പുറത്തിറങ്ങി നാലു വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വില്പനയുള്ള കാര്‍ എന്ന നേട്ടം സ്വന്തമാക്കി ടെസ്ല മോഡല്‍ വൈ. ജാട്ടൊ ഡൈനാമിക്സ് പുറത്തുവിട്ട കാര്‍വില്‍പനയുടെ കണക്കുകളിലാണ് 2023ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റ കാറായി മോഡല്‍ വൈ എത്തിയിരിക്കുന്നത്. ആദ്യമായാണ് ഒരു ഇലക്ട്രിക് കാര്‍ ലോകത്തെ ഒന്നാം നമ്പര്‍ വില്പനയുള്ള കാറായി മാറുന്നത്. പ്രവര്‍ത്തനം തുടങ്ങി രണ്ടു ദശാബ്ദക്കാലം മാത്രമായ ടെസ്ലയുടെ വിജയത്തിന്റെ വലിയൊരു പങ്ക് മോഡല്‍ വൈ എന്ന അവരുടെ കാറിന് അവകാശപ്പെട്ടതാണ്. യൂറോപിലും ചൈനയിലും ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കാറും മോഡല്‍ വൈ തന്നെ. 2023 തുടക്കം മുതല്‍ വില്പന പട്ടികയില്‍ മുന്നിലുണ്ടായിരുന്നു മോഡല്‍ വൈ. ആദ്യ പാദത്തില്‍ ഒന്നാമതെത്തിയ മോഡല്‍ മികവ് വര്‍ഷം മുഴുവന്‍ നിലനിര്‍ത്തുകയായിരുന്നു. വില്പനയുടെ പട്ടികയില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ടൊയോട്ടയാണ് സ്വന്തമാക്കിയത്. 2022ലെ ബെസ്റ്റ് സെല്ലിങ് കാറായിരുന്ന ടൊയോട്ട ആര്‍എവി4 2023ല്‍ മോഡല്‍ വൈയുടെ കുതിപ്പോടെ രണ്ടാം സ്ഥാനത്തേക്കൊതുങ്ങി. ടൊയോട്ടയുടെ ഹാച്ച്ബാക്ക് മോഡലായ ടൊയോട്ട കൊറോളയാണ് മൂന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷം 12 ലക്ഷം മോഡല്‍ വൈ കാറുകളാണ് ലോകത്താകെ ടെസ്ല വിറ്റത്. ടെസ്ല 2023ല്‍ വിറ്റ പാസഞ്ചര്‍ കാറുകളില്‍ മൂന്നില്‍ രണ്ടും മോഡല്‍ വൈ ആയിരുന്നുവെന്നതും മറ്റൊരു സവിശേഷത.