍കി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദില്ലിയിലെ കോൺഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യ കുമാറിനെതിരെയുണ്ടായ ആക്രമണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോൺഗ്രസ്. കനയ്യ കുമാറിനെ ആക്രമിച്ചത് ബിജെപി സ്ഥാനാര്‍ത്ഥി മനോജ് തീവാരിയുടെ കൂട്ടാളികളെന്നും കോൺഗ്രസ് ആരോപിച്ചു.പരാജയം ഭയക്കുന്ന ബിജെപി, അവരുടെ സ്വഭാവം കാണിക്കുകയാണെന്നും , ഇത്തരം വൃത്തികെട്ട രീതിയിലൂടെ ഭയപ്പെടുത്താൻ ആവില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
എൻഡിഎ സ്ഥാനാർഥിയും ചെറുമകനുമായ പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാരോപണ കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും എല്ലാവർക്കുമെതിരെ നടപടിയെടുക്കണമെന്നും ദേവഗൗഡ പറഞ്ഞു. പ്രജ്വലിനെതിരെ ആരോപണമുയർന്ന് ദിവസങ്ങൾ പിന്നിട്ടതിന് ശേഷമാണ് ദേവഗൗഡ ആദ്യമായി പ്രതികരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് വാതുവെപ്പ് നടത്തിയതിന് യുപിയിലെ സംഭാൽ ജില്ലയിലെ പടേയ് നാസിർ ഗ്രാമത്തിലെ രണ്ട് കർഷകർക്കെതിരെ കേസെടുത്തു. മണ്ഡലത്തിലെ അവരുടെ പ്രിയപ്പെട്ട സ്ഥാനാർത്ഥികൾക്ക് വേണ്ടി 2.3 ലക്ഷം രൂപയ്ക്കാണ് ഇവർ വാതുവെപ്പ് നടത്തിയത്. ചൂതാട്ട നിയമത്തിലെ സെക്ഷൻ 13 പ്രകാരം ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വസതിയില്‍ വെച്ച് കയ്യേറ്റം ചെയ്യപ്പെട്ടെന്ന എഎപി എംപി സ്വാതി മലിവാളിന്റെ പരാതിയിൽ കെജ്രിവാളിന്റെ പിഎ ബിഭവ് കുമാറിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. സ്വാതി മലിവാളിന്റെ ശരീരത്തിൽ പരിക്കുകളുണ്ടെന്ന വ്യക്തമാക്കുന്ന വൈദ്യ പരിശോധനാ ഫലം പുറത്ത് വന്നു. സ്വാതിയെ കെജ്രിവാളിന്‍റെ വസതിയിലെത്തിച്ച് പോലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു.
അരവിന്ദ് കെജ്രിവാളിന്‍റെ ഓഫീസിൽ ഒരു മണിക്കൂർ സ്വാതി മലിവാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് പി എ ബിഭവ് കുമാർ ആരോപിച്ചു. കെജ്രിവാളുമായുള്ള കൂടിക്കാഴ്ചയ്ക്ക് സ്വാതിക്ക് അനുമതി ഇല്ലായിരുന്നു. അകത്തേക്ക് കയറുന്നത് തടഞ്ഞ സുരക്ഷാ ജീവനക്കാരെ തള്ളിമാറ്റി സ്വാതി പ്രധാന കെട്ടിടത്തിലേക്ക് കയറിയെന്നും ബിഭവ് കുമാർ പറയുന്നു. സ്വാതി തന്നെ മര്‍ദ്ദിച്ചുവെന്ന് കാണിച്ച് ബിഭവും പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.
യുഎഇയിലെ ഫുജൈറയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് റിക്ടര്‍ സ്കെയിലില്‍ 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. താമസക്കാര്‍ക്ക് നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
വിദേശ വിദ്യാർഥികൾക്കുനേരെ അക്രമം തുടരുന്ന പശ്ചാത്തലത്തിൽ കിർഗിസ്താനിലെ ഇന്ത്യക്കാരായ വിദ്യാർഥികളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശിച്ച് ഇന്ത്യൻ കോൺസുലേറ്റ്. വിദ്യാര്‍ഥികള്‍ക്ക് 0555710041 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നും മന്ത്രാലയം അറിയിച്ചു. വിദേശ വിദ്യാര്‍ഥികള്‍ക്കെതിരായ അക്രമം വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. എംബസിയുമായി നിരന്തരം ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രി ജയശങ്കറും വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു.
ഫ്രാൻസിൽ ജൂത ദേവാലയം കത്തിക്കാൻ ശ്രമിച്ചയാളെ വെടിവച്ച് കൊന്ന് പൊലീസ്. വടക്കു പടിഞ്ഞാറൻ നഗരമായ റോണിലെ സിനഗോഗിന് തീയിടാനായിരുന്നു ആയുധധാരിയായ അക്രമി ശ്രമിച്ചത്. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവച്ചത്. കത്തിയും ഇരുമ്പ് കൊണ്ടുള്ള ആയുധവുമായാണ് അക്രമി എത്തിയതെന്നാണ് റിപ്പോർട്ട്.
അമേരിക്കൻ ജനപ്രതിനിധി സഭ മുൻ സ്പീക്കർ നാൻസി പെലോസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭർത്താവ് പോൾ പെലോസിയെ ആക്രമിച്ച കേസിലെ പ്രതിക്ക് 30 വർഷം തടവുശിക്ഷ. ചുറ്റിക കൊണ്ട് നടത്തിയ ആക്രമണത്തിൽ പോൾ പെലോസിയുടെ തലയോട്ടിക്ക് ക്ഷതമേറ്റിരുന്നു. 2022 ൽ ന്ന സംഭവത്തിൽ അന്നത്തെ അമേരിക്കൻ സ്പീക്കറായിരുന്ന നാൻസി പെലോസിയെ ബന്ദിയാക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു പ്രതി വീട്ടിലേക്ക് അതിക്രമിച്ച് കയറിയതെന്ന് ഇയാൾ കുറ്റസമ്മതത്തിൽ വിശദമാക്കിയിരുന്നു.