ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയയെയും(ഒഎസ്എ) ഇതിന്റെ ഭാഗമായ കൂര്‍ക്കംവലിയെയും സ്വാധീനിക്കാന്‍ നാം കഴിക്കുന്ന ഭക്ഷണവിഭവങ്ങള്‍ക്ക് സാധിക്കുമെന്ന് പഠനം. ഉയര്‍ന്ന തോതില്‍ സംസ്‌കരിക്കപ്പെട്ട ഭക്ഷണങ്ങള്‍, മധുരപാനീയങ്ങള്‍, അമിതമായ തോതില്‍ മധുരവും ഉപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയെല്ലാം ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയയുടെ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഇആര്‍ജെ ഓപ്പണ്‍ റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നേരെ മറിച്ച് പച്ചക്കറികള്‍, പഴങ്ങള്‍, ഹോള്‍ ഗ്രെയ്നുകള്‍, നട്സ് എന്നിവ സമൃദ്ധമായി അടങ്ങിയ ഭക്ഷണവിഭവങ്ങള്‍ ഒഎസ്എ സാധ്യത ഗണ്യമായി കുറയ്ക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഓസ്ട്രേലിയയിലെ അഡ്ലൈഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഉറക്കത്തിന്റെ സമയത്ത് ശ്വാസനാളിയുടെ മേല്‍ഭാഗം പല തവണ തടസ്സപ്പെടുന്ന അവസ്ഥയാണ് ഒഎസ്എ. കൂര്‍ക്കംവലി, ഇടയ്ക്ക് ശ്വാസം നിന്നു പോകല്‍, ഉറക്കത്തില്‍ ശ്വാസം ലഭിക്കാനുള്ള വീര്‍പ്പ് മുട്ടല്‍ എന്നിവയെല്ലാം ഒഎസ്എ ലക്ഷണങ്ങളാണ്. അമിതവണ്ണം, വലിയ ടോണ്‍സിലുകള്‍, ഹോര്‍മോണ്‍ തോതിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം ശ്വാനാളിയെ ചുരുക്കി ഒഎസ്എയിലേക്ക് നയിക്കാം. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് ഒഎസ്എ വരാനുള്ള സാധ്യത രണ്ട് മുതല്‍ മൂന്ന് മടങ്ങ് അധികമാണ്. 14,000 പേരില്‍ നടത്തിയ പഠനത്തില്‍ ആരോഗ്യകരമായ സസ്യാധിഷ്ഠിത ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഒഎസ്എ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 19 ശതമാനം കുറവാണെന്ന് കണ്ടെത്തി. എയറോബിക്, റെസിസ്റ്റന്‍സ് വ്യായാമം ചെയ്ത് ഭാരം കുറയ്ക്കുന്നതും ഒഎസ്എ സാധ്യത കുറയ്ക്കുമെന്ന് ഗവേഷണറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.