ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് വിഷയത്തില്‍ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം ക്ഷണിച്ചു. നിലവിലെ രീതിയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ഈ മാസം 15 നകം അഭിപ്രായം അറിയിക്കാം. നിര്‍ദേശങ്ങള്‍ ഒറ്റ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല സമിതിക്കു കൈമാറും. നിയമ മന്ത്രാലയം നിയമിച്ച ഉന്നതതല സമിതിയുടെ സെക്രട്ടറിയാണ് ഇതു സംബന്ധിച്ച പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തിരുവല്ലം കസ്റ്റഡി മരണത്തില്‍ മൂന്നു പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി ആവശ്യപ്പെട്ട് സിബിഐ. തിരുവല്ലം എസ്എച്ച്ഒ ആയിരുന്ന സുരേഷ് വി.നായര്‍, എസ്‌ഐ വിപിന്‍ പ്രകാശ്, ഗ്രേഡ് എസ് ഐ സജീവ് കുമാര്‍ എന്നിവരാണ് പ്രതികള്‍. ദമ്പതികളെ ആക്രമിച്ചതിന് തിരുവല്ലം പൊലീസ് കസ്റ്റഡിലെടുത്ത സുരേഷ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28 നാണ് മരിച്ചത്.
കേരളത്തില്‍ ബി.ജെ.പി ടിക്കറ്റില്‍ ഗവര്‍ണര്‍ മത്സരിക്കണമെന്നു പരിഹസിച്ച വൃന്ദ കാരാട്ട് ഏതെങ്കിലും പൊതുതെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടുണ്ടോയെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-പുതുവത്സര വിരുന്നിനു തന്നെ ക്ഷണിച്ചിരുന്നുവെന്നും പോകാതിരുന്നത് എന്തുകൊണ്ടാണെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണം. തന്നോടു ചോദിക്കുന്നതുപോലെ മുഖ്യമന്ത്രിയോടും ചോദ്യങ്ങള്‍ ഉന്നയിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ വളപ്പിലേക്കു നേഴ്സുമാര്‍ നടത്തിയ മാര്‍ച്ചിനിടെ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ എം വിജിന്‍ എംഎല്‍എയെ ഒഴിവാക്കി പൊലീസ് കേസെടുത്തു. കെജിഎന്‍എ ഭാരവാഹികളും കണ്ടാല്‍ അറിയാവുന്ന നൂറോളം പേരുമാണ് കേസിലെ പ്രതികള്‍. എസ്‌ഐയും എംഎല്‍എയും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
യോട് പൊലീസ് കാണിച്ചത് തെറ്റായ നടപടിയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പൊലീസ് കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തി. ശാന്തനായ എംഎല്‍എയോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.
കണ്ണൂര്‍ പഴയങ്ങാടിയില്‍ കരിങ്കൊടി പ്രതിഷേധക്കാര്‍ക്ക് മര്‍ദനമേറ്റതിന്റെ ഉത്തരവാദിത്തം പൊലീസിനാണെന്ന് സിപിഎം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി വി വിനോദ്. പൊലീസിന് കാര്യശേഷിയില്ലാത്തതുകൊണ്ടാണ് പഴയങ്ങാടിയില്‍ പ്രശ്‌നങ്ങളുണ്ടായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ നീക്കമുണ്ടെന്ന് പൊലീസിനെ സിപിഎം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ അതു ഗൗനിച്ചില്ലെന്നും വിനോദ് പറഞ്ഞു.
കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കേരള ഹൈക്കോടതി മുന്നില്‍. കഴിഞ്ഞ വര്‍ഷം ഫയല്‍ ചെയ്ത ഒരു ലക്ഷത്തോളം കേസുകളില്‍ എണ്‍പത്തി ആറായിരത്തി എഴുനൂറ് കേസുകള്‍ ഹൈക്കോടതി തീര്‍പ്പാക്കി. കോടതിയെ പേപ്പര്‍ രഹിതമാക്കുന്നതിലും കേരള ഹൈക്കോടതി ഏറെ മുന്നിലാണ്.
നിയമസഭയിലേക്കു മത്സരിക്കാനും കെപിസിസി പ്രസിഡന്റാകാനും ആഗ്രഹമുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന ആവശ്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒഴിവാക്കണമെന്നു നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
സ്‌കൂള്‍ കലോത്സവത്തില്‍ നാടന്‍പാട്ട് വേദിയില്‍ പ്രതിഷേധം. സൗണ്ട് സിസ്റ്റത്തില്‍ അപാകതയുണ്ടെന്ന് ആരോപിച്ചാണ് നാടന്‍പാട്ട് പരിശീലകരായ കലാകാരന്മാര്‍ പ്രതിഷേധിച്ചത്. സംഘാടകര്‍ ഗൗനിക്കാത്തതിനാല്‍ അവര്‍ പാട്ടു പാടി പ്രതിഷേധിച്ചു. പൊലീസിനെ വരുത്തി പ്രതിഷേധക്കാരെ പുറത്താക്കിയാണു മല്‍സരം തുടര്‍ന്നത്.
സ്‌കൂള്‍ കലോത്സവത്തില്‍ അപ്പീല്‍ ബാഹുല്യം. മുന്‍സിഫ് കോടതി മുതല്‍ ഹൈക്കോടതി വരെയുള്ള കോടതികളില്‍ നിന്ന് അപ്പീലുമായി വിദ്യാര്‍ഥികള്‍ എത്തുന്നുണ്ട്. ഇതോടെ കൂടുതല്‍ പേര്‍ മല്‍സരത്തിനു വേദിയിലെത്തി. എല്ലാ വേദികളിലും അര്‍ധരാത്രിക്ക് ശേഷമാണ് ഇന്നലെ മല്‍സരങ്ങള്‍ അവസാനിച്ചത്.
നവകേരള സദസില്‍ റവന്യു വകുപ്പില്‍ തീര്‍പ്പാക്കാനുള്ള 1,06177 അപേക്ഷകളില്‍ 48,553 അപേക്ഷകളും സാമ്പത്തിക സഹായം തേടുന്നവയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായം ആവശ്യപ്പെട്ടാണ് ഇവയിലേറെയും അപേക്ഷകള്‍.
തൃശൂര്‍ ജില്ലയിലെ തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സാമ്പത്തിക ഇടപാടുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത് അന്വേഷണം തുടങ്ങി. വ്യാജ ആധാരം ഈടായി നല്‍കി ബാങ്ക് ഭരണസമിതിയുടെ ഒത്താശയോടെ മൂന്നര കോടിരൂപയുടെ വായ്പാ തട്ടിപ്പു നടത്തിയെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.
ബിജെപിയില്‍ ചേര്‍ന്ന ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനെ എല്ലാ ചുമതലകളില്‍നിന്നും നീക്കം ചെയ്തു. ഷൈജു കുര്യനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ കമ്മീഷനേയും നിയോഗിച്ചു. ഇന്നലെ രാത്രി ചേര്‍ന്ന ഭദ്രാസന കൗണ്‍സിലിന്റേതാണ് തീരുമാനം.
ബിജെപിയില്‍ ചേര്‍ന്ന ഫാ. ഷൈജു കുര്യനെതിരെ വനിത കമ്മീഷനില്‍ പരാതി. വീട്ടമ്മയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി. ഫാ. മാത്യൂസ് വാഴക്കുന്നമാണ് പരാതിക്കാരന്‍. സ്ത്രീയുടേതായി പ്രചരിക്കുന്ന ശബ്ദരേഖ സഭാ നേതൃത്വത്തിനും വൈദികന്‍ കൈമാറിയിട്ടുണ്ട്.
കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ട്രാന്‍സ് വിഭാഗക്കാരെ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയില്‍ നിയമിക്കും. അപേക്ഷ ക്ഷണിച്ച് നാളെ പരസ്യം നല്‍കും.
ഗോവയില്‍ പുതുവത്സരമാഘോഷത്തിനി പോയി മരിച്ച യുവാവിന്റെ നെഞ്ചിലും പുറത്തും മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഡിജെ പാര്‍ട്ടിക്കിടെ സ്റ്റേജില്‍ കയറി നൃത്തം ചെയ്തതിനു സുരക്ഷാ ജീവനക്കാര്‍ മര്‍ദിച്ചു കൊന്ന് കടലില്‍ തള്ളിയതാണെന്നു കുടുംബം ആരോപിച്ചു.
പുതുവര്‍ഷം ആഘോഷിക്കാനെത്തിയ യുവതികള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ കൊല്ലം ഇരവിപുരം സ്വദേശി അഖിലിനെ വര്‍ക്കല പൊലീസ് അറസ്റ്റു ചെയ്തു.
മൂന്നാറില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ 12 വയസുള്ള മകളെ പീഡിപ്പിച്ചു മുങ്ങിയ പ്രതി പിടിയില്‍. ഇതര സംസ്ഥാന തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശി സെലാന്‍ ആണ് പിടിയിലായത്. ബോഡിമെട്ട് എക്‌സൈസ് ചെക്‌പോസ്റ്റ് ജീവനക്കാരാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്.
ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഉടനേ അറസ്റ്റു ചെയ്യേണ്ടെന്ന് നിയമോപദേശം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കിയേക്കും.
മധുര ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ നടത്തണമെന്നും പള്ളി പൊളിച്ച ശ്രീകൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഭാവിയില്‍ ഇത്തരം ഹര്‍ജിയുമായി വരരുതെന്നും സുപ്രീം കോടതി താക്കീത് നല്‍കി. മധുര കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോടു ചേര്‍ന്നുള്ളതാണ് ഷാഹി ഈദ്ഗാഹ് പള്ളി.
ബംഗാളില്‍ കോണ്‍ഗ്രസിന് രണ്ടു സീറ്റ് നല്‍കാമെന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിര്‍ദ്ദേശം തള്ളി കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി തള്ളി. ഇന്ത്യ സഖ്യത്തിന്റെ കണ്‍വീനര്‍ സ്ഥാനം നിതീഷ് കുമാറിന് നല്‍കാനാവില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കില്‍ കാറുകള്‍ക്ക് 250 രൂപ ടോള്‍ ഈടാക്കും. മഹാരാഷ്ട്ര മന്ത്രിസഭയാണ് തീരുമാനിച്ചത്.
അമേരിക്കയിലെ ലോവയില്‍ സ്‌കൂളില്‍ 17 കാരന്റെ വെടിവയ്പില്‍ ആറാം ക്ലാസുകാരി കൊല്ലപ്പെട്ടു. കൊലയാളിയായ വിദ്യര്‍ത്ഥി ജീവനൊടുക്കുകയും ചെയ്തു. വെടിവയ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.