കേരളവും കർണാടകയും തമിഴ്നാടും ഉൾപ്പടെ ഏഴ് സംസ്ഥാനങ്ങളിൽ എൻഐഎയുടെ റെയ്ഡ്. വാഗമൺ സിമി ക്യാമ്പ് കേസ് പ്രതി തടിയന്‍റവിട നസീർ അടക്കം ഉൾപ്പെട്ട ജയിലിലെ തീവ്രവാദപരിശീലനക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡുകള്‍ നടക്കുന്നത്.
ഇ പോസ് സംവിധാനം തകരാറിലായതോടെ സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം മുടങ്ങി. മസ്റ്ററിംഗ് നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ ശനിയാഴ്ച വരെ റേഷൻ കടകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുത്തിയിരുന്നു. എന്നാൽ ഇ പോസ് പ്രവര്‍ത്തിക്കാതായതോടെ റേഷൻ വിതരണം ഇന്നും മുടങ്ങുകയായിരുന്നു.
ക്രൈംബ്രാഞ്ച് എറണാകുളം എസിജെഎം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ മോണ്‍സണ്‍ മാവുങ്കല്‍ ഒന്നാംപ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ രണ്ടാംപ്രതിയും, മൂന്നാം പ്രതി മുൻ കോണ്‍ഗ്രസ് നേതാവ് എബിൻ എബ്രഹാമും ആണ്. മോൻസനിൽ നിന്നും 10 ലക്ഷം രൂപ വാങ്ങി എന്ന കേസിൽ കെ സുധകാരനെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയത്. ഗൂഢാലോചന നടന്നുവെന്നും, ശാസ്ത്രീമായി തെളിവുണ്ടെണ്ടെന്നും ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
പുരാവസ്തു തട്ടിപ്പ് കേസില്‍ മോൻസണ്‍ മാവുങ്കല്‍ ഒന്നാംപ്രതിയും കെപിസിസി അധ്യക്ഷൻ രണ്ടാപ്രതിയുമായി ആദ്യഘട്ട കുറ്റപത്രം വന്നതിന് പിന്നാലെ അന്വേഷണസംഘത്തിനെതിരെ പരാതിക്കാരൻ. അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും ഇപ്പോള്‍ സുധാകരന് എതിരായി വന്നിരിക്കുന്ന കുറ്റപത്രം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിട്ടുള്ളതാണെന്നും പരാതിക്കാരനായ ഷമീര്‍ ആരോപിച്ചു.
മാത്യുകുഴല്‍നാടന്‍ എംഎല്‍എ, എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് എന്നിവരെ ജാമ്യമില്ല വകുപ്പ് ചുമത്തി ഭീകരരെപ്പോലെ അറസ്റ്റ് ചെയ്യിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ സമനില തെറ്റിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ കുറ്റപ്പെടുത്തി. ജനങ്ങള്‍ ദുരന്തമുഖത്ത് നിൽക്കുമ്പോള്‍ അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനു പകരം അവരെ വേട്ടയാടുന്നത് പിണറായിക്കു മാത്രം സാധിക്കുന്ന ധിക്കാരമാണെന്നും അദ്ദേഹം പറഞ്ഞു.
കിരാതനടപടിയാണ് മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനും എതിരെ കോതമംഗലത്ത് പൊലീസ് സ്വീകരിച്ചതെന്ന് വിഡി സതീശൻ. ജനകീയ വിഷയത്തിലാണ് അവർ ഇടപെട്ടതെന്നും, സർക്കാർ നിഷ്ക്രിയമായിരുന്നു. കൂടാതെ ഇന്നലെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് പൊലീസാണ്. അവരാണ് മൃതശരീരം റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയതെന്നും അദ്ദേഹം കുററപ്പെടുത്തി. പൊലീസിനെ വെച്ച് പേടിപ്പിച്ച സമരം ഒതുക്കി കളയാം എന്ന് കരുതേണ്ടെന്നും. പൊലീസിന് എന്തും ചെയ്യാനുള്ള അധികാരം നൽകിയിരിക്കുകയാണ്. രാജാവിനെക്കാളും വലിയ രാജഭക്തിയാണ് പൊലീസ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ഇന്ദിരയുടെ സഹോദരൻ സുരേഷ്. പോലീസും സമരക്കാരും മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് പറഞ്ഞ സുരേഷ് സംയുക്തമായി പ്രതിഷേധം നടത്താൻ സമ്മതിച്ചതാണെന്നും അത് രാഷ്ട്രീയം കണ്ടുള്ളതായിരുന്നില്ലെന്നും വ്യക്തമാക്കി. രാഷ്ട്രീയപരമായി നടത്തുന്നതിനോട് സമ്മതമായിരുന്നില്ലെന്നും സുരേഷ് പറഞ്ഞു.
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ മകനോടും ഭര്‍ത്താവിനോടും സംസാരിച്ച ശേഷമാണ് മൃതദേഹവുമായി പ്രതിഷേധം നടത്തിയതെന്നും, ഈ പ്രതിഷേധത്തിന്‍റെ ഉത്തരവാദിത്തം തനിക്കാണെന്നും മാത്യു കുഴൽ നാടൻ എംഎല്‍എ. ഇപ്പോള്‍ ഇവര്‍ വാക്ക് മാറ്റി സംസാരിക്കുന്നതെന്താണെന്നറിയില്ലെന്നും സഹോദരനും ഇന്നലെ പ്രതിഷേധത്തിന് ഉണ്ടായിരുന്നു, ആരുടെയെങ്കിലും ഭാഗത്ത് നിന്നുള്ള സമ്മര്‍ദ്ദമാകാം, അവര്‍ പ്രതിഷേധ പന്തലില്‍ മുഴുവൻ സമയവും ഉണ്ടായിരുന്നു, പൊലീസ് മൃതദേഹം എടുക്കാൻ ശ്രമിച്ചപ്പോൾ എതിര്‍ക്കാൻ മുൻനിരയിൽ നിന്നയാളായിരുന്നു സഹോദരനെന്നും മാത്യു കുഴല്‍നാടൻ വ്യക്തമാക്കി.
സ്മോൾ ബോയിയായ തുഷാർ വെള്ളാപ്പള്ളിയുടെ മണ്ടത്തരങ്ങൾക്ക് മറുപടിയില്ലെന്ന് പി സി ജോർജ്ജ്. ജോർജ്ജ് അപ്രസക്തനാണെന്നും ആർക്കും വേണ്ടാത്തത് കൊണ്ടാണ് ജോർജ്ജ് ബിജെപിയിലെത്തിയതെന്നും വെള്ളാപ്പള്ളി നടേശൻ തിരിച്ചടിച്ചു. ജോർജ്ജ് ഈ രീതി തുടർന്നാല്‍ നടപടി എടുക്കേണ്ടി വരുമെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ നിലപാട്.
പിസി ജോർജിന്റെ എതിർപ്പ് വെറും മാധ്യമ സൃഷ്ടി ആയിരുന്നുവെന്ന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആൻറണി. തന്നെ സ്ഥാനാർഥിയാക്കിയത് പോലെ പിസി ജോർജിനും ബിജെപി ഉചിതമായ സ്ഥാനം കൊടുക്കുമെന്ന് അനിൽ ആന്റണി. അതോടൊപ്പം താൻ മൽസരിക്കുമ്പോൾ ഉണ്ടാകുന്നത് പോലത്തെ പിന്തുണ അനിൽ ആന്റണിക്ക് സഭ നേതൃത്വങ്ങളിൽ നിന്ന് കിട്ടിയേക്കില്ല. അതിനായി താൻ പ്രവർത്തിക്കുമെന്ന് പിസി ജോർജും വ്യക്തമാക്കി.
പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കാരണം കാണിക്കൽ നോട്ടീസ് കിട്ടിയ ഡീൻ എം.കെ നാരായണനും അസി. വാർഡൻ ഡോ. കാന്തനാഥനും ഇന്ന് വിസിക്ക് വിശദീകരണം നൽകും. ഹോസ്റ്റലിലും ക്യാമ്പസിലും ഉണ്ടായ സംഭവങ്ങൾ എന്തുകൊണ്ട് അറിഞ്ഞില്ല എന്നതാണ് നോട്ടീസിലെ ചോദ്യം.
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ സിപിഎം ആരെയും സംരക്ഷിക്കില്ലെന്നും, പ്രതികള്‍ എസ്എഫ്‌ഐ ആയാലും മുഖം നോക്കാതെ നടപടി എടുക്കുമെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എന്നാല്‍ ഇതിന്റെ പേരില്‍ എസ്എഫ്‌ഐയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മാധ്യമങ്ങള്‍ അതിനുള്ള ശ്രമം നടത്തുന്നുണ്ടെന്നും എംവി ഗോവിന്ദന്‍ കുററപ്പെടുത്തി.
എസ്എഫ്ഐ എല്ലാവർക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്ന് സിപിഎം നേതാവ് എകെ ബാലൻ. കോളേജുകളെ ലഹരിയിൽ നിന്നും, റാഗിങ്ങിൽ നിന്നും മുക്തമാക്കിയത് എസ്എഫ്ഐയാണെന്നും എകെ ബാലൻ ന്യായീകരിച്ചു. എസ്എഫ്ഐയെ കൊലയാളികളായി മുദ്രകുത്തുന്നത് ഇടത് അടിത്തറ തകർക്കൽ ലക്ഷ്യമിട്ടാണെന്നും എ.കെ.ബാലൻ ആരോപിച്ചു.
കെഎസ്‌യു പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദിന്റെ പശ്ചാത്തലത്തില്‍ ഇന്ന്പരീക്ഷ എഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സംരക്ഷണം ഒരുക്കാന്‍ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. എന്നാൽ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ഒരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാവില്ലെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞിരുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കർണാടക യാദ്ഗിർ സ്വദേശിയായ മുഹമ്മദ് റസൂൽ സാമൂഹ്യമാധ്യമങ്ങളില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തു. സംഭവത്തില്‍ കര്‍ണാടക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രധാനമന്ത്രിയെ കൂടാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്നും സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നുണ്ട്. പ്രതിക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച കേസിൽ ദില്ലി സർവ്വകലാശാല പ്രൊഫസർ ജി. എൻ സായിബാബയെ വെറുതെവിട്ടു. 2022 ൽ സായിബാബയെ ബോംബെ ഹൈക്കോടതി കേസിൽ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയതോടെ ഇദ്ദേഹത്തിന്റെ മോചനം വൈകുകയായിരുന്നു.
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി തൃശൂർ ലൂർദ് പള്ളിയിലെ മാതാവിന് സ്വർണകിരീടം സമർപ്പിച്ചതുമായി ബന്ധപ്പെട്ട് തന്റെ കുടുംബത്തിന്റെ നേർച്ചയായിരുന്നു കിരീടമെന്നും അത് ഓഡിറ്റ് നടത്താൻ മറ്റ് പാർട്ടികൾക്ക് എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 10 ലക്ഷം രൂപയുടെ കിരീടം മാതാവിന് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് രണ്ടുവർഷം കൂടി സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെന്നും ആ പണത്തിനായി കുടുംബം കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശ്ശൂര്‍ ലൂര്‍ദ് പള്ളിയില്‍ സുരേഷ് ഗോപി സ്വര്‍ണ കിരീടം സമര്‍പ്പിച്ചത് വ്യക്തിപരമായ കാര്യമാണെന്നും ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എംപി.
സാങ്കേതിക സർവകലാശാല മുൻ വിസി സിസ തോമസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. ഗവർണർ സർക്കാർ പ്രശ്നത്തിൽ ജീവനക്കാരെ ബുദ്ധിമുട്ടിക്കരുതെന്നും കോടതി പറഞ്ഞു.
സ്വർണ വില വീണ്ടും കൂടി. 560 രൂപ കൂടി പവന് 47560 രൂപയായി. ഒരു ഗ്രാമിന് 5945 രൂപ. രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലും വില കൂടാൻ കാരണം.
വയനാട് വെണ്ണിയോട് കോട്ടത്തറ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസുകാരി ഫാത്തിമത് സഹനയെ കാട്ടുപന്നി ആക്രമിച്ചു. വീടിന് അരികിലുള്ള വാഴത്തോട്ടത്തില്‍ നിന്ന് സഹനയുടെ നേരേക്ക് പന്നി പാഞ്ഞുവരികയായിരുന്നു. ആക്രമണത്തില്‍ കാലിന് പരുക്കേറ്റ സഹനയെ കല്‍പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെങ്കോട്ടുകോണത്ത് സുഹൃത്ത് തീ കൊളുത്തിയ സ്ത്രീ മരിച്ച സംഭവത്തിൽ പ്രതിയുടെ മൊഴിയെടുക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. വീട്ടിൽ നിന്ന് വിളിച്ചിറക്കിയ സരിതയുടെ ശരീരത്തിലേക്ക് ബിനു പെട്രോളൊഴിക്കുകയായിരുന്നു. 80 ശതമാനം പൊള്ളലേറ്റ സരിത മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. എന്നാൽ സംഭവത്തിൽ പൊള്ളലേറ്റ ബിനുവിന്റെ മൊഴിയെടുക്കാൻ പൊലീസിന് ഇതുവരേയും കഴിഞ്ഞിട്ടില്ല. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ബിനുവിന്റെ ആരോഗ്യനില സംബന്ധിച്ച് പൊലീസ് അന്വേഷിക്കുകയാണ്.
പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ അച്ഛനും അമ്മയും മൂന്ന് കുട്ടികളുമടക്കം അഞ്ചുപേർ മരിച്ച നിലയിൽ. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതായാണ് നിഗമനം. പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. പാലാ പൊലീസ് വിശദമായിട്ടുള്ള അന്വേഷണം നടത്തി വരികയാണ് .
ഇസ്രയേലിലുണ്ടായ മിസൈൽ ആക്രമണത്തിൽ മലയാളിയായ നിബിൻ മാക്സ് വെൽ കൊല്ലപ്പെട്ടു. കൊല്ലം വാടി സ്വദേശിയായ നിബിനുൾപ്പെടെ ആക്രമണത്തിൽ രണ്ട് മലയാളികൾക്ക് പരിക്കേറ്റു. രണ്ടു മാസം മുൻപ് ഇസ്രായേലിൽ എത്തിയ നിബിൻ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് വ്യോമാക്രമണം ഉണ്ടായത്.
കര്‍ണാടക നിയമസഭയില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചു എന്ന ആരോപണത്തില്‍ മുനവര്‍, മുഹമ്മദ് ഷാഫി, ഇംതിയാസ് എന്നിവരെ വിധാന്‍ സൗധ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ സയ്യിദ് നസീര്‍ ഹുസൈന്‍ വിജയിച്ചതിന്റെ ആഘോഷത്തിലാണ് മുദ്രാവാക്യം വിളി ഉയര്‍ന്നത് എന്നാണ് ബിജെപിയുടെ ആരോപണം.