സംസ്ഥാനത്ത് ഇന്നും കടുത്ത ചൂടിന് സാധ്യത. 14 ജില്ലകളിലും താപനില 35 ഡിഗ്രിക്ക് മുകളിലാണ്. പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസും, കൊല്ലത്ത് 40 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് ഉയരുമെന്ന് റിപ്പോർട്ടുണ്ട്.
സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി. വേനൽക്കാലത്ത് കറുത്ത ഗൗൺ ധരിച്ച് ഹാജരാകുന്നതിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ അപേക്ഷ സമർച്ചതിനെ തുടർന്നാണ് ഫുൾ കോർട്ട് പ്രമേയം പാസ്സാക്കിയത്.ജില്ലാ കോടതികളിൽ വെള്ള ഷർട്ടും പാന്റും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം. മെയ് 31 വരെ കറുത്ത കോട്ടും ഗൗണും നിർബന്ധമില്ല.
കേരളത്തില്‍ പ്രണയത്തിൻ്റെ പേരിൽ ജിഹാദില്ലെന്ന് കെഎൻഎം സംസ്ഥാന വൈസ് പ്രസിഡന്‍റ് ഹുസൈൻ മടവൂർ. മത സൗഹാർദ്ദം തകർക്കുന്ന രീതിയിൽ തയ്യാറാക്കിയ കേരള സ്റ്റോറി സിനിമ ജനങ്ങൾ അംഗീകരിക്കില്ലെന്നും, കേരളത്തിൽ എല്ലാവരും ഒന്നാണ്, അതാണ് കേരളത്തിന്റെ ചരിത്രവും പാരമ്പര്യവുമെന്നും ഹുസൈൻ മടവൂർ കോഴിക്കോട്ടെ ഈദ് ഗാഹിൽ പറഞ്ഞു. അതോടൊപ്പം കേരള സ്റ്റോറിയില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്ര ഗവൺമെന്റ് തന്നെ പാർലമെന്റിൽ വ്യക്തമാക്കിയതാണെന്നും പാളയം ഇമാം വി പി ശുഹൈബ് മൗലവിയും വിമർശിച്ചു. കൂടാതെ പലസ്തീനോട് ഐക്യദാർഢ്യപ്പെടാൻ കഴിയുന്നില്ലെങ്കിൽ പെരുന്നാളിന് അർത്ഥമില്ലെന്നും, പലസ്തീനൊപ്പം നിൽക്കുക എന്നാൽ മനുഷ്യത്വത്തിന് ഒപ്പം നിൽക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആര്‍എല്‍ ഉദ്യോഗസ്ഥന് നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. ഫിനാൻസ് ചുമതല ഉള്ള ഉദ്യോഗസ്ഥനെയാണ് ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ നാളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുള്ളത്. കേന്ദ്ര സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും അന്വേഷണം തുടരുന്നതിനിടെയാണ് ഇഡി അന്വേഷണവും നടക്കുന്നത്. അന്വേഷണത്തിന്‍റെ അടുത്ത പടിയായി വീണയടക്കമുളള എതിർകക്ഷികളിൽ നിന്ന് രേഖകൾ ആവശ്യപ്പെട്ടേക്കും.
മണിപ്പുർ കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററി പ്രദർശിപ്പിച്ച് വൈപ്പിൻ സാൻജോപുരം സെൻ്റ് ജോസഫ്സ് പള്ളി. സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഇന്‍റന്‍സീവ് ബൈബിൾ കോഴ്സിന്‍റെ ഭാഗമായാണ് വിശ്വാസപരിശീലനത്തിനെത്തുന്ന വിദ്യാർഥികളെ ഡോക്യുമെന്‍ററി കാണിച്ചത്. മണിപ്പൂർ ദ ക്രൈ ഓഫ് ദ ഒപ്രസ്ഡ് എന്ന ഡോക്യുമെന്‍ററിയാണ് പ്രദർശിപ്പിച്ചത്. മണിപ്പുർ കലാപത്തെകുറിച്ചും കുട്ടികൾ അറിഞ്ഞിരിക്കണമെന്നതാണ് പള്ളിയുടെ നിലപാട്.
മകന്‍ തോല്‍ക്കണമെന്നും, പാര്‍ട്ടി ജയിക്കുമെന്നും പറഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്‍റണിയുടെ പ്രസ്താവന ഔന്നിത്യത്തിലുള്ളതാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആന്റണിക്ക് എതിരായ അനിലിന്റെ മറുപടി ജനം വിലയിരുത്തട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാനൂരിലെ ബോംബ് നിർമാണത്തെ കുറിച്ച് മുഴുവൻ പ്രതികൾക്കും അറിവുണ്ടായിരുന്നുവെന്നും രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടായിരുന്നു നിർമ്മാണമെന്നും റിമാൻഡ് റിപ്പോർട്ട്. മണൽ കൊണ്ടിട്ട് തെളിവ് നശിപ്പിക്കാനും പ്രതികൾ ശ്രമിച്ചുവെന്നും കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് റിമാൻഡ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ബോംബ് നിർമാണത്തിനുള്ള വസ്തുക്കൾ ഇവർക്ക് എത്തിച്ചുനൽകിയത് ആരെന്നും സ്റ്റീൽ ബോംബുണ്ടാക്കാൻ പരിശീലനം എവിടുന്ന് കിട്ടിയെന്നും അന്വേഷിക്കുന്നുണ്ട്. പ്രതികളിൽ നിരവധി ക്രിമിനൽ കേസുകൾ ഉളളവർക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ് ശുപാർശ നൽകിയേക്കും.
പാലക്കാട് മലമ്പുഴ കൊട്ടേക്കാടിന് സമീപം ട്രെയിൻ തട്ടി കാട്ടാനയ്ക്ക് പരുക്കേറ്റു. ട്രാക്ക് മുറിച്ച്
കടക്കുന്നതിനിടെ രാത്രിയിലാണ് പിടിയാനയ്ക്ക് പിൻകാലിന് പരുക്കേറ്റത്. പരുക്കേറ്റ ആന ട്രാക്കിന് സമീപം നിലയുറപ്പിച്ചിരിക്കുന്നതിനാൽ വനപാലക സംഘം പ്രദേശത്ത് നിരീക്ഷണം തുടരുകയാണ്. ആനയ്ക്ക് ചികിൽസ നൽകാനുള്ള ശ്രമം തുടങ്ങിയതായി വാളയാർ റേഞ്ച് ഓഫിസർ അറിയിച്ചു.
ദല്ലാൾ ടി ജി നന്ദകുമാർ തന്നെ വന്ന് കണ്ടിരുന്നുവെന്നും അനിൽ ആന്റണി വാങ്ങിയ പണം തിരികെ കിട്ടാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും കോൺഗ്രസിലെ മുതിർന്ന നേതാവ് പി ജെ കുര്യൻ വെളിപ്പെടുത്തി. എത്ര രൂപയാണ് കിട്ടാനുള്ളതെന്നോ, എന്തിന് വേണ്ടിയാണ് പണം നൽകിയത് എന്നോ തനിക്കറിയില്ലെന്നും, അനിൽ ആൻ്റണി തിരിച്ചുവന്നാൽ കോൺഗ്രസിൽ എടുക്കണമെന്നും പി ജെ കുര്യൻ ആവർത്തിച്ചു. ഇന്ത്യ മുന്നണി ജയിക്കുമ്പോൾ അനിൽ ആന്റണി കോൺഗ്രസിലേക്ക് തിരിച്ചുവരുമെന്നും അങ്ങനെയാണ് അനിലിന്റെ സ്വഭാവവെന്നും പി ജെ കുര്യൻ പറഞ്ഞു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തി. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പിഎ മഹേഷ്, വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ എന്നിവരാണ് മെമ്മറി കാർഡ് പരിശോധിച്ചത്. സംഭവത്തില്‍ വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ കേസെടുത്ത് അന്വേഷണം വേണമെന്നും, ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന് ചുമതല നൽകണമെന്നും ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകി.
സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിനായി 25 ലക്ഷം രൂപ തന്റെ കയ്യിൽ നിന്നും വാങ്ങിയെന്ന ദല്ലാൾ നന്ദകുമാറിന്റെ ആരോപണം തള്ളി അനിൽ ആന്റണി. സ്വന്തം വീട്ടിൽ മോഷണം നടത്തിയ ആളാണ് നന്ദകുമാറെന്നും 12 വർഷം മുൻപ് നന്ദകുമാറിനെ കണ്ടിട്ടുണ്ടെന്നും അനിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പി.ജെ.കുര്യന്റെ ശിഷ്യൻ പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയും കുടുംബവും നിരവധി സഹകരണ ബാങ്കുകൾ കൊള്ളയടിച്ചുവെന്നും, ഇ. ഡി. യിൽ വരെ പരാതിയെത്തിയിട്ടുണ്ട്. ഇപ്പോൾ ആന്റോ ആന്റണിയും അദ്ദേഹത്തിന്റെ ഗുരു പി.ജെ. കുര്യൻ ചേർന്നാണ് നന്ദകുമാറിനെ ഇറക്കിയിരിക്കുന്നതെന്നും , 2013 ന് ശേഷം നന്ദകുമാറിനെ താൻ കണ്ടിട്ടില്ല. പി.ജെ കുര്യൻ കള്ളം പറയുകയാണെന്നും അനിൽ വ്യക്തമാക്കി.
ഒറ്റപ്പാലത്തെ മീറ്റ്‌ന തടയണയിലെ രണ്ട് ഷട്ടറുകൾ സാമൂഹ്യവിരുദ്ധർ അഴിച്ചുമാറ്റിയ നിലയിൽ കണ്ടെത്തി. ഇതോടെ തടയണയിലെ വെള്ളം പകുതിയായി കുറഞ്ഞു. വേനലിൽ ഒറ്റപ്പാലം ഭാഗത്തെ കുടിവെള്ള ആശ്രയമായിരുന്നു തടയണ. രണ്ട് തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ 17,000ത്തോളം കുടുംബങ്ങൾക്കാണ് തടയണ വഴി വെള്ളം വിതരണം ചെയ്യുന്നത്.
മലപ്പുറത്തെ പൊന്നാനി പെരുമ്പടപ്പിലെ പ്രശസ്തമായ കാട്ടുമാടം മനയില്‍ മോഷണം. പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും മോഷ്ടാവ് കവര്‍ന്നു. പെരുമ്പടപ്പ് പൊലീസ് അന്വേഷണം തുടങ്ങി.മനയുടെ മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് പുരാതന വിഗ്രഹങ്ങള്‍ കവര്‍ന്നു. ഏറെ പഴക്കമുള്ള വിഗ്രഹങ്ങളാണിത്. വിഗ്രഹങ്ങളില്‍ ചാര്‍ത്തിയ പത്തു പവനോളം സ്വര്‍ണാഭരണങ്ങളും കവർന്നിട്ടുണ്ട്.
കോട്ടയം തലയോലപ്പറമ്പിനടുത്ത് വെള്ളൂരിൽ ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു. വെള്ളൂർ സ്വദേശികളായ വൈഷണവ്, ജിഷ്ണു വേണുഗോപാൽ എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. വെള്ളൂർ ശ്രാങ്കുഴി ഭാഗത്ത് വെച്ചാണ് യുവാക്കളെ ട്രെയിൻ ഇടിച്ചിട്ടത്.
പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. മാള സ്വദേശിനി നീതുവാണ് മരിച്ചത്. പോട്ട പാലസ് ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിലെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. യുവതിയുടെ ബന്ധുക്കൾ ചാലക്കുടി പൊലീസിൽ പരാതി നൽകി. ചികിത്സ രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. അനസ്തേഷ്യയ്ക്ക് ശേഷം യുവതി ഫിക്സ് വന്ന് അബോധാവസ്ഥയിലായതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വയനാട്ടില്‍ സ്കൂട്ടർ മതിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബത്തേരി കരിവള്ളിക്കുന്ന് ശങ്കരമംഗലത്ത് സജിയുടെ മകൻ വിഷ്ണു സജി, മണ്ടണ്ടിക്കൂന്ന് കാണിരത്തിങ്കൽ വാസൻ്റെ മകൻ അമൽ എന്നിവരാണ് മരിച്ചത്.
ചെവ്വാഴ്ച്ച രാത്രി 11 മണിയോടെ ബത്തേരിക്കടുത്ത തിരുനെല്ലിയിലാണ് അപകടമുണ്ടായത്. മൂലങ്കാവ് ഭാഗത്തുനിന്നും ബത്തേരി ടൗണിലേക്ക് ഇരുവരും വന്ന സ്കൂട്ടർ പാതയോരത്തെ മതിലിലിടിച്ചാണ് അപകടം സംഭവിച്ചത്.
ഹൈക്കോടതി ഉത്തരവ് തെറ്റായ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ച് അരവിന്ദ് കെജ്രിവാൾ. മദ്യനയം രൂപീകരിച്ചത് കെജ്‌രിവാളിന്റെ അറിവോടെയാണെന്ന രേഖകളാണ് ഇഡി ഹാജരാക്കിയത്. ഇതിലൂടെ കിട്ടിയ പണം ഗോവ തെരഞ്ഞെടുപ്പിന് ചെലവാക്കിയെന്ന് വ്യക്തമാക്കുന്ന സാക്ഷി മൊഴികളുണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ രാഷ്ട്രീയം നോക്കിയല്ല നിയമം നോക്കിയാണ് കോടതി തീരുമാനം എടുക്കുന്നതെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
അലോപ്പതി മരുന്നുകൾക്കെതിരായ പതഞ്ജലിയുടെ പരസ്യങ്ങൾ അംഗീകരിക്കാനാകില്ലെന്നും അത് പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്നും ആയുഷ് മന്ത്രാലയം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. കൊവിഡ് പ്രതിരോധം എന്ന പേരിൽ പതഞ്ജലി പുറത്തിറക്കിയ കൊറോണിലിന് പരസ്യം നൽകരുതെന്ന് നിർദ്ദേശിച്ചുവെന്നും ഇതിന്റെ ക്ലിനിക്കൽ ട്രയൽ പൂർത്തിയായിരുന്നില്ലെന്നും സത്യവാങ്മൂലത്തിൽ പരാമർശമുണ്ട്. കോടതി വിമർശനത്തിന് പിന്നാലെയാണ് കേന്ദ്രം സത്യവാങ്മൂലം നൽകിയത്.
മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിൽ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം. ഏറെക്കാലമായി ഉപയോഗിക്കാതിരുന്ന കിണറിൽ കർഷകൻ ബയോഗ്യാസിന്റെ സ്ലറി സൂക്ഷിക്കാനായി ഉപയോഗിക്കുകയായിരുന്നു. ഈ കിണറിലാണ് വീട്ടുകാരുടെ വളർത്തുപൂച്ച വീണത് പൂച്ചയെ രക്ഷിക്കാനായി കുടുംബത്തിലെ ഒരാൾ ഇറങ്ങുകയും ഇയാൾക്ക് ദേഹാസ്വസ്ഥ്യമുണ്ടായതോടെ കുടുംബത്തിലെ മറ്റാളുകൾ ഒന്നിന് പിറകേ ഒന്നായി ഇറങ്ങി കിണറിൽ കുടുങ്ങുകയായിരുന്നു.
കാനഡയിലെ തെക്കൻ എഡ്മണ്ടനിലുണ്ടായ വെടിവയ്പില്‍ ഇന്ത്യന്‍ വംശജനുള്‍പ്പടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. എഡ്മണ്ടൻ ആസ്ഥാനമായി ഗില്‍ ബില്‍റ്റ് ഹോംസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഇന്ത്യൻ വംശനായ ബുട്ടാ സിങ് എന്നയാളടക്കം രണ്ട് പേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് വെടിവെപ്പ് നടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.