S4 yt cover 3

https://dailynewslive.in/ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അയച്ച ഹൃദയസ്പര്‍ശിയായ സന്ദേശം വായിച്ച് ഭാര്യയും മുന്‍ ഐ.ആര്‍.എസ് ഉദ്യോഗസ്ഥയുമായ സുനിത കെജ്രിവാള്‍. സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരണം. ബി.ജെ.പി പ്രവര്‍ത്തകരോട് വെറുപ്പ് പാടില്ല. അവര്‍ നമ്മുടെ സഹോദരീ സഹോദരന്മാരാണ്. രാജ്യത്തിന് അകത്തും പുറത്തുമുള്ള ശക്തികള്‍ ഇന്ത്യയെ ദുര്‍ബലപ്പെടുത്തുകയാണ്. ഇത്തരം ശക്തികളെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താന്‍ ജാഗരൂകരാകണം. ഒരു ജയിലിനും എന്നെ അധികകാലം അഴിക്കുള്ളിലാക്കാന്‍ കഴിയില്ല. ഞാന്‍ ഉടന്‍ പുറത്ത് വന്ന് നല്‍കിയ ഉറപ്പുകള്‍ പാലിക്കും-കെജ്രിവാള്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

https://dailynewslive.in/ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ അറസ്റ്റും റെയ്ഡും വ്യാപകമായതോടെ തെരഞ്ഞെടുപ്പ് കാലത്തെ അറസ്റ്റും റെയ്ഡും നിരീക്ഷിക്കാന്‍ പ്രത്യേക സമിതി വേണമെന്ന് ഇന്ത്യ സഖ്യം. തെരഞ്ഞെടുപ്പ് കമ്മീഷനോ കമ്മീഷന് കീഴിലുള്ള പ്രത്യേക സമിതിയോ നിരീക്ഷിക്കണമെന്നാണ് ആവശ്യം. ഈ സമിതിയുടെ അംഗീകാരമില്ലാതെ അറസ്റ്റോ, റെയ്ഡോ അനുവദിക്കരുതെന്നും ഇന്ത്യ സഖ്യ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ഇന്ത്യ സഖ്യം സുപ്രീം കോടതിയെയും സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ ഈ മാസം 31 ന് ഡല്‍ഹിയില്‍ ഇന്ത്യ സഖ്യം റാലി നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ എഎപി ഡല്‍ഹി നിയമസഭാംഗം ഗുലാബ് സിങ് യാദവിന്റെ വീട്ടില്‍ ഇഡി സംഘം പരിശോധന നടത്തി.

https://dailynewslive.in/ മദ്യനയ കേസിലെ മാപ്പുസാക്ഷി ശരത് ചന്ദ്ര റെഡ്ഡി ഇഡി അറസ്റ്റിന് പിന്നാലെ ബിജെപിക്ക് 55 കോടി രൂപ നല്‍കിയെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. ഇഡി ആദ്യം അറസ്റ്റ് ചെയ്യേണ്ടത് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയെയാണെന്നും മദ്യനയ കേസിലെ പ്രതി പണം നല്‍കിയത് ബിജെപിക്കാണെന്ന് തെളിഞ്ഞുവെന്നും അവര്‍ ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മദ്യനയക്കേസിലെ പണം ഇടപാടൊന്നും ഇഡിക്ക് തെളിയിക്കാനായിട്ടില്ലെന്നും ഒരാളുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതെന്നും എഎപി നേതാവ് അതിഷി മര്‍ലേന ആരോപിച്ചു.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

https://dailynewslive.in/ ഇഡി കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനവും എഎപി ദേശീയ കണ്‍വീനര്‍ സ്ഥാനവും രാജിവെക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ജയിലില്‍ നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുമെന്നും ഭരണനിര്‍വ്വഹണ ചുമതല മന്ത്രിമാരില്‍ ആര്‍ക്കെങ്കിലും നല്‍കുമെന്നാണ് ഇപ്പോഴത്തെ വിവരം. അതേസമയം ഇ ഡി കേസും നടപടിയും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാനാണ് എഎപിയുടെ ശ്രമം. ഇതിനായി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യയെയും പ്രചാരണത്തിന് ഇറക്കാന്‍ എഎപി ആലോചിക്കുന്നുണ്ട്.

https://dailynewslive.in/ രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ സംസ്ഥാനത്തിന്റെ ഹര്‍ജി. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകുന്നതിനെതിരെയാണ് കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. രാഷ്ട്രപതിയുടെ സെക്രട്ടറിയെ കക്ഷി ചേര്‍ത്താണ് കേരളം ഹര്‍ജി നല്‍കിയിരിക്കുന്നത്.

https://dailynewslive.in/ കേരളത്തിലും ഇഡി വരട്ടെയെന്നും വരുമ്പോള്‍ കാണാമെന്നും ഒന്നും നടക്കാന്‍ പോകുന്നില്ലെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ്. കെജ്രിവാളിനെ പോലെ പിണറായി വിജയനും കുടുങ്ങുമെന്ന ബിജെപിയുടെ പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു റിയാസ്. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണെന്നും റിയാസ് പ്രതികരിച്ചു.

https://dailynewslive.in/ സി.എ.എ. വിഷയത്തില്‍ കോണ്‍ഗ്രസിന് ഓരോ പഞ്ചായത്തിലും ഓരോ നിലപാടാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ബി.ജെ.പിയുടെ മെഗാഫോണായി മാറുന്നുവെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

*തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സിലെ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലില്‍ 299 രൂപ മുതലുള്ള സ്പെഷ്യല്‍ കളക്ഷന്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ ആഗോളതാപനത്തിനെതിരെ 8:30 മുതല്‍ 9:30 വരെ ഭൗമ മണിക്കൂറായി ആചരിക്കാന്‍ വൈദ്യുതി മന്ത്രി കൃഷ്ണന്‍ കുട്ടി യുടെ ആഹ്വാനം. അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഈ ഒരു മണിക്കൂര്‍ സമയം ഓഫ് ചെയ്ത് ഭൂമിയെ ആഗോളതാപനത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നും രക്ഷിക്കാനുള്ള ആഗോള സംരംഭത്തില്‍ പങ്കാളികളാകാമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ പൂക്കോട് വെറ്ററിനറി കോളേജില്‍ പീഡനത്തിനിരയായി മരിച്ച സിദ്ധാര്‍ത്ഥന്‍ ക്യാംപസില്‍ ഒപ്പിടല്‍ ശിക്ഷയ്ക്കും വിധേയനായി എന്ന് ആന്റി-റാംഗിങ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ട്. എട്ട് മാസത്തോളം എല്ലാ ദിവസവും സിദ്ധാര്‍ത്ഥനെ കൊണ്ട് നിര്‍ബന്ധിതമായി ഒപ്പിടുവിച്ചുവെന്നാണ് സഹപാഠിയുടെ മൊഴി. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയില്‍ ഉള്ള യൂണിയന്‍ പ്രസിഡന്റ് അരുണിന്റെ മുറിയില്‍ പോയിട്ടായിരുന്നു സിദ്ധാര്‍ത്ഥന്‍ ഒപ്പുവച്ചിരുന്നത്.

https://dailynewslive.in/ സാമ്പത്തിക ബുദ്ധിമുട്ട് കാരണം മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്- ലൈസന്‍സ് വിതരണം അടുത്ത ആഴ്ചയോടെ വീണ്ടും തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ആര്‍സി ബുക്ക്- ലൈസന്‍സ് പ്രിന്റിംഗ് കമ്പനിക്ക് കുടിശ്ശിക ആയതോടെ പ്രിന്റിംഗ് നിര്‍ത്തിവച്ചതോടെയാണ് ആര്‍സി ബുക്ക്- ലൈസന്‍സ് വിതരണം മുടങ്ങിയത്. കരാറുകാര്‍ക്ക് 9 കോടി നല്‍കാന്‍ ഇന്നലെ ധനവകുപ്പ് ഉത്തരവിറക്കിയതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. മാസങ്ങളോളമായി ലക്ഷക്കണക്കിന് പേരാണ് ആര്‍സി ബുക്കോ ലൈസന്‍സോ കിട്ടാതെ വലഞ്ഞത്.

https://dailynewslive.in/ കൊടകര കുഴല്‍ പണക്കേസില്‍ കേസില്‍ പ്രതിയല്ലെന്നും തന്നെ അഴിമതി കേസില്‍ പ്രതിയാക്കാന്‍ കഴിയില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍. സിപിഎം – ബിജെപി ഒത്തുകളിയെത്തുടര്‍ന്ന് കൊടകര കേസ് അന്വേഷണം നിലച്ചെന്ന കോണ്‍ഗ്രസ് ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ കേന്ദ്രമന്ത്രിയെന്ന പദവി ഉപയോഗിച്ച് പൊതുപരിപാടികള്‍ സംഘടിപ്പിച്ച് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ വോട്ടുതേടുകയാണെന്നും തുടര്‍ച്ചയായി പെരുമാറ്റ ചട്ടം ലംഘിക്കുന്നുവെന്നും ആരോപിച്ച് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം.വിജയകുമാര്‍. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് എല്‍ഡിഎഫ് പരാതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ കലാമണ്ഡലം സത്യഭാമ വംശീയമായി അധിക്ഷേപിച്ച ആര്‍എല്‍വി രാമകൃഷ്ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കേരള കലാമണ്ഡലം. ക്ഷണം സ്വീകരിച്ച ആര്‍എല്‍വി രാമകൃഷ്ണന്‍ ചൊവ്വാഴ്ചയാണ് കലാമണ്ഡലത്തിന്റെ കൂത്തമ്പലത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കുക. ആദ്യമായാണ് തനിക്ക് ഇത്തരമൊരു അവസരം കിട്ടുന്നതെന്ന് കലാമണ്ഡലത്തിലെ ഗവേഷക വിദ്യാര്‍ത്ഥി കൂടിയായിരുന്ന ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു.

https://dailynewslive.in/ അരവിന്ദ് കെജ്രിവാളിനെ ഇ.ഡിയുടെ കസ്റ്റഡിയില്‍വിട്ട് കോടതി ഉത്തരവായതോടെ പഞ്ചാബിലെ മദ്യ നയക്കേസിലും പുനഃരന്വേഷണം ആവശ്യപ്പെട്ട് ബിജെപി. പഞ്ചാബ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ പുനഃരന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജാഖര്‍ ആവശ്യപ്പെട്ടു.

https://dailynewslive.in/ ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരിക്കേ തകര്‍ന്ന സില്‍ക്യാര തുരങ്കത്തിന്റെ നിര്‍മാണം നടത്തിയിരുന്ന കമ്പനി ബി.ജെ.പിക്ക് 55 കോടി രൂപ തിരഞ്ഞെടുപ്പ് ബോണ്ട് വഴി നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദ് ആസ്ഥാനമായുള്ള നവയുഗ എന്‍ജിനീയറിങ് കമ്പനിയാണ് സില്‍ക്യാര തുരങ്കത്തിന്റെ നിര്‍മാണം നടത്തിയിരുന്നത്.

https://dailynewslive.in/ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ മഹുവാ മൊയ്ത്രയുടെ ബംഗാളിലെ വസതിയില്‍ സിബിഐ റെയ്ഡ്. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിന് ഹിരാ നന്ദാനി ഗ്രുപ്പില്‍ നിന്ന് കോടികള്‍ കൈപ്പറ്റിയെന്ന കേസിലാണ് റെയ്ഡ്. അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ആയിരുന്നു മഹുവ മൊയ്ത്രക്കെതിരെ കേസെടുത്തത്.

https://dailynewslive.in/ ഹിമാചലല്‍ പ്രദേശില്‍ കൂറുമാറ്റത്തെ തുടര്‍ന്ന് സ്പീക്കര്‍ അയോഗ്യരാക്കിയ 6 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് സ്വതന്ത്ര എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത ഒന്‍പത് എംഎല്‍എമാരാണ് കേന്ദ്ര മന്ത്രി അനുരാഗ് താക്കുറിന്റെ സാന്നിധ്യത്തില്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെട്ടതിനെ തുടര്‍ന്ന് 6 മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 1 നാണ് ഇവിടങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്.

https://dailynewslive.in/ വിവാഹത്തിനുശേഷം സിന്ദൂരമണിയുകയെന്നത് ഹിന്ദുസ്ത്രീയുടെ കടമയാണെന്നും അതുപാലിക്കാത്തത് ഭാര്യ ഭര്‍ത്താവിനോട് കാണിക്കുന്ന ക്രൂരതയാണെന്നുമുള്ള വിചിത്ര വാദവുമായി മഹാരാഷ്ട്രയിലെ ഇന്‍ഡോര്‍ കുടുബ കോടതി. അഞ്ചു വര്‍ഷമായി ഭര്‍ത്താവില്‍ നിന്ന് മാറി താമസിക്കുന്ന ഭാര്യ, സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ശാരീരികവും മാനസികവുമായി ഉപദ്രവിച്ചെന്ന് ആരോപിച്ചെങ്കിലും വാദം കേട്ടതിന് ശേഷം ഭര്‍ത്താവിനെതിരെ തെളിവുകളൊന്നും ഇല്ലാത്തതിനാല്‍ ഭാര്യയോട് തിരികെ പോകണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.

https://dailynewslive.in/ റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഭീകരാക്രമണത്തില്‍ 62 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ക്രൊക്കസ് സിറ്റി ഹാളില്‍ പ്രമുഖ ബാന്‍ഡായ പിക്നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെയായിരുന്നു വെടിവയ്പ്പ്. വെടിവയ്പ് നടക്കുമ്പോള്‍ സംഭവസ്ഥലത്ത് ആറായിരത്തോളം പേര്‍ ഉണ്ടായിരുന്നു.

https://dailynewslive.in/ ഐപിഎല്ലില്‍ ഇന്ന് രണ്ട് കളികള്‍. ഉച്ചതിരിഞ്ഞ് 3.30 ന് പഞ്ചാബ് കിംഗ്സ് ഡല്‍ഹി കാപ്പിറ്റല്‍സുമായി ഏറ്റുമുട്ടും. കാറപകടത്തില്‍ പരിക്കേറ്റ് നീണ്ട ഒന്നരവര്‍ഷത്തെ ഇടവേളക്കു ശേഷമെത്തുന്ന റിഷഭ് പന്ത് ഡല്‍ഹി കാപ്പിറ്റല്‍സിനു വേണ്ടി ഇന്ന് പാഡണിയുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. വൈകീട്ട് 7.30 ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും.

https://dailynewslive.in/ തുടര്‍ച്ചയായി നാലാം ആഴ്ചയും മുന്നേറിയ ഇന്ത്യയുടെ വിദേശ നാണ്യശേഖരം സര്‍വകാല റെക്കോര്‍ഡില്‍. മാര്‍ച്ച് 15ന് അവസാനിക്കുന്ന ആഴ്ചയില്‍ വിദേശനാണ്യ ശേഖരം 64229 കോടി ഡോളറായി (642.292 ബില്യണ്‍ ഡോളര്‍) ഉയര്‍ന്നതായി റിസര്‍വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് 15ന് അവസാനിച്ച ആഴ്ചയില്‍ വിദേശനാണ്യ ശേഖരത്തില്‍ 639.6 കോടി ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ വിദേശനാണ്യ ശേഖരത്തിലെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തി 56838.6 കോടി ഡോളറായി ഉയര്‍ന്നു. ഒരാഴ്ച കൊണ്ട് 603.4 കോടി ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. വിദേശനാണ്യ ശേഖരത്തിലെ സ്വര്‍ണശേഖരത്തിലും വര്‍ധനയുണ്ടായി. 42.5 കോടി ഡോളറിന്റെ വര്‍ധനയോടെ 5114 കോടി ഡോളറായി വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2023 കലണ്ടര്‍ വര്‍ഷത്തില്‍ വിദേശനാണ്യ ശേഖരത്തില്‍ 5800 കോടി ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2022ല്‍ 7100 കോടി ഡോളറിന്റെ ഇടിവ് നേരിട്ട പശ്ചാത്തലത്തിലാണ് കഴിഞ്ഞവര്‍ഷത്തെ തിരിച്ചുവരവ്.

https://dailynewslive.in/ ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി വാട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ പോകുന്നതാണ്, ഒരേസമയം മൂന്ന് മെസേജുകള്‍ വരെ പിന്‍ ചെയ്യാന്‍ ഉപയോക്താവിനെ അനുവദിക്കുന്ന ഫീച്ചര്‍. നിലവില്‍ ഒരു മെസേജ് മാത്രമേ പിന്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. പകരം ഒരു ചാറ്റില്‍ മൂന്ന് മെസേജുകള്‍ വരെ പിന്‍ ചെയ്ത് വെയ്ക്കാന്‍ കഴിയുന്നത് ഉപയോക്താവിന് ഏറെ പ്രയോജനം ചെയ്യുമെന്നാണ് വാട്‌സ്ആപ്പിന്റെ വിലയിരുത്തല്‍. ഇതുവഴി പ്രധാനപ്പെട്ട സന്ദേശങ്ങള്‍ എളുപ്പം കണ്ടെത്താന്‍ ഉപയോക്താവിന് സാധിക്കും. വരും ദിവസങ്ങളില്‍ തന്നെ ആന്‍ഡ്രോയിഡ്, ഐഒഎസ്, വെബ് വേര്‍ഷനുകളില്‍ ഇത് ലഭ്യമാവുമെന്നാണ് പ്രതീക്ഷ. വാട്‌സ്ആപ്പ് സ്‌ക്രീനിന്റെ വലതുവശത്തുള്ള ത്രീ ഡോട്ട്‌സില്‍ പിന്‍ തെരഞ്ഞെടുത്ത് വേണം ഇത് ആക്ടീവാക്കാന്‍. എത്രനാള്‍ മെസേജ് പിന്‍ ചെയ്ത് വെയ്ക്കണമെന്ന് ഉപയോക്താവിന് മുന്‍കൂട്ടി തീരുമാനിക്കാന്‍ കഴിയും. 24 മണിക്കൂര്‍, ഏഴ് ദിവസം, 30 ദിവസം ഇവയില്‍ ഏതെങ്കിലും തെരഞ്ഞെടുത്ത് മുന്നോട്ടുപോകുന്നതിനുള്ള സൗകര്യമാണ് ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഒരുക്കിയിരിക്കുന്നത്.

https://dailynewslive.in/ ഷറഫുദ്ദീന്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖ് എലന്‍സ് സംവിധാനം ചെയ്യുന്ന ‘ഹലോ മമ്മി’ എന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഫാന്റസി കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. തിരക്കഥ സാന്‍ജോ ജോസഫിന്റേതാണ്. ഫാലിമി എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്താണ് സാന്‍ജോ. പ്രവീണ്‍ കുമാറാണ് ഛായാഗ്രാഹണം. ദി ഫാമിലി മാന്‍ അടക്കമുള്ള സിരീസുകളിലൂടെ ശ്രദ്ധയാകര്‍ഷിച്ച നടന്‍ സണ്ണി ഹിന്ദുജയും ഹലോ മമ്മിയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. നിര്‍മാണം ഹാങ് ഓവര്‍ ഫിലിംസാണ്. എ ആന്‍ഡ് എച്ച്എസ് പ്രൊഡക്ഷന്‍സും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളാവുന്നു. ജോമിന്‍ മാത്യുവിനും ഐബിന്‍ തോമസിനുമൊപ്പം ചിത്രത്തിന്റെ നിര്‍മാതാവായി രാഹുല്‍ ഇ എസും സഹ നിര്‍മാതാക്കളായി സജിന്‍ അലി, നിസാര്‍ ബാബു, ദിപന്‍ പട്ടേല്‍ എന്നിവരുമുണ്ട്. അജു വര്‍ഗീസ്, ജഗദീഷ് എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ ബിന്ദു പണിക്കര്‍, ജോണി ആന്റണി, ഗംഗ മീര, അദ്രി ജോ, ശ്രുതി സുരേഷ്, ജോമോന്‍ ജ്യോതിര്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായുണ്ട്.

https://dailynewslive.in/ 2001ല്‍ പുറത്തിറങ്ങി ബോക്സ് ഓഫീസില്‍ ദുരന്തമായി മാറിയ ചിത്രമായിരുന്നു കമല്‍ ഹാസന്റെ ‘ആളവന്താന്‍’. ചിത്രത്തിന്റെ എച്ച്ഡി പതിപ്പ് ഇപ്പോള്‍ യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുകയാണ്. അന്ന് തിയേറ്ററില്‍ തകര്‍ന്ന ചിത്രത്തിന്റെ റീമാസ്റ്റേഡ് വേര്‍ഷന്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്തിരുന്നു. 1000 തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ റീ റിലീസ് പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. 25 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം നിര്‍മ്മാതാവിന് അന്ന് നഷ്ടമായിരുന്നു. സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ ഇരട്ട വേഷങ്ങളിലെത്തിയ സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ആളവന്താന്‍. എന്നാല്‍ യുവതലമുറ സിനിമാപ്രേമികളെ ലക്ഷ്യം വച്ചുള്ള ആളവന്താന്റെ റീ റിലീസ് വിജയമായിരുന്നു. മൂന്ന് മണിക്കൂറോളമായിരുന്നു ചിത്രത്തിന്റെ ഒറിജിനല്‍ പതിപ്പിന്റെ ദൈര്‍ഘ്യമെങ്കില്‍ 55 മിനിറ്റോളം കട്ട് ചെയ്ത് ആണ് റീമാസ്റ്റേര്‍ഡ് പതിപ്പ് എത്തിയിരിക്കുന്നത്. 123 മിനിറ്റ് മാത്രമാണ് ഇപ്പോള്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം. ഈ എഡിറ്റ് ആസ്വാദനത്തെ മികച്ചതാക്കിയിട്ടുണ്ട് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായം. കമലിനൊപ്പം രവീണ ടണ്ടന്‍, മനീഷ കൊയ്രാള, മാധുരി ജി എസ് മണി, മിലിന്ദ് ഗുണജി, ശരത്ത് ബാബു, ഫാത്തിമ ബാബു, അനു ഹസന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

https://dailynewslive.in/ ജാപ്പനീസ് വാഹന നിമ്മാതാക്കളായ ടൊയോട്ടയുടെ കീഴിലുള്ള ആഡംബര വാഹന ബ്രാന്‍ഡായ ലെക്സസ് ഇന്ത്യ തങ്ങളുടെ എല്‍എം350എച്ച് ആഡംബര എംപിവി ഇന്ത്യയില്‍ രണ്ട് കോടി രൂപ പ്രാരംഭ വിലയില്‍ അവതരിപ്പിച്ചു. നാല് സീറ്റര്‍ ലോഞ്ച് പാക്കേജുള്ള റേഞ്ച്-ടോപ്പിംഗ് വേരിയന്റിന് 2.50 കോടി രൂപയാണ് വില. ആകര്‍ഷകമായ രൂപവും മികച്ച സവിശേഷതകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ കാര്‍ രാജ്യത്തെ ഏറ്റവും ചെലവേറിയതും ആഡംബരപൂര്‍ണ്ണവുമായ എംപിവിയാണ്. 1.2 കോടി രൂപയില്‍ തുടങ്ങുന്ന അതിന്റെ സഹോദരന്‍ ടൊയോട്ട വെല്‍ഫയറിനെ ഈ കാര്‍ മറികടക്കുന്നു. നാല് സീറ്റര്‍, ഏഴ് സീറ്റര്‍ ഓപ്ഷനുകളോടെയാണ് കമ്പനി ഈ കാര്‍ വാഗ്ദാനം ചെയ്യുന്നത്. നാല് സീറ്റര്‍ വേരിയന്റില്‍, ക്യാബിനിനുള്ളില്‍ നിങ്ങള്‍ക്ക് പരമാവധി ഇടം ലഭിക്കും. അതിന്റെ ഇന്റീരിയര്‍ ഒരു വീട് പോലെ അലങ്കരിച്ചിരിക്കുന്നു. ഈ ലക്ഷ്വറി എംപിവിയില്‍ ഒരു പാനല്‍ ഗ്ലോസും നല്‍കിയിട്ടുണ്ട്, അത് സ്വകാര്യതയ്ക്കായി ഒരു പാര്‍ട്ടീഷനായി ഉപയോഗിക്കാം. യാത്രാവേളയില്‍, മുന്നിലും പിന്നിലും കാബിന്‍ വിഭാഗങ്ങള്‍ പൂര്‍ണ്ണമായും പ്രത്യേക മുറികളായി വിഭജിക്കാം. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ആവശ്യത്തിന് ഹെഡ് റൂമും ലെഗ് റൂമും ലഭിക്കും. ഇതിന്റെ ക്യാബിനില്‍ 48 ഇഞ്ച് ടെലിവിഷന്‍, സറൗണ്ട് സൗണ്ട് സിസ്റ്റം, 23 സ്പീക്കറുകള്‍, തലയിണ സ്റ്റൈല്‍ ഹെഡ്‌റെസ്റ്റ് എന്നിവയുണ്ട്. യാത്രക്കാരുടെ സൗകര്യങ്ങള്‍ പൂര്‍ണമായും കമ്പനി ഏറ്റെടുത്തിട്ടുണ്ട്. ഇതുകൂടാതെ, ചെറിയ ഫ്രിഡ്ജ്, മടക്കാവുന്ന മേശ, കുട സൂക്ഷിക്കാന്‍ കുട ഹോള്‍ഡര്‍, ചൂടായ ആംറെസ്റ്റ്, നിരവധി വ്യത്യസ്ത യുഎസ്ബി പോര്‍ട്ടുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പുസ്തകങ്ങള്‍ വായിക്കുന്നതിനുള്ള റീഡിംഗ് ലൈറ്റുകള്‍, വാനിറ്റി മിറര്‍ തുടങ്ങിയ ഫീച്ചറുകള്‍ ലഭ്യമാണ്.

https://dailynewslive.in/ അതിശയിപ്പിക്കുന്ന ദൃശ്യപരതയോടെ മനുഷ്യബന്ധങ്ങളുടെ കഥ പറയുകയാണ് പടയോട്ട കൗശലങ്ങള്‍. വിവാഹബന്ധവും വേര്‍പിരിയലും പ്രണയവും അവിടെ വഴിപിരിയാതുണ്ട്. പോയകാലത്തെ പ്രണയവും വര്‍ത്തമാനകാലത്തെ ദാമ്പത്യവും കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധികളുണ്ട്. പ്രണയജീവിതം വീണ്ടും തളിര്‍ക്കുമ്പോള്‍, ഉരുത്തിരിയുമ്പോള്‍ ഉണ്ടാകുന്ന സംഭവപരമ്പരകളാണ് നോവലിന്റെ പ്രമേയം. യുദ്ധക്കപ്പലിലെ പടയോട്ട കൗശലങ്ങളെപ്പോലെ ഊളിയിടുന്ന കുടുംബബന്ധങ്ങളിലെ സംത്രാസങ്ങള്‍. ‘പടയോട്ട കൗശലങ്ങള്‍’. വി.പി. ജോസഫ്. മംഗളോദയം. വില 145 രൂപ.

https://dailynewslive.in/ ശ്വാസകോശ അര്‍ബുദത്തിനുള്ള ലോകത്തിലെ ആദ്യത്തെ വാക്സിന്‍ നിര്‍മിച്ചതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് ഗവേഷകര്‍ ആണ് ശ്വാസകോശത്തിലെ അര്‍ബുദം തടയുന്നതിനുള്ള ആദ്യത്തെ വാക്സിന്‍ വികസിപ്പിച്ചെടുത്തത്. ശ്വാസകോശ അര്‍ബുദ കോശങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ‘റെഡ് ഫ്ലാഗ്’ പ്രോട്ടീനുകള്‍ കണ്ടെത്താനും നശിപ്പിക്കാനും രോഗപ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുന്ന ഡിഎന്‍എയുടെ ഒരു സ്ട്രാന്‍ഡ് ഉപയോഗിച്ച് ഇത് പ്രവര്‍ത്തിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കൂടാതെ ഉള്ളില്‍ ക്യാന്‍സര്‍ മ്യൂട്ടേഷനുകള്‍ ഉണ്ടാകാമെന്നും റിപ്പോര്‍ട്ടുണ്ട്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട്, യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ലംങ് വാക്സ്’ എന്ന് വിളിക്കപ്പെടുന്ന ഇത് ഓക്സ്ഫോര്‍ഡ് ആസ്ട്രാസെനക്ക കോവിഡ് വാക്സിന്‍ പോലെയായിരിക്കുമെന്ന് ഔട്ട്ലെറ്റ് അതിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗവേഷകര്‍ 3,000 ഡോസുകള്‍ വാക്സിന്‍ സൃഷ്ടിക്കും. അത് നിയോആന്റിജന്‍ എന്നറിയപ്പെടുന്ന ‘റെഡ് ഫ്ലാഗ്’ പ്രോട്ടീനുകളെ തിരിച്ചറിയുകയും അവയെ കൊല്ലുകയും ചെയ്യും. ബ്രിട്ടനില്‍ കണ്ടുവരുന്നവയില്‍ ഏറ്റവും കോമണ്‍ ആയിട്ടുള്ള അര്‍ബുദങ്ങളില്‍ ഒന്നാണ് ശ്വാസകോശ കാന്‍സര്‍. വര്‍ഷത്തില്‍ ഏകദേശം 50000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഇതില്‍ തന്നെ 35,000 ആളുകള്‍ മരണപ്പെടാറുമുണ്ട്. 10 കേസുകളില്‍ ഏഴും പുകവലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയര്‍ന്ന അപകടസാധ്യതയുള്ളവരില്‍ 55-74 വയസ്സ് പ്രായമുള്ളവരും നിലവില്‍ പുകവലിക്കുന്നവരോ മുമ്പ് പുകവലിച്ചവരോ ഉള്‍പ്പെടുന്നു. ശ്വാസകോശ അര്‍ബുദമുള്ളവരില്‍ 10% ല്‍ താഴെ ആളുകള്‍ 10 വര്‍ഷമോ അതില്‍ കൂടുതലോ രോഗത്തെ അതിജീവിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.59, പൗണ്ട് – 105.34, യൂറോ – 90.80, സ്വിസ് ഫ്രാങ്ക് – 93.09, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.47, ബഹറിന്‍ ദിനാര്‍ – 221.81, കുവൈത്ത് ദിനാര്‍ -271.76, ഒമാനി റിയാല്‍ – 217.15, സൗദി റിയാല്‍ – 22.29, യു.എ.ഇ ദിര്‍ഹം – 22.90, ഖത്തര്‍ റിയാല്‍ – 22.96, കനേഡിയന്‍ ഡോളര്‍ – 61.35.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *