night news hd 24

 

ഫ്രാന്‍സിസ് മാര്‍പ്പാപ്പ അടുത്ത വര്‍ഷം പകുതിയോടെയോ 2025 ആദ്യമോ ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞെന്ന് ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍. മണിപ്പൂര്‍ വിഷയമോ രാഷ്ട്രീയ വിഷയങ്ങളോ വിരുന്നില്‍ ചര്‍ച്ചയായില്ല. വികസനത്തിന് ക്രൈസ്തവരുടെ പിന്തുണ വേണമെന്ന് മോദി ആവശ്യപ്പെട്ടു. ക്രൈസ്തവര്‍ രാജ്യത്തിനു നല്കിയത് നിസ്തുല സേവനമാണെന്നും മോദി അനുസ്മരിച്ചു. സഭാ പ്രതിനിധികളും, വ്യവസായ പ്രമുഖരും ഉള്‍പ്പടെ 60 പേരാണ് പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തത്. കേരളം, ഡല്‍ഹി, ഗോവ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ സഭാധ്യക്ഷന്മാര്‍ക്കായിരുന്നു ക്ഷണം. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, മണിപ്പൂര്‍ വംശീയ കലാപത്തിന്റെ മുറിവ് ഉണക്കാനാണ് മോദിയുടെ ശ്രമം.

ശബരിമലയില്‍ ഭക്തര്‍ക്ക് അടിയന്തരമായി സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഹൈക്കോടതി. അവധി ദിനത്തില്‍ സ്‌പെഷ്യല്‍ സെറ്റിംഗ് നടത്തിയാണ് ഉത്തരവിട്ടത്. കോട്ടയം, പാലാ, പൊന്‍കുന്നം അടക്കമുള്ള സ്ഥലങ്ങളില്‍ തടഞ്ഞുവച്ച ഭക്തര്‍ക്ക് ഭക്ഷണവും വെള്ളവും അടക്കം അടിയന്തര സൗകര്യങ്ങള്‍ നല്‍കണം. ഒരു ബുക്കിംഗും ഇല്ലാതെ എത്തുന്നവരെ കടത്തിവിടരുത്. ആവശ്യമെങ്കില്‍ സംസ്ഥാന പൊലീസ് മേധാവി നേരിട്ടിടപ്പെടണം. കോടതി നിര്‍ദേശിച്ചു.

നവകേരള സദസുമായി ബന്ധപ്പെട്ട് ക്രമസമാധനം ഉറപ്പുവരുത്തിയ പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാന്‍ എസ് പിമാര്‍ക്കും ഡിഐജിമാര്‍ക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപി നിര്‍ദ്ദേശം നല്‍കി. പ്രതിഷേധക്കാരെ അടിച്ചോടിച്ചവര്‍ക്കാണ് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുന്നത്.

എഐ ക്യാമറകള്‍ സ്ഥാപിച്ചതിന്റെ പണം തന്നില്ലെങ്കില്‍ കണ്‍ട്രോള്‍ റൂമുകളിലെ സേവനം നിര്‍ത്തിവയ്ക്കുമെന്ന് കെല്‍ട്രോണ്‍. ഇതുവരെ 100 കോടി രൂപയുടെ ചെലാന്‍ പിഴ ഇനത്തില്‍ നല്‍കി. 33 കോടി രൂപ പിഴയായി പിരിച്ചെടുത്തു. 232 കോടിരൂപയായിരുന്നു കെല്‍ട്രോണിന്റെ ചെലവ്. മാസംതോറും ഒരോ കോടി രൂപ ചെലവഴിച്ചാണ് കെല്‍ട്രോണ്‍ പദ്ധതി നടത്തുന്നത്.

ക്രിസ്മസിനോടനുബന്ധിച്ച് മൂന്നു ദിവസം സംസ്ഥാനത്തു വിറ്റത് 230.47 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം 210. 35 കോടി രൂപയുടെ മദ്യമാണ് ഈ ദിവങ്ങളില്‍ വിറ്റത്. ക്രിസ്മസ് തലേന്നായ ഞായറാഴ്ച ഔട്ട്ലെറ്റ് വഴി മാത്രം 70.73 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് തലേന്ന് 69.55 കോടിയുടെ മദ്യമാണ് വിറ്റത്.

പ്രധാനമന്ത്രി നടത്തിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ മണിപ്പൂര്‍ വിഷയം ഉന്നയിക്കേണ്ടതായിരുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. എം എസ് ഗോള്‍വല്‍ക്കര്‍ ക്രിസ്ത്യാനികളെക്കുറിച്ച് എഴുതിയത് ബിഷപ്പുമാര്‍ വായിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി വിളിച്ച ബിഷപ്പുമാരുടെ വിരുന്നില്‍ മണിപ്പൂര്‍ വിഷയം ചര്‍ച്ച ആയില്ലെന്നത് അദ്ഭുതപ്പെടുത്തുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ന്യൂനപക്ഷങ്ങള്‍ക്ക് അതൃപ്തി മനസിലാക്കിയതുകൊണ്ടാകും പ്രാധാനമന്ത്രി വിരുന്നിനു വിളിച്ചതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റണം. എസ്‌കെഎസ്ബിവി കോഴിക്കോട് വാര്‍ഷിക സമ്മേളനം ഉദ്ഘടനം ചെയ്ത് സംസാരിക്കവേ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

നവകേരള സദസില്‍ തനിക്കെതിരെ വന്ന പരാതിയെക്കുറിച്ച് അറിയില്ലെന്ന് മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. അധികാരമോഹംകൊണ്ട് തന്നെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കാന്‍ ശ്രമിച്ചവരെയാണു പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി പദവി ഒഴിഞ്ഞശേഷം കോഴിക്കോട് തിരിച്ചെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

എക്സിക്കുട്ടന്‍ എന്ന കാര്‍ട്ടൂണ്‍ കോളം കൈകാര്യം ചെയ്തിരുന്ന കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍ (59) അന്തരിച്ചു. മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസില്‍ പരസ്യവിഭാഗത്തില്‍ സെക്ഷന്‍ ഓഫീസറായിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു.

പാലക്കാട് കണ്ണാടിയില്‍ നാലു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. റെനില്‍ (40), വിനീഷ് (43), സുഹൃത്തുക്കളായ അമല്‍ (25), സുജിത്ത് (33) എന്നിവര്‍ക്കാര്‍ക്കാണ് വെട്ടേറ്റത്.

ഇടുക്കി തൊമ്മന്‍കുത്ത് പുഴയില്‍ രണ്ടു പേര്‍ മുങ്ങി മരിച്ചു. തൊമ്മന്‍കുത്ത് വാഴക്കാല ഒറ്റപ്ലാക്കല്‍ മോസിസ് ഐസക് (17), ചീങ്കല്‍സിറ്റി താന്നിവിള ബ്ലസണ്‍ സാജന്‍ (25) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി വെള്ളത്തില്‍ വീണപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കവേ മുങ്ങുകയായിരുന്നു.

ചേലക്കരയില്‍ വയലില്‍ പന്നിയെ പിടിക്കാന്‍ വച്ച വൈദ്യുത കെണിയില്‍ കുടുങ്ങി ഷോക്കേറ്റ് അമ്പതുകാരന്‍ മരിച്ചു. വെല്ലങ്ങിപ്പാറ മുണ്ടാരപ്പുള്ളി വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (50) ആണ് മരിച്ചത്. സംഭവത്തില്‍ വെല്ലങ്ങിപ്പാറ സ്വദേശി വിജയന്‍, മണികണ്ഠന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു.

തൃശ്ശൂരില്‍ പതിനേഴുകാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു. കാനാട്ടുക്കര ശാന്തിനഗറില്‍ വല്ലച്ചിറ വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്.

എറണാകുളം കിഴക്കമ്പലത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വാഴക്കുളം നാലു സെന്റ് കോളനി പാറക്കാട്ട്‌മോളം വീട്ടില്‍ അനുമോളാണ് മരിച്ചത്. ഭര്‍ത്താവായ രജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചാലക്കുടിയില്‍ ക്രിസ്മസ് ആഘോഷം കഴിഞ്ഞ് മടങ്ങിയ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. കാടുക്കുറ്റിയില്‍ ബൈക്ക് മതിലില്‍ ഇടിച്ച് കാടുക്കുറ്റി സ്വദേശി മെല്‍വിന്‍ (33) ആണ് മരിച്ചത്. ഇന്റീരിയര്‍ ഡിസൈനറായിരുന്നു.

ചാലക്കുടി മേലൂരില്‍ ബൈക്ക് പാടത്തേക്കു വീണ യുവാവ് മരിച്ചു. പുഷ്പഗിരിക്കു സമീപമുണ്ടായ അപകടത്തില്‍ ചാലക്കുടി വി ആര്‍ പുരം ഉറുമ്പന്‍ കുന്ന് സ്വദേശി ബിനു (23) ആണ് മരിച്ചത്.

തിരുവനന്തപുരം മാനവീയം വീഥിയില്‍ ക്രിസ്മസ് ആഘോഷത്തിനിടെ സംഘര്‍ഷം. യുവാക്കളുമായി ഏറ്റുമുട്ടിയ പൊലീസിലെ എഎസ്‌ഐ അടക്കമുള്ളവര്‍ക്കു പരിക്കേറ്റു. നാലു പേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.

സുല്‍ത്താന്‍ ബത്തേരിക്കടുത്ത് സിസിയില്‍ തൊഴുത്തിലുണ്ടായിരുന്ന പുശുക്കിടാവിനെ കൊന്നുതിന്ന കടുവ ഇന്നലെ രാത്രി വീണ്ടും എത്തി. ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ പശുക്കിടാവിന്റെ പാതി ഭാഗം തിന്നാന്‍ എത്തിയ കടുവയുടെ ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞു.

പ്രണയപ്പക മൂലം തമിഴ്‌നാട്ടില്‍ ഐടി ജീവനക്കാരിയെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ അറസ്റ്റില്‍. മധുര സ്വദേശിനിയായ ആര്‍.നന്ദിനിയെന്ന 27 കാരിയെ കൊലപ്പെടുത്തിയ കേസില്‍ മഹേശ്വരിയെന്ന വെട്രിമാരന്‍ (26) ആണ് അറസ്റ്റിലായത്.

വിജിലന്‍സ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടയാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ തമിഴ്‌നാട് പൊലീസ് കേസെടുത്തു. പരിശോധനയ്‌ക്കെത്തിയ വിജിലന്‍സ് പോലീസ് തെളിവുകള്‍ അപഹരിച്ചെന്ന് ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ കേസെടുത്തിരിക്കേയാണ് തിരിച്ചും കേസെടുത്തത്. ഇഡി മധുര അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് പൊലീസ് സമന്‍സ് അയച്ചു. ഈ മാസം ഒന്നിന് കൈക്കൂലി കേസില്‍ അറസ്റ്റിലായ അങ്കിത് തിവാരിയുടെ ചെമ്പറില്‍ പരിശോധന നടത്തുന്നതില്‍ നിന്ന് വിജിലന്‍സ് സംഘത്തെ ഇഡി ഉദ്യോഗസ്ഥര്‍ തടഞ്ഞെന്നാണ് കേസ്.

കര്‍ണാടകത്തിലെ വിദ്യാലയങ്ങളിലെ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ബിജെപി സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയിട്ടില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര. വിഷയം വിശദമായി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജമ്മു കാഷ്മീരിലെ സുരന്‍കോട്ടില്‍ സൈന്യം ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത മൂന്നു നാട്ടുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സൈന്യം. സംഭവത്തില്‍ ജമ്മുകശ്മീര്‍ പൊലീസും കേസെടുത്തു. സംഭവത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും നാട്ടുകാരും പ്രതിഷേധം തുടരുകയാണ്.

ഇന്ത്യന്‍ സര്‍ക്കാര്‍ ചൈനീസ് കമ്പനികളോടു വിവേചനം കാണിക്കരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ രണ്ട് ചൈനീസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് ഇങ്ങനെ പ്രതികരിച്ചത്. ചൈനക്കാര്‍ക്ക് ബീജിങ് കോണ്‍സുലാര്‍ സംരക്ഷണവും നിയമ സഹായവും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രിസ്മസ് ആഘോഷങ്ങളില്ലാതെ മണിപ്പൂര്‍. കുക്കി വിഭാഗം പൂര്‍ണമായും ആഘോഷങ്ങളില്‍ നിന്ന് വിട്ടുനിന്നു. ഇംഫാലിലെ പ്രധാന ദേവാലയമായ താംഖുല്‍ ബാപ്റ്റിസ്റ്റ് പള്ളിയില്‍ ഇന്നലെ ആഘോഷങ്ങളൊന്നുമുണ്ടായില്ല. കലാപത്തില്‍ 180 ലേറെ പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്ക്. മാസങ്ങള്‍ക്കു ശേഷം കഴിഞ്ഞ ദിവസങ്ങളിലാണ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്.

യേശു ജനിച്ച മണ്ണില്‍ യേശുവിന്റെ സമാധാന സന്ദേശം യുദ്ധത്തില്‍ മുങ്ങുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ കുര്‍ബാനയ്ക്കിടെ ക്രിസ്മസ് സന്ദേശത്തിലാണ് ഇങ്ങനെ പറഞ്ഞത്.

യേശു ജനിച്ച ബെത്‌ലഹേമില്‍ ഇത്തവണ ക്രിസ്മസ് ആഘോഷമില്ല. പലസ്തീനിലെ വെസ്റ്റ് ബാങ്കിലുള്ള ഈ പ്രദേശത്തു ഇസ്രയേലിന്റെ യുദ്ധംമൂലം ഒരാള്‍പോലും എത്തിയില്ല. സാധാരണ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകരുടെ വന്‍ പ്രവാഹമാണ് ഈ ദിവസങ്ങളില്‍ അനുഭവപ്പെടാറുള്ളത്.

അമേരിക്കയില്‍ 10 വയസുള്ള മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ ഇന്ത്യക്കാരിയായ അമ്മയെ പൊലീസ് അറസ്റ്റു ചെയ്തു. നോര്‍ത്ത് കരോലിനയിലെ പ്രിയങ്ക തിവാരി (33)യെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.

ഡബ്ലിനില്‍ ആറു യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജഡ്ജി കുറ്റക്കാരനാണെന്ന് തെളിഞ്ഞു. 59 -കാരനായ ടിപ്പററിയിലെ തര്‍ലെസില്‍ നിന്നുള്ള ജെറാര്‍ഡ് ഒബ്രിയനാണ് കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. മുന്‍ സ്റ്റേറ്റ് സോളിസിറ്റര്‍ കൂടിയാണ് ജെറാര്‍ഡ്. ഫോകോമെലിയ ബാധിതനായ ഇയാള്‍ക്ക് രണ്ട് കൈകളും ഒരു കാലുമില്ല.

സൗദി അറേബ്യയില്‍ സെയില്‍സ്, പര്‍ച്ചേസിങ്, പ്രോജക്ട് മാനേജ്മെന്റ് തൊഴിലുകളിലെ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇതിനായി മുന്‍കൂട്ടി നിശ്ചയിച്ച സമയപരിധി ഞായറാഴ്ച അവസാനിച്ചു.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *