രാമക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായ മന്ത്രോച്ചാരണങ്ങള്‍ മുഴങ്ങവേ പ്രാണപ്രതിഷ്ഠ. പുഷ്പാലംകൃതമായ സ്വര്‍ണത്തിളക്കമുള്ള ശ്രീരാംമന്ദിറില് പ്രധാനമന്ത്രി നരേന്ദ്രമോദി താമരപ്രസാദവും നിവേദ്യവും പൂജാദ്രവ്യങ്ങളും ഏറ്റുവാങ്ങി മുഖ്യ യജമാനനായി. രാമവിഗ്രഹ പാദുകങ്ങളില്‍ പന്ത്രണ്ടരയോടെ താമരപ്പൂക്കള്‍കൊണ്ട് അര്‍ച്ചന നടത്തിയപ്പോള്‍ വ്യോമസേനയുടെ ആകാശത്തുനിന്ന് ഹെലികോപ്റ്ററിലായി പുഷ്പവൃഷ്ടി നടത്തി. വിഗ്രഹത്തിന്റെ കണ്ണുമൂടിക്കെട്ടിയ തുണി നീക്കം ചെയ്തു. നരേന്ദ്രമോദിയും മോഹന്‍ ഭാഗവതും യോഗി ആദിത്യനാഥും രാംലല്ലയ്ക്കു മുന്നില്‍ തൊഴുകൈകളോടെ നിന്നു. മോദിക്കൊപ്പം ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും രാമവിഗ്രഹത്തിനു മുന്നില്‍ ദ്രവ്യങ്ങള്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി മോദി ദീപങ്ങള്‍കൊണ്ട് ആരതിയേകി.
ലോകത്തിനു ദര്‍ശനമേകി ശ്രീരാമക്ഷേത്രത്തിലെ ശ്രീകോവിലിലെ കൈയില്‍ അമ്പും വില്ലുമായി നില്ക്കുന്ന ശ്രീരാമ വിഗ്രഹം. പുഷ്പാലംകൃതമായ 51 ഇഞ്ച് ഉയരമുള്ള വിഗ്രഹത്തിനു മുന്നില്‍ 12.15 നു ചടങ്ങുകള്‍ ആരംഭിച്ചു. വാരാണസിയിലെ വേദപണ്ഡിതന് ലക്ഷമീകാന്ത് ദീക്ഷിതിന്റെ നേതൃത്വത്തില്‍ 121 പൂജാരിമാരാണു പ്രതിഷ്ഠാ കര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. ഉച്ചയ്ക്കു പന്ത്രണ്ടോടെ ദര്ഭപ്പുല്ലുകള്കൊണ്ടു നിര്‍മിച്ച മഞ്ഞ വസ്ത്രങ്ങളണിഞ്ഞ് ശ്രീരാമനു സമര്‍പ്പിക്കാനുള്ള പട്ടുചേലകളുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിലെ ഗര്ഭഗൃഹത്തിലെത്തിയത്.
ആസാമില്‍ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ ആസാം പൊലീസ് തടഞ്ഞു. ശ്രീശങ്കര്ദേവിന്റെ ജന്മസ്ഥല ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും പൊലീസ് തടയുകയായിരുന്നുവെന്നാണ് ആരോപണം. കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗോയ് എംപി പൊലീസുകാരോട് തര്‍ക്കിച്ചെങ്കിലും വൈകിട്ട് സന്ദര്‍ശിക്കാനാണ് അനുമതിയെന്നാണ് ക്ഷേത്രം അധികൃതരുടെ വിശദീകരണം.
ആസാമില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്കുനേരെ ബിജെപി ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നു വൈകുന്നേരം ഡിസിസികളുടെ നേതൃത്വത്തില്‍ കേരലത്തിലെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും പ്രകടനം നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന് അറിയിച്ചു.
ത്രിതല പഞ്ചായത്തിനും നിയമസഭക്കും പിറകേ ഇത്തവണ ലോക്സഭാതെരെഞ്ഞെടുപ്പിലും മല്‍സരിക്കുമെന്ന് ട്വന്റി 20 പാര്‍ട്ടി. ജനക്ഷേമ വാഗ്ദാനങ്ങളുമായുള്ള പ്രകടന പത്രിക എറണാകുളം പൂത്തൃക്കയിലെ സമ്മേളനത്തില്‍ പുറത്തിറക്കി. കിഴക്കമ്പലം മോഡല്‍ ഭക്ഷ്യസുരക്ഷ പദ്ധതി സംസ്ഥാനമാകെ നടപ്പാക്കും. ഭക്ഷ്യധാന്യങ്ങളുടെയും മരുന്നുകളുടെയും വില 50 ശതമാനം വരെ കുറയ്ക്കും, 60 വയസ് കഴിഞ്ഞവര്‍ക്ക് 5000 രൂപ പ്രതിമാസ ക്ഷേമപെന്ഷന്, എട്ടു ലക്ഷം ഭിന്നശേഷിക്കാര്‍ക്കും മാസം 5000 രൂപ പെന്ഷന് തുടങ്ങിയ ജനക്ഷേമ വാഗ്ദാനങ്ങളാണ് ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പ്രഖ്യാപിച്ചത്.
കിഫ്ബി മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ ഹാജരാകാതെ മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്. എന്‍ഫോഴ്സ്മെന്റിന്റെ നോട്ടീസിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ദേശീയപാത വികസനത്തിന്റെ പുരോഗതി പരിശോധിച്ച് പൊതുമരാമത്ത് മന്ത്രി മൂഹമ്മദ് റിയാസ് രംഗത്ത്. ഒരിക്കല്‍ ദേശീയപാത അതോറിറ്റി ഉപേക്ഷിച്ചു പോയ പദ്ധതിയാണ് മുഖ്യമന്ത്രി ഇടപെട്ടു യാഥാര്‍ത്ഥ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിലയിരുത്തല്‍ യോഗം ചേരും. തലശ്ശേരി മാഹി ബൈപാസ് ഉടനേ തുറന്നു കൊടുക്കും. തൊണ്ടയാട് പാലം മാര്‍ച്ചില്‍ തുറക്കും. കോഴിക്കോട് ദേശീയപാത വികസനം 58 ശതമാനം പൂര്‍ത്തിയായി. മന്ത്രി പറഞ്ഞു.
ഇലന്തൂരിലെ ഇരട്ട നരബലി കേസിലെ പ്രതിയായ ലൈല ഭഗവല്‍സിങ്ങിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് കെട്ടിച്ചമച്ചതാണെന്നും കാഴ്ചക്കാരി മാത്രമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ലൈല ജാമ്യ ഹര്‍ജി നല്‍കിയത്.
കോഴിക്കോട് കൊയിലാണ്ടിയില്‍ ആറാട്ട് എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു. വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന് എത്തിച്ച പാക്കത്ത് ശ്രീക്കുട്ടന് എന്ന കൊമ്പനാണ് ഇടഞ്ഞത്. പരിക്കേറ്റ ആനപ്പാപ്പാന്‍ കോട്ടയം വൈക്കം സ്വദേശി സുമേഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഞ്ഞൂര് പാര്‍ക്കാടി പൂരത്തിനിടെ ആന ഇടഞ്ഞു. തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ക്ക് പരിക്കേറ്റു. വടക്കാഞ്ചേരി പടിഞ്ഞാറ്റുകര സ്വദേശിയും വാദ്യ കലാകാരനുമായ കരുമത്തില്‍ വീട്ടില്‍ ബാലകൃഷ്ണന് നായരുടെ മകന് 46 വയസുള്ള വേണുഗോപാല്‍ ചാട്ടുകുളം സ്വദേശിനി 13 വയസ്സുള്ള ആസ്നിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തൃശൂര്‍ മുരിങ്ങൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. മുരിങ്ങൂര്‍ സ്വദേശി ഷീജ ( 38) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കൊഴു പ്പിള്ളി ബിനു (40) വാണ് ട്രെയിനിടിച്ചു മരിച്ചത്. പതിനൊന്നും എട്ടും വയസ്സുള്ള മക്കളെ വെട്ടിപ്പരിക്കേല്പിച്ചശേഷമാണ് ബിനു ജീവനൊടുക്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ എതിര്‍ക്കുന്നില്ലെന്ന് ജ്യോതിര്‍മഠം ശങ്കരാചാര്യര്‍ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. ഞങ്ങള്‍ മോദിയെ ആദരിക്കുന്നു. മോദി ധൈര്യശാലിയായ പ്രധാനമന്ത്രിയാണ്. അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകള്‍ ആചാരവിധി പ്രകാരമല്ലാത്തതിനാലാണു അതില്‍ പങ്കെടുക്കാത്തത്. പണി തീരാത്ത ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തുന്നത് ഉചിതമല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ ബിജെപി മുതിര്‍ന്ന നേതാവായ എല്‍ കെ അദ്വാനി പങ്കെടുത്തില്ല. അതിശൈത്യമായതിനാലാണ് അദ്ദേഹം ചടങ്ങിനെത്താതിരുന്നതെന്നാണ് വിവരം.