സ്കൂളുകള്‍ക്കു നാളെ അവധിയില്ല. മഴമൂലം സ്കൂളുകള്‍ക്കു അവധി നല്കിയിരുന്നതിനാല് പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നാളെ പ്രവൃത്തിദിവസമാക്കിയത്. പരീക്ഷ 24 ന് ആരംഭിക്കും. സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകള്‍ അടയ്ക്കും. 12 ന് സ്കൂള്‍ തുറക്കും.
രാഹുല്‍ ഗാന്ധിയുടെ കല്പറ്റ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ രാഹുല്‍ ഗാന്ധിയുടെ പിഎ രതീഷ് അടക്കം നാലു കോണ്‍ഗ്രസുകാരെ അറസ്റ്റു ചെയ്തു. എംപി ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ കോണ്‍ഗ്രസുകാരാണ് ഗാന്ധിജിയുടെ ഫോട്ടോ നശിപ്പിച്ചതെന്ന് എസ്പി നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരം സംഘര്‍ഷഭരിതം. ബാരിക്കേഡുകള്‍ മറിച്ചിട്ട് മുന്നോട്ട് പോയ മത്സ്യത്തൊഴിലാളികളെ പൊലീസ് ഇടപെട്ട് അനുനയിപ്പിച്ചു. വിഴിഞ്ഞത്തെ തുറമുഖ സമരത്തില്‍ സര്‍ക്കാര്‍ ഇന്നു ചര്‍ച്ച നടത്തുന്നുണ്ട്. ചര്‍ച്ചയിലേക്കു തന്നെ ക്ഷണിച്ചിട്ടില്ലെന്ന് ശശി തരൂര്‍ എംപി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ചര്ച്ചയ്ക്കുണ്ടാകണം.
കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടമായവര്‍ക്ക് തീരത്തിനടുത്തുതന്നെ പുനരധിവാസം ഒരുക്കണം. അദ്ദേഹം നിര്‍ദേശിച്ചു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. റാങ്കുപട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഡോ. ജോസഫ് സ്കറിയയാണ് ഹൈക്കോടതിയെ സമീപിച്ചത്.
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം മുഴക്കിയ കോണ്‍ഗ്രസ് പ്രവര്ത്തകന് ഫര്സീന് മജീദിനെ കാപ്പ ചുമത്തി നാടു കടത്താന്‍ നീക്കം. പതിനഞ്ച് കേസുകളില്‍ പ്രതിയാണെന്ന് ആരോപിച്ചാണ് പോലീസ് കാപ്പ ചുമത്താന്‍ നോട്ടീസ് അയച്ചത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് തന്നെ വേട്ടയാടുകയാണെന്ന് ഫര്സീന് മജീദ് പറഞ്ഞു.
ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍. ചൊവ്വാഴ്ചയും ബുധനാഴ്ചയും മഞ്ഞ കാര്‍ഡുകാര്‍ക്കാണ് കിറ്റ് നല്‍കുക. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ പിങ്ക് കാര്‍ഡുകാര്‍ക്ക്. 29 മുതല്‍ 31 വരെ നീല കാര്‍ഡുകാര്‍ക്കും സെപ്റ്റംബര്‍ ഒന്നു മുതല്‍ മൂന്നുവരെ വെള്ള കാര്‍ഡുകാര്‍ക്കും കിറ്റ് നല്‍കും. ഈ ദിവസങ്ങളില്‍ കിറ്റ് വാങ്ങാത്തവര്‍ക്കു നാലാം തിയതി മുതല്‍ ഏഴാം തിയതിവരെ കിറ്റ് നല്‍കും. ഓണത്തിനുശേഷം കിറ്റ് വിതരണമില്ല.
താന്‍ സിപിഎമ്മുകാരനാണെന്ന് പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനീഷ്. കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു പ്രതിയുടെ പ്രതികരണം. കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഎം ആരോപിക്കുന്നതിനിടെയാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. പ്രതികളായ വിഷ്ണു, സുനീഷ്, ശിവരാജന്, സതീഷ് എന്നിവരെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
ഗൂഢാലോചന, കലാപാഹ്വാന കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. അന്വേഷണം പ്രാഥമികഘട്ടത്തില്‍ ആണെന്ന പോലീസിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി സ്വപ്നയുടെ ഹര്‍ജി തള്ളിയത്. കുറ്റപത്രം സമര്‍പ്പിച്ചശേഷം ആവശ്യമെങ്കില്‍ കേസ് റദ്ദാക്കാന്‍ വീണ്ടും കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് സിയാദ് റഹ്മാന് വ്യക്തമാക്കി.
‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ കെ.ടി ജലീലിനെതിരെ കേസ് എടുക്കാത്തതിനെതിരേ പരാതിയുമായി അഭിഭാഷകന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കു പരാതി നല്കി. അഭിഭാഷകന് ജിഎസ് മണി പോലീസില്‍ നല്കിയ പരാതിയില്‍ ജലീലിനെതിരേ കേസെടുക്കുകയോ അറസ്റ്റു ചെയ്യുകയോ ചെയ്തില്ലെന്നാണ് പുതിയ പരാതിയില്‍ പറയുന്നത്.