ഈ വര്‍ഷം ആഗോള വളര്‍ച്ചയുടെ 16 ശതമാനം സംഭാവന ചെയ്യുന്ന രാജ്യം ഇന്ത്യയാകാമെന്ന് രാജ്യാന്തര നാണ്യനിധി. ഡിജിറ്റല്‍വല്‍ക്കരണം, അടിസ്ഥാന സൗകര്യ വികസനം എന്നി മേഖലകളില്‍ രാജ്യം നടപ്പാക്കിയ പരിഷ്കരണ നടപടികളാണ് ഇതിന് കരുത്തുപകരുക എന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡിനു ശേഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ശക്തമായി തന്നെ തിരിച്ചുകയറി എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സാധിച്ചതിനൊപ്പം തൊഴില്‍മേഖലയിലും വളര്‍ച്ചയുണ്ടായി. ആഗോള സാമ്പത്തിക വെല്ലുവിളി ഇന്ത്യയെ ബാധിച്ചില്ല എന്നതും ഗുണകരമാണ്. 2023ലെ ജി 20 ഉച്ചകോടിക്ക് വേദിയായതും ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ പ്രാധാന്യം ഊട്ടിയുറപ്പിച്ചു. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായകമാണെന്നും ഐഎംഎഫ് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ തൊഴില്‍ രംഗത്ത് പരിഷ്കരണം നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും ഐഎംഎഫ് ചൂണ്ടിക്കാണിച്ചു. ഇതുവരെ പ്രയോജനപ്പെടുത്താത്ത തൊഴില്‍ സാധ്യതകള്കാര്യക്ഷമമായി ഉപയോഗിക്കാന്‍ സാധിക്കണം. ഇന്ത്യയില്‍ സമൃദ്ധമായ തൊഴില്‍ വിഭവങ്ങളുണ്ട്. പക്ഷേ അവ മുഴുവനായി പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടില്ല. വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴില്‍ ശക്തിയിലെ സ്ത്രീ പങ്കാളിത്തം എന്നിവയില്‍ കേന്ദ്രീകൃതമായ ശ്രമങ്ങളിലൂടെ ഇന്ത്യയുടെ ജനസംഖ്യാപരമായ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.