എടിഎം കാർഡ് ഉപയോഗിക്കാത്ത ആരും തന്നെ ഇന്ന് ഉണ്ടാകില്ല. ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാവർക്കും തന്നെ എടിഎം കാർഡും ഉണ്ടാകും. ബാങ്കിൽ പോകാതെ തന്നെ പണം പിൻവലിക്കാനുള്ള മാർഗമാണിത്. പ്രായ വ്യത്യാസം ഇല്ലാതെ തന്നെ എല്ലാവരും എടിഎം ഉപയോഗിക്കുന്നുണ്ട്. ഈ എടിഎം എങ്ങനെ ഉണ്ടായി… എന്നാണ് ഇത്ര പ്രചാരത്തിൽ എത്തിയത് എന്നൊക്കെ നമുക്ക് നോക്കാം….!!!!
ബാങ്കിലെ ഇടപാടുകാർക്ക്, ബാങ്കുജീവനക്കാരുടെ സഹായമില്ലാതെ പണമിടപാടുനടത്താൻ സഹായിക്കുന്ന ഒരു യന്ത്രോപകരണമാണ് എ.ടി.എം. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ.ഇന്ത്യയിലെമ്പാടും പ്രചാരം നേടിവരുന്ന ഈ യന്ത്രസംവിധാനം, ഓട്ടോമേറ്റഡ് ബാങ്കിങ് മെഷീൻ, മണിമെഷീൻ, ബാങ്ക് മെഷീൻ,കാഷ് മെഷീൻ, എനി ടൈം മണി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നുണ്ട്,. പൊതുസ്ഥലങ്ങളിൽ അവിടവിടെയായി സ്ഥാപിച്ചിട്ടുള്ള ഈ പണപ്പെട്ടി ഉപയോഗിച്ച് ഏതുസമയത്തും പണം പിൻവലിക്കാനും നിക്ഷേപിക്കാനും ബാങ്ക് അക്കൗണ്ടിലെ വിവരങ്ങൾ അറിയാനും മറ്റും കഴിയും. ഇതിനായി, ഇടപാടുകാരൻ സ്വന്തം പേരിൽ ബാങ്ക് തന്നിട്ടുള്ള ഒരു പ്ലാസ്റ്റിക് കാർഡ് യന്ത്രത്തിൽ നിക്ഷേപിക്കുകയും, മുൻനിശ്ചയിക്കപ്പെട്ട ഒരു രഹസ്യമായ ഒരു വ്യക്തിസൂചീസംഖ്യ (Personal Index Number) യന്ത്രത്തിനു നൽകുകയും ചെയ്യേണ്ടതുണ്ട്.
1939 ൽ, ലൂതർ ജോർജ്ജ് സിംജിയൻ എന്ന അമേരിക്കക്കാരനാണ് ആദ്യമായി ഒരു എ.ടി.എം നിർമ്മിച്ചത്. അത്, സിറ്റി ബാങ്ക് ഓഫ് ന്യൂയോർക്കിൽ സ്ഥാപിച്ചു. എന്നാലതിന് വേണ്ടത്ര പ്രചാരം ലഭിച്ചില്ല. സ്ഥാപിച്ച് ആറുമാസത്തിനു ശേഷം അത് നീക്കംചെയ്യപ്പെട്ടു. പിന്നീട്, 1967 ജൂൺ 17 ന്, ദി ലാ ര്യൂ എന്ന കമ്പനി വികസിപ്പിച്ച ഒരു ഇലക്ട്രോണിക് എ.റ്റി.എം, ബാർക്ലൈസ് ബാങ്ക്, ഇംഗ്ലണ്ടിലെ ലണ്ടനിൽ, എൻഫീൽഡ് ടൗണിൽ സ്ഥാപിച്ചു. അക്കാലത്ത്, എ.ടി. എമ്മുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾക്ക് പല വിദഗ്ദ്ധരും പല നിർമ്മാണാവകാശങ്ങൾ നേടിയിരുന്നു എങ്കിലും, ഇന്ത്യയിൽ ജനിച്ച, ജോൺ ഷെപ്പേർഡ് ബാരൺ എന്ന സ്ക്കോട്ലന്റുകാരനാണ് ഈ കണ്ടുപിടിത്തത്തിന്റെ അംഗീകാരം ലഭിച്ചത്. 2005 ൽ അദ്ദേഹത്തിന് , ”’ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എമ്പയർ”’ എന്ന ബഹുമതി ലഭിച്ചു. റെഗ് വാണി എന്ന ബ്രിട്ടീഷ് നടനാണ് ഈ യന്ത്രം ആദ്യമായി ഉപയോഗിച്ചത്. ഈ യന്ത്രങ്ങളിൽ, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന കാർഡുകളാണ് ഉപയോഗിച്ചിരുന്നത്. യന്ത്രം കാർഡുകൾ ഇടപാടുകാരന് തിരിച്ചു നൽകിയിരുന്നില്ല. പത്തു പൗണ്ട് നോട്ടുകൾ അടക്കം ചെയ്ത കവറുകളാണ് യന്ത്രം വിതരണം ചെയ്തിരുന്നത്. തട്ടിപ്പു തടയാനായി, കാന്തികത,വികിരണം തുടങ്ങിയവ ഉപയോഗിക്കുന്ന സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു.
പിന്നീട് 1965 ൽ ജയിംസ് ഗുഡ് ഫെലോ എന്ന ബ്രിട്ടീഷ് എഞ്ജിനിയറാണ് എ.ടി.എമ്മിൽ ഉപയോഗിക്കുന്ന, വ്യക്തിസൂചീസംഖ്യ (പിൻ നമ്പർ) ഉപയോഗിച്ചുള്ള കാർഡുകൾ വികസിപ്പിച്ചത്. 1968ൽഅമേരിക്കയിലെ ഡാലസിലാണ് തന്തുജാലം (Network) ഉപയോഗിച്ചു പരസ്പരം ബന്ധിച്ച എ.ടി.എമ്മുകൾ സ്ഥാപിക്കപ്പെട്ടത്. 1995 ൽ അമേരിക്കൻ ചരിത്രാന്വേഷണത്തിനായുള്ള സ്മിത്സോണിയൻ ദേശീയ മ്യൂസിയം തന്തുജാലബന്ധിത ഏ.ടി.എമ്മുകളുടെ കണ്ടുപിടിത്തക്കാരായി, അവ സ്ഥാപിച്ച ഡോനൾഡ് വെറ്റ്സെല്ലിനേയും, അദ്ദേഹം ജോലിചെയ്തിരുന്ന ഡോക്യൂട്ടെൽ എന്ന കമ്പനിയേയും പിന്നീട്അംഗീകരിച്ചു. ഇംഗ്ലണ്ടിൽ, തന്തുജാലബന്ധിത എ.ടിമ്മുകൾ പ്രത്യക്ഷപ്പെടുന്നത് 1973 ലാണ്. ലോയ് ഡ്സ് ബാങ്കിനു വേണ്ടി ഐ.ബി.എം. ആണ് അവ നിർമ്മിച്ചത്.
എ.ടി. എം സേവനങ്ങൾ ഉപയോഗിക്കുവാൻ, ഒരാൾക്ക്, ആ യന്ത്രം സ്ഥാപിച്ചിരിക്കുന്ന ബാങ്ക്/സ്ഥാപനം നൽകിയിരിക്കുന്ന കാർഡുo രഹസ്യസംഖ്യയും ഉണ്ടായിരിക്കണം. കാർഡ് യന്ത്രത്തിലെ നിശ്ചിത ദ്വാരത്തിൽ നിക്ഷേപിക്കുമ്പോൾ, ഉപയോക്താവിന്റെ രഹസ്യസംഖ്യ നൽകാൻ യന്ത്രം ആവശ്യപ്പെടും. അപ്പോൾ യന്ത്രത്തിലെ കീബോർഡിൽക്കൂടി ആ സംഖ്യ നൽകണം,. യന്ത്രം ശീട്ടിലെ വിവരങ്ങളും രഹസ്യസംഖ്യയും ബാങ്കിലെ വിവരങ്ങളുമായി ഒത്തുനോക്കി, അവ ശരിയാണെങ്കിൽ, യന്ത്രം, ലഭ്യമായ സേവനങ്ങളുടെ ഒരു പട്ടിക കാണിക്കും. ആവശ്യമുള്ള സേവനം ഏതാണെന്ന് യന്ത്രത്തിൽ ലഭ്യമായ മറ്റു ബട്ടണുകൾ അമർത്തി തെരഞ്ഞെടുക്കാം. തെരഞ്ഞെടുത്ത സേവനത്തിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ നൽകാൻ യന്ത്രം തുടർന്നു ചോദിച്ചേക്കാം. ഉപയോക്താവ് ആവശ്യപ്പെട്ട സേവനം പൂർത്തിയായ ശേഷം യന്ത്രം കാർഡ്മടക്കി നൽകും. ചിലപ്പോൾ, നടത്തിയ സേവനത്തിന്റെ ഒരു സംക്ഷിപ്തം ഒരു കടലാസിൽ അച്ചടിച്ചു നൽകുകയും ചെയ്യും.
ചില യന്ത്രങ്ങളിൽ, വിവരങ്ങളൊത്തു നോക്കിയ ഊടൻ തന്നെ കാർഡ്മടക്കി നൽകുന്നുണ്ട്. യാതൊരു കാരണവശാലും ശീട്ട് നഷ്ടപ്പെടാതെ സൂക്ഷിക്കുകയും രഹസ്യസംഖ്യ മറ്റൊരാൾക്കും വെളിപ്പെടുത്താതിരിക്കുകയും വേണം. സേവനച്ചുരുക്കം അച്ചടിച്ച തുണ്ടുകടലാസ് ആവശ്യം കഴിഞ്ഞാൽ പൂർണ്ണമായി നശിപ്പിക്കുകയും ചെയ്യേണ്ടത് വളരെ ആവശ്യമാണ്. അല്ലെങ്കിൽ തട്ടിപ്പുകൊണ്ട് ബാങ്കു നിക്ഷേപം നഷ്ടപ്പെടാനോ, മറ്റു രീതിയിൽ ധനനഷ്ടം ഉണ്ടാകാനോ സാധ്യതയുണ്ട്.
പണം നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്യുക എന്ന പ്രാഥമിക ഉപയോഗത്തിനുപരിയായി മറ്റു പല സേവനങ്ങളും ഈ യന്ത്രം വഴി നടത്താൻ കഴിയും. പാസ് ബുക്കു പതിക്കുക,ബാങ്ക് അക്കൗണ്ടുസ്റ്റേറ്റ്മെന്റ് എടുക്കുക,ചെക്കുകൾ നിക്ഷേപിക്കുക,വായ്പയും പലിശയും തിരിച്ചടക്കുക, വൈദ്യുതിക്കരം വെള്ളക്കരം, ഫോൺബില്ലുകൾ തുടങ്ങിയവ അടക്കുക,തപാൽ സ്റ്റാമ്പുകൾ, തീവണ്ടി ടിക്കറ്റുകൾ തുടങ്ങിയവ വാങ്ങുക എന്നിവക്കെല്ലാം എടിഎം കാർഡ് ഉപയോഗിക്കാം.
ന്യൂയോർക്ക് കെമിക്കൽ ബാങ്കിനു വേണ്ടി 1969ൽ ഡോക്യൂടെൽ എന്ന കമ്പനി സ്ഥാപിച്ച ഡോക്യൂടെൽ മെഷീനാണ് ഇപ്പോൾ പ്രചാരത്തിലുള്ള എ.ടി.എമ്മുകളുടെ യഥാർതഥ മുൻഗാമി എന്നും പറയപ്പെടുന്നുണ്ട്. ഡൊണാൾഡ് സി.വെറ്റ്സെൽ ആണിതു നിർമ്മിച്ചത്.ഇന്തൃയിലെ ആദ്യത്തെ എ.ടി.എം 1987ൽ മുംബൈയിൽ തുറന്നത് ദി ഹോങ്കോങ്ങ് ആൻഡ് ഷ്വാങ്ഹായി ബാങ്കിങ്ങ് കോർപ്പറേഷനാണ്(HSBC). കേരളത്തിലേ ആദ്യത്തെ എ.ടി.എം. 1992ൽ തിരുവനന്തപുരത്ത് തുടങ്ങിയത് ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റാണ്. ലോകത്തിലെതന്നെ ആദ്യത്തെ ഒഴുകുന്ന എ.ടി.എം. 2004 ഫെബ്രുവരിയിൽ തുടങ്ങിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയാണ്. കൊച്ചിക്കും വൈപ്പിനുമിടയിൽ സർവ്വീസ് നടത്തുന്ന ഒരു ജങ്കാർ ബോട്ടിലായിരുന്നു ഈ എ.ടി.എം.ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എ.ടി.എം. സിക്കീമിലെ തെഗുവിലാണുള്ളത്. ആക്സിസ് ബാങ്കാണിത് തുറന്നത്.
എടിഎം കാർഡുകൾ ഇന്ന് ഏറെ പ്രചാരത്തിലുള്ളവയാണ്. ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാവർക്കും എടിഎം കാർഡും ഉണ്ടാകും. പണമിടപാടുകൾക്ക് ഏറ്റവും എളുപ്പമുള്ള മാർഗമാണിത്. എടിഎം തട്ടിപ്പുകളും പലതും ഉണ്ടായിട്ടുണ്ടെങ്കിലും അതൊക്കെ പരിഹരിച്ച് മുന്നോട്ടു പോകാൻ കഴിഞ്ഞിട്ടുണ്ട്. തട്ടിപ്പുകളിൽ പെടാതെ ഇരിക്കാൻ ബാങ്ക് നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ മാത്രം മതി.
തയ്യാറാക്കിയത്
നീതു ഷൈല