തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ ബാങ്കായ സി.എസ്.ബി ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) മൂന്നാം പാദമായ ഒക്ടോബര്‍-ഡിസംബറില്‍ 150 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ (2022-23) സമാന പാദത്തിലെ 155.95 കോടി രൂപയേക്കാള്‍ 4 ശതമാനത്തോളം കുറവാണിത്. അതേസമയം, ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തിലെ 133.17 കോടി രൂപയേക്കാള്‍ 12.6 ശതമാനം വര്‍ധനയുണ്ട്. പ്രവര്‍ത്തനലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 193.44 കോടി രൂപയില്‍ നിന്ന് 1.3 ശതമാനം വര്‍ധിച്ച് 195.87 കോടി രൂപയായി. ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബറില്‍ ഇത് 174.63 കോടി രൂപയായിരുന്നു. പാദാടിസ്ഥാനത്തില്‍ പ്രവര്‍ത്തനലാഭം 12.2 ശതമാനം വര്‍ധിച്ചിട്ടുണ്ട്. മൊത്ത വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 681.95 കോടി രൂപയില്‍ നിന്ന് 30.1 ശതമാനം വര്‍ധിച്ച് 887.17 കോടി രൂപയിലെത്തി. സെപ്റ്റംബര്‍ പാദത്തിലെ 829.88 കോടി രൂപയേക്കാള്‍ 6.9 ശതമാനം അധികമാണിത്. അറ്റപലിശ വരുമാനം 2022-23 ഡിസംബര്‍ പാദത്തിലെ 343 കോടി രൂപയില്‍ നിന്ന് 9 ശതമാനം ഉയര്‍ന്ന് 382 കോടി രൂപയായിട്ടുണ്ട്. സെപ്റ്റംബര്‍ പാദത്തിലെ 349.74 കോടി രൂപയേക്കാള്‍ 10 ശതമാനത്തോളമാണ് വര്‍ധന. ബാങ്കിന്റെ അറ്റ പലിശ മാര്‍ജിന്‍ 5.11 ശതമാനമാണ്. മുന്‍സാമ്പത്തിക വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 0.41 ശതമാനം കുറവുണ്ട്. ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങള്‍ കഴിഞ്ഞ പാദത്തില്‍ 21 ശതമാനം വര്‍ധിച്ച് 27,344 കോടി രൂപയായി. വായ്പകള്‍ 23 ശതമാനം വര്‍ധിച്ച് 22,658 കോടി രൂപയിലുമെത്തി. കറന്റ്, സേവിംഗ്സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 7,125.7 കോടി രൂപയില്‍ നിന്ന് 6 ശതമാനം വളര്‍ച്ചയോടെ 7,542 കോടി രൂപയുമായി. ബാങ്കിന്റെ മൊത്തം ബിസിനസ് 22 ശതമാനം വളര്‍ച്ചയോടെ 50,212 കോടി രൂപയിലെത്തി. ബാങ്കിന്റെ സ്വര്‍ണപ്പണയ വായ്പകള്‍ ഇക്കാലയളവില്‍ 23 ശതമാനം വളര്‍ച്ചയോടെ 10,817 കോടി രൂപയായി.