മലപ്പുറത്തു വൈറൽ ഹെപ്പെറ്റൈറ്റിസ് ബാധിച്ചു ചികിത്സയിലായിരുന്ന മലപ്പുറം എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി സ്വദേശിയായ 32 കാരൻ മരിച്ചു. ഇതൊടെ ഒരു മാസത്തിനിടെ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. മലപ്പുറം ജില്ലയിലെ പോത്തുകല്ലാണ് രോഗബാധയുടെ പ്രഭവകേന്ദ്രമെന്നാണ് കഴിഞ്ഞ ദിവസം മലപ്പുറം ഡിഎംഒ ആര്‍ രേണുക പറഞ്ഞത്. അതിനാൽ പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിൽ കൂൾബാറുകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനം മൂന്നാഴ്ചത്തേക്ക് നിയന്ത്രിച്ചിരിക്കുകയാണ്. രോഗലക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ ഒറ്റമൂലി ചികിത്സ തേടുന്നതിന് പകരം ഡോക്ടർമാരെ സമീപക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഇന്നും ശമ്പളം കിട്ടാൻ സാധ്യതയില്ല. ശമ്പളം മുടങ്ങിയത് ധനപ്രതിസന്ധിയെ തുടർന്നാണെന്നും, അതല്ല സാങ്കേതിക പ്രശ്നമാണെന്ന് പറയുന്ന ട്രഷറി വകുപ്പും ധനവകുപ്പും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണത്തിനും തയ്യാറായിട്ടില്ല. ജീവനക്കാരുടെ എംപ്ലോയീസ് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ ശമ്പളം പ്രതിഫലിക്കുന്നുണ്ടെങ്കിലും ബാങ്ക് വഴിയോ ഓൺലൈനായോ പണം പിൻവലിക്കാൻ കഴിയുന്നില്ല. ആഭ്യന്തരം, റവന്യു, ട്രഷറി, ജിഎസ്‌ടി വകുപ്പുകളിലും സെക്രട്ടേറിയേറ്റിലുമായി ഏകദേശം 97000 പേർക്കാണ് ഇന്നലെ ശമ്പളം കിട്ടേണ്ടിയിരുന്നത്. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ശമ്പളം വൈകാൻ കാരണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തി.
സംസ്ഥാനസർക്കാരിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നും ധവളപത്രം ഇറക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. സർക്കാരിന്റെ തെറ്റായ ധനകാര്യ മാനേജ്മെൻറാണ് ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് ശമ്പളം വരെ മുടങ്ങുന്ന നിലയിൽ ഗുരുതര ധന പ്രതിസന്ധിയുണ്ടായതിന് കാരണമെന്നും, 55 ലക്ഷം ആളുകൾക്ക് പെൻഷൻ വെ മുടങ്ങിയെന്നും വിഡി സതീശൻ വ്യക്തമാക്കി.
കെപിസിസിയുടെ സമരാഗ്നി സമാപന വേദിയില്‍ ഡിസിസി പ്രസിഡൻറ് പാലോട് രവി ദേശീയഗാനം തെറ്റിച്ച് പാടിയതില്‍ പഞ്ചാബിലും ഗുജറാത്തിലും ബംഗാളിലുമൊന്നും പാർട്ടിയില്ലല്ലോ അതിനാൽ ഒഴിവാക്കി പാടിയതാവുമെന്ന് കെ.മുരളീധരന്‍ എംപിയുടെ പരിഹാസ പ്രതികരണം. അതോടൊപ്പം ദേശീയഗാനത്തെ അവഹേളിച്ചതിന് പാലോട് രവിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ വൈസ് പ്രസിഡൻറ് ആർഎസ് രാജീവ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.
വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിസി എം ആർ ശശീന്ദ്രനാഥിനെ സസ്പെന്റ് ചെയ്തതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സർവ്വകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്നും ജുഡീഷ്യൽ അന്വേഷണത്തിനായി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട ഹൈക്കോടതിയെ സമീപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോളേജ് ഹോസ്റ്റലുകൾ എസ്എഫ്ഐ ഹെഡ് കോർട്ടേഴ്സുകൾ ആക്കി മാറ്റുകയാണെന്നും, എസ്എഫ്ഐയും പോപ്പുലർ ഫ്രണ്ടും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. അത്തരത്തിലുള്ള റിപ്പോർട്ടുകൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സിദ്ധാര്‍ഥന്‍റെ മരണത്തില്‍ കാശിനാഥന്‍, അജയ് കുമാർ എന്നിവർക്ക് പുറമെ മറ്റൊരാൾ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കേസിലാകെ 18 പ്രതികളാണുള്ളത്. നിലവിൽ 11 പേരാണ് അറസ്റ്റിലായത്. ഇനി നാലു പ്രതികളെ കൂടി കിട്ടാനുണ്ട്.
സിദ്ധാർത്ഥൻ്റെ മരണത്തിൽ പങ്കുള്ള അക്രമികൾക്ക് എതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എസ്എഫ്ഐ എന്നല്ല കുറ്റവാളികൾ ഏത് സംഘടനകളിൽ ആണെങ്കിലും നടപടിയുണ്ടാകും. ഇത്തരം അക്രമങ്ങൾ ഒരു സംഘടനയും നടത്താൻ പാടില്ല. സർക്കാർ നടപടിയിൽ സിദ്ധാർത്ഥൻ്റെ പിതാവ് തൃപ്തനെന്ന് അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
സിദ്ധാർത്ഥൻ്റെ നെടുമങ്ങാട്ടെ വീടിന് സമീപം സിപിഎം-ഡിവൈഎഫ്ഐ പതിനൊന്നാം കല്ല് ബ്രാഞ്ച് സിദ്ധാർത്ഥ് എസ്എഫ്ഐ പ്രവർത്തകൻ എന്ന് വിശേഷിപ്പിച്ചുള്ള ബോർഡ് വെച്ചത്. എന്നാൽ ബോർഡിനെതിരെ സിദ്ധാർത്ഥന്റെ കുടുംബം രംഗത്തെത്തിയതിനെ തുടർന്ന് പാർട്ടി തന്നെ ബോർഡ് നീക്കം ചെയ്തു. അതോടൊപ്പം വിമർശനങ്ങൾക്കിടെ എസ്എഫ്ഐ കൊന്നതാണ് എന്നെഴുതിയ ബോർഡ് കെഎസ്‍യു വും സ്ഥാപിച്ചു.
സിദ്ധാര്‍ത്ഥന്റെ മരണത്തിൽ 4 പ്രതികൾക്കായി പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കേസിൽ 12 വിദ്യാർത്ഥികൾക്കു കൂടി നടപടി ഉണ്ടാകും. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കുകയും ചെയ്തു. കൂടാതെ ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കെതിരെയും ശിക്ഷയുണ്ട്. അക്രമം നോക്കി നിന്ന മുഴുവൻ പേരെയും ഏഴ് ദിവസം കോളേജിൽ നിന്ന് സസ്പെന്റ് ചെയ്തു.
സിദ്ധാര്‍ത്ഥന്റെ മരണത്തിന് ശേഷവും വ്യാജ ആരോപണങ്ങൾ ഉണ്ടാക്കി ആ കുടുംബത്തെ അപമാനിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ വയനാട്ടിലെ മുതിർന്ന സിപിഎം നേതാവ് തന്നെയാണ് കൂടെ വന്നതെന്നും. ഇത് ഭീഷണിയാണ്. അന്വേഷണ ഉദ്യോഗസ്ഥനെ വിരട്ടലാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളങ്ങളിൽ ഒളിച്ചിരിക്കുകയാണ്. ക്രിമിനലുകൾക്ക് അഴിഞ്ഞാടാൻ മുഖ്യമന്ത്രി അവസരം കൊടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതിഷേധിച്ച് പൂക്കോട് വെറ്ററിനറി കോളേജിലെ ക്യാംപസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞത് സംഘർഷത്തിനിടയാക്കി. എസ്എഫ്ഐയിൽ ചേരാതിരുന്നതിനാണ് സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചതെന്ന് മാർച്ചിനിടെ സംസാരിച്ച രമേശ് ചെന്നിത്തല പറഞ്ഞു. കേസ് സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മുകാര്‍ പറഞ്ഞിട്ടാവാം പ്രതികള്‍ കീഴടങ്ങുന്നതെന്ന് സിദ്ധാര്‍ഥന്റെ പിതാവ് വ്യക്തമാക്കി. സിന്‍ജോയെ ഒളിപ്പിച്ച വീട്ടുകാരെയും പ്രതികളാക്കണമെന്നും, സിദ്ധാര്‍ഥന്റെ തലവെട്ടുമെന്ന് സിന്‍ജോ ഭീഷണിപ്പെടുത്തിയെന്ന് സിദ്ധാര്‍ഥന്റെ സഹപാഠികള്‍ തന്നോടു പറഞ്ഞിട്ടുണ്ടെന്നും, ഈ സിന്‍ജോയെയാണ് പാര്‍ട്ടിക്കാര്‍ സംരക്ഷിച്ചതെന്നും പിതാവ് ആരോപിച്ചു.
എസ്.എഫ്.ഐ യുടെ ക്രൂരമായ പീഢനത്തിന് നിരന്തരം ഇരയായി ജീവിക്കുന്ന രക്തസാക്ഷിയാണ് താനെന്ന് ചെറിയാന്‍ ഫിലിപ്പ്. യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുമ്പോഴാണ് കോളജിന്‍റെ രണ്ടാം നിലയിൽ നിന്നും എസ്.എഫ്.ഐക്കാർ താഴേക്ക് വലിച്ചെറിഞ്ഞതെന്നും. നട്ടെല്ലിനും സുഷുമ്നക്കും ഗുരുതരമായ ക്ഷതമുണ്ടായതിനെ തുടർന്ന് അരയ്ക്കു താഴെ നാഡീ വ്യവസ്ഥയ്ക്കും കാലുകളിലെ പേശീ വ്യൂഹത്തിനും ക്രമേണ ബലക്ഷയമുണ്ടായിയെന്നും സിദ്ധാർത്ഥിന്‍റെ ജീവിതം അപഹരിച്ച ക്രൂരത കണ്ടപ്പോൾ എസ്.എഫ്.ഐ യുടെ പഴയ കിരാത വാഴ്ച ഓർമ്മിച്ചതാണെനും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
കണ്ണൂരിൽ മത്സരിച്ചാലും കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാൻ ആഗ്രഹമുണ്ടെന്ന് കെ സുധാകരൻ പാര്‍ട്ടി സ്ക്രീനിങ് കമ്മിറ്റിയെ അറിയിച്ചതായി സൂചന. കൂടാതെ വയനാട് സീറ്റിലെ തീരുമാനം രാഹുൽ ഗാന്ധിക്ക് വിട്ടതായും, കെ.സി വേണുഗോപാൽ രാജ്യസഭയിൽ തുടരണമെന്നും ഹൈക്കമാൻഡിൽ ചർച്ച നടന്നു.
മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് ജെഎഫ്എംസി – 4 കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അതിജീവിതക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്നാണ് കുറ്റപത്രത്തിലുള്ളത്.
ബെംഗളൂരു രാമേശ്വരം കഫെയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രതിയെന്ന സംശയിക്കുന്ന 30 വയസ് പ്രായം തോന്നിക്കുന്നയാളുടെ സിസിടിവി ദൃശ്യം ലഭിച്ചു. തൊപ്പി ധരിച്ച, കണ്ണട വെച്ച ആളുടെ ദൃശ്യമാണ് പുറത്തുവന്നത്. സംഭവത്തിൽ എൻഐഎയും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പരിശോധനകൾ വർധിപ്പിച്ചതായി ദില്ലി പൊലീസ് അറിയിച്ചു.
ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസിൽ സർക്കാർ മറുപടി പറയണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഷീല സണ്ണിയുടെ ഹർജിയിലാണ് കോടതി നിർദേശം വന്നത്. കേസിൽ ആരോപണ വിധേയരായ എക്സൈസ് ഉദ്യോഗസ്ഥർക്കും കോടതി നോട്ടീസ് അയച്ചു.
കൊച്ചി കലൂർ സ്റ്റേഡിയം പൊതു സമ്മേളനങ്ങൾക്കും അവാർഡ് നിശകൾക്കും വിട്ടുനൽകി വരുമാനം വർധിപ്പിക്കാൻ ജിസിഡിഎ തീരുമാനം. 35000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയം വർഷത്തിൽ പകുതിയിലെറെ സമയവും ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് ജിസിഡിഎ ചൂണ്ടിക്കാട്ടുന്നത്. ഇതേ തുടർന്ന് സ്റ്റബിലൈസർ സംവിധാനമുള്ള ടർഫ് പ്രൊട്ടക്ഷൻ ടൈലുകൾ സ്ഥാപിക്കാനാണ് പദ്ധതി. ഇത് സൂര്യ രശ്മികൾ കടന്നുപോകാനും പുല്ല് വളരാനും സഹായിക്കും. കായികേതര പരിപാടികൾ നടക്കുമ്പോൾ ഈ ടൈലുകൾ വിരിച്ച് ടർഫ് സംരക്ഷിക്കാനാവും. എന്നാൽ തീരുമാനത്തിനെതിരെ പൊതുപ്രവർത്തകരും കായികപ്രമികളും രംഗത്തെത്തിയിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന ജോലി സമ്മര്‍ദത്തില്‍ ആശങ്ക അറിയിച്ച് മുംബൈ പ്രസ്‌ക്ലബ്. ബ്രേക്കിങ്ങ് ന്യൂസുകളും എക്‌സ്‌ക്ലൂസിവ് വാര്‍ത്തകളും തയ്യാറാക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും മേല്‍ ചെലുത്തുന്ന സമ്മര്‍ദം അവരുടെ മാനസികാര്യോഗത്തെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും, കഴിഞ്ഞ ദിവസം മുംബൈയിലെ പത്രസ്ഥാപനത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു, ഇതേ തുടർന്ന് രാജ്യത്തെ മാധ്യമസ്ഥാപനങ്ങളുടെ മേധാവികള്‍ക്കായി തയ്യാറാക്കിയ കത്തിലാണ് പ്രസ്‌ക്ലബ് ആശങ്കയറിയിച്ചത്.
225 രാജ്യസഭാ സിറ്റിംഗ് അംഗങ്ങളിൽ 33 ശതമാനം പേർക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ നിലനിൽക്കുന്നുണ്ടെന്നും സിറ്റിംഗ് എംപിമാരുടെ മൊത്തം ആസ്തി 19,602 കോടി രൂപയാണെന്നും വ്യക്തമാക്കി തെരഞ്ഞെടുപ്പ് അവകാശ സംഘടനയായ എഡിആറിന്റെ റിപ്പോർട്ട്.
ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സര്‍ അമർനാഥ് ഘോഷ് യുഎസില്‍ വെടിയേറ്റു മരിച്ചു. ഘോഷിന്‍റെ സുഹൃത്തും ഇന്ത്യൻ ടെലിവിഷൻ അഭിനേതാവുമായ ദേവോലീന ഭട്ടാചാര്യയാണ് ഇക്കാര്യം എക്സ് അക്കൗണ്ട് വഴി വെളിപ്പെടുത്തിയത്.
ബ്രസീലിലെ മുൻ പ്രസിഡന്റായിരുന്ന ജേർ ബോല്‍സെണാറോയെ തിമിംഗലത്തെ ശല്യം ചെയ്തെന്ന ആരോപണത്തെ തുടർന്ന് പൊലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ ജൂൺ മാസത്തിൽ സാവോ പോളോയിലെ വടക്കൻ മേഖലയിൽ നടത്തിയ വിനോദ യാത്രയ്ക്കിടെ തിമിംഗലത്തെ ശല്യം ചെയ്തെന്നാണ് പരാതി. കടൽ യാത്രയ്ക്കിടെ തിമിംഗലങ്ങളെ കണ്ടാൽ അവയുടെ അടുത്തേക്ക് പോവുന്നതോ ശല്യപ്പെടുത്തുന്നതോ കുറ്റകരമാണെന്ന് നിയമം നിലവിലുണ്ട്. എന്നാൽ ശല്യപ്പെടുത്തുന്ന രീതിയിലുള്ള ഒരു നടപടിയും ഉണ്ടായില്ലെന്നാണ് ബോല്‍സെണാറോ പ്രതികരിച്ചത്.
ക്രിക്കറ്റ് ഉത്തരവാദിത്വങ്ങളില്‍ വീണ്ടും സജീവമാകുന്നതിനായി രാഷ്ട്രീയ ചുമതലകളില്‍ നിന്ന് മാറിനില്‍ക്കാന്‍ അനുവദിക്കണം എന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയോട് ആവശ്യപ്പെട്ടതായി ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. ജനങ്ങളെ സേവിക്കാന്‍ അവസരം തന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ക്ക് നന്ദി പറയുന്നതായും ഗംഭീറിന്‍റെ ട്വീറ്റിലുണ്ട്.