night news hd 23

 

നവകേരള സദസിലെ പൊലീസ് അതിക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയന് കൊലയാളി മനസാണ്. പിണറായി ക്രൂരതയുടെ പര്യായമാണ്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ പോകുമെന്നും സുധാകരന്‍ അറിയിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പിന് രാമക്ഷേത്രം മുഖ്യ പ്രചാരണ വിഷയമാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 30 ന് അയോധ്യയില്‍ പ്രധാനമന്ത്രി റോഡ് ഷോ നടത്തും. 50 ശതമാനം വോട്ട് വിഹിതമെങ്കിലും നേടണമെന്നാണ് ബിജെപി ഭാരവാഹികള്‍ക്കുള്ള മോദിയുടെ നിര്‍ദ്ദേശം. ജനുവരി 22 ന് രാമക്ഷേത്രം തുറക്കുന്നതോടെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവും സജീവമാക്കും.

ലൈഫ് പദ്ധതിക്കായി ഹഡ്‌കോ 430 കോടി രൂപകൂടി വായ്പ അനുവദിച്ചു. ഇതോടെ ലൈഫ് ഗുണഭോക്താക്കള്‍ക്കുള്ള പണം അനുവദിച്ചു തുടങ്ങി സാങ്കേതിക തടസങ്ങള്‍മൂലം ഹഡ്‌കോ വായ്പ തടസപ്പെട്ടിരുന്നു.

കേരളം പോലീസ് ഗുണ്ടാരാജ് സംസ്ഥാനമായി മാറിയതിന്റെ ഉത്തരവാദി പിണറായി വിജയനാണെന്ന് എഐസി.സി ജനറല്‍ സെക്രട്ടറി കെസിവേണുഗോപാല്‍ എം.പി. പോലീസിന്റേയും സി.പി.എമ്മിന്റേയും ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിയായ ഗണ്‍മാന്‍ ജോലിയില്‍ തുടരുന്നതു ശരിയല്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

കണ്ണൂര്‍ ധര്‍മ്മടത്ത് പിണറായി വിജയനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന സി രഘുനാഥ് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയില്‍നിന്ന് അംഗത്വം സ്വീകരിച്ചു. നേതൃത്വവുമായുള്ള പിണക്കംമൂലം കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചിരുന്നു.

കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വ്വകാല റെക്കോഡായി. ശനിയാഴ്ച്ച പ്രതിദിന വരുമാനം 9.055 കോടി രൂപയായിരുന്നു. ഡിസംബര്‍ മാസം 11 നു നേടിയ 9.03 കോടി വരുമാനമാണ് ഇപ്പോള്‍ മറികടന്നത്. കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനേയും ജീവനക്കാരേയും സിഎംഡി ബിജു പ്രഭാകര്‍ അഭിനന്ദിച്ചു.

കോടതി ഉത്തരവനുസരിച്ച് 82,000 രൂപ പിഴയടച്ചു പുറത്തിറക്കിയ റോബിന്‍ ബസിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ എംവിഡി ഉദ്യോഗസ്ഥര്‍ മോഷ്ടിച്ചെന്ന് നടത്തിപ്പുകാരന്‍ ഗിരീഷ്. ഡ്രൈവറുടെ സ്വര്‍ണവും പണവും അടങ്ങുന്ന ബാഗ് അടക്കം പലരുടേയും ബാഗുകള്‍ ബസില്‍നിന്ന് എടുക്കാന്‍ അനുവദിക്കാതെയാണ് ബസ് ഒരു മാസംമുമ്പ് പിടിച്ചെടുത്തുകൊണ്ടുപോയതെന്ന് ഗിരീഷ് ആരോപിച്ചു. ഇക്കാര്യത്തില്‍ നടപടി വേണ്ടിവരുമെന്നും ഗിരീഷ്. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്കു സര്‍വീസ് തുടങ്ങുമെന്നും ഗിരീഷ് അറിയിച്ചു.

കടമ്മനിട്ട മൗണ്ട് സിയോണ്‍ കോളജില്‍ എസ്എഫ്‌ഐ നേതാവിന്റെ മര്‍ദനമേറ്റ വിദ്യാര്‍ഥിനിക്കെതിരെ കേസെടുത്ത സംഭവത്തില്‍ ഡിജിപി റിപ്പോര്‍ട്ട് തേടി. പെണ്‍കുട്ടിയുടെ പരാതിയിലാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോട് ഡിജിപി റിപ്പോര്‍ട്ട് തേടിയത്.

തൃശൂര്‍ പൂരം എക്‌സിബിഷന്‍ ഗ്രൗണ്ടിന്റെ തറവാടക കൂട്ടിയ തൃശൂര്‍ പൂരത്തെ ബാധിക്കുമെന്നും തൃശൂര്‍ പൂരം തൃശൂരിന്റെ വികാരമാണെന്നും തൃശൂര്‍ അതിരൂപത. പൂരം സുഗമമായി നടത്തുന്നതിന് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.

പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകക്കെതിരെ കേസെടുത്തത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍.

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ നൈജീരിയന്‍ സ്വദേശി
കെന്ന മോസസ് അറസ്റ്റിലായി. കല്‍പ്പറ്റ സൈബര്‍ ക്രൈം പൊലീസാണ് പ്രതിയെ ബെംഗളൂരുവില്‍നിന്ന് പിടികൂടിയത്.

സ്വര്‍ണ്ണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ്‌ഐ എന്‍ ശ്രീജിത്തിനെയാണ് തൃശൂര്‍ ഡിഐജി സസ്‌പെന്‍ഡു ചെയ്തത്.

കേരള – കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കൊവിഡ് ബോധവത്കരണവുമായി കര്‍ണാടക. ദക്ഷിണ കര്‍ണാടകത്തില്‍ അഞ്ച് ഇടങ്ങളില്‍ ബോധവത്കരണ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അസുഖങ്ങള്‍ ഉള്ളവരും ഗര്‍ഭിണികളും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നു നിര്‍ദേശിക്കുന്നുണ്ട്.

പ്രധാനമന്ത്രിയുടെ വസതിയില്‍ നാളെ ക്രിസ്മസ് ആഘോഷം. മതമേലധ്യക്ഷന്മാരേയും ക്രൈസ്തവ സമുദായത്തിലെ പ്രമുഖരേയും ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശവുമായി ബിജെപി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ക്രൈസ്തവ ഭവന സന്ദര്‍ശനങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവരുടെ പിന്തുണ നേടാനാണു ശ്രമം.

ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണ നിര്‍വഹണത്തിനായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കണമെന്ന് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷനോട് കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി അനുരാഗ് ഠാക്കൂര്‍ ആവശ്യപ്പെട്ടു. കായിക താരങ്ങളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *