ഖത്തറില്‍ നടത്താനിരുന്ന മലയാള സിനിമാ താരങ്ങളുടെ താരനിശ റദ്ദാക്കി. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നയന്‍ വണ്‍ ഇവെന്റ്സും ചേര്‍ന്ന് നടത്താനിരുന്ന പരിപാടിയാണിത്. വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന മോളിവുഡ് മാജിക് എന്ന പരിപാടിയാണ് റദ്ദാക്കിയത്. സാങ്കേതിക പ്രശ്നങ്ങളും മോശം കാലാവസ്ഥയുമാണ് ഷോ റദ്ദ് ചെയ്യാന്‍ കാരണമായത്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ജയറാം, ദിലീപ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഹണി റോസ്, അപര്‍ണ ബാലമുരളി, നീത പിള്ള, കീര്‍ത്തി സുരേഷ് തുടങ്ങി മലയാള സിനിമാ താരങ്ങളിലെ വലിയൊരു വിഭാഗവും പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയാണ് ഇത്. മാത്രവുമല്ല കലാപരിപാടികളുടെ പരിശീലനത്തിനായി ഇരുന്നൂറോളം താരങ്ങള്‍ നേരത്തെ എത്തിയിരുന്നു. ‘എമ്പുരാന്‍’ സിനിമയുടെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാണ് മോഹന്‍ലാലും പൃഥ്വിരാജും പരിപാടിക്ക് എത്തിയത്. മമ്മൂട്ടിയും 7ന് തന്നെ ഖത്തറില്‍ എത്തിയിരുന്നു. എന്നാല്‍ ഷോ നടക്കുന്നതിനും മണിക്കൂറുകള്‍ക്ക് മുമ്പാണ് 6.30 പരിപാടി റദ്ദാക്കിയ വിവരം പുറത്തുവിടുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തുക മടക്കി നല്‍കുമെന്നും നയന്‍ വണ്‍ ഇവന്റ്‌സ് പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ പറയുന്നുണ്ട്. ഇതു രണ്ടാം തവണയാണ് ഷോ മാറ്റി വയ്ക്കുന്നത്. കഴിഞ്ഞ നവംബര്‍ 17ന് ആയിരുന്നു ഷോ ആദ്യം നിശ്ചയിച്ചിരുന്നത്. ദോഹയിലെ നയന്‍ സെവന്‍ ഫോര്‍ ആയിരുന്നു വേദി. എന്നാല്‍ പലസ്തീന്‍-ഇസ്രയേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഗവണ്‍മെന്റ് ഷോ നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. അതിന് ശേഷമായിരുന്നു മാര്‍ച്ച് 7ന് പരിപാടി നടത്താന്‍ തീരുമാനിക്കുകയായിരുന്നു.