mid day hd 13

ഇന്ത്യയുടെ മനുഷ്യനെ വഹിച്ചുള്ള ആദ്യ ബഹിരാകാശ ദൗത്യത്തിന്‍റെ തലവൻ മലയാളിയായ പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായര്‍. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനായുള്ള നാലുപേരേയും തുമ്പ വിഎസ്എസ്‍യിൽ നടന്ന ചടങ്ങില്‍ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ട് നരേന്ദ്ര മോദി പ്രഖ്യാപനം നടത്തി. പാലക്കാട് സ്വദേശിയായ വ്യോമ സേന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ, വിങ് കമാന്‍ഡര്‍ ശുഭാൻശു ശുക്ല  എന്നിവരാണ് ഗഗൻയാൻ ദൗത്യത്തിനായി പരിശീലനത്തിലുള്ളവര്‍.  ഗഗൻയാൻ ദൗത്യത്തിനുള്ള ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേ‌ർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രനോട്ട് ബാഡ്ജുകൾ സമ്മാനിച്ചു.

തിരുവനന്തപുരം വിഎസ്എസ്‍സിയിലെത്തിയ നരേന്ദ്ര മോദി മോദി ​ഗ​ഗൻയാൻ പദ്ധതിയുടെ പുരോഗതി വിലയിരുത്തി. കൂടാതെ വിഎസ്എസ്‍സിയിലെ പുതിയ ട്രൈസോണിക് വിൻഡ് ടണൽ, മഹേന്ദ്രഗിരി പ്രൊപ്പൽഷൻ കോംപ്ലക്സിലെ സെമി ക്രയോജനിക് ഇന്റ​ഗ്രേറ്റഡ് എഞ്ചിൻ & സ്റ്റേജ് ടെസ്റ്റ് ഫെസിലിറ്റി, ശ്രീഹരിക്കോട്ടയിലെ പുതിയ പിഎസ്എൽവി ഇന്‍റഗ്രേഷൻ ഫെസിലിറ്റി എന്നീ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി വി മുരളീധരൻ, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.എസ് സോമനാഥ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

മൂന്നാർ കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ  ഓട്ടോറിക്ഷാ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താല്‍ പിൻവലിച്ചു.  കൊല്ലപ്പെട്ട സുരേഷ് കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ കൈമാറിയ സാഹചര്യത്തിലാണ് ഹര്‍ത്താൽ പിൻവലിച്ചത്. സുരേഷ് കുമാറിന്‍റെ കുടുംബാംഗങ്ങൾക്ക് ജോലി നൽകുന്നതിന് വനം വകുപ്പ് ശുപാർശ ചെയ്യുമെന്നും, മക്കളുടെ പഠന ചിലവും പരിക്കേറ്റവരുടെ ചികിത്സാ ചിലവും വനം വകുപ്പ് ഏറ്റെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ടിപി വധക്കേസുമായി ബന്ധപ്പെട്ട് കുറ്റക്കാരെന്ന് കണ്ടെത്തിയ കെ കെ കൃഷ്ണനും ജ്യോതിബാബുവും നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരാണെന്നും എന്തുകൊണ്ടാണ് പ്രായമുള്ള പ്രതികൾക്ക് വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നതെന്നും കോടതി. അപൂർവങ്ങളിൽ അപൂർവമായ കേസുകൾക്ക് മാത്രം വധശിക്ഷ നൽകാനാണ് സുപ്രിംകോടതിയുടെ നിർദേശമെന്നും പ്രതികളുടെ ശിക്ഷ ജീവപര്യന്തത്തിൽ നിന്ന് പരമാവധി ശിക്ഷയായ വധശിക്ഷയായി ഉയർത്താൻ സാഹചര്യം ഉണ്ടോയെന്നും കോടതി ചോദിച്ചു.

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ വർഷങ്ങൾ ജയിലിൽ കഴിഞ്ഞിട്ടും സി.പി.എം മുൻ നേതാവും എട്ടാം പ്രതിയുമായ കെ.സി രാമചന്ദ്രന് കുറ്റബോധമില്ലെന്ന് കോഴിക്കോട് ജില്ല പ്രൊബേഷൻ ഒഫീസറുടെ റിപ്പോർട്ട്. ശാരീരിക, മാനസിക റിപ്പോർട്ടും ജയിലിലെ ജോലി സംബന്ധിച്ച റിപ്പോർട്ടും ഇന്നലെ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ റിപ്പോർട്ടുകൾ കോടതി ഇന്ന് പരിഗണിക്കും.

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ കോടതി തൂക്കി കൊല്ലാന്‍ വിധിച്ചു എന്ന് കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് കേരളമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. പ്രതികളായ കൊടി സുനി, ജ്യോതി ബാബു, കെ കെ കൃഷ്ണന്‍, റഫീക്ക്, ഷാഫി എന്നിവര്‍ കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരു സഹതാപവും തോന്നുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

സിഎംആര്‍എല്ലിന്റെ ആവശ്യപ്രകാരം ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് നൽകാനായി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്ന മാത്യു കുഴൽനാടന്റെ ആരോപണം അതീവ ഗുരുതരമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെ കുടുംബത്തിന് കെ പി സി സി 15 ലക്ഷം രൂപ നൽകുമെന്ന് കെ സുധാകരൻ അറിയിച്ചു. കർണാടക സർക്കാർ പ്രഖ്യാപിച്ച 15 ലക്ഷത്തിനെതിരെ  ബി ജെ പി രംഗത്ത് എത്തിയതിനു പിന്നാലെ പണം വേണ്ടെന്ന് അജീഷിന്റെ കുടുംബം പറഞ്ഞിരുന്നു, അതിനാലാണ് കെപിസിസി പണം നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബെൽത്തങ്ങാടി ക്വാറി കേസിൽ നിലമ്പൂര്‍ എംഎൽഎ പി.വി.അൻവറിനെ ഇഡി ചോദ്യം ചെയ്യുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള  സിപിഎം  സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. എല്ലാ സീറ്റുകളിലും പാര്‍ട്ടി ചിഹന്നത്തിലായിരിക്കും മത്സരം. ഇന്ന് എല്ലാ മണ്ഡലങ്ങളിലും ഇടത് സ്ഥാനാർത്ഥികള്‍ക്ക് റോഡ് ഷോ നടത്താൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് പേരുകൾ അന്തിമമായ് അംഗീകരിക്കും. ഉച്ചകഴിഞ്ഞ്  15 സീറ്റുകളിലെയും സ്ഥാനാർഥികളെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രഖ്യാപിക്കും.

സ്ഥാനാർത്ഥി നിർണയത്തിൽ അന്തിമ തീരുമാനത്തിനായി മുസ്ലീം ലീഗിന്‍റെ നേതൃയോഗം നാളെ ചേരും. കോൺഗ്രസ്,ലീഗ്  ഉഭയകക്ഷി ചർച്ചയുടെ വിശദാംശങ്ങൾ നേതാക്കൾ സാദിഖലി ശിഹാബ് തങ്ങളെ ധരിപ്പിച്ചു. ഇതിനിടെ സീറ്റ് ആവശ്യപ്പെട്ട് യൂത്ത് ലീഗും രംഗത്തെത്തി.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടിയും നര്‍ത്തകിയുമായ ശോഭന സ്ഥാനാര്‍ഥിയാകണമെന്ന് സുരേഷ് ഗോപി. ഭാവിയിലെ രാഷ്ട്രീയക്കാരിയാണ് ശോഭനയെന്നും, സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് താനും കേന്ദ്രനേതൃത്വവും ശോഭനവുമായി സംസാരിച്ചുവെന്നും തിരുവനന്തപുരത്ത് ശോഭന മല്‍സരിക്കണമെന്നാണ് ആഗ്രഹമെന്നും സുരേഷ്ഗോപി വ്യക്തമാക്കി.

കഴിഞ്ഞ ജൂലൈയിൽ കൊച്ചി തമ്മനത്തു വെച്ച് നടൻ സുരാജ് വെഞ്ഞാറമൂടിന്റെ വാഹനം ഇടിച്ച് മഞ്ചേരി സ്വദേശിക്ക്  പരിക്കേറ്റിരുന്നു തുടർന്ന് പാലാരിവട്ടം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയുകയും, പിന്നാലെ ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ നിർദ്ദേശിച്ച് എംവിഡി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. മറുപടി വരാത്ത സാഹചര്യത്തിൽ ജോ. ആർടിഒ രണ്ട് വട്ടംകൂടി   നോട്ടീസ് അയച്ചു, എന്നാൽ ഇതിനും താരം മറുപടി നൽകിയില്ല. കഴിഞ്ഞ മാസം മൂന്നാമത്തെ അവസരം നൽകിയെങ്കിലും  സുരാജ് ഹാജരാകുന്നതിനോ മറുപടി നൽകുന്നതിനോ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് നിയമപ്രകാരം ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങിയതെന്ന് എറണാകുളം ആർടിഒ വ്യക്തമാക്കി.

തൊഴിലുറപ്പ് ജോലിക്കായി ഒപ്പിട്ട ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലക്ക് പോയ  പത്തനംതിട്ട പള്ളിക്കൽ പഞ്ചായത്തിലെ മൂന്ന് മേറ്റുമാരെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. കോൺഗ്രസും ബിജെപിയും നൽകിയ പരാതിയിലാണ് നടപടി. മൂന്നു മേറ്റുമാരുടെയും 70 തൊഴിലാളികളുടെയും ആ ദിവസത്തെ വേതനം കുറയ്ക്കണം എന്നും ഓംബുഡ്സ്മാൻ ഉത്തരവിൽ പറയുന്നു.

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ബിരുദ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർഥൻ റ ശരീരത്തിൽ മൂന്നുനാൾ വരെ പഴക്കമുള്ള പരിക്കുകൾ ഉണ്ടെന്നും ക്രൂര മർദനത്തിന് ഇരയായിട്ടുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന എസ്എഫ്ഐ നേതാക്കൾ അടക്കമുള്ള 12 പേർ ഒളിവലാണെന്ന് പൊലീസ് അറിയിച്ചു.

ആററുകാൽപൊങ്കാല നിവേദ്യം നടന്നതിനു ശേഷം ശേഖരിച്ച ചുടുകട്ടകളെല്ലാം ഇത്തവണയും വീട് നിർമ്മാണത്തിന് തന്നെ നൽകും. 1200 നഗരസഭാ തൊഴിലാളികള്‍, 1400 താല്‍ക്കാലിക ജീവനക്കാര്‍, 150 വോളന്‍റിയര്‍മാര്‍ ഇവരെല്ലാം ചേർന്നാണ് പൊങ്കാലയ്ക്കു ശേഷം നഗരം വൃത്തിയാക്കിയത്. 2018 മുതലാണ് പൊങ്കാല അടുപ്പിനുപയോ​ഗിച്ച ചുടുകട്ടകൾ ശേഖരിച്ചു തുടങ്ങിയത്. ഇത്തവണ മൂന്ന് ലക്ഷത്തോളം ഇഷ്ടികകള്‍ വരുമെന്നാണ് കണക്കുകൂട്ടല്‍.

ഗുരുവായൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് നാല് പുതിയ കെ എസ് ആര്‍ ടിസി സർവീസുകൾക്ക് അനുമതിയായി. കൊഴിഞ്ഞാമ്പാറ വഴിയാണ് കോയമ്പത്തൂരിലേക്ക് ആദ്യ സര്‍വ്വീസ് നടത്തുക. ഗുരുവായൂരിലേക്കുള്ള തീർത്ഥാടകരുടെ നിരന്തരമായ ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്. നാല് സർവീസുകളുടെയും സമയക്രമം ഉടൻ തന്നെ അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.

മലപ്പുറം തിരൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നു വീണ് യുവാവിന് ഗുരുതര പരുക്ക്. പരപ്പനങ്ങാടി സ്വദേശി പ്രശാന്തിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ സഹായം ആവശ്യമില്ലെന്ന് കോൺഗ്രസ്. കേന്ദ്ര അന്വേഷണ ഏജൻസികളെ ഭയന്നാണ് മമത സഖ്യം വേണ്ടെന്ന് വച്ചതെന്ന് അധിർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. സഖ്യമുണ്ടാകുമെന്ന സൂചനകളാണ് ആദ്യം മമത ബാനര്‍ജിയും, ഡെറിക് ഒബ്രിയാനും നൽകിയത്. എന്നാൽ പാര്‍ട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനര്‍ജി എംപി തങ്ങൾ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു.

ലോകകപ്പിനിടെ കണങ്കാലിനേറ്റ പരിക്കിന് ലണ്ടനില്‍ ശസ്ത്രക്രിയക്ക് വിധേയനായ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി എത്രയും പെട്ടെന്ന് കളിക്കളത്തില്‍ തിരിച്ചെത്താന്‍ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി മുഹമ്മദ് ഷമി എത്രയും വേഗം കളിക്കളത്തില്‍ തിരിച്ചെത്തട്ടെയെന്ന് ആശംസിച്ചത്

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *