Untitled design 20240509 172450 0000

കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ഗ്രാമത്തിലെ പ്രസിദ്ധമായ മഹാദേവ ക്ഷേത്രങ്ങളാണ്‌ കൊട്ടിയൂർ ശിവക്ഷേത്രങ്ങൾ. ബാവലിപ്പുഴയുടെ തീരത്തുള്ള ഈ നാടിനെ ദക്ഷിണ കാശി എന്ന പേരിലും വിശേഷിപ്പിക്കാറുണ്ട്‌. അക്കരെയും ഇക്കരെയും കൊട്ടിയൂർ ക്ഷേത്രമുണ്ട് . ഈ ക്ഷേത്രങ്ങളുടെ ഐതിഹ്യം എന്താണെന്ന് നോക്കാം….!!!

വയനാടൻ ചുരങ്ങളിൽനിന്ന്‌ ഒഴുകി വരുന്ന ബാവലി പുഴയുടെ വടക്കേത്തീരത്ത്‌ തിരുവഞ്ചിറ എന്നറിയപ്പെടുന്ന ഒരു ചെറിയ പുഴയുടെ നടുവിൽ കൊട്ടിയൂരിലെ പ്രധാന ആരാധനാ കേന്ദ്രമായ ശിവലിംഗവും പരാശക്തിയുടെ സ്ഥാനമായ അമ്മാറക്കല്ലും സ്ഥിതിചെയ്യുന്നു. പുരാണത്തിലെ ദക്ഷയാഗം നടന്ന സ്ഥലമാണ്‌ കൊട്ടിയൂർ എന്നാണ്‌ വിശ്വാസം. ഇവിടുത്തെ ഉത്സവത്തിന്റെ മറ്റൊരു പ്രത്യേകതയാണ്കൊട്ടിയൂരിൽ മാത്രം ലഭിക്കുന്ന ഓടപ്പൂക്കൾ. ഭൃഗുമുനിയുടെ വെളുത്ത താടിയെയാണ് ഓടപ്പൂ ഓർമിപ്പിക്കുന്നത്.

അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവലിംഗം സ്വയംഭൂ ആണെന്നാണ് വിശ്വാസം. പാൽ, നെയ്യ്, ഇളനീർ (കരിക്ക്) എന്നിവകൊണ്ടാണ് ഇവിടെ അഭിഷേകം നടത്തുന്നത്. തിരുവഞ്ചിറ എന്നുപേരുള്ള വലിയൊരു തടാകത്തിന്റെ മദ്ധ്യത്തിലുള്ള മണിത്തറയിലാണ് ശിവലിംഗമുള്ളത്. ഈ തടാകത്തിലെ തന്നെ മറ്റൊരു തറയായ അമ്മാറക്കല്ലിലാണ് ശ്രീ പാർവ്വതിയെ ആരാധിക്കുന്നത്. ഇവിടെയെത്തുന്ന ഭക്തർക്ക് പ്രസാദവും ഭക്ഷണവും നൽകുന്നത് മലവാഴയുടെ ഇലയിലാണ്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ നീരെഴുന്നള്ളത്തിനു ജലം കൊണ്ടുപോകുന്നത് കാട്ടുകൂവയുടെ ഇലയിലാണ്. ഇങ്ങനെ ചില പ്രത്യേകതകൾ കൂടി ഈ ക്ഷേത്രത്തിനുണ്ട്.

പുരാണങ്ങളിലെ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ എന്നാണ് വിശ്വാസം. ഒരു വൈശാഖ നാളിൽ ദക്ഷൻ നടത്തിയ യാഗത്തിൽ തന്നെയും പ്രിയതമനായ ശിവനെയും അവഹേളിച്ചതിൽ , ദുഖിതയായ സതീദേവി യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി. ഇതിൽ കോപാകുലനായ ശിവൻ ജട പറിച്ചു നിലത്തടിച്ച് വീരഭദ്രനെ സൃഷ്ടിച്ചു. വീരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റെ തലയറുത്തു. മൂന്നുലോകങ്ങളുടെയും അഭ്യർത്ഥന പ്രകാരം ദക്ഷനെ പുനർജീവിപ്പിച്ചു യാഗം പൂർത്തിയാക്കി ശിവൻ തപസനുഷ്ടിയ്ക്കാൻ കൈലാസത്തിലേക്ക് പോയി എന്നാണ് ഐതിഹ്യം. പിന്നീട് കൊടും വനമായി തീർന്ന യാഗസ്ഥലം കുറിച്യരുടെ വാസസ്ഥലമായി മാറി. ഒരിക്കൽ ഒരു കുറിച്യ യുവാവ് അമ്പിന് മൂർച്ച കൂട്ടാൻ ഒരു കല്ലിൽ ഉരയ്ക്കുകയും, കല്ലിൽ നിന്ന് രക്തം വരികയും ചെയ്തു. ഇതറിഞ്ഞത്തിയ പടിഞ്ഞീറ്റ നമ്പൂതിരി കൂവയിലയിൽ കലശമാടി എന്നു പറയപ്പെടുന്നു. പിന്നീട് വൈശാഖത്തിൽ ഉത്സവം ആരംഭിക്കുകയായിരുന്നു എന്നാണ് പറയുന്നത്.

ഇടവം മാസത്തിലെ ചോതി ദിവസത്തിലാണ് ഇവിടെ ഉത്സവം തുടങ്ങുക. 28 ദിവസത്തിനു ശേഷം ഉത്സവം സമാപിക്കുന്നു. കുറിച്യവിഭാഗത്തിൽ പെട്ട സ്ഥാനികനാണ്ആദ്യത്തെ അഭിഷേകം നടത്തുന്നത്. വിവിധ ദൈവസ്ഥാനങ്ങളിൽ സ്ഥാപിക്കുന്ന ഓലക്കുടകൾ നിർമ്മിച്ചു നൽകേണ്ടത് കണിയാൻമാരാണ്. അഭിഷേകത്തിനുള്ള നെയ്യ് കൊണ്ടുവരുന്നത് നായർ വിഭാഗത്തിൽ പെട്ടവരാണ്. ഇളന്നീരാട്ടത്തിനുള്ള ഇളനീർ എഴുന്നള്ളിക്കേണ്ടത് തീയ്യവിഭാഗത്തിൽ പെട്ടവരും കത്തിക്കാനുള്ള വിളക്കുതിരി കൊണ്ടുവരാനുള്ള അധികാരം ചാലിയ സമുദായക്കാരമാണ്. അങ്ങിനെ ചില ചടങ്ങുകൾ കൂടിയുണ്ട്.

ഉൽസവത്തിന് മുന്നോടിയായി നീരെഴുന്നെള്ളത്തുണ്ട്. ബാവലിക്കരയിൽ വിഗ്രഹം കണ്ടെത്തിയതിന്റെ അനുസ്മരണയ്ക്കായി സ്ഥാനികരും അവകാശികളും കൂവ ഇലയിൽ ബാവലി തീർത്ഥം ശേഖരിച്ച് മണിത്തറയിലുള്ള ദേവസ്ഥാനത്ത് അർപ്പിക്കുന്നു. മണത്തറയിലെ ഒരു ക്ഷേത്രത്തിൽ സൂക്ഷിക്കുന്ന ഭണ്ഡാരം എഴുന്നള്ളിച്ചു കൊണ്ടുവരുന്ന ചടങ്ങാണ് ഭണ്ഡാരം എഴുന്നള്ളത്ത് എന്നു പറയുന്നത്. ഭണ്ഡാരം എഴുന്നെള്ളത്ത് അക്കരെ ദേവസ്ഥാനത്ത് എത്തിയ ശേഷം മാത്രമെ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരേക്ക് പ്രവേശനമുള്ളു.

എടവത്തിലെ ചോതിനാളിൽ വയനാട് ജില്ലയിലെ തവിഞ്ഞാൽ‍ ഗ്രാമത്തിലെ മുതിരേരിക്കാവ് ക്ഷേത്രത്തിൽ നിന്നും ഒരു വാൾ ഇക്കര കൊട്ടിയൂരിലേക്ക് ഉത്സവം തുടങ്ങുവാനായി കൊണ്ടുവരുന്നു. ഈ വാളുകൊണ്ടാണ് ശിവൻ ദക്ഷനെ കൊന്നത് എന്നാണ് വിശ്വാസം. മുതിരേരിക്കാവിൽ ഈ വാൾ ദിവസവും പൂജിക്കപ്പെടുന്നു. ഈ ഉത്സവം ദക്ഷയാഗത്തിനു സമാനമാണ് എന്നു കരുതപ്പെടുന്നു. 28 ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിന് ചടങ്ങുകൾ നിരവധിയാണ്.മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ നല്ലൂരിലുള്ള ബാലങ്കര എന്ന സ്ഥാനത്ത് നിന്ന് വ്രതാനുഷ്ഠാനങ്ങളോടെ നല്ലൂരാൻമാർ കൊട്ടയൂരിലേക്ക് കലങ്ങൾ തലച്ചുമടായി എഴുന്നള്ളിക്കുന്ന ഒരു ചടങ്ങുണ്ട്. കലശാട്ട് നടക്കുമ്പോൾ ഈ കലങ്ങളിലാണ് കലശം നിറയക്കുന്നത്. ഈ ഉത്സവത്തോട് അനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകൾ നെയ്യാട്ടം, ഇളനീരാട്ടം എന്നിവയാണ്.

തമിഴ്‌നാട്‌, കർണ്ണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്ന് ഒരു പാട്‌ തീർത്ഥാടകർ ഈ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ എത്തുന്നുണ്ട്‌. മഴക്കാലമായിരിക്കും ഇവിടെ ഉത്സവം നടക്കുമ്പോൾ. എങ്കിലും ഭക്തജന തിരക്കിന് കുറവൊന്നും തന്നെ ഉണ്ടാകാറില്ല. പ്രകൃതി മനോഹാരിത കൊണ്ട് ഏവരെയും ഒരുപോലെ ആകർഷിക്കുന്ന ക്ഷേത്രമാണിത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *