ചൈനീസ് ചാരക്കപ്പലിന് ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖത്ത് നങ്കൂരമിടാന്‍ അനുമതി. ഗവേഷണ കപ്പലാണെന്ന് ചൈന അവകാശപ്പെടുന്ന ‘യുവാന്‍ വാങ് അഞ്ചി’നാണ് ശ്രീലങ്ക അനുമതി നല്‍കിയത്. ഇന്ത്യയുടെ ശക്തമായ എതിര്‍പ്പുമൂലം കപ്പലിനെ നങ്കൂരമിടാന്‍ അനുവദിക്കാതെ പുറംകടലില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു.
എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷം നാളെ. വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയര്‍ത്തിയാണ് ആഘോഷം. ചെങ്കോട്ടയില്‍ നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തിയശേഷം പ്രസംഗിക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു ഇന്നു വൈകുന്നേരം ഏഴിനു രാജ്യത്തെ അഭിസംബോധന ചെയ്യും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പതിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തും. ഡല്‍ഹി അടക്കമുള്ള നഗരങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
യുദ്ധത്തെത്തുടര്‍ന്ന് യുക്രെയിനില്‍നിന്നു മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ സന്നദ്ധമാണെന്ന് യുക്രെയ്ന്‍ അറിയിച്ചതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ആരോഗ്യ-വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും ജയശങ്കര്‍ പറഞ്ഞു.
തുവര പരിപ്പ് അടക്കമുള്ള ഭക്ഷ്യധാന്യങ്ങളുടെ വില കുതിച്ചുയര്‍ന്നു. കിലോയ്ക്ക് മുപ്പതു രൂപ വരെയാണ് വര്‍ധന. നൂറു രൂപയുണ്ടായിരുന്ന പരിപ്പിന് 130 രൂപയായി. രണ്ടാം തരം പരിപ്പിന് 95 രൂപയില്‍നിന്ന് 115 രൂപയായി. പയര്‍- 95, മുതിര- 85, ഉഴുന്ന്- 125, കടല- 80, ചെറുപയര്‍- 105 എന്നിങ്ങനെയാണു വില. ഇവയ്ക്കെല്ലാം കിലോയ്ക്ക് 15 മുതല്‍ 30 വരെ രൂപ വില വര്‍ധിച്ചു. മുളകിനാണു റിക്കാര്‍ഡ് വില വര്‍ധന. 325 രൂപ. നൂറിലേറെ രൂപയാണു വര്‍ധിച്ചത്. അരിക്ക് കിലോയ്ക്ക് അഞ്ചു രൂപയോളം വര്‍ധിച്ചു. വിലവര്‍ധിക്കാന്‍ കാരണം വ്യാപാരികളുടെ പൂഴ്ത്തിവയ്പാണോയെന്നു പരിശോധിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
‘ആസാദ് കാഷ്മീര്‍’ പരാമര്‍ശം നടത്തിയ കെ.ടി ജലീലിനെതിരെ ഡല്‍ഹി പൊലീസില്‍ പരാതി. തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ അഭിഭാഷകന്‍ ജി.എസ് മണിയാണ് പരാതി നല്‍കിയത്. സിപിഎം താക്കീതു നല്‍കിയതോടെ ജലീല്‍ വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. പോസ്റ്റിലെ പരമാര്‍ശങ്ങള്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതിനാല്‍ പിന്‍വലിക്കുകയാണെന്ന് ജലീല്‍ വ്യക്തമാക്കി.
ചെന്നൈ നഗരത്തില്‍ പട്ടാപ്പകല്‍ ജീവനക്കാരന്റെ നേതൃത്വത്തില്‍ ബാങ്ക് കൊള്ള. ഫെഡ് ബാങ്ക് അരുമ്പാക്കം ശാഖയില്‍ നിന്ന് 20 കോടി രൂപയാണു കവര്‍ന്നത്. സുരക്ഷാ ജീവനക്കാരന് മയക്കുമരുന്ന് നല്‍കി മയക്കി കിടത്തി ജീവനക്കാരെ കെട്ടിയിട്ടാണ് കവര്‍ച്ച.
തീരദേശ മേഖലയ്ക്കുള്ള എല്ലാ അവകാശങ്ങളും കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം പുതിയ ഫിഷറീസ് നയം കൊണ്ടുവരുന്നത് കുത്തകകളെ സഹായിക്കാനാണ്. ജനങ്ങളെ ബാധിക്കുന്ന എല്ലാ മേഖലകളും കോര്‍പ്പറേറ്റുകള്‍ക്ക് എഴുതി കൊടുക്കുന്നതാണ് കേന്ദ്രത്തിന്റെ നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിഐടിയു കൊല്ലത്ത് സംഘടിപ്പിച്ച മല്‍സ്യത്തൊഴിലാളി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാര്‍. കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കു പരാതി നല്‍കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളാണെങ്കിലും അവരെ പ്രതികളാക്കാതെയാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനു പിറകെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. പൊലീസുദ്യോഗസ്ഥരെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി ഈ മാസം അവസാനത്തോടെ പരിഗണിക്കുന്നുണ്ട്.