കേരളത്തിന്റെ കടമെടുപ്പു പരിധിയില്‍ 3240 കോടി രൂപ വെട്ടികുറച്ച നടപടി കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു. കിഫ്ബിയും പെന്ഷന് കമ്പനിയും വായ്പയെടുത്തതു പരിഗണിച്ചായിരുന്നു രൂപ കടമെടുപ്പു പരിധിയില്‍ 3,240 കോടി രൂപ വെട്ടിക്കുറച്ചത്. ഇത്രയും തുകകൂടി വായ്പയെടുക്കാന്‍ കഴിയുന്നതോടെ ക്രിസ്മസിനു മുന്‍പ് ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യാനാകും. അടിയന്തരമായി 2000 കോടി രൂപ കടമെടുക്കാനുള്ള നീക്കത്തിലാണ് ധനവകുപ്പ്. സംസ്ഥാന സര്‍ക്കാര്‍ നല്കിയ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കേയാണ് കേന്ദ്രം കടമെടുപ്പു പരിധി വര്‍ധിപ്പിച്ചത്. യുഡിഎഫ് എംപിമാര്‍ ഇന്നലെ ധനമന്ത്രി നിര്‍മല സീതാരാമനെ സന്ദര്‍ശിച്ച് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
◾മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.പി. വിശ്വനാഥന് തൃശൂരില്‍ അന്തരിച്ചു. 83 വയസായിരുന്നു. ആറു തവണ നിയമസഭാംഗമായിരുന്നു. 1991 മുതല്‍ 1994 വരെ കെ. കരുണാകരന്റെയും 2004 മുതല്‍ 2005 വരെ ഉമ്മന്‍ ചാണ്ടിയുടേയും സര്‍ക്കാരുകളില്‍ വനം മന്ത്രിയായിരുന്നു. ഹൈക്കോടതി പരാമര്‍ശത്തെത്തുടര്‍ന്ന് രാജിവച്ചു. കോടതി പരാമര്‍ശം പിന്നീട് റദ്ദാക്കിയെങ്കിലും വീണ്ടും മന്ത്രിസ്ഥാനത്തു തിരിച്ചെത്തിയില്ല. മന്ത്രിയായിരിക്കേ ലോനപ്പന് നമ്പാടനോടു വെല്ലുവിളിച്ച് കഞ്ചാവു വേട്ടയ്ക്കായി കാടുകയറിയ സംഭവം ഏറെ ചര്‍ച്ചയായിരുന്നു.
◾പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. ചര്‍ച്ച ആവശ്യപ്പെട്ട് രാജ്യസഭയിലും നോട്ടീസ് നല്കി. പ്രതിപക്ഷാംഗങ്ങള്‍ പാര്‍ലമെന്റിന്റെ കവാടത്തില്‍ സത്യഗ്രഹ സമരവും നടത്തി. മുഖ്യസൂത്രധാരന്‍ ലളിത് ഝാക്ക് തൃണമൂല്‍ എംഎല്‍എയുമായി ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചു. തൃണമൂല്‍ എംഎല്‍എ തപസ് റോയിക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്തു.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ സ്പെഷ്യല്‍ ക്രിസ്മസ് കളക്ഷനും*
മലയാളികളുടെ വിവാഹ സങ്കല്പങ്ങള്ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്പെഷ്യല്‍ ക്രിസ്മസ് കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ കോടതി വിധി പരിശോധിച്ച് അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്താണ് സംഭവിച്ചതെന്ന് ഗൗരവമായി പരിശോധിക്കും. സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമല്ല സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾കഴിഞ്ഞ ഏഴു വര്‍ഷം കേന്ദ്രത്തില്‍ നിന്നു സംസ്ഥാനത്തിന്റെ കൈയില്‍ എത്തേണ്ടത് 1,07,500 കോടി രൂപയെന്നു മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തിനു കടമെടുക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ട്. പക്ഷേ കടമെടുപ്പിനു കേന്ദ്രം ഭരണഘടനാവിരുദ്ധമായ പരിധി വയ്ക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞു.
◾വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. കഴിഞ്ഞ തവണ മത്സരിച്ച ബിഡിജെഎസില്‍നിന്ന് വയനാട് സീറ്റ് ഏറ്റെടുക്കാന്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നെന്നും അദ്ദേഹം വ്യക്തമാക്കി.
◾കാലടി സംസ്കൃത സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ബാനര്‍. ശാഖയിലെ സംഘിസം സര്‍വകലാശാലയില്‍ വേണ്ട ഗവര്‍ണറേ എന്നാണ് എസ്എഫ്ഐ ബാനര്‍ കെട്ടിയിരിക്കുന്നത്.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്.
◾ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവകേരള സദസിനിടെ നെഞ്ചുവേദനയെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
◾ഈ സര്‍ക്കാരിന് തുടര്‍ച്ചയുണ്ടാകുമെന്നു എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞെന്ന് മന്ത്രി പി രാജീവ്. നവകേരള സദസിന്റെ പ്രഭാത പരിപാടിയില്‍ സംസാരിക്കവേയാണ് വെള്ളാപ്പള്ളി ഇതു പറഞ്ഞത്. നവകേരള സദസ് വളരെ നവീനമായൊരു ആശയമാണെന്നും അദ്ദേഹം പറഞ്ഞെന്ന് മന്ത്രി രാജീവ് പറഞ്ഞു.
◾ചലച്ചിത്ര അക്കാദമിയില്‍ ആരും സമാന്തര യോഗം ചേര്‍ന്നിട്ടില്ലെന്നും താന്‍ രാജിവക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്. ചലച്ചിത്ര അക്കാദമിയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ കുക്കൂ പരമേശ്വരന് അടക്കമുള്ളവരെ ഉള്‍പെടുത്തി വിപുലപ്പെടുത്തുമെന്നും രഞ്ജിത്ത് പറഞ്ഞു.
◾ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് പാമ്പാടിയിലെ നവകേരള സദസിലെ പ്രസ്താവനയ്ക്ക് മന്ത്രി സജി ചെറിയാനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്കി. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചെന്നും കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നല്കിയ പരാതിയില്‍ ആരോപിച്ചു.
◾നവകേരള സദസിനെതിരായ പ്രതിഷേധം ശക്തമായി തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിതാ ബാബു. ആലപ്പുഴ ജില്ലയില്‍ സമാനതകളില്ലാത്ത പ്രതിഷേധങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് തെരുവില്‍ ഉണ്ടാകും. നേരിടാന്‍ ഒരുങ്ങിയിരുന്നോ ഡിവൈഎഫ്ഐക്കാരേയെന്ന് അരിതാ ബാബു പറഞ്ഞു.
◾കരിങ്കൊടി പ്രതിഷേധം സര്‍ക്കാര്‍ ചോദിച്ച് വാങ്ങുന്നതാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഇന്നു തിരുവനന്തപുരത്തു നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃയോഗം കൂടുതല്‍ സമര പരിപാടികള്‍ക്കു രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
◾ശബരിമല നടവരവില്‍ 20 കോടി രൂപയുടെ കുറവ്. കഴിഞ്ഞ 28 ദിവസം 134 കോടി രൂപയാണ് നടവരവുണ്ടായത്. കഴിഞ്ഞ വര്‍ഷം 154 കോടി രൂപയായിരുന്നു വരവ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒന്നര ലക്ഷം തീര്‍ത്ഥാടകര്‍ കുറവാണ് ഇത്തവണ എത്തിയത്.
◾കോഴിക്കോട് ഓര്‍ക്കാട്ടേരിയിലെ ഷബ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃപിതാവിന് പ്രായം പരിഗണിച്ച് കോടതി മുന്‍കൂര്‍ ജാമ്യം നല്കി. ഭര്‍ത്താവ് ഹബീബിന്റെയും സഹോദരിയുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. റിമാന്റിലുള്ള ഭര്‍തൃ മാതാവ് നബീസയുടേയും അമ്മാവന് ഹനീഫയുടെയും ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ കോടതി തള്ളി.
◾ഡോ. ഹാദിയയുടെ അച്ഛന് നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി അവസാനിപ്പിച്ചു. ഹാദിയ നിയമവിരുദ്ധ തടങ്കലിലല്ലെന്ന് ബോധ്യപ്പെട്ടു. ഹാദിയ പുനര്‍വിവാഹം ചെയ്ത് തിരുവനന്തപുരത്ത് താമസിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. താന്‍ തടങ്കലിലല്ലെന്ന ഹാദിയയുടെ മൊഴിയും കോടതിയില്‍ ഹാജരാക്കി.
◾മലപ്പുറം പരപ്പനങ്ങാടി- മഞ്ചേരി റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്കു നടത്തി. വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയതിന് ഒരു ബസിലെ ജീവനക്കാരനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിയത്. യാത്രക്കാര്‍ വലഞ്ഞതോടെ ഏതാനും സ്വകാര്യ ബസുകള്‍ പോലീസ് പിടിച്ചെടുത്ത് സര്‍വീസ് നടത്തി.
◾വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അര്‍ജുനനെ വെറുതെ വിട്ട കോടതി വിധി റദ്ദാക്കണമെന്ന് കുട്ടിയുടെ കുടുംബം. ഈ ആവശ്യം ഉന്നയിച്ചു അപ്പീല്‍ നല്‍കും. അന്വേഷണ ഉദ്യോഗസ്ഥരായ പൊലീസ് ഓഫീസര്‍മാര്‍ പ്രതിക്കൊപ്പം നിന്നുവെന്നും കുട്ടിയുടെ അച്ഛന് പറഞ്ഞു.
◾വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ടിഡി സുനില്‍ കുമാര്‍. ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
◾വണ്ടിപ്പെരിയാര്‍ കേസിലെ പ്രതി മുഖ്യമന്ത്രിയുടെ ജീവന് രക്ഷാ സംഘത്തില്‍ അംഗമായതുകൊണ്ടാണ് ആ പ്രതിയെ കേസില്‍നിന്നു രക്ഷിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. പ്രതിയെ രക്ഷിക്കേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു.
◾കൊല്ലം തേവലക്കരയില്‍ 80 കാരിയായ ഭര്‍തൃമാതാവിനെ സ്കൂള്‍ അധ്യാപികയായ മരുമകള്‍ ഉപദ്രവിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു.
◾ബാലുശ്ശേരി നന്മണ്ടയില് യുവാവ് ജീവനൊടുക്കിയത് വനിതാ സുഹൃത്തിന്റെ ഭീഷണിമൂലമാണെന്ന് ഭാര്യയുടെ പരാതി. ടിപ്പര്‍ ലോറി ഡ്രൈവറായ നന്മണ്ട കരിക്കീരിക്കണ്ടി ജയേഷ് (36) ജീവനൊടുക്കിയതു സംബന്ധിച്ചാണ് ഭാര്യ ദീപ ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്.
◾തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ആറു വയസുകാരി മരിച്ചു. മലപ്പുറം കുറ്റിപ്പുറത്ത് ബംഗ്ലാ കുന്നില്‍ ഹയാ ഫാത്തിമയാണ് ആണ് മരിച്ചത്.
◾മലപ്പുറം മഞ്ചേരി പുല്ലാരയില്‍ ഭാര്യാപിതാവിനെ കുത്തിക്കൊന്ന പ്രതി പിടിയില്‍. പുല്ലാര സ്വദേശി അയ്യപ്പന് (65) ആണ് കൊല്ലപ്പെട്ടത്. മകളുടെ ഭര്‍ത്താവ് പ്രിനോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾പാര്‍ലമെന്റ് അതിക്രമ കേസില്‍ രണ്ടു പേര് കൂടി പിടിയിലായി. രാജസ്ഥാന് സ്വദേശി മഹേഷ് കുമാവത്ത്, കൈലാഷ് എന്നിവരാണ് കസ്റ്റഡിയിലായത്. മുഖ്യസൂത്രധാരന്‍ ലളിത് ഝായുമായി ബന്ധമുള്ളവരാണ് ഇവര്‍. ഇരുവരെയും ചോദ്യം ചെയ്യുകയാണ്. ലളിത് ഝാ പോലീസില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്നയാളാണ് മഹേഷ് കുമാവത്ത്.
◾തന്റെ മൊബൈല്‍ ഫോണ്‍ കത്തിച്ചു കളഞ്ഞെന്ന് പാര്‍ലമെന്റ് അതിക്രമ കേസിലെ മുഖ്യസൂത്രധാരന്‍ ലളിത് ഝാ. സാങ്കേതിക തെളിവു ശേഖരണത്തില്‍ ഇത് പൊലീസിന് വെല്ലുവിളിയാകും. രാജസ്ഥാനില്‍ വെച്ച് മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചെന്നാണ് ഇയാളുടെ മൊഴി.
◾ജനസമ്പര്‍ക്ക പരിപാടിയുമായി തമിഴ്നാട് സര്‍ക്കാര്‍. ‘മക്കളുടന്‍ മുതല്‍വര്‍ ‘എന്ന തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്റെ ജനസമ്പര്‍ക്ക പരിപാടി കോയമ്പത്തൂരില്‍ തിങ്കളാഴ്ച ആരംഭിക്കും. 13 വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഈ പദ്ധതിയില്‍ പങ്കെടുക്കും. ജനുവരി ആറു വരെയാണ് യോഗങ്ങള്‍ നടത്തുക.
◾ജില്ലാ ജഡ്ജി ലൈംഗികമായി ആക്രമിച്ചെന്ന വനിത ജഡ്ജിയുടെ പരാതിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അലഹബാദ് ഹൈക്കോടതിയോടു റിപ്പോര്‍ട്ടു തേടി. മരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് ബന്ദ ജില്ലയിലെ വനിതാ ജഡ്ജി സുപ്രീം കോടതി ചീഫ് ജസ്റ്റീസിനു കത്തെഴുതിയിരുന്നു. ബന്ദ ജില്ലയിലെ ജില്ലാ ജഡ്ജിക്കെതിരെയാണ് പരാതി.
◾ബോളിവുഡ്, മറാഠി സിനിമാതാരം ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം. വെല്‍കം ടു ദി ജംഗിള്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനുശേഷം ഇന്നലെ രാത്രി വീട്ടിലെത്തിയ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.
◾ഹമാസിന്റെ സ്ഥാപക ദിനത്തില്‍ ‘ഇത് അവസാനത്തെ ജന്മദിനമാവട്ടെ’ എന്ന സന്ദേശവുമായി ഇസ്രയേല്‍. ഹമാസില്‍ നിന്ന് ഗാസയെ സ്വതന്ത്രമാക്കുക എന്ന ഹാഷ്ടാഗിനൊപ്പമാണ് എക്സ് പ്ളാറ്റ്ഫോമില്‍ ഇസ്രയേല്‍ ഇങ്ങനെ പ്രതികരിച്ചത്.
◾ഇന്ത്യന്‍ ക്രിക്കറ്റിലെ ഏഴാം നമ്പര്‍ ജഴ്സി ഇനി മഹേന്ദ്ര സിംഗ് ധോണിക്ക് സ്വന്തം. ഇന്ത്യന്‍ ടീമില്‍ ഇനിയാര്‍ക്കും ഏഴാം നമ്പര്‍ ജഴ്സി ലഭിക്കില്ല. ഇന്ത്യക്ക് ട്വന്റി20, ഏകദിന ലോകകപ്പുകള്‍ സമ്മാനിച്ച നായകനോടുള്ള ആദര സൂചകമായാണ് ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്സി ബിസിസിഐ പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാറ്റിംഗ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറുടെ പത്താം നമ്പര്‍ ജേഴ്സി മാത്രമാണ് മുമ്പ് ഇത്തരത്തില്‍ ബിസിസിഐ പിന്‍വലിച്ചിട്ടുള്ളത്.
◾റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി നവംബറില്‍ 4 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഒക്ടോബറില്‍ നിന്ന് 3.1 ശതമാനം വര്‍ധനയോടെ പ്രതിദിനം 1.6 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയാണ് നവംബറില്‍ രാജ്യം ഇറക്കുമതി ചെയ്തത്. ഇത് രാജ്യത്തിന്റെ മൊത്തം ഇറക്കുമതിയുടെ 36 ശതമാനം വരും. റഷ്യ-ഉക്രെയ്ന് യുദ്ധത്തെത്തുടര്‍ന്ന് ചില പാശ്ചാത്യ കമ്പനികള്‍ എണ്ണ വാങ്ങുന്നത് ഒഴിവാക്കിയതോടെ രാജ്യം വില കിഴിവില്‍ എണ്ണ നല്കാന് തുടങ്ങിയിരുന്നു. ഇതോടെ ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരും ഉപഭോക്താവുമായ ഇന്ത്യ റഷ്യന്‍ എണ്ണ കൂടുതലായി വാങ്ങിവരികയാണ്. നവംബറില്‍ റഷ്യ കഴിഞ്ഞാല്‍ ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ എണ്ണ വിതരണക്കാര്‍ ഇറാഖും സൗദി അറേബ്യയുമാണ്. നവംബറിലെ എണ്ണ ഇറക്കുമതിയില്‍ ഇത്തരം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള മൊത്തം വിഹിതം 48 ശതമാനത്തില്‍ നിന്ന് 46 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ മാസം ഇന്ത്യ മൊത്തത്തില്‍ പ്രതിദിനം 4.5 ദശലക്ഷം ബാരല്‍ എണ്ണ ഇറക്കുമതി ചെയ്തു. ഒക്ടോബറില്‍ നിന്ന് ഏകദേശം 4.5% ഇടിവാണുണ്ടായത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ എട്ട് മാസങ്ങളില്‍ ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ ഇറക്കുമതി 77 ശതമാനം വര്‍ധിച്ച് പ്രതിദിനം 1.7 ദശലക്ഷം ബാരലായി ഉയര്‍ന്നു.
◾ഗൂഗിള്‍ മാപ്സില്‍ പുതിയൊരു ഫീച്ചര്‍കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് കമ്പനി. ‘സേവ് ഫ്യുവല്‍’ എന്ന ഫീച്ചറാണ് ഗൂഗിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കാന്‍ വാഹനത്തെ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. അമേരിക്കയിലെയും കാനഡയിലെയും യൂറോപ്പിലെയും ഉപയോക്താക്കള്‍ക്കായി 2022 സെപ്റ്റംബറിലാണ് സേവ് ഫ്യുവല്‍ ഫീച്ചര്‍ ആരംഭിച്ചത്. ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യുന്നോടെ മാപ്സ് നമുക്ക് സഞ്ചരിക്കാനുള്ള വ്യത്യസ്ത റൂട്ടുകള്‍ക്കുള്ള ഇന്ധനമോ ഊര്‍ജ്ജ ഉപഭോഗം കണക്കാക്കും. തത്സമയ ട്രാഫിക് അപ്ഡേറ്റുകളും റോഡ് അവസ്ഥകളും വിശകലനം ചെയ്താണിത് സാധ്യമാക്കുന്നത്. തുടര്‍ന്ന് ഏറ്റവും മികച്ച ഇന്ധനക്ഷമത ലഭിക്കുന്ന റൂട്ട് ഈ ഫീച്ചര്‍ നിര്‍ദേശിക്കും. ‘ഫ്യുവല്‍ സേവിങ്’ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യാനായി ഗൂഗിള്‍ മാപ്സ് തുറന്ന് നിങ്ങളുടെ പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക. സെറ്റിങ്സില്‍ നാവിഗേഷന്‍ തിരഞ്ഞെടുക്കുക. ”റൂട്ട് ഓപ്ഷനുകള്‍” കണ്ടെത്തി ഇന്ധനക്ഷമതയുള്ള റൂട്ടിംഗ് തിരഞ്ഞെടുക്കുക. നിര്‍ദ്ദേശങ്ങള്‍ മികച്ചതാക്കാന്‍ എഞ്ചിന് തരത്തിന് കീഴില്‍ നിങ്ങളുടെ എഞ്ചിന് തരം (പെട്രോളോ ഡീസലോ ഇലക്ട്രിക്കോ) വ്യക്തമാക്കുക. നമ്മുടെ വാഹനത്തില്‍ ഏത് ഇന്ധനമാണ് ഉപയോഗിക്കുന്നത് എന്ന ഇന്‍പുട്ട് നല്‍കാനും അതിലൂടെ കൂടുതല്‍ കൃത്യമായ വിവിരം ലഭ്യമാക്കാനും ഫ്യുവല്‍ സേവിങ് ഫീച്ചറില്‍ ഓപ്ഷനുണ്ട്. വ്യാപകമായ ഉപയോഗം കണക്കിലെടുത്ത് ഗൂഗിള്‍ പെട്രോളിനെ ഡിഫോള്‍ട്ട് എഞ്ചിന് ചോയിസായാണ് ക്രമപ്പെടുത്തിയിരിക്കുന്നത്.
◾‘കൂഴങ്കല്‍’ എന്ന പ്രശസ്ത ചിത്രത്തിന് ശേഷം പി. എസ് വിനോദ് രാജ് സംവിധാനം ചെയ്ത ‘കൊട്ടുക്കാലി’ എന്ന ചിത്രം ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തു. സൂരിയും അന്ന ബെന്നുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ തമിഴ് ചിത്രമെന്ന ഖ്യാതിയും ഇതോടുകൂടി കൂട്ടുക്കാലി സ്വന്തമാക്കി. നടന് ശിവ കാര്‍ത്തികേയന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ശിവകാര്ത്തികേയന് പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യ ചിത്രമായ കൂഴങ്കല്‍ നിരവധി അന്താരാഷ്ട്ര വേദികളില്‍ പ്രദര്‍ശിപ്പിക്കുകയും, റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ ആ വര്‍ഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര് എന്‍ട്രി കൂടിയായിരുന്നു ചിത്രം. ആദ്യ ചിത്രം പോലെ തന്നെ കൃത്യമായ രാഷ്ട്രീയവും കരുത്തുറ്റ കഥാപാത്രങ്ങളുമാവും പുതിയ ചിത്രമായ കൂട്ടുക്കാലിയിലൂടെ വിനോദ് രാജ് അവതരിപ്പിക്കുക. അന്ന ബെന്നിന്റെയും സൂരിയുടെയും അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാവും വരാന്‍ പോവുന്ന കൂട്ടുക്കാലിയിലേത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ആദ്യ സിനിമയായ കൂഴങ്കല്‍ നിര്‍മ്മിച്ചത് നയന്‍താരയും വിഘ്നേശ് ശിവനും ചേര്‍ന്നായിരുന്നു.
◾ധ്യാന്‍ ശ്രീനിവാസന് നായകനായെത്തിയ ‘ചീനട്രോഫി’യിലെ ‘അയ്യത്താര’ എന്നു തുടങ്ങുന്ന പ്രമോ ഗാനം പ്രേക്ഷകര്‍ക്കരികില്‍. ചിത്രത്തിന്റെ സംവിധായകനായ അനില്‍ ലാല്‍ ആണ് പാട്ടിനു വരികള്‍ കുറിച്ചത്. സൂരജ് സന്തോഷ്, വര്‍ക്കി, അനില്‍ ലാല്‍ എന്നിവര്‍ ചേര്‍ന്ന് ഈണമൊരുക്കി. റോയ് തോമസ് പാലാ, അനില്‍ ലാല്‍, വര്‍ക്കി എന്നിവര്‍ ചേര്‍ന്നു ഗാനം ആലപിച്ചിരിക്കുന്നു. മനോരമ മ്യൂസിക് ആണ് പാട്ട് പുറത്തിറക്കിയത്. ധ്യാന്‍ ശ്രീനിവാസനെക്കൂടാതെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ നായിക കെന്റി സിര്‍ദോ, ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന് കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയവരും അണിനിരക്കുന്ന ചിത്രമാണ് ‘ചീനട്രോഫി’. പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹന്‍, ആഷ്ലിന് മേരി ജോയ്, ലിജോ ഉലഹന്നാന് എന്നിവര്‍ ചേര്‍ന്നു ചിത്രം നിര്‍മിക്കുന്നു. പ്രശസ്ത ഷെഫ് സുരേഷ് പിള്ളയും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും ചീനട്രോഫിക്കുണ്ട്.
◾ബെംഗളൂരു ആസ്ഥാനമായുള്ള സിംപിള്‍ എനര്‍ജിയുടെ പുതിയ സ്കൂട്ടറിന്റെ പ്രാരംഭവില എക്സ്ഷോറൂം വില 99,999 രൂപ. ബെംഗളൂരുവില്‍ നിന്ന് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും ഈ വിലയ്ക്ക് വാഹനം ലഭിക്കുക. ബാക്കിയുള്ള സ്ഥലങ്ങളിലേക്കുള്ള വില ജനുവരി ആദ്യം പ്രഖ്യാപിക്കും. ഒറ്റ ചാര്‍ജില്‍ 151 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്ന ഡോട്ട് വണ്‍ വിഭാഗത്തിലെ ഏറ്റവും റേഞ്ചുള്ള സ്കൂട്ടറുകളിലൊന്നാണ്. ഒല എസ്1 എക്സാണ് വിപണിയിലെ ഡോട്ട് വണ്ണിന് എതിരെയുള്ളത്. 3.7കിലോവാട്ട്അവര്‍ കപ്പാസിറ്റിയുള്ള ബാറ്ററിയാണ് ഡോട്ട് വണ്ണില്‍. സ്കൂട്ടറിന് പരമാവധി റേഞ്ച് നല്കാന് സഹായിക്കും വിധമാണ് ടയറുകള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. 8.5 കിലോവാട്ട് കരുത്തുള്ള മോട്ടറാണ് സ്കൂട്ടറില്‍. 72 എന്‍എം ടോര്‍ക്കുമുണ്ട്. ഉയര്‍ന്ന വേഗം 105 കിലോമീറ്റര്‍. നോര്‍മല്‍ ഹോം ചാര്‍ജിങ്ങില്‍ എണ്‍പത് ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ 3.47 മണിക്കൂര്‍ മാത്രം മതി ഡോട്ട് വണ്ണിന്. ഫാസ്റ്റ് ചാര്‍ജ് ഉപയോഗിച്ചാല്‍ ഒരു മിനിറ്റില്‍ 1.5 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജു ചെയ്യാം. ഇക്കോ, റൈഡ്, ഡാഷ്, സോണിക് മോഡുകളുണ്ട് സ്കൂട്ടറിന്.
◾ഗൃഹാതുരമായ ഓര്‍മ്മയും അനുഭവവുമാണ് മലയാളിക്ക് പൂരക്കാലം. ‘പൂരങ്ങളുടെ മാതാവ്’ എന്നറിയപ്പെടുന്ന പെരുവനം-ആറാട്ടുപുഴ പൂരം, പ്രസിദ്ധമായ തൃശ്ശൂര്‍ പൂരം തുടങ്ങിയവയുടെ ചരിത്രവും ഐതിഹ്യങ്ങളും പ്രതിപാദിക്കുന്നു. ഒപ്പം പൂരങ്ങളുടെ താന്ത്രിക അനുഷ്ഠാന സവിശേഷതകളും വൈവിദ്ധ്യങ്ങളും. പൂരമുഹൂര്ത്തങ്ങളുടെ മനോഹരമായ ചിത്രങ്ങളും. ‘തൃശ്ശൂര്‍ പൂരം’. വിനോദ് കണ്ടെംകാവില്‍. മാതൃഭൂമി. വില 306 രൂപ.
◾രാജ്യത്ത് കുട്ടികള്‍ക്കിടയില്‍ മുണ്ടിനീരുബാധ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. മുണ്ടിനീര് (മംപ്സ്) എന്ന് അറിയപ്പെടുന്ന ഈ രോഗം മിക്സോ വൈറസ് പരൊറ്റിഡൈറ്റിസ് എ വൈറസ് മൂലമാണ് പകരുന്നത്. ഉമിനീര് ഗ്രന്ഥികളെയാണ് ഇവ ബാധിക്കുക. അഞ്ചു മുതല്‍ 15 വയസ് വരെയുള്ള കുട്ടികളെയാണ് രോഗം കൂടുതല്‍ ബാധിക്കുതെങ്കിലും മുതിര്‍വരിലും ഇത് കാണപ്പെടാറുണ്ട്. പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നത് കുറഞ്ഞതും കുട്ടികളില്‍ രോ?ഗവ്യാപനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ നടത്തിയ പഠനത്തില്‍ സെറോപോസിറ്റിവിറ്റി ആന്റിബോഡിയുടെ അളവ് ക്രമേണ കുറഞ്ഞു വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധകുത്തിവെപ്പ് എടുത്തവരിലും സംവേദനക്ഷമത കുറയുന്നുണ്ടെന്നു ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. ചെറിയ പനിയും തലവേദനയും ആണ് പ്രാരംഭ ലക്ഷണങ്ങള്‍. വായ തുറക്കുതിനും ചവക്കുതിനും വെള്ളമിറക്കുതിനും പ്രയാസം തോന്നുക. വിശപ്പില്ലായ്മയും ക്ഷീണവുമാണ് മറ്റു ലക്ഷണങ്ങള്‍. വായുവിലൂടെ പകരുന്ന ഈ രോഗം സാധാരണയായി ചുമ, തുമ്മല്‍, മൂക്കില്‍ നിന്നുള്ള സ്രവങ്ങള്‍, രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെയാണ് പകരുന്നത്. പ്രത്യേക ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ തലച്ചോര്‍, വൃഷണം, അണ്ഡാശയം, ആഗ്നേയ ഗ്രന്ഥി, പ്രോസ്ട്രേറ്റ് എന്നീ അവയവങ്ങളെ രോഗം ബാധിക്കാം. രോഗ ലക്ഷണങ്ങള്‍ ആദ്യം തന്നെ ചികിത്സിച്ചില്ലെങ്കില്‍ ഭാവിയില്‍ ചിലപ്പോള്‍ വന്ധ്യത ഉണ്ടാകുന്നതിനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിച്ചാല്‍ എന്‍സഫലൈറ്റിസ് എ അവസ്ഥ ഉണ്ടാകാം. ഇത് മരണ കാരണമായേക്കാം. അസുഖ ബാധിതര്‍ പൂര്‍ണമായും വീട്ടിനുള്ളില്‍ കഴിയുക എന്നതാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത് തടയാനുള്ള ഏക മാര്‍ഗം. രോഗബാധിതര്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളും അണുവിമുക്തമാക്കണം. സാധാരണയായി ഒന്ന് മുതല്‍ രണ്ട് ആഴ്ചകള്‍ കൊണ്ട് രോഗം ഭേദമാകാറുണ്ട്. ഈ സമയം ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.07, പൗണ്ട് – 105.87, യൂറോ – 90.95, സ്വിസ് ഫ്രാങ്ക് – 95.68, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.73, ബഹറിന്‍ ദിനാര്‍ – 220.42, കുവൈത്ത് ദിനാര്‍ -270.15, ഒമാനി റിയാല്‍ – 215.82, സൗദി റിയാല്‍ – 22.14, യു.എ.ഇ ദിര്‍ഹം – 22.62, ഖത്തര്‍ റിയാല്‍ – 22.82, കനേഡിയന്‍ ഡോളര്‍ – 62.04.