ഉത്സവകാലത്തിന്റെ ആവേശവുമായി ഒക്ടോബറില്‍ പുതിയ ഉയരത്തിലേക്ക് കുതിച്ചുകയറിയ ക്രെഡിറ്റ് കാര്‍ഡ് ചെലവാക്കലുകള്‍ നവംബറില്‍ അതേ സ്പീഡില്‍ കുത്തനെയിടിഞ്ഞു. സെപ്റ്റംബറിനെ അപേക്ഷിച്ച് 25 ശതമാനം മുന്നേറി 1.78 ലക്ഷം കോടി രൂപയുടെ ചെലവഴിക്കലാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ഒക്ടോബറില്‍ നടന്നത്. ഇത് റെക്കോഡാണ്. എന്നാല്‍, നവംബറില്‍ 1.61 ലക്ഷം കോടി രൂപയിലേക്ക് ചെലവഴിക്കലുകള്‍ കുറഞ്ഞുവെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു; മാസാധിഷ്ഠിത ഇടിവ് 10.04 ശതമാനം. ഇന്ത്യയിലാകെ 9.60 കോടി ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗത്തിലുണ്ടെന്നാണ് കണക്കുകള്‍. നവംബറില്‍ പുതുതായി 12.90 ലക്ഷം ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളെത്തി. 1.95 കോടി ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളുള്ള എച്ച്.ഡി.എഫ്.സി ബാങ്ക്, നവംബറില്‍ രേഖപ്പെടുത്തിയ ക്രെഡിറ്റ് കാര്‍ഡ് ചെലവഴിക്കല്ത്തുക 42,049 കോടി രൂപയാണ്. ഒക്ടോബറിനേക്കാള്‍ 6.92 ശതമാനം കുറവാണിത്. 1.83 കോടി ഉപയോക്താക്കളുള്ള എസ്.ബി.ഐ കാര്‍ഡിലെ ചെലവഴിക്കല്‍ 11.29 ശതമാനം താഴ്ന്ന് 31,048 കോടി രൂപയായി. 27,773 കോടി രൂപയുടെ ചെലവഴിക്കലാണ് ഐ.സി.ഐ.സി.ഐ ബാങ്കിന്റെ 1.62 കോടി വരുന്ന ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ രേഖപ്പെടുത്തിയത്; ഇടിവ് 18.69 ശതമാനം. 1.34 കോടി ക്രെഡിറ്റ് കാര്‍ഡ് വരിക്കാരാണ് ആക്സിസ് ബാങ്കിനുള്ളത്. 18,583 കോടി രൂപയുടെ ചെലവഴിക്കലുകള്‍ കഴിഞ്ഞമാസം നടന്നു. ഒക്ടോബറിനേക്കാള്‍ 14.48 ശതമാനം കുറവാണിത്. രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡുകള്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് ഇ-കൊമേഴ്സ് വഴി ഉത്പന്ന/സേവനങ്ങള്‍ വാങ്ങാനാണ്. നവംബറില്‍ ഇ-കൊമേഴ്സ് ഇടപാടുകളില്‍ ക്രെഡിറ്റ് കാര്‍ഡിന്റെ വിഹിതം 67.6 ശതമാനത്തില്‍ നിന്ന് 63.3 ശതമാനത്തിലേക്ക് താഴ്ന്നു. അതേസമയം, കടകളിലും മറ്റുമുള്ള പോയിന്റ് ഓഫ് സെയില്‍ ഇടപാടുകളിലെ വിഹിതം 32.4 ശതമാനത്തില്‍ നിന്ന് 36.7 ശതമാനത്തിലേക്ക് ഉയര്‍ന്നു.