priya web

കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനം ഗവര്‍ണര്‍ സ്റ്റേ ചെയ്തു. ചട്ടങ്ങള്‍ മറികടന്നായിരുന്നു പ്രിയ വര്‍ഗീസിന്റെ നിയമനം എന്ന വിമര്‍ശനങ്ങള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു.

അടിസ്ഥാന വികസനം കാർഷിക മേഖലയിലാണ് നടക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എങ്കിലേ നാട്ടിൽ വികസനം പൂർണ അർത്ഥത്തിൽ നടപ്പിലാകൂ. പച്ചക്കറി കൃഷിയിലെ സ്വയം പര്യാപ്തത നേടാനുള്ള ശ്രമത്തെ പ്രളയവും പിന്നീടുണ്ടായ കാലാവസ്ഥാ മാറ്റവും തിരിച്ചടിയായി. പാലുൽപ്പാദനം വർധിപ്പിക്കാൻ നല്ല തോതിൽ കഴിഞ്ഞു. മുട്ടയും കോഴിയിറച്ചിയും മുൻപ് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുമായിരുന്നു. അതിലെല്ലാം മാറ്റമുണ്ടാക്കാനും സ്വയം പര്യാപ്തതയിൽ എത്തിക്കാനുമാണ് സർക്കാരിന്റെ ശ്രമം.സംസ്ഥാനതല കാർഷിക ദിനാഘോഷം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ നിർണയിച്ച സുപ്രീം കോടതി വിധി വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് കേരളം. വിധിക്കെതിരെ കേരളം പുന:പരിശോധന ഹർജി ഫയൽ ചെയ്തു. ചീഫ് സെക്രട്ടറിയാണ് പുന:പരിശോധന ഹർജി നൽകിയത്. കേരളത്തിന്റെ സ്റ്റാൻഡിംഗ് കൌൺസൽ നിഷേ രാജൻ ശങ്കറാണ് സംസ്ഥാനത്തിനായി ഹർജി സുപ്രീം കോടതിയിൽ ഫയല്‍ ചെയ്തത്. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ട് ബഫര്‍സോണ്‍ നടപ്പാക്കുന്നതും ഇവരെ പിന്നീട് പുനരധിവസിപ്പിക്കുക എന്നതും സംസ്ഥാനത്തെ വലിയ പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിൽ ജാമ്യം അനുവദിച്ചു കൊണ്ട് കോഴിക്കോട് സെഷൻസ് കോടതി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് നിയമപരമല്ലെന്ന് ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ. ജാമ്യം അനുവദിച്ചോ നിരസിച്ചോ കോടതിക്ക്  ഉത്തരവിറക്കാം . എന്നാൽ  അതിജീവിതയുടെ മേൽവിലാസം അടക്കമുള്ളവ  വെളിപ്പെടുത്താനോ, ആക്ഷേപകരമായി പരാമർശിക്കാനോ ഈ അധികാരം വിനിയോഗിക്കുന്നത്  തികച്ചും നിർഭാഗ്യകരമാണെന്ന് ലോയേഴ്സ് യൂണിയൻ വ്യക്തമാക്കി. യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നതായി കോടതി പറഞ്ഞിരുന്നു.

പ്രധാനമന്ത്രി, മുഖ്യമന്ത്രമാർ, അധ്യക്ഷന്മാർ എന്നിവരെ തീരുമാനിക്കുന്ന ബി ജെ പി യുടെ  ഉന്നത പാർട്ടി സമിതിയായ  പാർലമെന്ററി ബോർഡിൽ നിന്നും കേന്ദ്രമന്ത്രിയും ബി ജെ പി അധ്യക്ഷനുമായ നിതിൻ ഗഡ്കരിയെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും ഒഴിവാക്കി. കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ ഉൾപ്പെടുത്തുകയും ചെയ്തു. പാർലമെന്ററി ബോർഡ് പുനസ്സംഘടനനയിൽ പുതുമുഖങ്ങളെയും ഉൾപ്പെടുത്തി.

കെഎസ്ആര്‍ടിസിയിലെ ശമ്പളവിതരണം വൈകുന്നതില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയ  ഹൈക്കോടതി.ശമ്പളം കൊടുത്തിട്ട് തൊഴിലാളികളെ ചർച്ചയ്ക്ക് വിളിക്കൂവെന്ന്  പറഞ്ഞു. ഡ്യൂട്ടി പരിഷ്കരണത്തിൽ കോടതി തീരുമാനമെടുക്കുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. കെ.എസ്.ആർ.ടിസിയുടെ ആസ്തികൾ ഉപയോഗപ്പെടുത്തിയെങ്കിലും തൊഴിലാളികൾക്ക് ശമ്പളം നൽകണം.ഹർജി ഈ മാസം 24 ന് വീണ്ടും പരിഗണിക്കും.എന്നാൽ കെ.എസ്.ആർ.ടി.സി തൊഴിലാളി യൂണിയനുകളുമായി തൊഴിൽ-ഗതാഗതമന്ത്രിമാർ ഇന്ന് നടത്തിയ ചർച്ചയിൽ തീരുമാനമായില്ല.

സര്‍വകലാശാല ഭരണത്തില്‍ കൈകടത്താനും പിന്‍വാതില്‍ നിയമനങ്ങള്‍ സുഗമമാക്കാനും വേണ്ടിയാണ് വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാര്‍ പുതിയ ബില്ല് കൊണ്ടുവരുന്നതെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി. കഴിവും പ്രാപ്ത്തിയുമുള്ളവരെ പടിക്ക് പുറത്ത് നിര്‍ത്തി അടിസ്ഥാന യോഗ്യത പോലുമില്ലാത്ത സി പി എം നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും വഴിവിട്ട നിയമനം നല്‍കുകയാണ്. രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളുടെ പട്ടികയില്‍ നിന്നും കേരളത്തിലെ സര്‍വകലാശാലകള്‍ പുറത്താകുന്നത് ഇത്തരം രാഷ്ട്രീയ അധ്യാപക നിയമനങ്ങളുടെ ഫലമാണെന്നും സുധാകരന്‍ പറഞ്ഞു.

കെഎഫ്‍സി എംഡിയായിരുന്നപ്പോൾ പേരൂർക്കടയിൽ ഹോട്ടൽ നിർമ്മിക്കുന്ന സ്ഥലം ഡിജിപി ടോമിൻ തച്ചങ്കരി അനധികൃതമായി ലേലം ചെയ്തുവെന്ന ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി.  കെഎഫ്‍സിയിൽ വായ്പ കുടിശിക വന്നതിനെ തുടർന്നായിരുന്നു ലേലം.

റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ദില്ലിയിൽ ഫ്ലാറ്റ് നൽകുകയും പൊലീസ് സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുമെന്ന  കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരിയുടെ ട്വീറ്റിന് പിന്നാലെ മലക്കം മറിഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഫ്ലാറ്റോ സംരക്ഷണമോ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടില്ലെന്നും അവരെ തിരിച്ചയക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

കൊച്ചി നഗരത്തെ ഞെട്ടിച്ച കാക്കനാട്ടെ ഫ്ലാറ്റ് കൊലപാതകത്തിൽ ലഹരി മരുന്ന് ഇടപാട് സംബന്ധിച്ച തർക്കമാണ് കാരണമെന്ന സംശയമാണ് പൊലീസിനുള്ളത്. കൊല്ലപ്പെട്ട സജീവ് കൃഷ്ണയും പ്രതി അര്‍ഷാദും ലഹരിക്ക് അടിമകളായിരുന്നുവെന്നും ഈ ഇടപാടിലെ ത‍ർക്കത്തിനിടെയാണ് കൊലപാതകമുണ്ടായതെന്നുമാണ് പൊലീസ് മാധ്യമങ്ങളോട് വിശദീകരിച്ചത്. പ്രതി അ‍ര്‍ഷാദിനെ മഞ്ചേശ്വരത്ത് നിന്നും കാസർകോട് പൊലീസ് പിടികൂടുമ്പോൾ ലഹരി പദാര്‍ത്ഥങ്ങളും ബാഗിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷൻ മാധ്യമങ്ങളോട് വിശദീകരിച്ചു. പ്രതി അർഷാദിന് വേറെയും കേസുണ്ടെന്ന് പോലീസ് പറഞ്ഞു. മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെ ഇന്നലെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *