രാഷ്ട്രീയ സ്ഥിരതയും സാമ്പത്തിക മേഖലയിലെ മികച്ച വളര്‍ച്ചാ സാദ്ധ്യതകളും ധന മാനേജ്മെന്റിലെ വൈദഗ്ദ്ധ്യവും കണക്കിലെടുത്ത് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഡിസംബറിലും ഇന്ത്യയിലേക്ക് വന്‍തോതില്‍ പണമൊഴുക്കി. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യയുടെ കണക്കുകളനുസരിച്ച് ഡിസംബറില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ 57,300 കോടി രൂപയാണ് അധികമായി എത്തിച്ചത്. പ്രതിമാസം വിദേശ നിക്ഷേപകര്‍ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. അമേരിക്കയില്‍ കടപ്പത്രങ്ങളുടെ മൂല്യം ഇടിയുന്നതിനാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രമുഖ വികസ്വര രാജ്യങ്ങളിലെ മികച്ച നിക്ഷേപ സാധ്യതകള്‍ മുതലെടുത്താണ് ഹെഡ്ജ് ഫണ്ടുകളും അതിസമ്പന്നരും ഇവിടേക്ക് പണമൊഴുക്കുന്നത്. ഇപ്പോഴത്തെ വിപണി സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ വിദേശ നിക്ഷേപകരുടെ പണമൊഴുക്ക് ഇനിയും കൂടാനുള്ള സാദ്ധ്യതയാണുള്ളത്. നടപ്പു വര്‍ഷം ഇതുവരെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 1.75 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങള ില് വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും 39,300 കോടി രൂപ പിന്‍വലിച്ചതിന് ശേഷമാണ് ഓഹരികളിലേക്ക് വീണ്ടും പണമൊഴുക്ക് കൂടിയത്.