night news hd 14

 

മഞ്ചേരിയില്‍ തീര്‍ത്ഥാടകരുടെ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷയിലുണ്ടായിരുന്ന അഞ്ചുപേര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ മജീദ്, മുഹ്‌സിന, തെസ്‌നിമ, റൈസാ, മോളി എന്നിവരാണ് മരിച്ചത്. കിഴക്കേതലയില്‍നിന്ന് പുല്ലൂരിലേക്ക് പോകുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍ പെട്ടത്. നാലു കുട്ടികളും രണ്ടു സ്ത്രീകളുമാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. കര്‍ണാടകത്തില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസാണ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്.

വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടതു പൊലീസിന്റെയും സര്‍ക്കാരിന്റെയും അനാസ്ഥമൂലമാണെന്ന് ആരോപിച്ച് ഞായറാഴ്ച സംസ്ഥാന വ്യാപകമായി ‘മകളെ മാപ്പ് ‘എന്ന പേരില്‍ സായാഹ്ന ധര്‍ണ നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം.പി അറിയിച്ചു.

ആലപ്പുഴയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ജോബിന്റെ വീടിനുനേരെ ആക്രമണം. കൈതവനയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനുനേരെ കരിങ്കൊടി കാണിച്ചതിനു പിറകേയാണ് ആക്രമണമുണ്ടായത്. ജോബിന്റെ ഭാര്യയെ തള്ളി താഴെയിട്ടു. വീടിന്റെ ചില്ലുകളും അകത്തുകയറി ഫര്‍ണീച്ചറുകള്‍ അടക്കമുള്ളവും തകര്‍ത്തിട്ടുണ്ട്. സിഐടിയു പ്രവത്തകരാണ് ആക്രമണം നടത്തിയതെന്നാണ് പരാതി.

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവ കേരള സദസ് ബസിനുനേരെ ആലപ്പുഴയില്‍ കരിങ്കൊടി കാണിച്ച കെഎസ്യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘം വളഞ്ഞിട്ട് മര്‍ദിച്ചു. ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. കെഎസ്യു ജില്ലാ പ്രസിഡന്റ് തോമസ്, യൂത്ത് കോണ്‍സംസ്ഥാന സെക്രട്ടറി അജോയ് ജോയ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

മാവേലിക്കരയില്‍ ആറു വയസുകാരി മകള്‍ നക്ഷത്രയെ മഴു കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അച്ഛന്‍ ശ്രീമഹേഷ് ട്രെയിനില്‍നിന്നു ചാടി ജീവനൊടുക്കി. വിചാരണക്കുശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനടുത്താണു പുറത്തേക്കു ചാടിയത്. ടോയ്‌ലെറ്റില്‍ പോകുകയായിരുന്ന ഇയാള്‍ കാവലുണ്ടായിരുന്ന രണ്ടു പൊലീസുകാരെ തള്ളി മാറ്റി ട്രാക്കിലേക്ക് ചാടുകയായിരുന്നെന്നു പോലീസ് പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം രണ്ടിന് തൃശൂരില്‍ എത്തും. ബിജെപി സംഘടിപ്പിക്കുന്ന സ്ത്രീശക്തി സംഗമത്തില്‍ പങ്കെടുക്കും്. രണ്ടു ലക്ഷം സ്ത്രീകള്‍ പങ്കെടുക്കും. കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയില്ലെന്നു പരിപാടികള്‍ വിശദീകരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആരോപിച്ചു. വണ്ടിപ്പെരിയാറിലെ ആറു വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ പാര്‍ട്ടിക്കാരനെ ശിക്ഷയില്‍നിന്നു രക്ഷിച്ചത് സിപിഎം ഗൂഡാലോചന നടത്തിയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സംഘപരിവാറിന്റെ ഗുഡ് ലിസ്റ്റില്‍ കയറിപ്പറ്റാനാണ് ഗവര്‍ണറുടെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഗവര്‍ണറുടെ മാനസിക നില ജനത്തിന് അറിയാം. സര്‍വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടല്‍ അനുവദിക്കില്ല. വണ്ടിപ്പെരിയാറില്‍ വീഴ്ചയുണ്ടെങ്കില്‍ നടപടി വേണമെന്നും ഗോവിന്ദന്‍ പറഞ്ഞു.

കൊല്ലം ചക്കുവള്ളി പരബ്രഹ്‌മ ക്ഷേത്ര മൈതാനത്തു തിങ്കളാഴ്ച നവകേരള സദസ് നടത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ അനുമതി ഹൈക്കോടതി റദ്ദാക്കി. ക്ഷേത്രമൈതാനം ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതു ചോദ്യം ചെയ്ത് ഹിന്ദു ഐക്യവേദി ഭാരവാഹികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

സംവിധായകന്‍ രഞ്ജിത്ത് ആറാം തമ്പുരാനായി നടക്കുന്നതുകൊണ്ടല്ല ചലച്ചിത്രോല്‍സവം വിജയകരമായി നടന്നതെന്നു ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍. ഏകാധിപതിയായാണു പെരുമാറുന്ന രഞ്ജിത്തിനോടു തങ്ങള്‍ക്ക് ഒരു വിധേയത്വവും ഇല്ലെന്ന് കൗണ്‍സില്‍ അംഗം മനോജ് കാന പറഞ്ഞു.

വണ്ടിപ്പെരിയാര്‍ പോക്‌സോ കേസിന്റെ തെളിവുകളെല്ലാം അന്വേഷണ ഉദ്യോഗസ്ഥന്‍ നശിപ്പിച്ചതു സിപിഎമ്മിന്റെ നിര്‍ദേശമനുസരിച്ചാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഡിവൈഎഫ്‌ഐക്കാരനായ പ്രതിയെ രക്ഷിക്കാനാണ് കേസ് ആട്ടിമറിച്ചത്. സര്‍ക്കാരും സിപിഎമ്മും എന്തു ക്രൂരകൃത്യവും ചെയ്യുമെന്നതിന്റെ തെളിവാണിത്. സതീശന്‍ കുറ്റപ്പെടുത്തി.

കേരള കോണ്‍ഗ്രസിന് എപ്പോള്‍ വേണമെങ്കിലും യുഡിഎഫിലേക്ക് തിരിച്ചു വരാമെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി കേരള കോണ്‍ഗ്രസ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമായിരുന്നു. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് അവര്‍ കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ഭര്‍തൃവീട്ടില്‍ ഷബ്‌ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ സഹോദരി ഹഫ്‌സത്ത് പൊലീസില്‍ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനാലാണു കീഴടങ്ങിയത്. റിമാന്‍ഡിലുള്ള പ്രതി ഹനീഫയുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി തള്ളി. ഭര്‍ത്താവിന്റെ അമ്മ നബീസയും റിമാന്‍ഡിലാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹനആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഡോ. റുവൈസ് നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. ഷഹനയുടെ ആത്മഹത്യയില്‍ പങ്കില്ലെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നും റുവൈസ് ഹര്‍ജിയില്‍ പറയുന്നു.

കൊല്ലത്ത് വയോധികയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ മരുമകള്‍ മഞ്ജുമോള്‍ തോമസിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

ചിങ്ങവനം സ്വകാര്യ ബാങ്ക് കൊള്ളയടിച്ച കേസില്‍ മുഖ്യപ്രതി കളഞ്ഞൂര്‍ പാടം സ്വദേശി ഫൈസല്‍ രാജ് (35) പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. ഒരു കോടിയിലേറെ രൂപയുടെ സ്വര്‍ണവും പണവുമാണ് കോട്ടയം ചിങ്ങവനത്തെ ബാങ്കില്‍ നിന്ന് കവര്‍ന്നത്. കൊടകര ഇസാഫ് ബാങ്ക് കവര്‍ച്ചാ കേസിലെയും പ്രതിയാണ് ഇയാള്‍.

പാലക്കാട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളെ ആക്രമിച്ച നാലു സാമൂഹ്യവിരുദ്ധരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് മെഡിക്കല്‍ കോളേജ് പരിസരത്ത് ഒരു സംഘം ആളുകള്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. നാലു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

തലശേരിയില്‍ ഗുഡ്സ് ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടു വരികെയായിരുന്ന 733 ലിറ്റര്‍ മാഹി മദ്യം എക്‌സൈസ് കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ചിരുന്ന കോഴിക്കോട് വടകര സ്വദേശി എ.കെ ചന്ദ്രനെ അറസ്റ്റു ചെയ്തു.

തിരുവനന്തപുരം പാളയത്ത് ഹോട്ടലില്‍ തീപിടുത്തം. അണ്ടര്‍പാസിനു സമീപത്തുള്ള സംസം ഹോട്ടലിലെ അടുക്കളയിലാണ് തീപിടുത്തമുണ്ടായത്.

തിരുച്ചിറപ്പള്ളിയിലെ പ്രണവ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസില്‍ നടന്‍ പ്രകാശ് രാജിനെ തമിഴ്‌നാട് പൊലീസ് കുറ്റമുക്തനാക്കി. നിക്ഷേപ തട്ടിപ്പുമായി നടന് ബന്ധമില്ലെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക വിഭാഗം റിപ്പോര്‍ട്ട് നല്‍കി. ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ പരസ്യചിത്രത്തില്‍ അഭിനയിക്കുക മാത്രമാണ് പ്രകാശ് രാജ് ചെയ്തതെന്നാണ് വിശദീകരണം. കേസില്‍ പ്രകാശ് രാജിന് എന്‍ഫോഴ്‌സ്‌മെന്റ് സമന്‍സ് അയച്ചിരിക്കേയാണ് പോലീസിന്റെ നടപടി.

പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ ബിജെപി എംപിക്ക് പങ്കുള്ളതുകൊണ്ടാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ വിഷയത്തെക്കുറിച്ചു മിണ്ടാതിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. സഭയില്‍ വിശദീകരണം തരാത്ത അമിത് ഷാ ചില ചാനലുകളില്‍ സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമിത് ഷാക്ക് അഹങ്കാരമാണ്. അമിത് ഷാ പാര്‍ലമെന്റില്‍ സംസാരിക്കുന്നതുവരെ പ്രതിഷേധം തുടരും. ഇന്ത്യ സഖ്യത്തിന്റെ വിശാലയോഗം ചൊവ്വാഴ്ച അശോക ഹോട്ടലില്‍ ചേരുമെന്നും ജയ്‌റാം രമേശ് വ്യക്തമാക്കി.

രാജസ്ഥാനില്‍ ബിജെപി നേതാവ് ഭജന്‍ലാല്‍ ശര്‍മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിമാരായി ദിയകുമാരിയും പ്രേംചന്ദ് ഭൈരവയും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ, മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട് തുടങ്ങിയവര്‍ വേദിയില്‍ ഉണ്ടായിരുന്നു.

2024 ലെ ഹജ്ജിന് ഇന്ത്യയില്‍നിന്ന് 1,75,025 തീര്‍ഥാടകര്‍ക്ക് അനുമതിയെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. സൗദിയിലെത്തുന്ന ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഉറപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇറാനിലേക്കു പോകാന്‍ ഇന്ത്യക്കാര്‍ക്ക് ഇനി വിസ ആവശ്യമില്ല. സൗദി ഉള്‍പ്പടെ 33 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിസയില്‍ ഇളവ് അനുവദിച്ചത്.

സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ വിവിധ നിയമപ്രശ്‌നങ്ങളില്‍പെട്ട 5,992 ഇന്ത്യന്‍ തൊഴിലാളികളെ ഈ വര്‍ഷം തിരിച്ചയച്ചെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. തൊഴിലിടത്തുനിന്ന് ഒളിച്ചോടിയെന്ന് (ഹുറൂബ്) സ്‌പോണ്‍സര്‍മാര്‍ പ്രഖ്യാപിച്ച 3,092 പേരേയും താമസരേഖ (ഇഖാമ)യുടെ കാലാവധി കഴിഞ്ഞ 2,900 പേരേയുമാണു തിരിച്ചയച്ചത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *