60% പോളിംഗ് രേഖപ്പെടുത്തിക്കൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടിങ് അവസാനിച്ചു. പശ്ചിമ ബംഗാളിൽ 77 %, ത്രിപുരയിലെ ഒരു മണ്ഡലത്തിൽ 76%, തമിഴ്നാട്ടിൽ 62 %, രാജസ്ഥാനിൽ 50% ലധികവും വോട്ടിംഗ് രേഖപ്പെടുത്തി . ബിഹാറിൽ നാല് മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ 46 % പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത് .
ആവേശം നിറച്ച കുടമാറ്റ കാഴ്ചയൊരുക്കി തൃശ്ശൂർ പൂരം. താളമേളങ്ങളുടെ വിസ്മയം ഒരുക്കിയ ഇലഞ്ഞിത്തറമേളം 4. 30 ഓടെയാണ് അവസാനിച്ചത്.കുടമാറ്റവും ഇലഞ്ഞിത്തറമേളവും കാണാൻ വിദേശികൾ അടക്കം നിരവധി പൂരപ്രേമികൾ തൃശൂർ മൈതാനിയിൽ എത്തിച്ചേർന്നിരുന്നു.
വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിൽ വരുത്തുന്ന വീഴ്ചകള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. കണ്ണൂര്‍ കല്യാശ്ശേരിയില്‍ 92 വയസ്സുള്ള മുതിര്‍ന്ന വനിതയുടെ വോട്ട് രേഖപ്പെടുന്നതിനിടെ, ക്രമവിരുദ്ധമായ ഇടപെടല്‍ ഉണ്ടായെന്ന പരാതിയിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്നപൗരന്മാര്‍ക്കുമായി തിരഞ്ഞെടുപ്പ് കമ്മീഷന് ഒരുക്കിയിട്ടുള്ള വീട്ടില്‍ വോട്ട് നടപടികള്‍ പൂര്‍ത്തീകരിക്കുമ്പോള്‍, തിരഞ്ഞെടുപ്പിന്റെ അന്തസ്സ്കാത്തുസൂക്ഷിക്കുന്ന വിധം ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
ജെസ്ന തിരോധാന കേസില്‍ കോടതിയിൽ വിശദീകരണം നൽകി സിബിഐ. രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല, ജെസ്ന ഗർഭിണിയും അല്ലായിരുന്നു എന്ന്അന്വേഷണ ഉദ്യോഗസ്ഥൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. ജെസ്നയുടെ രക്തക്കറ അടങ്ങിയ വസ്ത്രങ്ങൾ ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറിയിരുന്നു എന്ന പിതാവിന്റെ മൊഴിയിൽ, വ്യക്തത വരുത്താനായി കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ച് വരുത്തിയത്.
പ്രിയങ്ക ഗാന്ധി നാളെ കേരളത്തിൽ. യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണാർത്ഥo പ്രിയങ്കാ ഗാന്ധി നാളെ രാവിലെ 11.30ന് പ്രത്യേക വിമാനത്തില്‍ ദില്ലിയിൽ നിന്നും കൊച്ചിയില്‍ എത്തിച്ചേരും. 12.15ന് ബെന്നി ബെഹനാൻ മത്സരിക്കുന്ന ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ എരിയാട് പൊതുസമ്മേളനത്തിൽ പങ്കെടുക്കും,ആന്റോ ആന്റണിക്ക് വേണ്ടി പത്തനംതിട്ടയിൽ പൊതുസമ്മേളനത്തിൽ പങ്കെടുത്ത ശേഷം വൈകുന്നേരം 3.30 മുതൽ 4.50 വരെ തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി റോഡ് ഷോയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. 24 ന് രാഹുൽഗാന്ധി മത്സരിക്കുന്ന വയനാട്ടിലും പ്രിയങ്ക പ്രചരണത്തിന് ഇറങ്ങും.
അഭയാർത്ഥികളെ മതാടിസ്ഥാനത്തിൽ വേർതിരിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്ന്മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യം സ്വീകരിക്കുന്ന നടപടികൾ പരിഷ്കൃത ലോകത്തിന് അംഗീകരിക്കാനാവില്ല. ബിജെപി സർക്കാറിന്റെ ഭേദഗതി മതാടിസ്ഥാനത്തിലെ പൗരത്വമാണ്. ഇതിൽ മുസ്ളീം അടക്കമുള്ള വിഭാഗങ്ങളെ ഒഴിവാക്കിയത് ലോകം അംഗീകരിക്കില്ല. അമേരിക്ക പോലും സിഎഎയെ അപലപിച്ചുവെന്നും മുഖ്യമന്ത്രി വിശദമാക്കി. കോഴിക്കോട് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
എളമരം കരീമിന്റെ ഇൻസ്റ്റാഗ്രാം പേജിൽ നൽകിയ വീഡിയോയ്ക്ക് എതിരെ പരാതിയുമായി യുഡിഎഫ്. കോൺഗ്രസിന് ചെയ്യുന്ന വോട്ട് ബിജെപിക്ക് പോകുമെന്ന സൂചന നൽകുന്ന രീതിയിൽ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ മാതൃകയിൽ “കാലു മാറുന്നവർക്ക് വോട്ട് ചെയ്യണോ “എന്ന ചോദ്യത്തോടെയാണ് വീഡിയോ തയ്യാറാക്കിയത്. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് ആണ്പരാതി നൽകിയത്.
മുഖ്യമന്ത്രി പിണറായി വിജയനെ ഇഡി എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത് എന്ന കോൺഗ്രസ് നേതാക്കളുടെ ചോദ്യത്തെ വിമര്‍ശിച്ച് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. എന്താണ് ഇതിലൂടെ യുഡിഎഫ് ലക്ഷ്യമിടുന്നത്? ഇത് ബിജെപിയെ സഹായിക്കുന്ന നിലപാടാണ്. യുഡിഎഫ് നിലപാട് അപലപനീയമാണെന്നും അദ്ദേഹം പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് പരിപാടിയിൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ ജയിലിലടക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന, അങ്ങേയറ്റം അപലപനീയവും അപക്വവുമെന്ന് വി ശിവൻകുട്ടി. നാഷണൽ ഹെറാൾഡ് കേസിൽ ഇ ഡി ചോദ്യം ചെയ്തവരാണ് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും. ഈ ചോദ്യത്തിലൂടെ അരവിന്ദ് കേജ്രിവാളിന്റെയും ഹേമന്ത് സോറന്റെയും അറസ്റ്റിനെ രാഹുൽ ഗാന്ധി ശരിവെയ്ക്കുകയാണ്. ബിജെപിയോട് കീഴടങ്ങുന്ന മനോഭാവമാണ് എല്ലായിപ്പോഴും രാഹുൽ ഗാന്ധി പുലർത്തി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ വിമർശിച്ച് എംവി ഗോവിന്ദൻ. ഇന്ത്യ മുന്നണിയെ പിന്നിൽ നിന്ന് കുത്തുന്ന സമീപനമാണ് രാഹുൽ ഗാന്ധി പ്രകടിപ്പിച്ചത്. സംഘപരിവാറിനൊപ്പമാണ് താനെന്ന് തെളിയിക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ കണ്ണൂർ പ്രസംഗമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ഗവേഷക വിദ്യാർത്ഥി രാമദാസിനെ രാജ്യവിരുദ്ധ പ്രവർത്തി ആരോപിച്ച് രണ്ടു വർഷത്തേക്ക് സസ്പെന്റ് ചെയ്തു. പ്രോഗസ്സീവ് സ്റ്റുഡന്റ് ഫോറത്തിന്റെ ഭാരവാഹിയായിരുന്നു രാമദാസ്. ദില്ലിയിൽ നടന്ന സംയുക്ത വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്തതടക്കം ചൂണ്ടിക്കാട്ടിയാണ് നടപടി. രാമദാസ് ക്യാമ്പസിൽ അച്ചടക്ക ലംഘനം കാണിച്ചതായി ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ ആരോപിച്ചു. സസ്പെൻഷന് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രാമദാസ് വ്യക്തമാക്കി.
രാഹുൽ ഗാന്ധിക്കെതിരെ മോശം പരാമർശം നടത്തിയ പിണറായി വിജയൻ അത് പിൻവലിച്ച് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല .പിണറായി ഇത്രത്തോളം തരം താഴാൻ പാടില്ല. മോദിയെ സുഖിപ്പിക്കാൻ നടത്തിയ മോശം പരാമർശത്തോടൊപ്പമുള്ള കൊഞ്ഞനം കുത്തൽ ആരോചകമായിപ്പോയി. രാഹുൽ ഗാന്ധിക്കെതിരെ പിണറായി നടത്തിയ അധിക്ഷേപം മാപ്പ് ആർഹിക്കാത്ത കുറ്റമാണ് ഇതിന് മറുപടി അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിൽ. ഐപിസി 153, കേരള പൊലീസ് ആക്ട് 120 (0) പ്രകാരo, മെബിൻ തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് . ഇയാളെ പിന്നീട് രണ്ട് ആൾ ജാമ്യത്തിൽ വിട്ടു.
കോയമ്പത്തൂരിൽ ബിജെപി അനുകൂലികളുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കിയെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. പല ബൂത്തിലും 25 വോട്ട് വരെ ഒഴിവാക്കി. തമിഴ് ജനത ഇന്ത്യ മുന്നണിയെ തള്ളിക്കളഞ്ഞതായാണ് വോട്ടെടുപ്പ് അവസാനിച്ച ശേഷം അണ്ണാമലൈ പോസ്റ്റിട്ടത്.
നാഗാലാൻഡിൽ ഏക ലോക്സഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആരും വോട്ട് ചെയ്തില്ല. ആറു ജില്ലകളിൽ നിന്നും ഒറ്റയാൾ പോലും വോട്ട് ചെയ്യാനായി എത്തിച്ചേർന്നില്ല. ആറ് ജില്ലകളെയും ഒരുമിപ്പിച്ച് പ്രത്യേക സംസ്ഥാനമെന്ന ആവശ്യത്തെത്തുടർന്ന് ആളുകൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്. ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ (ENPO) മേഖലയിലെ ആറ് ജില്ലകളിലെ ജനങ്ങളോട് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നു. മേഖലയിലെ പോളിംഗ് സ്റ്റേഷനുകളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.
ജയിലിനകത്തു വച്ചു മാങ്ങ കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇ ഡി ആരോപണം തെറ്റാണെന്ന് അരവിന്ദ് കെജ്രിവാൾ. 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചു. മൂന്ന് തവണ മാത്രമാണ് മാങ്ങ ഉണ്ടായിരുന്നതെന്ന് കെജ്രിവാൾ ദില്ലി റൗസ് അവന്യു കോടതിയെ അറിയിച്ചു. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചു മാധ്യമ വിചാരണയ്ക്കാണ് ഇഡി ശ്രമിക്കുന്നതെന്ന് കെജരിവാൾ വാദിച്ചു.
അമിത് ഷാ ഗുജറാത്തിലെ ഗാന്ധി നഗറിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. എൽ കെ അദ്വാനി പ്രതിനിധീകരിച്ച മണ്ഡലത്തിൽ വീണ്ടും മത്സരിക്കാനാകുന്നതിൽ അഭിമാനമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗാന്ധിനഗറിലെ വോട്ടറാണെന്നും അമിത് ഷാ പറഞ്ഞു. മെയ് ഏഴിനാണ് ഗുജറാത്തിലെ വോട്ടെടുപ്പ്.
ദുബായില്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതിന് 48 മണിക്കൂര്‍ നിയന്ത്രണം. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ആരംഭിച്ച നിയന്ത്രണം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി വരെ ഉണ്ടായിരിക്കും . മഴക്കെടുതി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. എയർ ഇന്ത്യ താൽക്കാലികമായി ദുബായിലേക്കുള്ള ഫ്ലൈറ്റ് സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം തുടർച്ചയായി തടസ്സപ്പെടുന്നതിനാലാണ് എയർ ഇന്ത്യ ഈ തീരുമാനം എടുത്തിരിക്കുന്നത്.
ഫിലിപ്പീന്‍സിന് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകള്‍ കൈമാറി ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മില്‍ 2022-ല്‍ ഒപ്പുവെച്ച 375 മില്യണ്‍ ഡോളര്‍ കരാറിന്റെ ഭാഗമായാണ് ഈ കൈമാറ്റം. ഇന്ത്യന്‍ വ്യോമസേനയുടെ അമേരിക്കന്‍ നിര്‍മിത സി-17 ഗ്ലോബ്മാസ്റ്റര് വിമാനത്തിലാണ് ഫിലീപ്പീന്‍സ് മറൈന്‍ കോര്‍പ്സിന് കൈമാറാനുള്ള മിസൈലുകൾ അയച്ചത്.