ഗ്രാമ-നഗര വ്യത്യാസമില്ലാതെ കേരളത്തിലെ കുടുംബങ്ങള്‍ പണം ചെലവഴിക്കുന്നത് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇരട്ടിയാക്കിയെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് കഴിഞ്ഞ 12 വര്‍ഷത്തിനിടെ ശരാശരി ആളോഹരി വീട്ടുചെലവില്‍ ഇരട്ടി വര്‍ധനയുണ്ടെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ 2022-23ലെ സര്‍വേ ഫലം വ്യക്തമാക്കുന്നത്. കേരളത്തിലെ ഗ്രാമങ്ങളിലെ ശരാശരി പ്രതിമാസ ഉപഭോഗ ചെലവ് 5984 രൂപയാണ്. 2011-12ല്‍ ഇത് 2,669 രൂപയായിരുന്നു. നഗരങ്ങളില്‍ 3,408 രൂപയായിരുന്നത് 7,078 രൂപയായി. വലിയ സംസ്ഥാനങ്ങളില്‍ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ഗാര്‍ഹിക ഉപഭോഗ ചെലവുകള്‍ തമ്മിലുള്ള അന്തരം 19.5 ശതമാനത്തോടെ ഏറ്റവും കുറവും കേരളത്തിലാണ്. പഞ്ചാബില്‍ ഇത് 23.1 ശതമാനവും രാജസ്ഥാനില്‍ 38.7 ശതമാനവുമാണ്.ദാരിദ്ര്യം കുറയുന്നുഇന്ത്യയിലെ ഏറ്റവും ദരിദ്രരായ കുടുംബങ്ങളുടെയും സാമൂഹിക-സാമ്പത്തിക നിലയുടെ ഏറ്റവും താഴെയുള്ളവരുടെയും പ്രതിശീര്‍ഷ ചെലവ് വേഗത്തില്‍ ഉയരുന്നതായി 2022-23ലെ ഗാര്‍ഹിക ഉപഭോഗ ചെലവ് സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ മൊത്തം ഗ്രാമങ്ങളിലെ ശരാശരി പ്രതിമാസ ഉപഭോഗ ചെലവ് 3,773 രൂപയാണെന്ന് എന്‍.എസ്.ഒ പറയുന്നു. നഗരങ്ങളില്‍ ഇത് 6,459 രൂപയും. ദാരിദ്ര്യം കുറയുന്നതിന്റെ സൂചനയാണിത്. സാമൂഹ്യക്ഷേമ പദ്ധതികളുടെ വിതരണം സാമ്പത്തികമായി ഏറ്റവും താഴെ തട്ടിലുള്ളവര്‍ക്കിടയിലേക്ക് കൃത്യമായി എത്തിയതാണ് ഇതിന് പ്രാധാന കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ഗ്രാമപ്രദേശങ്ങളിലെ പ്രതിമാസ ചെലവ് നഗരത്തിലെ പ്രതിമാസ ചെലവിനേക്കാള്‍ വേഗത്തില്‍ വളരുന്നത് ഇവ രണ്ടും തമ്മിലുള്ള അന്തരം കുറയ്ക്കുന്നു. ഇതോടെ സാമ്പത്തിക അസമത്വവും ആപേക്ഷികമായി കുറയും.