പേടിഎം പേയ്മെന്റ് ബാങ്കില്‍ സാലറി അക്കൗണ്ട് ഉള്ളവര്‍ക്ക് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. മാര്‍ച്ച് 15-നകം സാലറി അക്കൗണ്ട് നിര്‍ബന്ധമായും മറ്റൊരു ബാങ്കിന്റെ അക്കൗണ്ടിലേക്ക് മാറ്റേണ്ടതാണ്. മാര്‍ച്ച് 15-ന് ശേഷം പേടിഎം പേയ്മെന്റ് ബാങ്കിലെ അക്കൗണ്ടിലേക്ക് ഇത്തരം ക്രെഡിറ്റുകളൊന്നും സ്വീകരിക്കാന്‍ കഴിയില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി. സാലറി അക്കൗണ്ടിന് പുറമേ, സബ്സിഡികളോ, മറ്റ് ആനുകൂല്യങ്ങളോ പേടിഎം പേയ്മെന്റ് ബാങ്കില്‍ വരുന്നുണ്ടെങ്കിലും അക്കൗണ്ട് ഉടന്‍ മാറ്റണം. ഫെബ്രുവരി 29ന് ശേഷം പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും ഇടപാടുകള്‍ നടത്തുന്നതിനും ഉള്‍പ്പെടെ പേടിഎം പേയ്മെന്റ് ബാങ്കിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിനായി ജനുവരി 31-ന് റിസര്‍വ് ബാങ്ക് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് നിക്ഷേപങ്ങളും ക്രെഡിറ്റ് ഇടപാടുകളും സ്വീകരിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 15-ലേക്ക് ദീര്‍ഘിപ്പിക്കുകയായിരുന്നു. പേടിഎം പേയ്മെന്റ് ബാങ്കില്‍ ഉപഭോക്താക്കള്‍ വാലറ്റ്, ഫാസ്ടാഗ്, നാഷണല്‍ കോമണ്‍ മൊബൈല്‍ കാര്‍ഡ് എന്നിവയില്‍ പണം നിക്ഷേപിക്കുന്നതിന് റിസര്‍വ് ബാങ്ക് ഇതിനോടകം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രമക്കേടുകള്‍ കണ്ടെത്തിയതോടെയാണ് പേടിഎം പേയ്മെന്റ് ബാങ്കിനെതിരെ ആര്‍ബിഐ സ്വരം കടുപ്പിച്ചത്.