മലയാളത്തില്‍ ഈ വര്‍ഷം ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ‘മലൈക്കോട്ടൈ വാലിബന്‍’. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്നു എന്നതായിരുന്നു ഈ ചിത്രത്തിന്റെ യുഎസ്പി. മലൈക്കോട്ടൈ വാലിബന്‍ എന്ന മല്ലന്റെ ജീവിതവഴികള്‍ പറയുന്ന എപ്പിസോഡിക് സ്വഭാവമുള്ള ചിത്രത്തിന്റെ റിലീസ് ജനുവരി 25 ന് ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഇതുവരെ പുറത്തിറങ്ങാതിരുന്ന ഒരു വീഡിയോ ഗാനം യുട്യൂബില്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. ഫെബ്രുവരി 23 നാണ് ചിത്രം ഒടിടിയില്‍ റിലീസ് ആയത്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു ഇത്. പ്രേക്ഷക പ്രതീക്ഷകളുടെ അമിതഭാരവുമായെത്തിയ ചിത്രത്തിന് തിയറ്ററുകളില്‍ വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. ഒടിടിയില്‍ എത്തിയതിനുശേഷം സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായ ഒന്ന് എന്‍ഡ് ടൈറ്റില്‍സില്‍ വരുന്ന ഗാനമായിരുന്നു. പ്രശാന്ത് പിള്ള സംഗീതം പകര്‍ന്ന ഗാനം ആലപിച്ചത് മോഹന്‍ലാല്‍ ആണ്. സുഹൈല്‍ കോയ ആണ് വരികള്‍ എഴുതിയിരിക്കുന്നത്.