നാരദനു ഗര്‍ഭം

മിത്തുകള്‍, മുത്തുകള്‍ – 31
ഭാഗവതം കഥ
പുനരാഖ്യാനം:
ഫ്രാങ്കോ ലൂയിസ്

സദാ ഉപദേശിയായ നാരദമഹര്‍ഷിയെ പരദൂഷണത്തിന്റെയും പാരവയ്പിന്റെയും ആശാനായാണ് പലരും കാണാറുള്ളത്. തപശ്ശക്തിയുള്ളതിനാല്‍ ദേവേന്ദ്രനു മുന്നില്‍പ്പോലും തലകുനിക്കാന്‍ തയാറാകാത്തത്ര അഹങ്കാരവുമുണ്ട്. മറ്റുള്ളവരെ ഏതുവിധേനയും കുഴിയില്‍ ചാടിക്കുക നാരദമുനിയുടെ ഇഷ്ടവിനോദമാണ്.

ഇങ്ങനെ വീമ്പിളക്കി നടക്കവേ, നാരദന്‍ ഒരിക്കല്‍ വൈകുണ്ഠത്തിലേക്കുപോയി. മഹാവിഷ്ണുവിനെ വന്ദിച്ചു സോപ്പിടുകയാണു ലക്ഷ്യം. മഹാവിഷ്ണുവിനു മുന്നില്‍ പ്രണമിച്ച് സംസാരം തുടങ്ങിയ നാരദന് ഓരോനിമിഷം കഴി യുന്തോറും അഹങ്കാരമേറിവന്നു. ഒടുവില്‍ മഹാവിഷ്ണുവിനേക്കാള്‍ കേമനാണു താനെന്ന മട്ടിലായി സംസാരം. ഒരു സാദാ അല്പനെപ്പോലെ ആത്മപ്രശംസ തന്നെയാണ് നാരദന്റെ സംസാരവിഷയം. തന്നോളം കഴിവുള്ളവര്‍ ഇല്ലെന്ന നാരദന്‍ വമ്പും വീമ്പുമെല്ലാം മഹാവിഷ്ണുവിനു മുമ്പില്‍ വച്ചുവിളമ്പി.

അഹങ്കാരംകൊണ്ട് മത്തുപിടിച്ചവനെപ്പോലെ നാരദന്‍ ആത്മപ്രശംസ വച്ചുകാച്ചുന്നതുകേട്ട് മഹാവിഷ്ണു ഏറെ സമയം ക്ഷമിച്ചിരുന്നു.

‘ഭഗവാനേ, മായയെപ്പോലും ജയിച്ചവനാണു ഞാന്‍. എന്റെയടുത്ത് ഒരു മായയും നടപ്പില്ല.” നാരദന്‍ വീമ്പിളക്കല്‍ തുടര്‍ന്നു. ഇതുകൂടി കേട്ടപ്പോഴേയ്ക്കും മഹാവിഷ്ണ ഉള്ളിലൊന്നു ചിരിച്ചു. ഈ അല്‍പനെ ഒരു പാഠം പഠിപ്പിക്കുക തന്നെ. വിഷ്ണു മനസിലുറച്ചു.

”ഓഹോ- അങ്ങനെയാണോ? പക്ഷേ, എനിക്കു സംശയമുണ്ട്. അങ്ങ് മായയെ ജയിച്ചെന്നു പറഞ്ഞല്ലോ. അതു തെളിയിക്കണം”- മഹാവിഷ്ണു നാരദനോടു പറഞ്ഞു.

”എന്റെ കഴിവു ഞാന്‍ കാണിച്ചുതരാം”- അഹങ്കാരംകൊണ്ടു കണ്ണുകാണാനാകാതെ നാരദന്‍ മഹാവിഷ്ണുവിനെ വെല്ലുവിളിച്ചു.

വിഷ്ണു ഉടനെ തന്റെ വാഹനമായ ഗരുഡനെ വിളിച്ചുവരുത്തി. നാരദനോട് ഗരുഡന്റെ പുറത്തു കയറാന്‍ ആവശ്യപ്പെട്ടു. ഇരുവരും ഗുരുഡന്റ പുറത്തുകയറി. മഹാവിഷ്ണുവിന്റെ നിര്‍ദേശമനുസരിച്ച് കന്യാകുബ്ജത്തിനടുത്ത് ഗരുഡന്‍ ഇറങ്ങി. തൊട്ടടുത്ത് മനോഹരമായ ഒരു താമരപ്പൊയ്ക. തെളിനീരില്‍ അരയന്നങ്ങള്‍ നീന്തിത്തുടിക്കുന്നു.

”നാരദാ, ആ പൊയ്കയില്‍ ഇറങ്ങി കുളിക്കൂ.” മഹാവിഷ്ണു ആവശ്യപ്പെട്ടു.

ഒട്ടും കൂസാതെ നാരദന്‍ കൈയിലുണ്ടായിരുന്ന വീണ കരയ്ക്കുവച്ച് കുളത്തിലിറങ്ങി ഒന്നു മുങ്ങി. ഒരു നിമിഷം കഴിഞ്ഞ് പൊങ്ങി. പക്ഷേ, പൊങ്ങിവന്നത് നാരദനായിരുന്നില്ല, അതിസുന്ദരിയായ ഒരു സ്ത്രീ. കുളത്തില്‍ മുങ്ങിയ നാരദന്‍ മായാശക്തികൊണ്ട് സ്ത്രീയായി മാറി. താന്‍ നാരദനാണെന്ന കാര്യംപോലും ആ സ്ത്രീ മറന്നിരുന്നു. ഊറിച്ചിരിച്ചുകൊണ്ട് മഹാ വിഷ്ണു ഗുരുഡന്റെ പുറത്തുകയറി സ്ഥലംവിട്ടു. അധികം വൈകാതെതന്നെ ഒരു രാജാവ് അവിടെയെത്തി. ഒപ്പം പരിചാരകസംഘവുമുണ്ട്. കുളക്കരയില്‍ നില്ക്കുന്ന അതിസുന്ദരിയോടു രാജാവിനു പ്രഥമദൃഷ്ട്യാ തന്നെ പ്രേമമായി.

”കൊച്ചുസുന്ദരീ, നിന്റെ പേരെന്താണ്?’ പ്രേമപാരവശ്യത്തോടെ രാജാവ് അവളോടു ചോദിച്ചു..

അര്‍ധനഗ്നയായ അവള്‍ രാജാവിനു മുന്നില്‍ നാണത്തോടെ നമ്രമുഖിയായി കൊഞ്ചിക്കുഴഞ്ഞു. ഇതുകൂടിയായപ്പോള്‍ രാജാവിനു സഹിക്കാനായില്ല.

”പറയൂ, നീ ആരാണ്?’ രാജാവ് വീണ്ടും ചോദിച്ചു.

”എനിക്കറിയില്ല.” സുന്ദരിയുടെ മറുപടി.

‘എവിടെനിന്ന് വരുന്നു? എന്തിനാണ് ഇവിടെ വന്നത്? ആരാണ് നിന്‍ഖെ അച്ഛന്‍?” ആദ്യ ചോദ്യത്തിനു തന്നെ കുഴയ്ക്കുന്ന ഉത്തരം നല്കിയ സുന്ദരിയുടെ കൂടുതല്‍ വിവരങ്ങളറിയാന്‍ രാജാവിനു തിടുക്കമായി.

”എനിക്കറിയില്ല, എനിക്ക് ഒന്നുമറിയില്ല. അങ്ങു മാത്രമാണ് എന്റെ രക്ഷയ്ക്കുള്ളത്.” സുന്ദരി രാജാവിന്റെ സമീപത്തേക്കു മാറി നിന്നുകൊണ്ടു പറഞ്ഞു.

രാജാവ് അവളെയും കൂട്ടി രാജധാനിയിലേക്കുപോയി. ഇരുവരും തമ്മില്‍ ആര്‍ഭാടപൂര്‍വം വിവാഹവും നടന്നു.

നാരദന്‍ തപസുമറന്ന് രാജപത്നിയായി ലൗകിക സുഖങ്ങളില്‍ മുഴുകി ജീവിക്കുന്നു. വൈകുണ്ഠത്തിലിരുന്ന് ഇതെല്ലാം കാണുകയായിരുന്ന മഹാവിഷ്ണു അപ്പോഴും ഊറിച്ചിരിക്കുകയായിരുന്നു.

ഒരു വര്‍ഷം കഴിഞ്ഞപ്പോഴേയ്ക്കും സുന്ദരി പ്രസവിച്ചു. അങ്ങനെ വര്‍ഷങ്ങള്‍ പലതു കടന്നുപോയി. പന്ത്രണ്ടു പുത്രന്മാര്‍. പിന്നെയും വര്‍ഷങ്ങളേറെ കഴിഞ്ഞപ്പോള്‍ മക്കളും വിവാഹം കഴിച്ചു.

അങ്ങനെയിരിക്കേ, ഒരു ശത്രു രാജ്യം ആ രാജ്യത്തെ ആക്രമിച്ചു. പൊരിഞ്ഞ യുദ്ധം. രാജാവും മക്കളും അങ്കംവെട്ടി. പക്ഷേ, പരാജയം പടിവാതില്ക്കല്‍ എത്തിയെന്നറിഞ്ഞപ്പോള്‍ രാജാവ് കോട്ടയ്ക്കകത്ത് ഓടിക്കയറി. അടര്‍ക്കളത്തില്‍ മക്കളെല്ലാം മരിച്ചുവീണു.

മക്കളുടെ മരണവാര്‍ത്തയറിഞ്ഞ് രാജപത്നി മാറത്തടിച്ച് അലമുറയിട്ടു പാഞ്ഞെത്തി. രക്തത്തില്‍ കുതിര്‍ന്ന മണ്ണില്‍ അവള്‍ കിടന്നുരുണ്ടു.

അപ്പോഴവിടെ ഒരു ബ്രാഹ്‌മണന്‍ എത്തി.

”രാജ്ഞി, ഇങ്ങനെ കരഞ്ഞതുകൊണ്ടു ഫലമില്ല. ഇവിടെ അടുത്ത് ഒരു പുണ്യതീര്‍ത്ഥമുണ്ട്. അവിടെ കുളിക്കൂ. എല്ലാ ദുഃഖത്തിനും പരിഹാരമുണ്ടാകും.’ ബ്രാഹ്‌മണന്‍ പറഞ്ഞു.

രാജ്ഞി അയാള്‍ പറഞ്ഞതനുസരിച്ചു. കുളത്തില്‍ ഒന്നു മുങ്ങിയ രാജ്ഞി അടുത്തക്ഷണത്തില്‍ പൊങ്ങിയപ്പോഴേയ്ക്കും നാരദനായി മാറിയിരുന്നു.

രാജ്ഞി പടക്കളത്തിലേക്കു പോയെന്നും അവിടെനിന്നു കുളിക്കാന്‍ പോയെന്നും കേട്ടറിഞ്ഞ് രാജാവും അവിടെ ഓടിയെത്തി. കുളത്തില്‍ മുങ്ങിയ പ്രിയപത്നി നാരദമുനിയായി പൊങ്ങിവരുന്നതു കണ്ട് രാജാവ് അന്തംവിട്ടു നിന്നു.

രാജപത്നിയെ കുളക്കരയിലേക്കു കൂട്ടിക്കൊണ്ടുപോയ ബ്രാഹ്‌മണനാകട്ടെ, മഹാവിഷ്ണുവിന്റെ രൂപത്തിലായി. അതേ മഹാവിഷ്ണു തന്നെ!

രാജാവിനെ ആശ്വസിപ്പിച്ചുകൊണ്ട് മഹാവിഷ്ണു കുളത്തില്‍നിന്നു കരയ്ക്കു കയറിവരുന്ന നാരദനെ നോക്കി ഒന്നു പുഞ്ചിരിച്ചു.

നാരദന് എല്ലാം പിടികിട്ടി. ലജ്ജകൊണ്ട് തലയുയര്‍ത്താന്‍പോലും നാരദനു കഴിഞ്ഞില്ല.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *