കോവിഡ് കാലഘട്ടത്തില്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് ഭക്ഷ്യ അലര്‍ജി ഉള്‍പ്പെടെയുള്ള അലര്‍ജി രോഗങ്ങള്‍ കുറവാണെന്ന് പഠനത്തില്‍ കണ്ടെത്തി. വയറിലെ സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയില്‍ കോവിഡ് ലോക്ഡൗണ്‍ ചെലുത്തിയ ഗുണപ്രദമായ സ്വാധീനമാകാം ഇതിന് പിന്നിലെന്ന് അലര്‍ജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു. അയര്‍ലന്‍ഡിലെ ആര്‍സിഎസ്ഐ യൂണിവേഴ്സിറ്റി ഓഫ് മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസും എപിസി മൈക്രോബയോം അയര്‍ലന്‍ഡും ചേര്‍ന്നാണ് പഠനം നടത്തിയത്. കോവിഡ് കാലഘട്ടത്തില്‍ ജനിച്ച 351 നവജാതശിശുക്കളിലാണ് പഠനം നടത്തിയത്. ഗവേഷണത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ ചോദ്യോത്തരത്തിലൂടെ കുഞ്ഞുങ്ങളുടെ ഭക്ഷണക്രമം, വീട്ടിലെ അന്തരീക്ഷം, ആരോഗ്യം എന്നിവയെ പറ്റിയുള്ള വിവരങ്ങള്‍ ശേഖരിച്ചു. ഇവരുടെ മലത്തിന്റെ സാംപിളുകള്‍ ആറ് മാസത്തിലും ഒരു വയസ്സിലും രണ്ട് വയസ്സിലും ശേഖരിച്ച് പരിശോധന നടത്തുകയും അലര്‍ജി പരിശോധനകള്‍ ഒന്നും രണ്ടും വയസ്സില്‍ നടത്തുകയും ചെയ്തു. ലോക്ഡൗണ്‍ കാലത്ത് അണുബാധ സാധ്യത കുറവായിരുന്നതും ആന്റിബയോട്ടിക് ഉപയോഗം കുറഞ്ഞതും അമ്മമാര്‍ ദീര്‍ഘനേരം കുഞ്ഞുങ്ങളെ മുലയൂട്ടിയതും ഗുണകരമായെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. ഇത് ഉപയോഗപ്രദമായ സൂക്ഷ്മാണുക്കള്‍ ഈ കുഞ്ഞുങ്ങളുടെ വയറില്‍ വളരാനിടയാക്കി. ലോക്ഡൗണിന് മുന്‍പ് പിറന്ന ശിശുക്കളുമായി താരത്യമപ്പെടുത്തുമ്പോള്‍ ശ്രദ്ധേയമായ വ്യത്യാസങ്ങള്‍ ലോക്ഡൗണ്‍ കാലത്തെ ശിശുക്കളുടെ വയറിലെ അണുക്കളുടെ സന്തുലനത്തില്‍ ഉണ്ടായതായി ഗവേഷകര്‍ കണ്ടെത്തി. കൂടുതല്‍ മനുഷ്യരുമായുള്ള സഹവാസമില്ലായ്മയും അണുബാധകളില്‍ നിന്നുള്ള സംരക്ഷണവും മൂലം ഒരു വയസ്സ് ആയപ്പോഴേക്കും ഇവരില്‍ 17 ശതമാനം കുട്ടികള്‍ക്ക് മാത്രമേ ആന്റിബയോട്ടിക്കുകള്‍ വേണ്ടി വന്നുള്ളൂ എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വയറിലെ സൂക്ഷ്മ ജീവികളിലുള്ള ഈ മാറ്റത്തിന്റെ ദീര്‍ഘകാല സ്വാധീനം കണ്ടെത്താന്‍ ഈ കുട്ടികളെ അഞ്ച് വയസ്സിലും തുടര്‍ പഠനത്തിന് വിധേയരാക്കാനും ഗവേഷകര്‍ പദ്ധതിയിടുന്നു.