ഗവർണ്ണറുടെ സുരക്ഷക്കെത്തിയ സിആർപിഎഫിന്, കേസെടുക്കാനാകുമോ? ഗവർണ്ണർ ആഗ്രഹിക്കുന്ന രീതിയിൽ സിആർപിഎഫിന് പ്രവർത്തിക്കാനാകുമോയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് നേരെ പലതരത്തിലുള്ള പ്രതിഷേധങ്ങളും ഉണ്ടാകാം. കരിങ്കൊടി കാണിക്കുന്നവർക്ക് നേരെ പൊലീസ് എന്ത് ചെയ്യുന്നു എന്ന് ആരും വണ്ടിയിൽ നിന്ന് ഇറങ്ങി നോക്കാറില്ല. പോലീസ് കൂടെ വരേണ്ട എന്ന് ഇതുവരെ ഏതെങ്കിലും ഗവർണർ പറഞ്ഞിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പോകുമ്പോഴും ഇതിനുമുമ്പും പലപ്പോഴും കരിങ്കോടി പ്രതിഷേധം ഉണ്ടായിട്ടുണ്ട്. പക്ഷേ തങ്ങൾ ആരും തന്നെ ഇറങ്ങി നോക്കുകയോ, അവർക്കെതിരെയുള്ള എഫ്ഐആർ വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുകയോ ചെയ്തിട്ടില്ല. ഇപ്പോൾ കേന്ദ്രസുരക്ഷ ലഭിക്കുന്ന ആർഎസ്എസ് പ്രവർത്തകരുടെ ഇടയിലേക്ക് ഗവർണറും എത്തിച്ചേർന്നിരിക്കുന്നു. ജനാധിപത്യം നിലനിൽക്കുന്ന ഇടത്തിൽ എഴുതപ്പെട്ട നിയമങ്ങളുണ്ട്, ആരുടെയും അധികാരം ഒരിക്കലും നിയമത്തിനു മുകളിൽ അല്ല. ജനാധിപത്യ മര്യാദ, പക്വത, വിവേകം എന്നിവ അധികാരികൾ കാണിക്കാൻ ശ്രമിക്കണം. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അദ്ദേഹം സ്വയം പരിശോധനയ്ക്ക് തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.