നിയമസഭ സമ്മേളനത്തിന്റെ ഷെഡ്യൂള്‍ മാറ്റണമെന്ന് പ്രതിപക്ഷം. ഫെബ്രുവരി ഒമ്പതു മുതല്‍ 25 വരെ കെപിസിസി ജാഥ നടത്തുന്നതിനാല്‍ ഈ ദിവസങ്ങളിലെ സഭാ സമ്മേളനം മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്പീക്കര്‍ക്ക് കത്തു നല്‍കി. സംസ്ഥാന ബജറ്റ് അവതരണം ഫെബ്രുവരി അഞ്ചില്‍നിന്ന് രണ്ടിലേക്കു മാറ്റണം. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം 25 നു തുടങ്ങാനാണ് തീരുമാനം.
രാഹുല്‍ മാങ്കൂട്ടത്തിലിനു ന്യൂറോ സംബന്ധമായ പരിശോധനനടത്താതെ പോലീസ് ഡോക്ടറെക്കൊണ്ടു വ്യാജരേഖയുണ്ടാക്കിച്ചു കോടതിയില്‍ നല്‍കിയതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ന്യറോ സംബന്ധമായ വിദഗ്ധ ചികിസക്ക് ബംഗളൂരുവിലേക്ക് 15 ന് പോകാനിരിക്കേയാണ് അറസ്റ്റ്. ന്യൂറോ രോഗത്തിന് രക്തസമ്മര്‍ദം പരിശോധിപ്പിച്ച റിപ്പോര്‍ട്ട് മതിയോയെന്നും സതീശന്‍ ചോദിച്ചു.
തിരുവനന്തപുരത്ത് 15 ന് ആരംഭിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിലെ അത്ഭുത കാഴ്ചകള്‍ കാണാന്‍ 100 രൂപ മുതല്‍ 11,500 രൂപ വരെ ടിക്കറ്റു നിരക്ക്. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട് സയന്‍സും ചേര്‍ന്നാണു പരിപാടി സംഘടിപ്പിക്കുന്നത്. തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കിലുള്ള സയന്‍സ് ഫെസ്റ്റിവല്‍ ഫെബ്രുവരി 15 നു സമാപിക്കും. രണ്ടര ലക്ഷം ചതുരശ്ര അടി സ്ഥലത്ത് സജ്ജമാക്കിയ ക്യൂറേറ്റഡ് സയന്‍സ് എക്സിബിഷന്‍ ഏഷ്യയിലെ തന്നെ ആദ്യത്തേതും ഏറ്റവും വലുതുമാണ്.
ഒരു മാസത്തെ അവധിക്കു ശേഷം പഞ്ചായത്തില്‍ ചാര്‍ജ്ജെടുക്കാനെത്തിയ എല്‍ എസ് ജി. ഡി. അസി. എന്‍ജിനീയര്‍ സുചിത്രലതയെ സി.പി. എം ഭരണസമിതി അംഗങ്ങള്‍ വീണ്ടും തടഞ്ഞു. തിരുവനന്തപുരം കോട്ടുകാല്‍ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖയുടെ നേതൃത്വത്തിലാണ് എന്‍ജിനിയറെ തടഞ്ഞുവച്ചത്. പഞ്ചായത്തിന് ലഭിക്കേണ്ട പദ്ധതികളുടെ ഫണ്ട് കുറഞ്ഞെന്ന് ആരോപിച്ച് കഴിഞ്ഞ മാസം എന്‍ജിനിയറെ മണിക്കുറുകളോളം ഉപരോധിച്ചിരുന്നു. ഇതോടെ ഇവര്‍ ഓഫീസ് മുറിയില്‍ കുഴഞ്ഞ് വീണു. ഭരണകക്ഷി അംഗങ്ങള്‍ക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു.
സ്ത്രീകളുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ സൃഷ്ടിച്ച് ചങ്ങാത്തമുണ്ടാക്കി പണം തട്ടിയെടുക്കുന്ന വിരുതനെ ആറന്മുള പൊലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം പാറശ്ശാല, തച്ചന്‍വിള, പ്രായര്‍ക്കല്‍ വിളവീട്ടില്‍ സതീഷ് ജപകുമാര്‍ എന്ന 41 കാരനാണ് അറസ്റ്റിലായത്. കോഴഞ്ചേരി സ്വദേശിയായ യുവാവില്‍നിന്ന് 23 ലക്ഷം രൂപയാണ് സതീഷ് തട്ടിയെടുത്തത്.
പമ്പയില്‍ കെഎസ്ആര്‍ടിസി ബസിനു തീപിടിച്ചു. പുലര്‍ച്ചെ ആറു മണിയോടെ ഹില്‍ടോപ്പില്‍നിന്ന് യാത്രക്കാരെ കയറ്റാന്‍ സ്റ്റാന്‍ഡിലേക്കു കൊണ്ടുവരുന്നതിനിടെയാണ് ബസ്സിന് തീപിടിച്ചത്. അപകട സമയത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസ്സിലുണ്ടായിരുന്നത്.
കൊടി സുനി ഉള്‍പ്പെടെയുള്ള കുപ്രസിദ്ധ കുറ്റവാളികളെ പാര്‍പ്പിച്ച മലപ്പുറം തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കുളിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് തടവുകാര്‍ ആദ്യം ഏറ്റുമുട്ടിയത്. പിന്നീട് മൂന്നുതവണ കൂട്ടത്തല്ലുണ്ടായി. അഞ്ചു പേര്‍ക്ക് പരിക്കുണ്ട്.
ചെറുതുരുത്തി ദേശമംഗലം ഊരോളി കടവിലെ പടക്ക നിര്‍മ്മാണശാലയില്‍ അനധികൃതമായി സൂക്ഷിച്ച ആയിരം കിലോ വെടിമരുന്നും പടക്കങ്ങളും പൊലിസ് പിടിച്ചെടുത്തു. അഞ്ചുപേര്‍ അറസ്റ്റിലായി. നിര്‍മ്മാണശാലയുടെ നടത്തിപ്പുകാരന്‍ സുരേന്ദ്രന്‍ ഒളിവിലാണെന്ന് പൊലീസ്.
ഭര്‍ത്താവുമായി വഴക്കിട്ടശേഷം സ്വയം തീകൊളുത്തി പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. പത്തനംതിട്ട പെരിങ്ങനാട് തേക്കുംവിളയില്‍ വീട്ടില്‍ ടോണിയുടെ ഭാര്യ പ്രിന്‍സിയാണ് ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.
കോഴിക്കോട് കൊടുവള്ളി മാനിപുരത്തിനടുത്ത് ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചതിനു പിക്കപ്പ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കെഎംസിടി കോളജ് വിദ്യാര്‍ത്ഥിനി ഫാത്തിമ മിന്‍സിയയാണ് മരിച്ചത്.
തമിഴ്‌നാട് ധര്‍മപുരിയിലെ കത്തോലിക്കാ പള്ളിയില്‍ അതിക്രമിച്ചു കയറി യുവാക്കളുമായി വഴക്കുണ്ടാക്കിയതിന് തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈക്കെതിരെ പോലീസ് കേസെടുത്തു. ബൊമ്മിടി സെന്റ് ലൂര്‍ദ് പള്ളിയിലാണ് അണ്ണാമലൈ പ്രകോപനമുണ്ടാക്കിയത്. പള്ളിപ്പെട്ടി സ്വദേശി കാര്‍ത്തിക് എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസ്.
കലാപം തുടരുന്ന മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ ഇന്നലെ നാലു പേര്‍ കൂടി കൊല്ലപ്പെട്ടു. കുക്കികളുടെ പിന്നോക്ക വിഭാഗ പദവി പുനഃപരിശോധിക്കേണ്ടതാണെന്ന മുഖ്യമന്ത്രി ബീരേന്‍ സിങിന്റെ പ്രസ്താവനയ്‌ക്കെതിരേ കുക്കികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങി.
രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പാലത്തിലൂടെ ഓട്ടോറിക്ഷകള്‍ക്കും ബൈക്കുകള്‍ക്കും മുച്ചക്ര വാഹനങ്ങള്‍ക്കും മൃഗങ്ങള്‍ വലിക്കുന്ന വാഹനങ്ങള്‍ക്കും പ്രവേശനമില്ല. നാലു ചക്ര വാഹനങ്ങളുടെ പരമാവധി വേഗപരിധി മണിക്കൂറില്‍ 100 കിലോമീറ്ററാണ്. 18,000 കോടി ചെലവിട്ടാണ് കടല്‍പ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
വിമാനം പറന്നുയരുന്നതിനു തൊട്ടുമുമ്പ് യാത്രക്കാരന്‍ ബലമായി വാതില്‍ തുറന്ന് പുറത്തേക്കു ചാടി. കാനഡയിലെ ടൊറണ്ടോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണു സംഭവം. ദുബൈയിലേക്ക് പുറപ്പെടാനിരുന്ന എയര്‍ കാനഡ വിമാനത്തില്‍ നിന്നാണ് യാത്രക്കാരന്‍ പുറത്തേക്കു ചാടിയത്. 20 അടി താഴ്ചയിലേക്ക് വീണ ഇയാള്‍ക്കു സാരമായ പരിക്കുകളുണ്ട്.