night news hd 13

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് അടുത്ത മൂന്ന് മാസം ഉണ്ടാകില്ലെന്ന് മോദി. കഴിഞ്ഞ തവണത്തേത് പോലെ മാർച്ചില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നേക്കാമെന്നും, നൂറ്റി പതിനൊന്നാമത് എപ്പിസോഡ് ആയിരിക്കും അടുത്തതെന്നും, പുതിയ ഊർജജത്തോടെ വീണ്ടും കാണാമെന്നും മോദി പറഞ്ഞു.

സ്ത്രീകള്‍ പിന്നില്‍ ഉള്ള ഒരു മേഖലയും ഇന്ന് രാജ്യത്തില്ലെന്ന് മൻകിബാത്തിൽ നരേന്ദ്രമോദി. ഗ്രാമങ്ങളിലെ സ്ത്രീകള്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുവെന്നും. നമോ ഡ്രോണ്‍ ദീദിയെന്നത് എല്ലാവരും ചർച്ച ചെയ്യുന്നുവെന്നും മോദി പറഞ്ഞു. ആദ്യ വോട്ടർമാർ ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് റെക്കോര്‍ഡ് തീർക്കണമെന്നും നൂറ്റിപത്താം എപ്പിസോഡിൽ അദ്ദേഹം ആവശ്യപ്പെട്ടു.

ഗുജറാത്തിലെ ദ്വാരകക്ഷേത്ര സന്ദര്‍ശനത്തിന്‍റെ ഭാഗമായി കടലിൽ മുങ്ങി പ്രാര്‍ത്ഥന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കടലിൽ മുങ്ങിയ ശേഷം ദ്വാരക ക്ഷേത്രത്തിലും അദ്ദേഹം ആരാധന നടത്തി. കടലിൽ മുങ്ങിയത് ഏറെ ദിവ്യമായി അനുഭവപ്പെട്ടുവെന്നും പുരാതന കാലഘട്ടവുമായി താൻ ബന്ധപ്പെട്ടതായി തോന്നുന്നുവെന്നും മോദി എക്സിൽ കുറിച്ചു. ഓഖയെയും ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന സുദര്‍ശന്‍ സേതു ഉദ്ഘാടനം അടക്കമുളള ചടങ്ങുകൾക്കായി ​ഗുജറാത്തിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി.

ആറ്റുകാലമ്മക്ക് പൊങ്കാലയര്‍പ്പിച്ച ഭക്തര്‍ നിറഞ്ഞ മനസ്സോടെ വീടുകളിലേക്ക് മടങ്ങി. ശ്രികോവിലിൽ നിന്നും കൊളുത്തിയ ദീപം മേല്‍ശാന്തിയില്‍ നിന്ന് സഹമേല്‍ശാന്തി എറ്റുവാങ്ങി പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി. തുടർന്ന് ക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ വിശ്വാസികൾ പൊങ്കാലയിട്ടു. രാവിലെ ചെറിയതോതിൽ ചാറ്റൽമഴയുണ്ടായെങ്കിലും മഴ തടസമായില്ല. രാത്രി എട്ടുമണിവരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. സുരക്ഷയ്ക്കായി 3,300 പൊലീസുകാരെ നഗരത്തിൽ നിയമിച്ചിരുന്നു.

മുസ്ലിം ലീഗിന് ലോക്സഭാ സീറ്റ് നൽകാനാകില്ലെന്നും, രാജ്യസഭാ സീറ്റ് എന്ന നിർദ്ദേശം മുന്നോട്ടുവെച്ചും കോൺഗ്രസ്. നിർദ്ദേശത്തിൽ ആലോചിച്ച് മറുപടി പറയാമെന്ന് ലീഗും മറുപടി നൽകി. നിലവിൽ മത്സരിക്കുന്ന മലപ്പുറം, പൊന്നാനി സീറ്റുകൾക്ക് പുറമേ ഒരു സീറ്റു കൂടി ലോക്സഭാ തെരെഞ്ഞടുപ്പിൽ മത്സരിക്കാൻ വേണമെന്നതാണ് ലീഗിന്‍റെ ആവശ്യം. 27 ലെ ലീഗ് യോഗം കോൺഗ്രസ് നിർദ്ദേശം ചർച്ച ചെയ്യും. രാജ്യസഭാ സീറ്റ് നിർദ്ദേശം ലീഗിന് മുന്നിൽ വെച്ച കാര്യം കോൺഗ്രസ് സംസ്ഥാന നേതൃത്വം എഐസിസിയെയും അറിയിക്കും.

ലോക്സഭ സീറ്റുമായി ബന്ധപ്പെട്ട് മൂന്ന് സീറ്റിൽ കൂടുതൽ ലീഗിന് അവകാശം ഉണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കോൺഗ്രസ് ലീഗിനെ ഭയപ്പെടുത്തുകയാണെന്നും, ലീഗിന് അർഹതപ്പെട്ടത് കിട്ടുന്നില്ലെന്നും , കോൺഗ്രസിന് ഒറ്റയ്ക്ക് നിന്ന് ജയിക്കാനുള്ള ശക്തിയില്ല. ലീഗ് ഒറ്റയ്ക്ക് മത്സരിച്ചാൽ സീറ്റുകൾ കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്നാം സീറ്റ് വേണമെന്ന് പറയേണ്ടത് ലീഗാണ്, അവർക്ക് എത്ര സീറ്റ് വേണമെങ്കിലും ചോദിക്കാമെന്നും ലീഗിന്റെ ആവശ്യത്തിൽ അഭിപ്രായം പറയാനില്ലെന്നും സമസ്ത. സമസ്ത സ്ഥാനാർത്ഥികളെ നിർത്താറില്ലെന്നും സമസ്തയിലുള്ളവർക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

കോൺഗ്രസിന്റെ സമുന്നത നേതാക്കൾ പരസ്യമായി പരസ്പരം തെറിവിളിക്കുന്നത് ആത്മാഭിമാനമുള്ള കോൺഗ്രസ് പ്രവർത്തകർക്ക് അംഗീകരിക്കാൻ കഴിയുമോയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കെ സുധാകരനും വിഡി സതീശനും നയിക്കുന്ന സമരാഗ്നി യാത്ര തുടങ്ങിയാൽ കേരളത്തിലെ ക്രമസമാധാന നില തകരാറിലാകുമോ എന്ന ആശങ്ക ഞങ്ങൾ തുടക്കത്തിലെ പ്രകടിപ്പിച്ചതാണെന്നും, കെപിസിസി പ്രസിഡൻറും പ്രതിപക്ഷ നേതാവും നേരത്തെ പരസ്യമായി മൈക്കിനു വേണ്ടി ഏറ്റുമുട്ടി. ഇപ്പോൾ അവർ പരസ്പരം അസഭ്യം പറയുന്ന നിലയിൽ കാര്യങ്ങൾ എത്തിയെന്നും മുഹമ്മദ് റിയാസ് പരിഹസിച്ചു.

സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിൽ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വയനാട് ജില്ലയിലെ മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ ഇറങ്ങിയെന്ന് നാട്ടുകാർ. നാട്ടുകാരനായ തോമസിൻ്റെ ഒരു വയസ്സ് പ്രായമുള്ള പശുക്കിടാവിനെ കടുവ പിടിച്ചുവെന്നും. നൂറ് മീറ്റർ മാറി പാടത്ത് അവശിഷ്ടങ്ങളും കണ്ടെത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. കടുവയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ഉത്തരവ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇറക്കിയിരുന്നു. വനംവകുപ്പ് കൂട് വച്ചിട്ടുണ്ടെങ്കിലും കടുവ കെണിയിലായിട്ടില്ല.

തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ചെന്നൈയിൽ പള്ളിക്കരണൈ അംബേദ്കർ സ്ട്രീറ്റിലെ പ്രവീൺ ആണ് കൊല്ലപ്പെട്ടത്. പ്രബലജാതിയിലെ യുവതിയെ വിവാഹം ചെയ്ത പ്രവീണിനെ ഭാര്യാസഹോദരൻ ദിനേഷും സുഹൃത്തുക്കളുമാണ് വെട്ടിക്കൊന്നത്. തലയിലും കഴുത്തിലും പരുക്കേറ്റ യുവാവിനെ ക്രോംപ്പേട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ജമ്മുകശ്മീരിലെ കത്വ മുതല്‍ പഞ്ചാബിലെ മുഖേരിയാൻ വരെ ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടി. 53 വാഗണുകള്‍ ഉള്ള ചരക്ക് ട്രെയിനാണ് എഴുപത് കിലോമീറ്ററിലതികം ദൂരം അതീവ വേഗത്തില്‍ ഒറ്റക്ക് ഓടിയത്. എഴുപത് കിലോമീറ്റർ ദൂരയുള്ള പഞ്ചാബിലെ ഊഞ്ചി ബസ്സി എന്ന സ്ഥലത്ത് വച്ചാണ് ചരക്ക് ട്രെയിന്‍ നിർത്താനായത്. പഞ്ചാബ് ഭാഗത്തേക്കുള്ള ഭൂമിയുടെ ചരിവാണ് ട്രെയിൻ തനിയെ നീങ്ങാൻ കാരണമെന്നാണ് പുറത്ത് വരുന്ന സൂചന. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ഔദ്യോഗിക ഭാഷ ഹിന്ദിയായതിനാൽ പൊതു അറിയിപ്പുകൾ, വിജ്ഞാപനങ്ങൾ, പത്രക്കുറിപ്പുകൾ, ടെൻഡർ-കോൺട്രാക്ട്‌ ഫോമുകൾ, കരാറുകൾ, ലൈസൻസ് തുടങ്ങി മെഡിക്കൽ ഗവേഷണദേശീയ കൗൺസിലുമായി ബന്ധപ്പെട്ട എല്ലാ വ്യവഹാരങ്ങൾക്കും ഹിന്ദി ഉപയോഗിക്കണമെന്ന് ഐ.സി.എം.ആർ. ഡെപ്യൂട്ടി ഡയറക്ടർ മനീഷ് സക്‌സേന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ‌അടിയന്തരഘട്ടങ്ങളിൽ മാത്രം ഇംഗ്ലീഷ് ഉപയോഗിക്കാമെന്നും, ഹിന്ദി ദിനപത്രങ്ങളിൽ ഹിന്ദിയിൽതന്നെ പരസ്യങ്ങൾ നൽകണം. ഓഫീസുകളിലെ സോഫ്റ്റ്‌വേറുകൾ ദേവനാഗരിക ലിപിയിലായിരിക്കണമെന്നും നിർദേശത്തിലുണ്ട്.

മഹാരാഷ്ട്ര നിയമസഭാംഗം സഞ്ജയ് ഗെയ്ക്വാദിനെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം സംസ്ഥാന വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. അടുത്തിടെ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് താൻ 1987ൽ കടുവയെ വേട്ടയാടി പിടിച്ചിട്ടുണ്ടെന്നും അതിന്റെ പല്ല് പറിച്ചെടുത്താണ് മാലയിൽ വെച്ചിട്ടുള്ളതെന്നും പറഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വനംവകുപ്പ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

മലപ്പുറം കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യ ബസിനെ മറികടക്കുന്നതിനിടയാണ് അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല.കോഴിക്കോട് പാലക്കാട് റൂട്ടിലെ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ഇതേ റൂട്ടിലെ സ്വകാര്യ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടയാണ് അപകടം. സംഭവത്തെക്കുറിച്ച് കെഎസ്ആർടിസി അന്വേഷണം തുടങ്ങി.

മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് വിഷയത്തില്‍ വിമര്‍ശനവുമായി ഐഎന്‍എല്‍. സീറ്റ് തര്‍ക്കം ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒടുങ്ങിയെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍.  ഉഭയകക്ഷി ചര്‍ച്ച നടത്തിയത് അണികളുടെ കണ്ണില്‍ പൊടിയിടാനാണ്. അര്‍ഹതപ്പെട്ട സീറ്റ് വാങ്ങിയെടുക്കാത്തതില്‍ ലീഗ് അണികളില്‍ അമര്‍ഷം ശക്തമാണെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.

ഉത്തർപ്രദേശിൽ പടക്കശാലയിൽ പൊട്ടിത്തെറി. കൗശാമ്പിയിൽ ഉണ്ടായ  പൊട്ടിത്തെറിയിൽ നാലുപേർ കൊല്ലപ്പെട്ടു. പരുക്കേറ്റ നിരവധി പേർ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് സൂപ്രണ്ട് ബ്രിജേഷ് ശ്രീവാസ്തവ അറിയിച്ചു.കൗശാംബിയിലെ മഹേവ ഗ്രാമത്തിലെ പടക്ക നിർമ്മാണശാലയിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഫോടനം ഉണ്ടായത്.പടക്ക നിർമ്മാണശാല ലൈസൻസോടെയാണ്പ്രവർത്തിച്ചത് എന്നാണ് പൊലീസ് വിശദീകരണം.

ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടാനുള്ള ചുരുങ്ങിയ പ്രായം ആറ് വയസാക്കും. വിദ്യാഭ്യാസ മന്ത്രാലയം ഈ ആശയം നേരത്തെ മുന്നോട്ടുവച്ചിരുന്നു. 2024-25 അധ്യയന വര്‍ഷം മുതല്‍ നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് ഇന്നും നാളെയും എട്ട് ജില്ലകളിൽ ചൂട് കൂടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം,ആലപ്പുഴ, കോഴിക്കോട് കണ്ണൂർ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ സാധാരണ രേഖപ്പെടുത്തുന്നതിനേക്കാൾ 2 മുതൽ 4 °C വരെ ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ജമ്മുകശ്മീരിലെ കത്വ മുതല്‍ പഞ്ചാബിലെ മുഖേരിയാൻ വരെ 53 വാഗണുകള്‍ ഉള്ള ചരക്ക് ട്രെയിൻ എഴുപത് കിലോമീറ്ററിലതികം ദൂരം ഒറ്റക്ക് ഓടി. ഗുരുതര വീഴ്ചയെ കുറിച്ച് അന്വേഷിക്കാൻ റെയില്‍വേ മന്ത്രാലയം ഉത്തരവിട്ടു.ജമ്മുവിലെ കത്വ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിന്‍ ലോക്കോ പൈലറ്റ് ഇല്ലാതിരിക്കെ പഞ്ചാബ് ഭാഗത്തേക്ക് തനിയെ ഓടുകയായിരുന്നു.ചായ കുടിക്കാൻ പുറത്തിറങ്ങിയ ലോക്കോ പൈലറ്റ് ബ്രെയ്ക്ക് ഉപയോഗിക്കാത്താണ് ട്രെയിന്‍ തനിയെ ഓടാൻ കാരണമെന്നാണ് വിവരം.

ലോക്സഭാ തെരഞ്ഞെടുപ്പോടെ UDF കേരളത്തിൽ തകരുമെന്ന്ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വോട്ടെടുപ്പ് കഴിയുന്നതോടെ LDFനെ എതിർക്കാൻ ബിജെപി മാത്രമേ ഇനി കേരളത്തിൽ ഉണ്ടാവു. വർഗീയ ധ്രുവീകരണത്തിനാണ് എൽഡിഎഫും യുഡിഎഫും ശ്രമിക്കുന്നത്. മുസ്ലീം വോട്ട് നേടാൻ എൽഡിഎഫ് ശ്രമിക്കുമ്പോൾ യുഡിഎഫ് ആണ് തകർന്നു പോകുന്നത്. സാമുദായിക ധ്രുവീകരണം നടത്തി മുന്നേറ്റം ഉണ്ടാക്കാനാണ് LDF ശ്രമിക്കുന്നത്. അത് തടയാൻ UDF തയ്യാറാവുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ തൃശൂർ അതിരൂപതാ സമുദായ ജാഗ്രത സമ്മേളനം.  രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കുവാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് തൃശൂർ അതിരൂപത സമുദായ ജാഗ്രത സമ്മേളനത്തിൽ പ്രമേയം കൊണ്ടുവന്നു. ഭരണഘടന ഉറപ്പു നൽകുന്ന സംരക്ഷണം ക്രൈസ്തവ സമൂഹങ്ങൾക്കും, സ്ഥാപനങ്ങൾക്കും ഉറപ്പാക്കുന്നതിനും നടപടി കൈകൊള്ളണമെന്നും പ്രമേയത്തിൽ പറയുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂര്‍ സീറ്റ് സിപിഎമ്മിന് നൽകാൻ കഴിയില്ലെന്ന് ഡിഎംകെ. കമൽ ഹാസന് സീറ്റ്നൽകാനാണ് ഡിഎംകെയുടെ താത്പര്യം. സിറ്റിങ് സീറ്റ് തങ്ങൾക്ക് തന്നെ വേണമെന്ന നിലപാടിലാണ് സിപിഎം. ഇന്ന് രണ്ടാമതുo ചര്‍ച്ച നടന്നെങ്കിലും തീരുമാനമായില്ല. കോയമ്പത്തൂരിന് പകരം മറ്റൊരു സീറ്റ് നൽകാമെന്ന് ഡിഎംകെ സിപിഎമ്മിനോട് വ്യക്തമാക്കിയെങ്കിലും ആ ഓഫര്‍ സിപിഎം തള്ളി.

ചർച്ച് ബില്ലിനെതിരെ ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മര്‍ത്തോമ മാത്യൂസ് ത്രിതീയൻ കതോലിക ബാവ. സുപ്രീം കോടതി വിധിക്കു മേലെ ഏതെങ്കിലും നിയമം കേരള സർക്കാർ കൊണ്ടുവന്നാൽ അംഗീകരിക്കരുതെന്ന് കേരള ഗവർണറോട് അദ്ദേഹം അഭ്യർത്ഥിച്ചു. മന്ത്രിമാരായ വീണാ ജോർജും വിഎൻ വാസവനും വേദിയിലിരിക്കെയാണ് ഈ അഭ്യർഥന നടത്തിയത്.നിയമത്തെ അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മറുപടി നൽകിയത്.

മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് സാബു എം ജേക്കബ് . തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായിൽ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം ജയിലിലാക്കുമെന്ന് ട്വന്‍റി 20 പാർട്ടി നേതാവ് സാബു എം ജേക്കബ് വെല്ലുവിളിച്ചു. അതിനുള്ള ആറ്റം ബോംബ് തന്‍റെ കയ്യിലുണ്ടെന്നും മുന്നറിയിപ്പ് നൽകി. കിഴക്കമ്പലത്ത് വിളിച്ചുചേർത്ത മഹാസമ്മളനത്തിലാണ് പാർട്ടി പ്രസിഡണ്ട് സാബു എം ജേക്കബിന്‍റെ വെല്ലുവിളി.

സഭാ തർക്കം അവസാനിക്കണമെന്നാണ് കേരളസമൂഹം ആഗ്രഹിക്കുന്നതെന്ന് യാക്കോബായ സഭ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ്. പ്രശ്നം അവസാനിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ചർച്ച് ബില്ല് കൊണ്ടുവരുന്നത്. ചർച്ച് ബില്ലിനെ ഓർത്തഡോക്സ് സഭ എതിർക്കുന്നത് എന്തിനാണ് എന്നും അദ്ദേഹം ചോദിച്ചു. യാക്കോബായ സഭയ്ക്ക് ആരോടും വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

തയ്യാറാക്കിയത്

നീതു ഷൈല

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *