Screenshot 2024 02 27 20 21 14 990 com.android.chrome edit 2

102 മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. 17 സംസ്ഥാനങ്ങള്‍, നാല് കേന്ദ്രഭരണ പ്രദേശങ്ങള്‍, അരുണാചല്‍, സിക്കിം നിയമസഭകള്‍ എന്നിവിടങ്ങളിലാണ് നാളെ ബോട്ടെടുപ്പ് നടക്കുന്നത്.

മധുരമുള്ള ഭക്ഷണം അമിതമായി കഴിച്ച് അരവിന്ദ് കെജ്രിവാൾ പ്രമേഹം കൂട്ടാൻ ശ്രമിക്കുന്നുവെന്ന് ഇഡി. ജാമ്യം ലഭിക്കുന്നതിനായാണ് കെജ്രിവാള്‍ ഇത് ചെയ്യുന്നതെന്നും ഇഡി കോടതിയെ അറിയിച്ചു. വീഡിയോ കോൺഫറൻസിലൂടെ ഡോക്ടറെ കാണാനുള്ള സൗകര്യവും ദിവസവും പ്രമേഹം പരിശോധിക്കാനുള്ള സൗകര്യവും നല്‍കണമെന്നാവശ്യപ്പെട്ട് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഇഡിയുടെ വാദം.

ബിജെപി എംപിമാര്‍ കേരളത്തിൽ ജയിച്ചാൽ സഹകരണ മേഖലയിൽ അഴിമതി ഇല്ലാതാക്കുമെന്നും, കേരളത്തിലെ സഹകരണ മേഖലയിൽ മോദിക്ക് വലിയ താത്പര്യമാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പ്രകടന പത്രികയിൽ പറയുന്നത് എല്ലാം ചെയ്യുന്ന പാർട്ടിയാണ് ബിജെപി, അതിന്റെ ആദ്യത്തെ ഉദാഹരണങ്ങളാണ് ജമ്മു കശ്മീർ പ്രേത്യേക പദവി എടുത്തു കളഞ്ഞതും, അയോദ്ധ്യയിൽ ക്ഷേത്രം പണിതതുമെന്നും മാവേലിക്കര ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

വിവിപ്പാറ്റുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹര്‍ജിക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രം.  സുപ്രീം കോടതിയിൽ രൂക്ഷമായ വാദ പ്രതിവാദങ്ങള്‍ നടന്നു. എല്ലാത്തിനെയും സംശയിക്കാനാകില്ലെന്ന നിരീക്ഷണo സുപ്രീം കോടതി നടത്തി. തെരഞ്ഞെടുപ്പിനെ ഹർജിക്കാർ തമാശയാക്കി മാറ്റുന്നു, വളച്ചൊടിച്ച വാര്‍ത്തകളുമായി  എത്തുകയാണെന്നും കേന്ദ്രം വാദിച്ചു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ നൽകിയ ഹര്‍ജി ജനാധിപത്യത്തിന് ഹാനികരമാണെന്നും കേന്ദ്രം വാദിച്ചു. കമ്മീഷൻ നൽകുന്ന വിശദീകരണത്തിൽ വോട്ടർമാർ തൃപ്തരെന്ന് കോടതി നിരീക്ഷിച്ചു.

ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും മുഖമുദ്ര ജനദ്രോഹമാണെന്നും, രണ്ടു പാർട്ടിയുടെയും നയങ്ങൾ ഒന്നാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൊന്നാനി പാർലമെന്റ് മണ്ഡലത്തിലെ എൽഡിഎഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർഎസ്എസിൻ്റെ തനി അജണ്ട മോദി അധികാരത്തിലെത്തിയതോടെ പുറത്തുവന്നു, പൗരത്വ നിയമം ഭേദഗതി ചെയ്തുവെന്നും പിണറായി വിജയൻ പറഞ്ഞു. കോൺഗ്രസിന് സംഘപരിവാർ മനസിനോട് യോജിപ്പ് വന്നിരിക്കുന്നു, അതിനെ വിമർശിക്കണ്ടേയെന്നും പിണറായി വിജയൻ ചോദിച്ചു.

വയനാട് സൗത്ത് ഡിഎഫ്ഒ എ. ഷജ്നയുടെ സസ്പെൻഷൻ മരവിപ്പിക്കാൻ വനംമന്ത്രിയുടെ നിർദേശം . സു​ഗന്ധ​ഗിരി മരംമുറി കേസിൽ, ഡിഎഫ്ഒയുടെ ജാഗ്രതകുറവ് മരംമുറിക്ക് കാരണമായെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തൽ. വിശദീകരണം തേടിയിട്ട് തുടർനടപടി മതിയെന്നാണ് മന്ത്രിയുടെ നിർദ്ദേശം.വനംവകുപ്പിലെ 18 ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിക്ക് ശുപാർശ. 9 പേർക്കെതിരെ നടപടി എടുത്തു കഴിഞ്ഞു.

ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിചച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ചിഞ്ചു റാണി .രോഗ ബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളെയും കൊന്നു മറവു ചെയ്യുo. രോഗനിയന്ത്രണത്തിനുള്ള എല്ലാ കരുതല്‍ നടപടികളും മൃഗ സംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വ്യാജവാര്‍ത്തക്കെതിരെ പരാതി നല്‍കി വിഡി സതീശൻ.ദുബായിലുണ്ടായ പ്രളയം മനുഷ്യ നിര്‍മ്മിത ദുരന്തമാണെന്ന് വിഡി സതീശൻ പറഞ്ഞതായാണ് വാര്‍ത്ത. ഇങ്ങനെയൊരു കാര്യം താൻ പറഞ്ഞിട്ടില്ല, പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ് എന്നാണ് വിഡി സതീശൻ ഡിജിപിക്ക് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഈ വ്യാജവാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നില്‍ സിപിഎം ആണെന്നും കോൺഗ്രസ് ആരോപിക്കുന്നു.

സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രിൽ 20, 21 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

കോണ്‍ഗ്രസിനെ ‘പോണ്‍ഗ്രസ്’ (അശ്ലീലകോണ്‍ഗ്രസ്) എന്ന് ഏപ്രില്‍ 18ലെ  ദേശാഭിമാനി പത്രത്തില്‍ വിശേഷിപ്പിച്ചത്, പ എംവി ഗോവിന്ദന്‍റെ  അറിവോടെയാണെന്ന് എം എം ഹസന്‍. ഇതിനെതിരേ  തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട് . കമ്മീഷന്‍ അടിയന്തരമായി നടപടി എടുക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.  വടകരയിലെ  വ്യാജവീഡിയോയുടെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്‍റെ  തലയില്‍ വയ്ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഹസന്‍ പറഞ്ഞു.

ഹൈക്കോടതി വിധിയെ തുടര്‍ന്ന് തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് ഉള്ള മദ്യനിരോധന സമയക്രമത്തില്‍ മാറ്റം വരുത്തി ജില്ലാ കളക്ടര്‍. നാളെ (ഏപ്രില്‍ 19) പുലര്‍ച്ചെ രണ്ട് മണി മുതല്‍ 20 ന് രാവിലെ 10 വരെയാണ് മദ്യനിരോധനം.തൃശ്ശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്‍പനശാലകളും, കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവ പൂര്‍ണമായും അടച്ചിടുo.

തിരുവനന്തപുരം ഫ്ലാറ്റ് തട്ടിപ്പ് കേസില്‍, സുപ്രീം കോടതി പ്രതികളുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളി . ജേക്കബ് സാംസണും മറ്റു പ്രതികളും പതിനഞ്ച് ദിവസത്തിനകം കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. വിചാരണക്കോടതിയിൽ സ്ഥിരജാമ്യത്തിന് അപേക്ഷിക്കാനും കോടതി നിര്‍ദേശിച്ചു.

കാസർഗോഡ് എല്‍ഡിഎഫ് പ്രചരിപ്പിച്ച തെരഞ്ഞെടുപ്പ് വീഡിയോ വര്‍ഗീയത പ്രചരിപ്പിക്കുന്നതെന്ന് യുഡിഎഫ് . വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് യുഡിഎഫ് വ്യക്തമാക്കി. മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പ്രചാരണത്തിന് ഇറങ്ങാന്‍ നെറ്റിയിലെ കുറി മായ്ച്ച്, കയ്യിലെ ചരടുകള്‍ മുറിച്ച്, മുണ്ട് ഇടത്തോട്ട് ഉടുക്കണമെന്നും പറയുന്നതാണ് വീഡിയോ. വിവാദമായതോടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ടെന്നാണ് എല്‍ഡിഎഫ് വിശദീകരണം.

തൻ്റെ പേരിൽ വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പില്‍. വ്യക്തിഹത്യ നടത്തിയിട്ട് തനിക്ക് ജയിക്കണ്ടെന്നും ഉള്ളത് പറഞ്ഞിട്ട് ജയിച്ചാൽ മതിയെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു. വ്യക്തിഹത്യ നടത്തില്ല, അതിനെ പിന്തുണക്കുകയുമില്ല, മാത്രമല്ല വ്യക്തിഹത്യ നടത്തുന്നവർക്ക് സംരക്ഷണം കൊടുക്കില്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.ഒരുതരത്തിലുള്ള വ്യാജ പ്രചരണങ്ങളിലും വടകര മണ്ഡലത്തിലെ ജനങ്ങള്‍ വീഴില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

പാനൂർ ബോംബ്സ്ഫോടനകേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ.  മടപ്പളളി സ്വദേശി ബാബു, കതിരൂർ സ്വദേശികളായ രജിലേഷ്,ജിജോഷ് എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. ബോംബ് നിർമിക്കാനുളള വെടിമരുന്ന് ബാബുവാണ് കൊടുത്തതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇതുവരെ പന്ത്രണ്ട് പേരാണ് അറസ്റ്റിലായത്.

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ചരക്കുകപ്പലിലെ  മലയാളി  ആൻ ടെസ്സ ജോസഫ് നാട്ടിലെത്തി. കൊച്ചി വിമാനത്താവളത്തിലാണ് തൃശൂര്‍ സ്വദേശി ആൻ ടെസ്സ എത്തിയത്. കപ്പലിൽ 17 ഇന്ത്യക്കാരാണ് ആകെയുള്ളത്,ഇവരിൽ 4 പേർ മലയാളികളാണ്. മറ്റുള്ള പതിനാറ് പേരെയും ഉടൻ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഉറപ്പ് നൽകിയിട്ടുണ്ട്.

മോക് പോളിനിടെ കാസർകോട്ട് ചെയ്യാത്ത വോട്ട് ബിജെപിക്ക് പോയ സംഭവം സാങ്കേതിക തകരാറാണെന്നും അത് ഉടൻ തന്നെ പരിഹരിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷൻ.  ഈ ആരോപണം തെറ്റാണെന്നും അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഇക്കാര്യത്തിൽ റിട്ടേണിംഗ് ഓഫീസര്‍ റിപ്പോര്‍ട്ട് നൽകിയതായും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. വിശദമായ റിപ്പോര്‍ട്ട് നല്‍കാമെന്നും കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു.

കോയമ്പത്തൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ അണ്ണാമലൈയുടെ ബന്ധുക്കള്‍ ഗൂഗിള്‍ പേ വഴി വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കുന്നതായി ഡിഎംകെയുടെ പരാതി . നേരത്തേ ട്രെയിനില്‍ കടത്തിയ കോടിക്കണക്കിന് രൂപയുമായി ബിജെപി പ്രവര്‍ത്തകൻ അടക്കം ചെന്നൈയില്‍ പിടിയിലായിരുന്നു.

ഡൽഹിമുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലില്‍ വച്ച് കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടക്കുന്നതായി മന്ത്രി അതിഷി. പ്രമേഹബാധിതനായ കെജ്രിവാളിന് ഇൻസുലിൻ നിര്‍ബന്ധമാണ്, എന്നാല്‍ അദ്ദേഹത്തിന് ഇൻസുലിൻ നല്‍കുന്നില്ല. പ്രമേഹം കൂടാൻ കെജ്രിവാള്‍ ജയിലില്‍ വച്ച് അമിതമായി മധുരം കഴിക്കുന്നുവെന്ന ഇഡി വാദം അടിസ്ഥാനരഹിതമാണ്, അത് കള്ളമാണെന്നും ആം ആദ്മി പാർട്ടി ചൂണ്ടിക്കാട്ടുന്നു.

മണിപ്പൂർ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് രാഹുൽ ​ഗാന്ധി. സൈന്യത്തിന് നിർദ്ദേശം നൽകിയാൽ മൂന്നു ദിവസം കൊണ്ട് മണിപ്പൂർ സംഘർഷം അവസാനിക്കും. എന്നാൽ പ്രധാനമന്ത്രി അത് ചെയ്യുന്നില്ല. രാജ്യത്തെ അടിസ്ഥാനപരമായ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ മണിപ്പൂരിനെയടക്കം കേന്ദ്ര സർക്കാർ ഉപയോഗിക്കുകയാണെന്നും രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി.

പാരീസ് ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന മലയാളി അത്‌ലറ്റ് എം ശ്രീശങ്കര്‍ പങ്കെടുക്കില്ല. ചൊവ്വാഴ്ചയാണ് പരിശീലനത്തിനിടെ ലോങ്ജംപ് താരമായ ശ്രീശങ്കറിന് കാൽമുട്ടിന് പരിക്കേറ്റത്. പരിക്ക് പരിശോധിച്ച ഡോക്ടര്‍മാര്‍, കാൽമുട്ടിന് ശസ്ത്രക്രിയയും ആറ് മാസം വിശ്രമവും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഒളിംപിക്സിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറിയത്.

ബിജെപിയിൽ ചേർന്നെന്ന വാർത്ത അമേഠിയിലെ കോൺഗ്രസ് നേതാവ് വികാസ് അഗ്രഹാരി നിഷേധിച്ചു .ബിജെപിയിൽ ചേരാൻ വേണ്ടിയല്ല പോയത്,  മേഖലയിലെ പ്രശ്നങ്ങൾ ധരിപ്പിക്കാനാണ് സമൃതി ഇറാനിയെയും മറ്റ് ബിജെപി നേതാക്കളെയും സന്ദർശിച്ചത് എന്ന് അദ്ദേഹം പ്രതികരിച്ചു.  വികാസ് അഗ്രഹാരി ബിജെപിയിൽ ചേർന്നെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഉത്തർപ്രദേശ് കോൺഗ്രസിന്റെ സംസ്ഥാന കോർഡിനേറ്റർ ആണ്  വികാസ് അഗ്രഹാരി.

മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തോടെ അഴിമതി നടത്തുകയാണ് എന്ന് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. പിണറായിയുടെ പെരുമാറ്റം പോക്കറ്റടിക്കാരനെ പോലെയാണെന്ന് അദ്ദേഹം വിമർശിച്ചു. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി അടൂർ പ്രകാശിന് വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു രേവന്ത് റെഡ്ഢി.

ജപ്പാന്റെ മുന്‍ ലോകചാമ്പ്യന്‍ കെന്റോ മൊമോട്ട വിരമിക്കല്‍ പ്രഖ്യാപിച്ചു. മാനസികമായും ശാരീരികമായും നേരിടുന്ന പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് 29-കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിചിരിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *