ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍. ചൊവ്വാഴ്ചയും ബുധനാഴ്ചയും മഞ്ഞ കാര്‍ഡുകാര്‍ക്കാണ് കിറ്റ് നല്‍കുക. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ പിങ്ക് കാര്‍ഡുകാര്‍ക്ക്. 29 മുതല്‍ 31 വരെ നീല കാര്‍ഡുകാര്‍ക്കും സെപ്റ്റംബര്‍ ഒന്നു മുതല്‍ മൂന്നുവരെ വെള്ള കാര്‍ഡുകാര്‍ക്കും കിറ്റ് നല്‍കും. ഈ ദിവസങ്ങളില്‍ കിറ്റ് വാങ്ങാത്തവര്‍ക്കു നാലാം തിയതി മുതല്‍ ഏഴാം തിയതിവരെ കിറ്റ് നല്‍കും. ഓണത്തിനുശേഷം കിറ്റ് വിതരണമില്ല.
താന്‍ സിപിഎമ്മുകാരനാണെന്ന് പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനീഷ്. കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു പ്രതിയുടെ പ്രതികരണം. കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഎം ആരോപിക്കുന്നതിനിടെയാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. പ്രതികളായ വിഷ്ണു, സുനീഷ്, ശിവരാജന്‍, സതീഷ് എന്നിവരെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
ഗൂഢാലോചന, കലാപാഹ്വാന കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. അന്വേഷണം പ്രാഥമികഘട്ടത്തില്‍ ആണെന്ന പോലീസിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി സ്വപ്നയുടെ ഹര്‍ജി തള്ളിയത്. കുറ്റപത്രം സമര്‍പ്പിച്ചശേഷം ആവശ്യമെങ്കില്‍ കേസ് റദ്ദാക്കാന്‍ വീണ്ടും കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ വ്യക്തമാക്കി.
‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ കെ.ടി ജലീലിനെതിരെ കേസ് എടുക്കാത്തതിനെതിരേ പരാതിയുമായി അഭിഭാഷകന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കി. അഭിഭാഷകന്‍ ജിഎസ് മണി പോലീസില്‍ നല്‍കിയ പരാതിയില്‍ ജലീലിനെതിരേ കേസെടുക്കുകയോ അറസ്റ്റു ചെയ്യുകയോ ചെയ്തില്ലെന്നാണ് പുതിയ പരാതിയില്‍ പറയുന്നത്.
ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയുടെ വസതിയില്‍ സിബിഐ റെയ്ഡ്. ഡല്‍ഹി ഏക്സെസ് കമ്മീഷണറുടെ വീട്ടിലും പരിശോധനയുണ്ട്. മദ്യവില്‍പന സ്വകാര്യവത്കരിച്ചതിനു പിറകില്‍ അഴിമതിയുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സ്വകാര്യവത്കരണം പിന്നീടു റദ്ദാക്കി. നേരത്തെ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്റെ വീട്ടിലും റെയ്ഡ് നടത്തി മന്ത്രിയെ അറസ്റ്റു ചെയ്തിരുന്നു.
മുംബൈ തീരത്ത് ആയുധങ്ങളടക്കമുള്ള ബോട്ട് കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സേനയുടെ അന്വേഷണം. ബോട്ടിന്റെ ഉടമസ്ഥയായ ഓസ്ട്രേലിയന്‍ പൗരയുടെ മൊഴി രേഖപ്പെടുത്തും. ജൂണ്‍ 26 നാണ് യന്ത്രത്തകരാറിനെത്തുടര്‍ന്ന് ബോട്ട് കടലില്‍ ഉപേക്ഷിച്ച് കൊറിയന്‍ നേവിയുടെ കപ്പലില്‍ സ്ത്രീയും ഭര്‍ത്താവും അടങ്ങുന്ന സംഘം ഒമാനിലേക്കു പോയത്.
ബിഹാര്‍ മഹാസഖ്യത്തില്‍ കല്ലുകടി. അഴിമതിക്കേസില്‍ കുടുങ്ങിയ ആര്‍ജെഡി നേതാവും നിയമ മന്ത്രിയുമായ കാര്‍ത്തികേയ സിംഗിനെ മാറ്റണമെന്ന ആവശ്യവുമായി ജെഡിയുവും കോണ്‍ഗ്രസും രംഗത്ത്. മന്ത്രി സ്ഥാനം ലഭിക്കാത്തതിനാല്‍ രാജിഭീഷണി മുഴക്കി ജെഡിയു എംഎല്‍എ ബിമ ഭാരതി രംഗത്തുണ്ട്.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പാറ്റ്ന ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. തെരഞ്ഞെടുപ്പിലെ ജനവിധിക്കെതതിരാണ് പുതിയ സഖ്യമെന്ന് ആരോപിച്ചാണ് ഹര്‍ജി.
ഹിന്ദുക്കളോടു ന്യൂനപക്ഷ വിവചേനം ഇല്ലെന്നും ന്യൂനപക്ഷമാണെന്നു ചിന്തിക്കരുതെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും തുല്യാവകാശമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ധാക്കയിലെ ധാകേശ്വരി മന്ദിറില്‍ നടന്ന പരിപാടിയില്‍ വിര്‍ച്വലായി പങ്കെടുക്കവെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.