ആരോഗ്യഗുണങ്ങള്‍ ധാരാളം ഉള്ളതുകൊണ്ട് തന്നെ വിത്തുകള്‍ ഇപ്പോള്‍ മിക്കവരുടെയും ഡയറ്റിന്റെ പ്രധാന ഭാഗമായി കഴിഞ്ഞു. സൂര്യകാന്തി വിത്തുകള്‍, ഫ്ളാക്‌സ് വിത്തുകള്‍, മത്തങ്ങ വിത്തുകള്‍ തുടങ്ങി ഭക്ഷ്യയോഗ്യമായ വിത്തുകള്‍ ഇന്ന മാര്‍ക്കറ്റില്‍ സുലഭമാണ്. ഫൈബറും പ്രോട്ടീനും ഒമേഗ-3 ഫാറ്റി ആസിഡുമെല്ലാം അടങ്ങിയ ഫ്ളാക്സ് വിത്തുകള്‍ കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കുകയും അര്‍ബുദത്തിന്റെ സാധ്യതകള്‍ ലഘൂകരിക്കുകയും ചെയ്യുന്നു. എന്നാല്‍ മറ്റ് വിഭവങ്ങള്‍ക്ക് സമാനമായി ഫ്ളാക്സ് വിത്തുകളും ചിലര്‍ക്ക് അലര്‍ജി പ്രതികരണങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. അലര്‍ജി പ്രതികരണങ്ങള്‍ അപൂര്‍വമാണെങ്കിലും ഫ്ളാക്സ് വിത്തുകള്‍ക്കു ജനപ്രിയത വര്‍ധിച്ചു വരുന്ന കാലഘട്ടത്തില്‍ ഇതിനെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. ഫ്ളാക്സ് വിത്ത് ചേര്‍ന്ന ഓട്മീല്‍ കഴിച്ച് 20 മിനിറ്റിന് ശേഷം ഒന്നര വയസ്സുള്ള കുട്ടിയുടെ മുഖത്തും നെഞ്ചിലും തിണര്‍പ്പുകള്‍ പ്രത്യക്ഷപ്പെടുകയും പരിശോധനയില്‍ നട്സുകളോടും വിത്തിനങ്ങളോടുമുള്ള അലര്‍ജി സ്ഥിരീകരിച്ചതായി കാലിഫോര്‍ണിയയില്‍ നടന്ന അമേരിക്കന്‍ കോളജ് ഓഫ് അലര്‍ജി, ആസ്മ ആന്‍ഡ് ഇമ്മ്യൂണോളജിയുടെ വാര്‍ഷിക ശാസ്ത്രീയ സമ്മേളനത്തില്‍ ഒരു കേസ് സ്റ്റഡിയില്‍ പറയുന്നു. നട്സ്, വിത്തിനങ്ങള്‍ പോലുള്ളവയോട് അലര്‍ജിയുള്ളവര്‍ ഫ്ളാക്സ് വിത്ത് ഉപയോഗിക്കുന്നതിനു മുന്‍പ് ഡോക്ടര്‍മാരുടെ നിര്‍ദേശം തേടുന്നത് നന്നായിരിക്കും. കുട്ടികള്‍ക്ക് ആദ്യമായി കൊടുക്കുമ്പോള്‍ മുട്ടയും പീനട്ട് ബട്ടറുമൊക്കെ കൊടുക്കുന്നത് പോലെ ആദ്യം ചെറിയ അളവില്‍ കൊടുത്ത് അലര്‍ജി പ്രതികരണങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.