‘ആടുജീവിതം’ ചിത്രത്തിന്റെ ഓപ്പണിംഗ് ദിന കളക്ഷന്‍ പുറത്തുവന്നു. സാക്നില്‍.കോം കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്നും ചിത്രം ആദ്യ ദിനം 7.75 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ 15 കോടി നേടി എന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളത്തില്‍ 57.79 ശതമാനമായിരുന്നു തിയേറ്റര്‍ ഒക്യുപെന്‍സി. കന്നഡയില്‍ 4.14 ശതമാനവും, തമിഴില്‍ 17.84 ശതമാനവും, തെലുങ്കില്‍ 14.46 ശതമാനവും, ഹിന്ദിയില്‍ 4.14 ശതമാനവുമാണ് ചിത്രത്തിന് ലഭിച്ച തിയേറ്റര്‍ ഒക്യുപെന്‍സി. എ.ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ജിമ്മി ജീന്‍ ലൂയിസ്, കെ ആര്‍ ഗോകുല്‍, താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം ആദ്യദിവസം കേരളത്തില്‍ നിന്നും 5.83 കോടി രൂപയാണ് ആടുജീവിതം സ്വന്തമാക്കിയത്. ഈ വര്‍ഷം റിലീസ് ചെയ്ത സിനിമകളില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ സിനിമ എന്ന ഖ്യാതിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 5.85 കോടിയുമായി മലൈക്കോട്ടൈ വാലിബന്‍ ആണ് ഒന്നാമത്. മഞ്ഞുമ്മല്‍ ബോയ്‌സ് 3.35 കോടി, ഓസ്‌ലര്‍ 3.10 കോടി, ഭ്രമയുഗം 3.05 കോടി എന്നിവയാണ് ടോപ് ഫൈവിലുള്ള ആദ്യദിനത്തില്‍ കസറിയ മലയാള സിനിമകള്‍.