തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിയെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് കലാമണ്ഡലം ഗോപി. സുരേഷ് ഗോപിയും താനും വളരെക്കാലമായി സ്നേഹബന്ധം പുലർത്തി പോരുന്നവരാണെന്നും, സുരേഷ് ഗോപിക്ക് എന്നെ കാണാനോ എന്റെ വീട്ടിലേക്കു വരാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ല. എന്നും എപ്പോഴും സ്വാഗതമെന്നും അതുപോലെ എന്നെ സ്നേഹിക്കുന്നവർക്ക് എന്നെ കാണാൻ എപ്പോഴും വരാമെന്നും കലാമണ്ഡലം ഗോപി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
വിഡി സതീശനെതിരെ ആരോപണവുമായി ഇപി ജയരാജൻ. അശ്ലീല വീഡിയോ ഇറക്കുന്നതിൽ പ്രശസ്തനാണ് സതീശനെന്നും രാജീവ് ചന്ദ്രശേഖറിന്റെ ഒപ്പം തന്‍റെ ഭാര്യ ഇരിക്കുന്നതായുള്ള ഫോട്ടൊ പ്രചരിപ്പിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു. കൂടാതെ വൃത്തികെട്ട രാഷ്ട്രീയമാണ് സതീശന്‍റേതെന്നും, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥിക്കെതിരെ വീഡിയോ ഇറക്കിയെന്നും, സ്വപ്ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ വാർത്ത ചമച്ചത് സതീശനാണെന്നും ജയരാജൻ ആരോപിച്ചു. ഇത്തരത്തിൽ ഒരാൾ എങ്ങനെ കോൺഗ്രസ് പ്രതിപക്ഷ നേതാവായി ഇരിക്കുമെന്നും, എല്ലാവരെയും ആക്ഷേപിച്ച് വെള്ളക്കുപ്പായമിട്ട് നടക്കുകയാണ് സതീശനെന്നും, സതീശൻ തെളിവ് ഉണ്ട് എന്ന് പറഞ്ഞതിന് പിന്നാലെ ആണ് ഫോട്ടോ പുറത്തു വന്നതെന്നും ഇപി പറഞ്ഞു.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍റെ ഭാര്യ പികെ ഇന്ദിരയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെ പോലീസ് കേസെടുത്തു. രാജീവ് ചന്ദ്രശേഖറിനൊപ്പം ഇ പിയുടെ ഭാര്യ ഇന്ദിര ഇരിക്കുന്ന വ്യാജ ഫോട്ടോ പ്രചരിപ്പിച്ചതിനാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ഇന്ദിര കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് പോയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചു വീണ് ദാരുണാന്ത്യം സംഭവിച്ച അനന്തുവിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി വേണ്ട തീരുമാനം കൈക്കൊള്ളുമെന്നും, അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് സഹായം നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ ഇക്കാര്യത്തിൽ ജനങ്ങളുടെ സുരക്ഷാ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും, ഉയർന്നു വന്ന വിഷയങ്ങളെല്ലാം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദ്യുതി കുടിശിക വരുത്തിയ പൊതുമേഖല സ്ഥാപനമായ കോട്ടയം നാട്ടകത്തെ ട്രാവൻകൂർ സിമന്‍റസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. സ്ഥാപനം രണ്ട് കോടി രൂപ കുടിശിക വരുത്തിയതോടെയാണ് നടപടി. ഇത്രയധികം കുടിശ്ശിക അനുവദിക്കാനാവില്ലെന്നും ഇങ്ങനെ കെഎസ്ഇബിക്ക് മുന്നോട്ട് പോകാനാവില്ലെന്നും ചൂണ്ടിക്കാണിച്ചാണ് നടപടി. വൈദ്യുതി ഉപയോഗം കൂടിയതോടെ കെഎസ്ഇബിയുടെ ചിലവും ഏറുന്ന സാഹചര്യത്തിലാണ് വൈദ്യുതി കുടിശിക വരുത്തിയിട്ടുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ക്കെതിരായ നടപടികൾ കെഎസ്ഇബി തുടരുന്നത്.
തന്റെ എതിർ സ്ഥാനാർത്ഥികളുടെ പ്രചാരണരീതികളെ വിമർശിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ. ഇടതു സ്ഥാനാർഥി തൃശൂർ കാണുന്നതിന് മുൻപ് തൃശൂർ കണ്ട ആളാണ് താനെന്നും സ്ഥാനാർത്ഥികളുടെ ചില പോസ്റ്ററുകളിൽ തൃശ്ശൂരിന്റെ തനി തങ്കം എന്നൊക്കെയാണ് എഴുതിയിട്ടുള്ളതെന്നും ഏതാണ് തങ്കം ഏതാണ് ചെമ്പ് എന്നത് വഴിയെ അറിയാം എന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ യുഡിഎഫ് ജയിക്കണം, ബിജെപി മൂനാം സ്ഥാനത്തു പോകണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോക്ടർ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന്റെ പഠനം തുടരാൻ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. ഡോ. റുവൈസ് വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടർന്ന് ഡോ. ഷഹന ആത്മഹത്യ ചെയ്യുകയായിരുന്നു.
കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവർത്തകൻ വിഷ്ണുവിനെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ മൂന്ന് പേരെ കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതി ജിത്തു ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രിയാണ് അമ്പലത്തിൻകാലയിലെ കാഞ്ഞിരംവിള ക്ഷേത്രത്തിലെ ഉത്സവ പരിപാടിക്കിടെ തലക്കോണം സ്വദേശിയായ ആര്‍എസ്എസ് പ്രവർത്തകൻ വിഷ്ണുവിന് കുത്തേറ്റത്. വിഷ്ണു ബൈക്കിൽ കയറുന്നതിനിടെ ചവിട്ടി വീഴ്ത്തിയ അഞ്ചംഗ സംഘം വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമല്ലെന്നും വ്യക്തിപരമായ പകയാണെന്നും പൊലീസ് പറഞ്ഞു.
നിലനിൽപ്പിന് വേണ്ടിയാണ് എല്ലാ രാഷ്ട്രീയ കക്ഷികൾക്കും പണം നൽകിയതെന്നും പകരമായി എന്തെങ്കിലും ആനുകൂല്യം നേടിയെന്ന വിവരം പുറത്തു വന്നാൽ ട്വന്‍റി ട്വന്‍റി പാർട്ടി അവസാനിപ്പിക്കുമെന്നും സാബു എം ജേക്കബ്. ഇലക്ടറൽ ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയതിൽ വിശദീകരണം നൽകുകയായിരുന്നു ട്വന്‍റി ട്വന്‍റി പാർട്ടി അദ്ധ്യക്ഷനും കിറ്റെക്സ് കമ്പനി ഉടമയുമായ സാബു എം ജേക്കബ്.
ഇടതുമുന്നണി കോട്ടയം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്ത എൻഎസ്എസ് മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്‍റായിരുന്ന സിപി ചന്ദ്രൻ നായരെ എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡിൽ നിന്നും നീക്കി. എന്നാൽ തന്നെ മാറ്റിയതല്ലെന്നും താൻ സ്വയം പദവി ഒഴിഞ്ഞതാണെന്നുമായിരുന്നു ചന്ദ്രൻ നായരുടെ പ്രതികരണം.
വ്യാജ രേഖകൾ വഴി രാജ്യത്ത് 21 ലക്ഷം സിം കാർഡുകൾ എടുത്തിട്ടുണ്ടെന്ന് ടെലികോം മന്ത്രാലയം . രേഖകൾ കൃത്യമല്ലാത്ത കാർഡുകളെല്ലാം റദ്ദാക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. വ്യാജ രേഖകൾ ഉപയോഗിച്ച് വ്യാപകമായി സൈബർ കുറ്റകൃത്യങ്ങൾ കൂടിയ സാഹചര്യത്തിലാണ് ടെലികോം മന്ത്രാലയത്തിന്റെ നടപടി. ബിഎസ്എന്‍എല്‍, ഭാരതി എയര്‍ടെല്‍, എംടിഎന്‍എല്‍, റിലയന്‍സ് ജിയോ, വോഡാഫോൺ ഐഡിയ തുടങ്ങിയ ടെലികോം കമ്പനികള്‍ക്കാണ് ടെലികോം മന്ത്രാലയം നിർദേശം നൽകിയത്. സംശയാസ്പദമായ ഉപയോക്താക്കളുടെ ലിസ്റ്റ് നൽകാനും രേഖകൾ അടിയന്തിരമായി പുനഃപരിശോധിച്ച് വ്യാജമെന്ന് കണ്ടെത്തിയവയുടെ കണക്ഷൻ വിച്ഛേദിക്കാനുമാണ് ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശം.
ഒന്നാം ഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. 21 സംസ്ഥാനങ്ങളിലെ 102 ലോക്സഭാ മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ബിഹാര്‍, അരുണാചൽ പ്രദേശ്, ഛത്തീസ്ഗഡ്, മധ്യ പ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്റ്, രാജസഥാൻ, സിക്കിം, തമിഴ്‌നാട്, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, ആന്റമാൻ നിക്കോബാര്‍ ദ്വീപ്, ജമ്മു കശ്മീര്‍, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഏപ്രിൽ 19 ന് വോട്ടെടുപ്പ് നടക്കുക. ബിഹാറിൽ ഈ മാസം 28 വരെയും, മറ്റെല്ലായിടത്തും ഈ മാസം27 വരെയും പത്രിക സമര്‍പ്പിക്കാം. 30 ന് ബിഹാറിലും 28 ന് മറ്റിടങ്ങളിലും സൂക്ഷ്മ പരിശോധന നടക്കും.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള മാധ്യമ പ്രവർത്തകർക്ക് പോസ്റ്റൽ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പോസ്റ്റൽ വോട്ട് സംബന്ധിച്ച ഉത്തരവിൽ അവശ്യ സേവനങ്ങളിൽ മാധ്യമപ്രവർത്തനവും കമ്മീഷൻ ഉൾപ്പെടുത്തി. രാജ്യത്തെ തെരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിന് മാധ്യമപ്രവർത്തകർക്കും പ്രധാന പങ്കുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ നിന്നും മാധ്യമപ്രവർത്തകർക്ക് അപേക്ഷ ഡൗൺലോഡ് ചെയ്യാം.
ആലപ്പുഴ പുറക്കാട് കടൽ ഉൾവലിഞ്ഞത് ചാകരയ്ക്ക് മുന്നോടിയായുള്ള സ്വാഭാവിക പ്രതിഭാസമാണെന്ന് റിപ്പോർട്ട്. അമ്പലപ്പുഴ തഹസിൽദാർ, റവന്യൂ- ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് കൈമാറി. ഇന്നലെ രാവിലെയാണ് 850 മീറ്ററോളം ഭാഗത്ത് കടൽ ഉൾവലിഞ്ഞതായി തീരദേശവാസികൾ കണ്ടത്. നേരത്തെ സുനാമിക്ക് മുമ്പും ചാകരയ്ക്ക് മുമ്പുമായി രണ്ട് തവണയാണ് ഇത്തരത്തിലുള്ള പ്രതിഭാസം കണ്ടതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞിരുന്നു. കടൽ ഉൾവലിഞ്ഞതോടെ ആശങ്കയിലായിരുന്നു പ്രദേശത്തെ മൽസ്യത്തൊഴിലാളികൾ.
തലശേരിയിൽ വീട്ടമ്മയുടെ കഴുത്തിൽ കത്തി വച്ച് പതിനായിരം രൂപയും 4 പവൻ സ്വർണവും മോഷ്ടാവ് കവര്‍ന്നു. തലശേരി കെ ടി പി മുക്ക് സ്വദേശി അസ്‌ഹത്തിന്റെ വീട്ടിൽ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കവര്‍ച്ച നടന്നത്. ജനൽക്കമ്പി വളച്ചാണ് പ്രതി പുലര്‍ച്ചെ വീടിനകത്ത് കടന്നത്. പിന്നീട് ഉറങ്ങിക്കിടന്ന വീട്ടമ്മയെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കൈക്കലാക്കുകയായിരുന്നു.
ബിജെപി താമര ചിഹ്നം ഉപയോഗിക്കുന്നതിനെതിരായ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. അഹിംസ സോഷ്യലിസ്റ്റ് പാർട്ടി നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് ബെഞ്ച് തള്ളിയത്. താമര ദേശീയ പുഷ്പമായതിനാൽ പാര്‍ട്ടി ചിഹ്നമായി അനുവദിക്കാനാവില്ലെന്നായിരുന്നു ഹർജിയിലെ വാദം.
തമിഴ്നാട്ടുകാരെ മൊത്തത്തിൽ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ പരാമർശങ്ങൾ പിൻവലിക്കുകയാണെന്നും ബി ജെ പി സ്ഥാനാർഥി ശോഭാ കരന്തലജേ. തമിഴ്നാട്ടിൽ നിന്ന് ഭീകര പരിശീലനം നേടിയ ആളുകൾ ബംഗളൂരുവിലെത്തി സ്ഫോടനം നടത്തുന്നു എന്നായിരുന്നു ശോഭയുടെ പരാമർശം. എന്നാല്‍ കേരളത്തെ കുറിച്ചുള്ള പരാമർശങ്ങൾ ശോഭ പിന്‍വലിച്ചിട്ടില്ല. തമിഴ്നാട്ടുകാരെ കുറിച്ചുള്ള പരാമർശങ്ങൾക്ക് മാത്രമാണ് ശോഭ കരന്തലജെ മാപ്പ് പറഞ്ഞത്.
വിദ്വേഷ പരാമർശം നടത്തിയതിന് ബി ജെ പി സ്ഥാനാർഥി ശോഭാ കരന്തലജേയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്നും മതസൗഹാർദം തകർക്കാനുള്ള നീക്കത്തിനെതിരെ കേസെടുക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആവശ്യപ്പെട്ടു. ബെംഗളുരു നഗരത്തിലെ അൾസൂരിൽ പള്ളിക്ക് മുന്നിലുണ്ടായ സംഘർഷത്തിൽ കേരളത്തിനും തമിഴ്നാടിനുമെതിരെ വർഗീയ വിദ്വേഷ പരാമർശങ്ങളാണ് ബംഗളൂരു നോർത്തിലെ ബി ജെ പി സ്ഥാനാർഥി ശോഭാ കരന്തലജേ നടത്തിയത്. തമിഴ്നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബംഗളൂരുവിൽ എത്തി സ്ഫോടനങ്ങൾ നടത്തുന്നു എന്നും, കേരളത്തിൽ നിന്ന് ആളുകൾ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നുമായിരുന്നു ശോഭയുടെ പരാമർശം.
തമിഴ്നാട്ടിൽ ഡിഎംകെ പ്രകടനപത്രിക പുറത്തിറക്കി. ഗവർണർ പദവി എടുത്തുകളയുമെന്നും, ക്രിമിനൽ നടപടികളിൽ നിന്ന് ഗവർണർക്ക് പരിരക്ഷ നൽകുന്ന ഭരണഘടനാ വകുപ്പ് ഭേദഗതി ചെയ്യുമെന്നും പ്രകടനപത്രികയിലുണ്ട്. കൂടാതെ ഇന്ത്യ മുന്നണി വിജയിച്ചാൽ, പെട്രോൾ വില 75 രൂപയും ഡീസൽ വില 65ഉം രൂപയായി കുറയ്ക്കുമെന്നും, നീറ്റ് പരീക്ഷ ഒഴിവാക്കുമെന്നും, യുസിസി, സിഎഎ എന്നിവ നടപ്പാക്കില്ലെന്നും എം കെ സ്റ്റാലിൻ വ്യക്തമാക്കി.