ഇന്ത്യയില്‍ ആദ്യമായി ബൈ-ഫ്യുവല്‍ പിക്ക്അപ്പ് വിപണിയില്‍ അവതരിപ്പിച്ച് ടാറ്റാ മോട്ടോഴ്‌സ്. ചരക്ക് വാഹന നിര വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ബൈ-ഫ്യുവല്‍ ശ്രേണിയിലും ശ്രദ്ധ പതിപ്പിക്കുന്നത്. ഇത്തവണ ഇന്‍ട്ര വി70, വി20 ഗോള്‍ഡ് പിക്ക്അപ്പുകളും, എയ്‌സ് എച്ച്ടി പ്ലസുമാണ് ടാറ്റാ മോട്ടോഴ്‌സ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. കൂടാതെ, ഇന്‍ട്ര വി50, എയ്ഡ് ഡീസല്‍ എന്നീ മോഡലുകളുടെ പരിഷ്‌കരിച്ച പതിപ്പും പുറത്തിറക്കിയിട്ടുണ്ട്. ഇക്കുറിയും കൂടുതല്‍ ഇന്ധനക്ഷമത ഉറപ്പുവരുത്തിയാണ് പുതിയ മോഡലുകള്‍ വിപണിയില്‍ എത്തിച്ചത്. ഇന്‍ട്ര വി70-യാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. ഇന്ത്യയിലെ ആദ്യത്തെ ബൈ-ഫ്യുവല്‍ പിക്ക്അപ്പായ ഇന്‍ട്ര വി70-ല്‍ ഒരേ സമയം രണ്ട് തരത്തിലുള്ള ഇന്ധനം നിറയ്ക്കാനാകും. രണ്ട് ഇന്ധനങ്ങള്‍ക്കുമായി വ്യത്യസ്ത ഇന്ധന ടാങ്കുകളാണ് നല്‍കിയിരിക്കുന്നത്. ഓള്‍ ടെറൈന്‍ കപ്പാസിറ്റിയും, സിഎന്‍ജിയുടെ കരുത്തും ഇന്‍ട്രാ വി20 ഉറപ്പുവരുത്തുന്നുണ്ട്. 1200 കിലോഗ്രാമിന്റെ പേലോഡ് കപ്പാസിറ്റിയാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. പരിസ്ഥിതി സൗഹാര്‍ദ്ദമായ ചരക്ക് ഗതാഗതം ഉറപ്പുവരുത്തുന്നതിനോടൊപ്പം, ഉപഭോക്താക്കള്‍ക്ക് വലിയ സാമ്പത്തിക നേട്ടവും ഇന്‍ട്ര വി20 വാഗ്ദാനം ചെയ്യുന്നുണ്ട്.