Screenshot 2024 02 27 20 21 14 990 com.android.chrome edit 1

വന്യമൃഗ ശല്യം തടയാൻ ഏതെല്ലാം തലത്തിൽ സഹകരണം സാധ്യമാകും എന്ന വിലയിരുത്തലിനായി ബന്ദിപ്പൂർ ഫോറസ്റ്റ് ഹെഡ് കോർട്ടേഴ്സിൽ ചേർന്ന യോഗത്തിൽ കേരള വനം മന്ത്രി എ.കെ.ശശീന്ദ്രൻ, കർണാടക വനം മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ, തമിഴ്നാട്ടിൽ നിന്ന് മുതുമലൈ ഫീല്‍ഡ് ഡയറക്ടറായ മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ എന്നിവരും മൂന്നു സംസ്ഥാനങ്ങളിലെ മറ്റു വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. യോഗത്തില്‍ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി കേരളവും കര്‍ണാടകവും തമ്മില്‍ അന്തര്‍ സംസ്ഥാന സഹകരണ ചാര്‍ട്ടറിൽ ഒപ്പിട്ടു.

ഡൽഹിയിലെ കേശോപുര്‍ മാണ്ഡിക്ക് സമീപമുള്ള ദില്ലി ജല്‍ ബോര്‍ഡിന്‍റെ സ്ഥലത്തെ കുഴല്‍ കിണറിൽ വീണ യുവാവ് മരിച്ചു. എന്‍ഡിആര്‍എഫ് സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിൽ യുവാവിനെ മരിച്ച നിലയിലാണ് പുറത്തെടുക്കാനായതെന്ന് മന്ത്രി അതിഷി മര്‍ലെന പറഞ്ഞു.

വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തില്‍ സർക്കാർ ഏജൻസികൾക്ക് കയ്യൊഴിയാനാകില്ലെന്ന് ടൂറിസം ഡയറക്ടര്‍ പിബി നൂഹ്. പദ്ധതിയുടെ ചുമതല ഡിടിപിസിക്കും അഡ്വഞ്ചർ ടൂറിസം സൊസൈറ്റിക്കുമാണ്. കരാർ കമ്പനിക്ക് മാത്രമല്ല സുരക്ഷാ ചുമതലയുള്ളത്. സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും, റിപ്പോര്‍ട്ട് നാളെ സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വർക്കലയിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിർമ്മാണം തീരദേശ പരിപാലന ചട്ടങ്ങൾ പാലിക്കാതെയാണെന്നും, കോസ്റ്റൽ സോൺ മാനേജ്മെന്റിന്റെ അനുമതിയും വാങ്ങിയിട്ടില്ലെന്ന് റിപ്പോർട്ട്. തീരത്തെ ഏത് തരം നിർമാണ പ്രവർത്തികൾക്കും KCZMA യുടെ അനുമതി വേണം എന്നാണ് ചട്ടം. എന്നാൽ താത്കാലിക നിർമാണമായതിനാൽ അനുമതി വേണ്ടതില്ലെന്നാണ് ഡിറ്റിപിസിയും അഡ്വഞ്ചർ ടൂറിസവും നൽകുന്ന വിശദീകരണം. വേലിയേറ്റ സമയത്ത് ഫ്ലോട്ടിംഗ് ബ്രിഡ്ജ് പ്രവർത്തിപ്പിക്കരുതായിരുന്നു എന്ന് വർക്കല മുനിസിപ്പാലിറ്റി ചെയർമാനും വ്യക്തമാക്കി.

വടകരയിൽ സ്ഥാനാർത്ഥിയാണെന്ന് അറിഞ്ഞത് മുതൽ നിങ്ങൾ തരുന്ന പിന്തുണയ്ക്കും പ്രോൽസാഹനത്തിനും വാക്ക് കൊണ്ടല്ല, പ്രവർത്തി കൊണ്ടാണ് ഞാൻ നന്ദി പറയുകയെന്ന് ഷാഫി പറമ്പിൽ. പ്രവാസ ലോകത്താണെങ്കിലും നിങ്ങൾ തരുന്ന പിന്തുണയ്ക്ക് നന്ദി പറയുന്നുവെന്നും സാമ്പത്തികാവസ്ഥ ഭദ്രമാണെങ്കിൽ വടകരയിലെത്തി വോട്ട് ചെയ്യാനും പ്രവർത്തനങ്ങൾക്കും കൂടെയുണ്ടാവണമെന്നും ഷാഫി പറമ്പിൽ അഭ്യർത്ഥിച്ചു.

വൈകാരിക യാത്രയയപ്പാണ് പാലക്കാട്ടെ പ്രവര്‍ത്തകര്‍ ഷാഫി പറമ്പിലിന് നല്‍കിയത്. സ്ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ ഷാഫി പറമ്പിലിനായി മുദ്രാവാക്യം വിളിച്ചു. പാലക്കാട്ടുനിന്നുള്ള യാത്രയ്ക്ക് മുമ്പ് ഷാഫി പ്രതികരിച്ചതും വൈകാരികമായിട്ടായിരുന്നു.

ബി ജെ പി ടിക്കറ്റിൽ ലോക് സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണോ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവെച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. മോദി സർക്കാരുമായുള്ള ഭിന്നതയാണോ അതോ കമ്മീഷനിലെ പ്രശ്നങ്ങളാണോയെന്നും, ഇനി ഇതൊന്നുമല്ലെങ്കില്‍ വ്യക്തിപരമായ കാരണമാണോയെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ജയറാം രമേശ് വ്യക്തമാക്കി.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഒരുപാട് സ്ഥലത്ത് രണ്ടാം സ്ഥാനത്ത് വരുമെന്ന് ഇപി ജയരാജൻ പറഞ്ഞതിന്‍റെ അർത്ഥം അദ്ദേഹം കൺവീനർ ആയ എൽഡിഎഫ് മൂന്നാം സ്ഥാനത്ത് വരുമെന്നല്ലേയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിശ്വനാഥ മേനോൻ ബിജെപിയിലേക്ക് പോയി, കണ്ണന്താനം ബിജെപിയിലേക്ക് പോയി അന്ന് പിണറായി ആയിരുന്നു പാർട്ടി സെക്രട്ടറി. എന്നിട്ടും പദ്മജ ബിജെപിയിലേക്ക് പോയതിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് നാണമില്ലേയെന്നും അദ്ദേഹം ചോദിച്ചു.

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥ് മരണപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണത്തിൽ യാതൊരു അതൃപ്തിയും സിദ്ധാർഥിന്റെ കുടുംബം രേഖപ്പെടുത്തിയിട്ടില്ലെന്നും പ്രതികളെ വേഗം തന്നെ പിടികൂടിയതിൽ തൃപ്തി രേഖപ്പെടുത്തുകയുമാണ് ചെയ്തതെന്നും മന്ത്രി വി ശിവൻകുട്ടി. കേസ്‌ സിബിഐക്ക് വിട്ടത് കുടുംബം ആവശ്യപ്പെട്ടതിനാലാണെന്നും, എന്നാൽ ഇതിനെയും രാഷ്ട്രീയവൽക്കരിക്കാനാണ് കോൺഗ്രസ്‌ ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു.

കേരള യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ വേദിയായ യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലേക്ക് പ്രതിഷേധവുമായി കെഎസ്‍യു പ്രവര്‍ത്തകര്‍ എത്തിയതോടെ സംഘര്‍ഷാവസ്ഥയുണ്ടായി. ഒരു വിഭാഗം മത്സരങ്ങള്‍ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും കലോത്സവത്തിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കെഎസ്‍യു പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നുവെന്നും ഉന്നയിച്ച് കെഎസ്‍യു പ്രവര്‍ത്തകര്‍ വേദിയിലേക്ക് തള്ളിക്കയറുകയായിരുന്നു.

കാർട്ടൂൺ കണ്ട് ചിരിക്കുന്ന നല്ല നടനാണ് മുകേഷെന്നും, കൊള്ളേണ്ടവരെ കൊള്ളിച്ച് പ്രസംഗിക്കുന്നയാളാണ് മുകേഷെന്നും കെ ബി ഗണേഷ്കുമാർ. കോണ്‍ഗ്രസിന്‍റേത് പോലെ മുട്ടേല്‍ എഴുതി അംഗത്വം നല്‍കുന്ന പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസ് ബി എന്നും, എന്നെ ഉപദ്രവിക്കല്ലേ കൊച്ചേട്ടാ എന്ന രീതിയിലാണ് മോദിയെ കെട്ടിപ്പിടിക്കുന്ന രാഹുൽ ഗാന്ധിയുടെ നിലപാട്. എക്സർസൈസ് ചെയ്യലും തമിഴ്നാട്ടിൽ പോയി ബിരിയാണി വയ്ക്കലും മാത്രമാണ് രാഹുൽ ഗാന്ധി ചെയ്യുന്നതെന്നും കൊട്ടാരക്കരയില്‍ നടന്ന കേരള കോണ്‍ഗ്രസ് ബി നേതൃസംഗമത്തില്‍ സംസാരിക്കവെ ഗണേഷ് കുമാര്‍ പറഞ്ഞു.

ആളു കുറഞ്ഞതിനല്ല 25 ആളുകളെ വോട്ടര്‍പട്ടികയില്‍ ചേർക്കാത്തതിനാലാണ് പ്രവർത്തകരോട് ക്ഷോഭിച്ചതെന്ന് സുരേഷ് ഗോപി. വെള്ളിക്കുളങ്ങരയിലെ ആദിവാസി വിഭാഗത്തിൽ പെട്ട 25 ആളുകളെ വോട്ടര്‍പട്ടികയില്‍ ചേർത്തിരുന്നില്ല.അവിടെ ആളു കൂടിയിരുന്നു എന്ന് എല്ലാവർക്കും അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു.

പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കാൻ ഈ മാസം 14ന് കേന്ദ്ര സർക്കാർ യോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാർ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ശേഷിക്കുന്ന അംഗം.

എഐസിസി വക്താവ് ഷമാ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വിമർശനമൊക്കെ അവരോട് ചോദിച്ചാൽ മതിയെന്നും, അവരൊന്നും പാർട്ടിയുടെ ആരുമല്ലെന്നും കെ സുധാകരൻ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ സ്ത്രീപ്രാതിനിധ്യം കുറവായതിന് ഷമ മുഹമ്മദ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ പദ്മജ വേണുഗോപാലിനെ കുറിച്ച് പറഞ്ഞത് മ്ലേച്ഛമായിപ്പോയെന്ന് സാഹിത്യകാരൻ ടി പത്മനാഭൻ. പൊതുപ്രവർത്തനം നടത്തുന്നവർ ഭാഷ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. യൂത്ത് കോൺഗ്രസുകാർ ശകാരിച്ചാലും താനിത് പറയുo. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ കൂടിയാണ്. മറ്റുള്ളവർക്കെതിരെ പദപ്രയോഗം നടത്തുമ്പോൾ വളരെയധികം സൂക്ഷിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

പിണറായി വിജയനെ ചുമക്കുന്ന സിപിഎം അധഃപതനത്തിന്റെ നെല്ലിപ്പലകയിലെത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മാസപടിയായി കിട്ടിയ നോട്ടുകെട്ടുകൾ കൊണ്ട് തയ്യാറാക്കിയ കിടക്കയിൽ കിടന്നുറങ്ങുന്ന ആളാണ് പിണറായി. പാവപ്പെട്ടവന്റെ ക്ഷേമപെൻഷനിൽ നിന്നുപോലും കയ്യിട്ടുവാരുന്ന നിങ്ങളെ ഓർത്ത് തലകുനിക്കുകയാണ് മലയാളി. ബിജെപിയിലേക്ക് ആരെങ്കിലും പോയാല്‍ സുരേന്ദ്രനേക്കാള്‍ ആര്‍ത്തുല്ലസ്സിക്കുന്ന സംഘപരിവാര്‍ മനസ്സാണ് പിണറായി വിജയന്റേത്. കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർത്ഥി നിർണ്ണയം കഴിഞ്ഞപ്പോൾ വിളറി പിടിച്ചത് കൊണ്ടാണ് കോൺഗ്രസിനെ അപമാനിച്ച് പിണറായി വിജയൻ സംസാരിച്ചത് എന്നും കെ സുധാകരൻ വ്യക്തമാക്കി.

തൃശ്ശൂരിൽ മുരളീധരനാണ് മത്സരിക്കുന്നത് എന്ന് ടി എൻ പ്രതാപനെ വിളിച്ച് അറിയിച്ചത് താനാണെന്ന് വി ഡി സതീശൻ. എന്നാൽ ടി എൻ പ്രതാപന്റെ മറുപടി തന്നെ അത്ഭുതപ്പെടുത്തുകയാണ് ചെയ്തത്. ഒരു അമർഷവും അദ്ദേഹം അറിയിക്കാതെ പാർട്ടി തീരുമാനത്തിനൊപ്പം നിന്ന ആളാണ് ടി എൻ പ്രതാപൻ എന്നും വി ഡി സതീശൻ കൂട്ടിച്ചേര്‍ത്തു.

പി സി ജോർജിനെ അനുനയിപ്പിക്കാനായെത്തി പ്രകാശ് ജാവദേക്കർ. പത്തനംതിട്ടയിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പ്രതിഷേധിച്ച പിസി ജോർജിനെ, പൂഞ്ഞാറിലെ വീട്ടിലെത്തി പ്രകാശ് ജാവദേക്കർ കണ്ടു. എല്ലാ മണ്ഡലങ്ങളിലും പിസി ജോർജിനോട് പ്രചാരണത്തിനായി ഇറങ്ങണമെന്ന് പ്രകാശ് ജാവദേക്കർ അഭ്യർത്ഥിച്ചു. പി സി ജോർജിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പിന് ശേഷം പി സി ജോർജിന് പാർട്ടിയിൽ സ്ഥാനങ്ങൾ നൽകുന്നതിനെ കുറിച്ചും ചർച്ച നടന്നെന്നാണ് സൂചന.

കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. അടൂര്‍ ഡിപ്പോയിലെ ഡ്രൈവറായ കൊട്ടാരക്കര പെരിങ്ങളം ഉദയ ഭവനില്‍ ആര്‍ ജയശങ്കറാണ് മരിച്ചത്. അടൂരില്‍ നിന്നും പെരിക്കല്ലൂരിലേക്കുള്ള സര്‍വീസ് കഴിഞ്ഞ ശേഷം പെരിക്കല്ലൂരില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിശ്രമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു.

കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട്ടുനിന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ വരെ നീളുന്ന തലശ്ശേരി മാഹി ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു. മാർച്ച് 11ആം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ പാത ഉദ്ഘാടനം ചെയ്യും. ഇത്രയും ദൂരം സഞ്ചരിക്കാൻ ഇനി ഏകദേശം 20 മിനിറ്റ് മാത്രം മതിയാകും. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഈ ആറുവരി പാത നാടിന് ലഭിക്കുന്നത്

പുലാമന്തോൾ കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ എസ് ഐ മുങ്ങി മരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ് ഐ സുബിഷ്മോൻ കെഎസ് ആണ് മുങ്ങി മരിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

ഇടുക്കി കട്ടപ്പനയിൽ നവജാത ശിശുവിനെയും വിജയൻ എന്നയാളെയും കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി നിധീഷുമായി സംഭവ സ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തി. വിജയന്റെ കൊലപാതകത്തിൽ മകൻ വിഷ്ണുവും ഭാര്യ സുമയും പ്രതികളാകും. വിജയനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തു. ചുറ്റിക കൊണ്ട് തലക്കടിച്ചാണ് വിജയനെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചിരുന്നു.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാടും പത്തനംതിട്ടയിലും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനെത്തും. മാർച്ച് 15 ന് പാലക്കാട്ടെത്തുന്ന മോദി റോഡ് ഷോ നടത്തും. 17ന് പത്തനംതിട്ടയിൽ അനിൽ ആന്‍റണിയുടെ പ്രചാരണത്തിന്‍റെ ഭാഗമായുള്ള പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

എസ്ബിഐയുടെ ഹർജിക്കെതിരെ സിപിഎം സുപ്രീം കോടതിയിൽ. ഇലക്ട്രൽ ബോണ്ട് കേസിൽ രേഖകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടാൻ എസ് ബി ഐ സമർപ്പിച്ച ഹർജിക്കെതിരെയാണ്  ഈ നടപടി. എസ്ബിഐ സമർപ്പിച്ച ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.

കർഷക സംഘടനകളുടെ രാജ്യ വ്യാപക ട്രെയിൻ തടയൽ സമരത്തിൽ പഞ്ചാബിലെ പ്രധാനകേന്ദ്രങ്ങളിലെ ട്രെയിൻ ഗതാഗതം അടക്കം തടസപ്പട്ടു. സമാധാനപരമായിട്ടാണ് സമരമെന്നും വരും ദിവസങ്ങളിൽ സമരത്തിന്റെ ശക്തി കൂട്ടുമെന്നും കർഷകസംഘടനകൾ അറിയിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ 42 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാൻ അധിർ രഞ്ജൻ ചൗധരിക്കെതിരെ ബെഹ്റാംപൂരില്‍ നിന്ന് മത്സരിക്കും. മഹുവ മൊയ്ത്ര കൃഷ്ണനഗറിലും അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബറിലും മൽസരിക്കും.

ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്‍റെ അനുയായി സുഭാഷ് യാദവിനെ മണല്‍ ഖനന അഴിമതി കേസിൽ ഇഡി അറസ്റ്റ് ചെയ്തു. സുഭാഷ് യാദവുമായി ബന്ധപ്പെട്ട ആറ് കേന്ദ്രങ്ങളില്‍ 14 മണിക്കൂര്‍ നടത്തിയ റെയ്ഡിനൊടുവിലാണ് അറസ്റ്റ് നടന്നത്. രണ്ട് കോടി രൂപയും, അഴിമതി വ്യക്തമാകുന്ന രേഖകളും പിടിച്ചെടുത്തെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു.

ബിജെപിക്ക് ഭൂരിപക്ഷം ഉറപ്പായാൽ ഭരണഘടന മാറ്റിയെഴുതുമെന്ന വിവാദപരാമർശവുമായി കർണാടക ബിജെപി എംപി. അനന്ത് കുമാർ ഹെഗ്ഡെ.ലോക്സഭയിൽ ബിജെപിക്ക് നിലവിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ട്, രാജ്യസഭയിൽ ഭൂരിപക്ഷമുറപ്പിക്കാൻ കുറച്ച് സീറ്റുകൾ ആവശ്യമുണ്ട് . ഹിന്ദുസമൂഹത്തിന് തിരിച്ചടിയാകുന്ന തരത്തിലുള്ള പല മാറ്റങ്ങളും കോൺഗ്രസ് ഭരണഘടനയിൽ കൊണ്ടുവന്നു.ഇതെല്ലാം തിരുത്തിയെഴുതാൻ ഇരു സഭകളിലും നല്ല ഭൂരിപക്ഷം വേണം എന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ പാർട്ടികളെ ഒന്നാകെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പുകാലത്ത് വാഗ്ദാനങ്ങൾ നൽകി മുൻ സർക്കാരുകൾ അപ്രത്യക്ഷമാകും, എന്നാൽ മോദി നൽകിയ ഉറപ്പുകൾ പാലിക്കും. ഉത്തർപ്രദേശിലെ അസംഗഢിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പദ്ധതികളുടെ ഉദ്ഘാടനവും പ്രഖ്യാപനങ്ങളും നടത്തുന്ന മോദിയെ പ്രതിപക്ഷം വിമർശിച്ചിരുന്നു. ഈ വിമർശനങ്ങൾക്കുള്ള മറുപടിയാണ് മോദിയുടെ പ്രസ്താവന.

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *