രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനികളായ ടി.സി.എസും ഇന്‍ഫോസിസും പുറത്തുവിട്ട 2023-24 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനകണക്കുകള്‍ നല്‍കുന്നത് ഈ രംഗത്ത് മാന്ദ്യം പിടിമുറുക്കുന്നതിന്റെ സൂചനകള്‍. ഇന്‍ഫോസിസ് ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കമ്പനിയുടെ വര്‍ഷിക വരുമാന വളര്‍ച്ച വെറും 1.4 ശതമാനമാണ്. 1981ല്‍ കമ്പനി സ്ഥാപിതമായതിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണിത്. അതാത് 43 വര്‍ഷത്തെ ചരിത്രത്തിനിടയിലെ ഏറ്റവും കുറവ്. അമേരിക്കന്‍ ബിസിനസിലാണ് കാര്യമായ കുറവ് വന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി പ്രതീക്ഷിക്കുന്ന വരുമാന വളര്‍ച്ച 1.3 ശതമാനമാണെന്നതും നിരാശയ്ക്കിടയാക്കുന്നു. അതേസമയം, 2025 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനലാഭ മാര്‍ജിന്‍ 20-22 ശതമാനമായി ഇന്‍ഫോസിസ് നിലനിറുത്തിയിട്ടുണ്ട്. കഴിഞ്ഞ പാദത്തില്‍ 20.7 ശതമാനമായിരുന്നു ഇത്. ഇന്‍ഫോസിസിന്റെ പ്രധാന ബിസിനസ് മേഖലകളായ ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 8.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മറ്റൊരു വമ്പന്‍ ഐ.ടി കമ്പനിയായ ടി.സി.എസിന്റെ വരുമാന വളര്‍ച്ച 3.4 ശതമാനമാണ്. വടക്കേ അമേരിക്കയിലെ വെല്ലുവിളികളും ഫിനാന്‍ഷ്യല്‍ സര്‍വീസസ് മേഖലയിലെ വെല്ലുവിളികളും ടി.സി.എസിനും ആശങ്കയാകുന്നുണ്ട്. നാലാം പാദത്തില്‍ വടക്കേ അമേരിക്കയില്‍ ടി.സി.എസിന്റെ വാര്‍ഷിക വളര്‍ച്ചയില്‍ 2.3 ശതമാനം കുറവുണ്ടായി. ഇന്‍ഫോസിസും ടി.സി.എസും ജീവനക്കാരുടെ എണ്ണത്തില്‍ മാര്‍ച്ച് പാദത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ട ജീവനക്കാരുടെ എണ്ണത്തിലും തുടര്‍ച്ചയായ നാലാം പാദത്തിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. ടി.സി.എസിന്റെ ജീവനക്കാരുടെ എണ്ണത്തില്‍ 13,249 പേരുടെ കുറവുണ്ടായി. കമ്പനി ലിസ്റ്റ് ചെയ്തതിനു ശേഷം 19 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്ര കുറവ്.