ഖലീഫയുടെ
കുട്ടസഞ്ചാരം
മിത്തുകള്‍, മുത്തുകള്‍ – 11
അറബിക്കഥ
പുനരാഖ്യാനം:
ഫ്രാങ്കോ ലൂയിസ്
ബാഗ്ദാദിലെ ഖലീഫ അല്‍ മമൂണിന്റെ സദസിലെ കവിയാണു വിശ്വവിഖ്യാതനായ ഇസ്ഹാക്ക്. ഒരു രാത്രി ഖലീഫയുടെ വിരുന്നില്‍ പങ്കെടുത്ത് വീട്ടിലേക്കു മടങ്ങുകയായിരുന്നു അദ്ദേഹം.
വീഞ്ഞുകുടിച്ച് ഉന്മത്തനായിരുന്ന ഇസ്ഹാക്ക് തലകിറുങ്ങിയ മട്ടിലാണ് നടക്കുന്നത്. ആ രാത്രിയിലാകട്ടെ തെരുവുവിളക്കുകളൊന്നും പ്രകാശിക്കുന്നില്ല. കുറേ നടന്ന് ഒരു ഇടവഴിയിലെത്തി. ഏറെസമയമായി തോന്നിയിരുന്ന മൂത്രശങ്ക ഇവിടെത്തന്നെ തീര്‍ക്കാമെന്നു കരുതി ഒരു മതിലിനരികില്‍ കുനിഞ്ഞിരുന്നു.
അടുത്തനിമിഷം ഇസ്ഹാക്കിന്റെ തലയില്‍ എന്തോ വന്നു വീണു. തപ്പിത്തടഞ്ഞു നോക്കി. വലിയൊരു കുട്ട. രണ്ടോമൂന്നോ പേര്‍ക്കു കയറിയിരിക്കാവുന്നത്ര വലിപ്പം. ഉറപ്പുമുണ്ട്. മൂത്രശങ്ക തീര്‍ത്തപ്പോള്‍ ഇസ്ഹാക്കിന് ഒരു തമാശ തോന്നി. ആ കൂട്ടയില്‍ ഒന്നു കയറിയിരിക്കാം. തലയില്‍ വീഞ്ഞിന്റെ ലഹരി മൂത്താല്‍ എന്തു സാഹസികതയുമാകാമല്ലോ. അദ്ദേഹം കുട്ട യില്‍ കയറിയിരുന്നു. ഉടനെ അതു മേലോട്ടുയര്‍ന്നു. കുട്ടയില്‍ കയറിട്ടു കെട്ടി തൊട്ടുമുകളിലെ ജനലിലേക്കു ബന്ധിച്ചിരുന്ന കാര്യം അപ്പോഴാണ് ഇസ്ഹാക്ക് ശ്രദ്ധിച്ചത്.
ഭയപരവശനായ ഇസ്ഹാക്ക് നിലവിളിക്കാന്‍ വാ പൊളിച്ചതായിരുന്നെങ്കിലും അത് അപകടമുണ്ടാക്കുമെന്നു ഭയന്ന് നിശബ്ദത പാലിച്ചു. കുട്ട ഒരു ജനലിനരികില്‍ നിന്നു. രണ്ടുപേര്‍ ചേര്‍ന്ന് ജനലിലേക്കു വലിച്ചടുപ്പിച്ചു. ഇസ്ഹാക്ക് കുട്ടയില്‍നിന്നു പുറത്തിറങ്ങി. നേര്‍ത്ത വെളിച്ചം മാത്രം. ആരെയും തിരിച്ചറിയാനായില്ല. ഇസ്ഹാക്കിന്റെ ചോദ്യങ്ങള്‍ക്കു മറുപടിയില്ല.
ഒരു കൊട്ടാരത്തിന്റെ ഇടനാഴി പോലെ തോന്നിയ നീണ്ട വരാന്തയിലൂടെ പരിചാരകര്‍ തന്നെ ആനയിച്ചു. മനോഹരമായി അലങ്കരിച്ച ഒരു ഹാളിലാണ് എത്തിച്ചേര്‍ന്നത്. കണ്ണഞ്ചിക്കുന്ന പ്രകാശം. ആ പ്രകാശത്തെ വെല്ലുന്ന തേജസുമായി മിന്നിത്തിളങ്ങുന്ന പട്ടുവസ്ത്രങ്ങളണിഞ്ഞു പത്തു സുന്ദരിമാര്‍ ഹാളിലേക്കു വന്നു. അവര്‍ക്കു നടുവില്‍ ഹുറിയെപ്പോലെ സുന്ദരിയായ കന്യക. രാജകുമാരിയാകും. ഇസ്ഹാക്കിനു തോന്നി.
‘നിങ്ങള്‍ എങ്ങനെ ഇവിടെയെത്തി?’ അദ്ഭുതം ഭാവിച്ച് ആ സുന്ദരി ചോദിച്ചു. ഇസ്ഹാക്കിനു കൗതുകം തോന്നി. നര്‍മവും കവിതയും കലര്‍ത്തിയാണ് മറുപടി നല്‍കിയത്. അതു സുന്ദരിക്കു നന്നേ പിടിച്ചു. ഇസ്ഹാക്കാണെന്നു വെളി പ്പെടുത്തിയാല്‍ മോശമാകുമെന്നറിയാമായിരുന്നതിനാ
ഇസ്ഹാക്കിന്റെ സംഭാഷണങ്ങളിലെ നര്‍മവും കാവ്യഭംഗിയും സംഗീതസാന്ദ്രതയും സുന്ദരിയെ ശരിക്കും ഹരംപിടിപ്പിച്ചു.
‘വിശ്വവിഖ്യാതനായ ഇസ്ഹാക്കിനെപ്പോലുണ്ട്. അദ്ദേഹത്തിന്റെ കഴിവുകളോളം വരുന്ന നര്‍മവും കാവ്യവും സംഗീതവുമെല്ലാം നിങ്ങള്‍ക്കുണ്ട്’ അവള്‍ നന്നായി പ്രശംസിച്ചു. ഇസ്ഹാക്ക് എന്തെങ്കിലും മറുപടി പറയുംമുമ്പേ അവള്‍ ഒരു ഗാനമാലപിച്ചു തുടങ്ങി. ഗാനമവസാനിച്ചപ്പോള്‍ ഈ ഗാനം മുമ്പ് എവിടെയോ കേട്ടിട്ടുണ്ടെന്നായി ഇസ്ഹാക്ക്.
‘എവിടെയോ കേട്ടിട്ടുണ്ടെന്നോ? ഇത് എവിടെയും കേള്‍ക്കുന്ന ഹിറ്റ്ഗാനമാണ്. വിഖ്യാതനായ ഇസ്ഹാക്കിന്റെ ഗാനം. നിങ്ങള്‍ക്കതറിയില്ലേ?’ സുന്ദരിയുടെ ചോദ്യം.
‘എനിക്കറിയില്ല. പക്ഷേ, ഇസ്ഹാക്കിനേക്കാള്‍ നൂറിരട്ടി ശ്രുതിമധുരമായി സുന്ദരിയായ നിങ്ങള്‍ ഗാനമാലപിച്ചിരിക്കുന്നു’ അദ്ദേഹം അവളെ ഒന്നു പൊക്കിവച്ചു.
‘പ്രശംസ നന്ന്. പക്ഷേ, ഇസ്ഹാക്കിനേപ്പോലെ മഹാനായ ഒരാളുടെ പേരുമായി താരതമ്യം ചെയ്യാന്‍ ഈ ലോകത്ത് ഒരാള്‍പോലും പിറന്നിട്ടില്ല’. അവള്‍ മൊഴിഞ്ഞു. കവിതയും പ്രേമസല്ലാപങ്ങളുമായി അങ്ങനെ അവര്‍ ആ രാത്രി അവിടെ കഴിച്ചുകൂട്ടി. പുലരാറായപ്പോള്‍ കുട്ടയില്‍ കയറ്റി ഇസ്ഹാക്കിനെ തെരുവില്‍ ഇറക്കിവിടുകയും ചെയ്തു. പിറ്റേന്നും വരാമെന്നു വാക്കുനല്കിയാണ് അവര്‍ പിരിഞ്ഞത്.
അടുത്ത രാത്രിയിലും അവര്‍ സംഗമിച്ചു. അന്നു പിരിയാന്‍ നേരത്ത് അദ്ദേഹം അവളോടു ചോദിച്ചു:
‘നാളെ എന്റെ സുഹത്തിനെക്കൂടി കൊണ്ടുവരട്ടെ. ആള്‍ എന്നേക്കാള്‍ സുന്ദരനും രസികനുമാണ്’. സുന്ദരി സമ്മതം മൂളി. രണ്ടുദിവസമായി കൊട്ടാരത്തില്‍ പോകാത്ത തനിക്കുനേരെ ഖലീഫ കോപിച്ചിരിക്കുകയാവുമെന്ന ഇസഹാക്കിന്റെ ആശങ്ക ശരിയായിരുന്നു. ഇസ്ഹാക്കിനെ പിടിച്ചുകെട്ടി കൊണ്ടുപോകാന്‍ പട്ടാളക്കാര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ കാത്തിരിക്കയായിരുന്നു.
ഇസ്ഹാക്ക് ഖലീഫയുടെ മുന്നിലെത്തിയ ഉടനേ ഖലീഫ അലറി: ‘ഈ നന്ദികെട്ട നായയുടെ തലയറുത്ത് പട്ടികള്‍ക്ക് എറിഞ്ഞുകൊടുക്ക്.’
‘അടിയന് ഒരു രഹസ്യം ബോധിപ്പിക്കാനുണ്ട്. ആ രഹസ്യം കേട്ടശേഷം അങ്ങ് എന്നെ എന്തും ചെയ്തുകൊള്ളുക’ ഇസഹാക്കിന്റെ മറുപടി..
ഖലീഫയ്ക്കു ജിജ്ഞാസയായി. കൊട്ടാരഹാളില്‍നിന്ന് എല്ലാവരെയും ഖലീഫ പുറത്താക്കി. കഴിഞ്ഞ രണ്ടു ദിവസം തനിക്കുണ്ടായ അനുഭവങ്ങളെല്ലാം ഇസ്ഹാക്ക് വിവരിച്ചു. ആ സുന്ദരിയുടെ സൗന്ദര്യത്തെക്കുറിച്ചു വിവരിച്ചപ്പോഴേ ഖലീഫയുടെ മനസിലെ കോപം മഞ്ഞുപോലെ ഉരികിത്തീര്‍ന്നു.
‘ഇന്നുരാത്രി എന്റെ ചങ്ങാതിയെക്കൂടി കൊണ്ടുവരുമെന്ന് ആ സുന്ദരിയോടു പറഞ്ഞിട്ടുണ്ട്. അങ്ങു വേഷം മാറി എന്റെ കൂടെ വരണം’ – ഇസ്ഹാക്കിന്റെ നിര്‍ദേശം ഖലീഫ തലകുലുക്കി സമ്മതിച്ചു.
അന്നുരാത്രി ഇരുവരും കുട്ടയില്‍ കയറി ആ സുന്ദരിയുടെ കൊട്ടാരത്തിലെത്തി. വേഷപ്രച്ഛന്നരായ ഖലീഫയെയും ഇസഹാക്കിനെയും സുന്ദരി തിരിച്ചറിഞ്ഞില്ല. ഖലീഫ അവളുടെ സൗന്ദര്യം കണ്ട് ഭ്രമിച്ചുപോയി.
വിരുന്നിനിടെ അവള്‍ നന്നായി പാടി. പാട്ടുകേട്ട് മതിമറന്ന ഖലീഫ തങ്ങള്‍ വേഷപ്രച്ഛന്നരാണെന്ന കാര്യം മറന്ന് ഇസ്ഹാക്കിനുനേരെ തിരിഞ്ഞ് പാതി ഗൗരവത്തോടെയും പാതി തമാശയോടെയും പറഞ്ഞു.
‘എന്തു മനോഹരമായ ഗാനം. എടോ ഇസ്ഹാക്ക്, നിന്നോടു കിടപിടിക്കാവുന്നവര്‍ ഈ ലോകത്തില്ലെന്നു കരുതിയ ഞാന്‍ മടയന്‍തന്നെ. ഈ സുന്ദരിയുടെ ഗാനം ശരിക്കും നിങ്ങളുടേതിനോളം മെച്ചപ്പെട്ടതാണ്. അല്ലേ ?’
‘ശരിയാണു തിരുമേനീ, മനോഹരമായ ഗാനം തന്നെ’- ഇസഹാക്കും വേഷപ്രച്ഛന്നനാണെന്നകാര്യം മറന്ന് തുറന്നുപറഞ്ഞു.
ഉടനേ പെണ്‍കുട്ടി മൂടുപടം മുഖത്തുവലിച്ചിട്ട് ഭയപരവശയായി അകത്തേക്ക് ഓടിപ്പോയി. തന്റെ മുന്നിലിരിക്കുന്നതു നെയ്ത്തതുകാരല്ല; വേഷപ്രച്ഛന്നരായ ഖലീഫയും ഇസഹാക്കുമാണെന്ന് അവള്‍ക്കു മനസിലായി. അവള്‍ പോയ്ക്കഴിഞ്ഞപ്പോഴാണ് ഖലീഫയ്ക്ക് അമളിപിണഞ്ഞല്ലോയെന്നു തോന്നിയത്. തങ്ങള്‍ യഥാര്‍ഥത്തില്‍ ആരെന്ന് അവള്‍ മനസിലാക്കിയതില്‍ ഇരുവര്‍ക്കും ലജ്ജ. ഇനി പറഞ്ഞിട്ടെന്തുകാര്യം. ഇരുവരും കുട്ടയില്‍ കയറി തെരുവിലെത്തി. പിറ്റേന്നു ഖലീഫ ആ വീട് ആരുടേതെന്നു കണ്ടുപിടിച്ചു. മന്ത്രി ഹസന്‍ ഇബ്‌നുഷായുടെ കൊട്ടാരമാണത്. സുന്ദരിയായ പെണ്‍കുട്ടി മന്ത്രിയുടെ പുന്നാരമോളും.
വിവരമറിഞ്ഞയുടനേ ഖലീഫ മന്ത്രിയെ വിളിച്ചുവരുത്തി. തന്റെ മകള്‍ അവിവാഹിതയാണെന്നു സമ്മതിച്ച മന്ത്രിയോട് താന്‍ അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നെന്ന് ഖലീഫ അറിയിച്ചു. ആര്‍ഭാടമായിത്തന്നെ ഖലീഫയുടെയും മന്ത്രിപുത്രിയുടെയും വിവാഹം നടന്നു.
Nicestory