ഫോണ്‍ ചോര്‍ത്തല്‍ തുടരുന്നുണ്ടെന്നും ഒക്ടോബറില്‍ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് പെഗാസസ് ഇരകള്‍ക്കു നല്‍കിയ മുന്നറിയിപ്പ് തിരുത്താന്‍ ആപ്പിള്‍ കമ്പനിയില്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയെന്നും വാഷിങ്ങ്ടണ്‍ പോസ്റ്റ്. ഇന്ത്യയില്‍ ഇപ്പോഴും മാധ്യമപ്രവര്‍ത്തകരുടേതടക്കം ഫോണുകളില്‍ പെഗാസസ് സാന്നിധ്യമുണ്ടെന്നും ചോര്‍ത്തല്‍ തുടരുന്നുണ്ടെന്നും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബര്‍ അവസാനമാണ് പ്രതിപക്ഷ നേതാക്കളും മാധ്യമപ്രവര്‍ത്തകരും അടക്കം പ്രമുഖര്‍ക്ക് ആപ്പിളിന്റെ മുന്നറിയിപ്പ് സന്ദേശമെത്തിയത്. സര്‍ക്കാര്‍ അന്വേഷണം നടത്തിയെങ്കിലും മതിയായ തെളിവില്ലെന്നായിരുന്നു കണ്ടെത്തല്‍.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന കെ- സ്മാര്‍ട്ട് പദ്ധതി ജനുവരി ഒന്നിനു പ്രാബല്യത്തിലാകും. രാവിലെ പത്തരയ്ക്ക് കൊച്ചി ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജനന മരണ, വിവാഹ രജിസ്‌ട്രേഷന്‍, വ്യാപാര ലൈസന്‍സ് തുടങ്ങിയവയെല്ലാം ഓണ്‍ലൈനായി നല്‍കും. മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. കെ-സ്മാര്‍ട്ട് മൊബൈല്‍ ആപ്പ് നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പുറത്തിറക്കും.
സര്‍വകലാശാലകളില്‍ സ്ഥിരം വിസി നിയമനത്തിനുള്ള നടപടികള്‍ ഉടനേ തുടങ്ങുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കരിങ്കൊടി പ്രതിഷേധവുമായി എത്തിയാല്‍ താന്‍ ഇനിയും കാറിന് പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് തിരിച്ചെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാജ്ഭവനിലേക്കുള്ള യാത്രക്കിടെ ജനറല്‍ ആശുപത്രി ജങ്ഷനില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കെ.ബി. ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും നാളെ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായി ചുമതലയേല്‍ക്കും. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ആയിരത്തോളം പേര്‍ പങ്കെടുക്കും. പ്രതിപക്ഷം ബഹിഷ്‌കരിക്കും.
പ്രതിപക്ഷത്തെ വെട്ടിലാക്കാനാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്കു കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. പൂജാരികളോ ട്രസ്റ്റികളോ ഉദ്ഘാടനം ചെയ്യേണ്ട ക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് രാഷ്ട്രീയ മുതലെടുപ്പിനാണ്. രാജ്യത്ത് മതേതര ചിന്തകള്‍ പുലര്‍ത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും മുരളീധരന്‍ കല്‍പറ്റയില്‍ പറഞ്ഞു.
ബാബറി പള്ളി പൊളിച്ചിടത്ത് അമ്പലം പണിത് ഉദ്ഘാടനത്തിന് ബിജെപി ക്ഷണിക്കുമ്പോള്‍ നിരസിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന് സിപിഐ സസംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഉറങ്ങുമ്പോള്‍ കോണ്‍ഗ്രസ് ആയിരുന്നവര്‍ ഉണരുമ്പോള്‍ ബിജെപിയാകുകയാണ്. ക്ഷണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിരസിച്ചു. ബിനോയ് വിശ്വം പറഞ്ഞു.
സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി വര്‍ഗീസിന് എങ്ങനെ കോടികളുടെ സ്വത്തുണ്ടായെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുമെന്നു മറിയക്കുട്ടി. താന്‍ ഭിക്ഷാടന സമരം നടത്താന്‍ കാരണം സിപിഎമ്മാണെന്നും ഡീന്‍ കുര്യാക്കോസ് എംപി തന്നെ സഹായിച്ചെങ്കില്‍ അതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.
പന്തളം എന്‍ എസ് എസ് കോളജില്‍ ക്രിസ്മസ് ആഘോഷത്തിനിടെ ഉണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ ഗവര്‍ണര്‍ സെനറ്റിലേക്കു നോമിനേറ്റു ചെയ്തയാള്‍ അടക്കം രണ്ട് എബിവിപി പ്രവര്‍ത്തകര്‍ റിമാന്‍ഡിലായി. ഒന്നാം പ്രതി വിഷ്ണു, ഗവര്‍ണര്‍ കേരള സര്‍വകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത സുധി സദന്‍ എന്നിവരെയാണ് റിമാന്‍ഡു ചെയ്തത്.
തിന്നര്‍ നിറച്ച ടാങ്കര്‍ ലോറി കോഴിക്കോട് കൊടുവള്ളിയില്‍ മറിഞ്ഞു. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറിയാണ് പഴയ ആര്‍ടിഒ ഓഫീസിന് സമീപം മറിഞ്ഞത്. തിന്നര്‍ റോഡില്‍ പടര്‍ന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടി കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി രാജേഷിനെയാണ് 23 വര്‍ഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും കാട്ടാക്കട പോക്‌സോ കോടതി ശിക്ഷിച്ചത്.
മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 69 കാരന് ജീവപര്യന്തം തടവും അഞ്ചുവര്‍ഷം കഠിന തടവും 1.30 ലക്ഷം രൂപ പിഴയും ശിക്ഷ. ചൂണ്ടല്‍ പുതുശേരി ചെമ്മന്തിട്ട കരിയാട്ടില്‍ രാജനെ (69)യാണ് കുന്നംകുളം പോക്സോ കോടതി ശിക്ഷ വിധിച്ചത്.
സ്വാതന്ത്രത്തിനു മുന്‍പുള്ള രാജഭരണ കാലത്തേക്ക് ഇന്ത്യയെ കൊണ്ടുപോകാനാണ് ബിജെപി ശ്രമിക്കുന്നുെതന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ 139 ാം വാര്‍ഷികത്തോടനുബന്ധിച്ച് നാഗ്പൂരില്‍ സംഘടിപ്പിച്ച മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും നിയന്ത്രിക്കാന്‍ ബി ജെ പി ശ്രമിക്കുകയാണ്. സര്‍വകലാശാലകളെ സംഘിവത്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറില്‍ തടവിലായ ഇന്ത്യയുടെ മുന്‍ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി. മലയാളി ഉള്‍പ്പടെ എട്ടു പേര്‍ക്കാണ് വധശിക്ഷ വിധിച്ചിരുന്നത്. അടുത്ത നിയമനടപടി ആലോചിച്ച് കൈക്കൊള്ളുമെന്നു വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചാരവൃത്തി ആരോപിച്ചാണ് ഇന്ത്യന്‍ മുന്‍ നാവിക സേന ഉദ്യോഗസ്ഥരെ ഖത്തറില്‍ വധശിക്ഷക്കു വിധിച്ചത്.
തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് കോളിക്കപ്പുടി ശ്രീനിവാസ റാവുവിനെതിരെ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ ആന്ധ്രാപ്രദേശ് പോലീസില്‍ പരാതി നല്‍കി. സംവിധായകന്റെ തലവെട്ടുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ ശ്രീനിവാസ റാവു പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് രാം ഗോപാല്‍ വര്‍മ്മ പരാതി നല്‍കിയത്.
കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കുന്നതിനിടെ കേയ്ക്കില്‍ മദ്യം ഒഴിച്ചു കത്തിച്ച ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിനെതിരെ മുംബൈ പൊലീസില്‍ പരാതി. വീഡിയോ വൈറലായതിന് പിന്നാലെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണു പരാതി നല്‍കിയത്. കേയ്ക്ക് കത്തിച്ചുകൊണ്ട് ‘ജയ് മാതാ ദി’ എന്ന് വിളിച്ചു പറയുന്നതും വീഡിയോയില്‍ കാണാമായിരുന്നു.